Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷീന മകളാണെന്ന വിവരം ഭർത്താവിനോടു മറച്ചുവച്ചു; ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ മകനെ പ്രണയിച്ചപ്പോൾ രഹസ്യമായി കൊന്നുകളഞ്ഞു; അമേരിക്കയിൽ പഠനത്തിനെന്നു പറഞ്ഞ് എല്ലാവരെയും പറ്റിച്ചു: ചാനൽ സിഇഒയും അവതാരകയുമായി തിളങ്ങിയ ഇന്ദ്രാണിയുടെ കഥ ബോളിവുഡ് സിനിമകളെ വെല്ലുന്നത്

ഷീന മകളാണെന്ന വിവരം ഭർത്താവിനോടു മറച്ചുവച്ചു; ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ മകനെ പ്രണയിച്ചപ്പോൾ രഹസ്യമായി കൊന്നുകളഞ്ഞു; അമേരിക്കയിൽ പഠനത്തിനെന്നു പറഞ്ഞ് എല്ലാവരെയും പറ്റിച്ചു: ചാനൽ സിഇഒയും അവതാരകയുമായി തിളങ്ങിയ ഇന്ദ്രാണിയുടെ കഥ ബോളിവുഡ് സിനിമകളെ വെല്ലുന്നത്

മുംബൈ: സിനിമാക്കഥകളെയും വെല്ലുന്നതാണ് ഇന്ദ്രാണി മുഖർജിയുടെ കഥ. നാടകീയത ഏറെ നിറഞ്ഞ ഒരു ജീവിതമായിരുന്നു ഇവരുടേത്.

കൊല്ലപ്പെട്ട ഷീന ബോറ മകളാണ് എന്ന വെളിപ്പെടുത്തൽ വന്നതോടെയാണ് കൊലപാതകക്കേസിലെ ദുരൂഹതകൾ ഒന്നൊന്നായി അഴിയാൻ തുടങ്ങിയത്. സ്റ്റാർ ടിവി മുൻ സിഇഒ പീറ്റർ മുഖർജിയുടെ ഭാര്യ ഇന്ദ്രാണിയുടെ സഹോദരിയല്ല, മകളാണ് ഷീന എന്ന വിവരം ഇന്നലെയാണു പുറത്തു വന്നത്.

ഇതിനു പിന്നാലെ ഇന്ദ്രാണിയുടെ ആദ്യ ഭർത്താവ് സഞ്ജീവ് ഖന്നയെ മുംബൈ പൊലീസ് കൊൽക്കത്തയിൽനിന്ന് അറസ്റ്റു ചെയ്തു. ഇന്ദ്രാണിയും സഞ്ജീവും ഇവരുടെ ഡ്രൈവറും ചേർന്നു ഷീനയെ കൊലപ്പെടുത്തുകയായിരുന്നു.

ഷീനയെ കാണാതായത് 2012 ഫെബ്രുവരി മുതലാണ്. ഇന്ദ്രാണിയുടെ ആദ്യ ഭർത്താവിലെ മകനും ഷീനയുടെ സഹോദരനുമായ മിഖൈൽ ബോറയാണ് എല്ലാവരെയും ഞെട്ടിച്ച വെളിപ്പെടുത്തൽ നടത്തിയത്. താനും ഷീനയും ഇന്ദ്രാണിയുടെ മക്കളാണെന്നും ഷീനയുടെ തിരോധാനം സംബന്ധിച്ചു മുൻപേ സംശയമുണ്ടായിരുന്നുവെന്നുമാണ് മിഖൈൽ വെളിപ്പെടുത്തിയത്.

ഇവർ തന്റെ ഇളയ സഹോദരങ്ങളാണെന്നാണ് ഇന്ദ്രാണി തന്നെ വിശ്വസിപ്പിച്ചിരുന്നതെന്നും ഷീനയും മിഖൈലും ഇന്ദ്രാണിയുടെ മക്കളാണെന്ന വിവരം ഞെട്ടലോടെയാണു കേട്ടതെന്നും പീറ്റർ മുഖർജി പ്രതികരിച്ചു. തന്റെ ആദ്യവിവാഹത്തിലെ മകനും ഷീനയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഇന്ദ്രാണി അതിനെ എതിർത്തിരുന്നുവെന്നും പീറ്റർ വെളിപ്പെടുത്തി.

ഇന്ദ്രാണിയെ ഖാർ പൊലീസ് അറസ്റ്റ് ചെയ്തത് രണ്ടുദിവസം മുമ്പാണ്. ഇന്ദ്രാണിയും ഡ്രൈവർ ശ്യാം മനോഹർ റായി (43) യും സഞ്ജീവും ചേർന്നു 2012ൽ ഷീനയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചു റായ്ഗഡിൽ ഉപേക്ഷിച്ചെന്നാണ് കേസ്. ഇത്രയും കാലം ഷീന യുഎസിൽ പഠിക്കുകയാണെന്നാണ് ഇന്ദ്രാണി എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്. വിവരം പുറത്തു വന്നത് ഈ മാസം 21ന് അനധികൃത ആയുധക്കേസിൽ മനോഹർ റായി പിടിയിലായതോടെയാണ്.

ഈ അടുത്ത ദിവസമാണ് ഷീനയുടെ മൃതദേഹ അവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തത്. അറസ്റ്റിലായ ഇന്ദ്രാണിയെ ഓഗസ്റ്റ് 31 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സഹായിയായിരുന്ന ഡ്രൈവർ കുറ്റസമ്മതം നടത്തിയതിനെത്തുടർന്നാണ് ഇന്ദ്രാണി അറസ്റ്റിലായത്. മൃതദേഹം കുഴിച്ചിട്ട സ്ഥലവും ഡ്രൈവർ കാട്ടിക്കൊടുത്തു. വസ്തുതർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.

കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മണിക്കൂറുകളോളം പൊലീസ് ഇന്ദ്രാണിയെ ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷമായിരുന്നു അറസ്റ്റ്. 2002ലാണ് ഇന്ദ്രാണി പീറ്റർ മുഖർജിയെ വിവാഹം കഴിച്ചത്. വിവാഹം കഴിക്കുമ്പോൾ ഇന്ദ്രാണി എച്ച്ആർ കൺസൾട്ടന്റായിരുന്നു. ഇരുവരും ചേർന്നാണ് ഐഎൻഎക്‌സ് മീഡിയ എന്ന ടെലിവിഷൻ നെറ്റ്‌വർക്ക് സ്ഥാപിച്ചത്. അതിന്റെ സിഇഒ ആയാണ് ഇവർ പ്രവർത്തിച്ചിരുന്നത്. എന്നാൽ 2009ൽ ഇരുവരും ഐഎൻഎക്‌സിൽ നിന്നും രാജിവച്ചു.

ലൈസൻസില്ലാത്ത തോക്കുമായി പിടിയിലായ ശ്യാം റായി എന്നയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് പുണെയ്ക്കടുത്ത് ലോണവാലയിൽ ഒരു മൃതദേഹം കത്തിച്ചുകളഞ്ഞതിന്റെ സൂചനകൾ പൊലീസിന് ലഭിച്ചത്. 2012ൽ ഷീന ബോറയെ കൊലപ്പെടുത്തിയ കേസ്സിൽ ഇയാളുടെ പങ്കാളിത്തവും വ്യക്തമായി. കൂടുതൽ ചോദ്യം ചെയ്യലിൽനിന്നാണ് ഇന്ദ്രാണിയുടെ പങ്കാളിത്തവും വ്യക്തമായത്. 2012 മെയ് മാസത്തിലാണ് ഷീന ബോറയെ കാണാതായത്. യൂണിയൻ പാർക്ക് കോളനിയിൽ താമസിച്ചിരുന്ന ഇവരെ കാണാനില്ലെന്ന് കാണിച്ച് ഖർ പൊലീസ് സ്‌റ്റേഷനിൽ പരാതി നിലവിലുണ്ട്. ഇതേ സമയത്തുതന്നെ ലോണവാലയ്ക്കടുത്ത് ഒരു ഫാം ഹൗസിൽ പാതി കരിഞ്ഞ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി റായ്ഗഢിലെ പെൻ പൊലീസ് സ്‌റ്റേഷനിൽ കേസ്സും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

താൻ ഇന്ദ്രാണിയുടെ ഡ്രൈവറായിരുന്നുവെന്നും ഷീനയെ കൊല്ലാനും മൃതദേഹം മറവുചെയ്യാനും സഹായിച്ചത് താനാണെന്നും ശ്യാം റായി പൊലീസിനോട് പറഞ്ഞു. ഇയാൾ പറഞ്ഞ സൂചനകളനുസരിച്ച് പൊലീസ് സ്ഥലത്ത് അന്വേഷണം നടത്തുകയും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തു.

ഷീനയുടെ തിരോധാനത്തിൽ മിഖൈലിന് അമ്മയെ സംശയമുണ്ടായിട്ടും എന്തുകൊണ്ട് നേരത്തെ വെളിപ്പെടുത്തിയില്ലെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. പീറ്റർ മുഖർജി പറയുന്നത്: ഇന്ദ്രാണി വിവാഹമോചിതയാണെന്ന് അറിയാമായിരുന്നു. എന്നാൽ മക്കളുടെ കാര്യമൊന്നും അറിഞ്ഞിരുന്നില്ല. എനിക്ക് ആദ്യഭാര്യയിലുള്ള മകനുമായി ഷീന പ്രേമത്തിലുമായിരുന്നു. ഷീനയെ കാണാതായതോടെ എന്റെ മകൻ അന്വേഷണം തുടങ്ങി. എന്തോ പ്രശ്‌നമുണ്ടന്നും പറഞ്ഞു. എന്നാൽ, അവരുടെ കുടുംബത്തിന് ഈ ബന്ധം ഇഷ്ടമല്ലാത്തതു കൊണ്ടാണു യുഎസിലേക്കു പഠിക്കാൻ അയച്ചതെന്നു ഞാൻ പറഞ്ഞു. അതോടെ, മകൻ പിണങ്ങി. ഇപ്പോൾ അവൻ എന്നോടു സംസാരിച്ചിട്ടു മൂന്നു വർഷമായി. ഇന്ദ്രാണി പറഞ്ഞതാണു ഞാൻ വിശ്വസിച്ചത്. ഞാൻ ഫെയ്‌സ് ബുക്കിൽ ഇല്ല. ലൊസാഞ്ചൽസിൽ നിന്നൊക്കെ ഷീന ചിത്രം പോസ്റ്റ് ചെയ്‌തെന്ന് ഇന്ദ്രാണി പറഞ്ഞതു വിശ്വസിച്ചുവെന്നും പീറ്റർ മൊഴി നൽകിയിരുന്നു.

ഷീനയെ കൊന്നത് അമ്മയാണെന്ന കാര്യത്തിൽ സംശയമില്ലെന്നു മിഖൈൽ ബോറയും പറയുന്നു. അമ്മയും മകളുമായി സദാ ഏറ്റുമുട്ടാറുണ്ടായിരുന്നു. വധത്തിനു കാരണം സ്വത്തു തർക്കമാണെന്നു തോന്നുന്നില്ല. ഷീന എവിടെയെന്ന് ഇടയ്ക്കിടെ അമ്മയോട് ചോദിക്കുമായിരുന്നു. അപ്പോൾ അമ്മ അസ്വസ്ഥയാകുകയും അവൾ അമേരിക്കയിൽ ആണെന്നു പറഞ്ഞൊഴിയുകയുമായിരുന്നു. പഠനത്തിരക്കിലായതിനാലാണ് അവൾ എന്റെ ഫോൺ എടുക്കാത്തതെന്നും പറഞ്ഞുവെന്നും മിഖൈൽ പറഞ്ഞു. 2004വരെ ഷീനയും തന്നോടൊപ്പം ഗുവാഹാട്ടിയിലായിരുന്നുവെന്നും 2004നുശേഷം ഷീനയെ കണ്ടിട്ടില്ലെന്നും സഹോദരൻ മിഖൈൽ പറഞ്ഞു. ഓഗസ്റ്റ് 31 വരെ ഇന്ദ്രാനി മുഖർജിയെ കോടതി റിമാൻഡു ചെയ്തു.

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടന്റെ ഹൃദ്യമായ ഓണാശംസകൾ- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP