Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദാദ്രിയുടെ മുറിവ് ഉണങ്ങും മുമ്പ് പശുവിന്റെ പേരിൽ രാജ്യത്ത് വീണ്ടും കൊലപാതകം; ഷിംലയിൽ പശുവിനെ കടത്തി എന്നാരോപിച്ച് ട്രക്ക് ഡ്രൈവറെ ബജ്‌റംഗ്ദൾ പ്രവർത്തകർ മർദ്ദിച്ചു കൊന്നു

ദാദ്രിയുടെ മുറിവ് ഉണങ്ങും മുമ്പ് പശുവിന്റെ പേരിൽ രാജ്യത്ത് വീണ്ടും കൊലപാതകം; ഷിംലയിൽ പശുവിനെ കടത്തി എന്നാരോപിച്ച് ട്രക്ക് ഡ്രൈവറെ ബജ്‌റംഗ്ദൾ പ്രവർത്തകർ മർദ്ദിച്ചു കൊന്നു

ഷിംല: ദാദ്രിയിൽ പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് 50 വയസ്സുകാരനെ ജനക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ പിടിച്ചു കുലുക്കിയതിന് പിന്നാലെ ഇന്ത്യക്ക് നാണിച്ചു തലതാഴ്‌ത്താൻ മറ്റൊരു സംഭവം കൂടി. ഹിമാചൽ പ്രദേശിൽ പശുവിനെ കടത്തി എന്നാരോപിച്ച് ഒരു കൂട്ടം ബജ്‌റംഗ്ദൾ പ്രവർത്തകർ ട്രക്ക് ഡ്രൈവറായ യുവാവിനെ മർദ്ദിച്ചു കൊന്നു. ഉത്തർപ്രദേശുകാരനായ യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്.

കന്നുകാലിക്കടത്ത് നടത്തിയെന്ന് ആരോപിച്ചാണ് യുവാവിനെ ജനക്കൂട്ടം ആക്രമിച്ചത്. നുഐമിൻ എന്ന യുവാവിനെയാണ് പ്രവർത്തകർ തല്ലിക്കൊന്നത്. ട്രക്കിനുള്ളിൽ കന്നുകാലികളെ കണ്ടതിനെ തുടർന്ന് നാട്ടുകാർ വാഹനം തടയുകയും വാഹനത്തിൽ നിന്നും യുവാവിനെ വലിച്ചിറക്കി മർദിക്കുകയുമായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന ബന്ധു പറഞ്ഞു. അവശനിലയലായ യുവാവിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നഹാനിൽ നിന്ന് 37കിലോമീറ്റർ അകലെ സരഹാൻ എന്ന സ്ഥലത്ത് പശുക്കളുമായി ഒരാൾ എത്തിയിട്ടുണ്ടെന്ന് വിവരം കിട്ടിയതിനെ തുടർന്ന് പൊലീസ് എത്തിയപ്പോഴേക്കും ഗുരുതര പരിക്കുകളോടെ മരണത്തിന്റെ വക്കിലത്തെിയിരുന്നു നുഐമാൻ. ബജ്രംഗ് ദൾ പ്രവർത്തകരാണ് യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. ഇയാളെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് ഇടെയാണ് മരണപ്പെട്ടത്. ട്രക്കിൽ ഉണ്ടായിരുന്ന മറ്റ് നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഹിമാചൽ പ്രദേശ് ഗോവധ നിരോധന നിയമം എട്ട്, 11 വകുപ്പുകൾ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ട്രക്കിൽ നിന്ന് 10 കന്നുകാലികളെ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. ബജ്‌റംഗ്ദൾ പ്രവർത്തകർ ആണ് നുഐമാനെ തല്ലിക്കൊന്നതെന്ന് നുഐമാന്റെ ബന്ധുവായ ഇമ്രാൻ അസ്ഗർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ പൊലീസിന് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

നേരത്തെ ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മുസ്‌ലിംകൾ ബീഫ് ഉപേക്ഷിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞത് വിവാദത്തിൽ ആയിരുന്നു. സംഭവം വിവാദമായതോടെ തിരുത്തുമായി മനോഹർ ലാൽ ഖട്ടറിന്റെ ഓഫിസും രംഗത്തെത്തി. പശുവെന്നത് ഇവിടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും മുസ്‌ലിംകൾക്ക് ബീഫ് ഉപേക്ഷിച്ച് ഇന്ത്യയിൽ ജീവിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എല്ലാവരെയും ബഹുമാനിക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി ജവഹർ യാദവ് അറിയിച്ചു. വാർത്ത പ്രസിദ്ധീകരിച്ച പത്രം വാക്കുകൾ മുഖ്യമന്ത്രിയുടെ വായിൽ തിരുകിക്കയറ്റിവയ്ക്കുകയായിരുന്നു. മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞിട്ടില്ല, യാദവ് വ്യക്തമാക്കി.

ദാദ്രി സംഭവം തെറ്റിദ്ധാരണ മൂലം ഉണ്ടായ തെറ്റാണെന്നും ഖട്ടർ പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഇരുഭാഗത്തും തെറ്റുപറ്റി. പശു, ഭഗവത്ഗീത, സരസ്വതി എന്നിവ ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങളാണ് അതിന് പ്രശ്‌നങ്ങളുണ്ടാവാതെ മുസ്!ലിംകൾ സൂക്ഷിക്കണമെന്നും ഖട്ടർ പറഞ്ഞു. ദാദ്രി സംഭവത്തെയും ബീഫ് വിവാദത്തെയും കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയായി അധികാരത്തിൽ എത്തിയതിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ബിജെപി നേതാവ് കൂടിയായ ഖട്ടർ വിവാദ പരാമർശം നടത്തിയത്.

ഇന്ത്യ ജനാധിപത്യ രാജ്യമാണ്. എല്ലാവർക്കും അവരുടെ അവകാശങ്ങളുമുണ്ട്,എന്നാൽ അതു മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ ആകരുത്. ഇക്കാര്യങ്ങളിൽ ഭരണഘടന എല്ലാ പൗരന്മാർക്കും അധികാരം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്‌ലിംകൾക്ക് ബീഫ് കഴിക്കാതെ ജീവിച്ചുകൂടെയെന്നു ചോദിച്ച അദ്ദേഹം മുസ്‌ലിംകൾ ബീഫ് കഴിക്കണമെന്ന് എവിടൈയങ്കിലും എഴുതിവച്ചിട്ടുണ്ടോയെന്നും ചോദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP