Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പശുസംരക്ഷകരെ പേടിച്ച് ശങ്കരാചാര്യർ സമ്മാനിച്ച പശുവിനെയും കിടാവിനെയും തിരിച്ചു നല്കി അസംഖാൻ; രാജ്യത്ത് മുസ്ലിംകളുടെ അവസ്ഥ അടിമകളുടേതിനേക്കാൾ കഷ്ടമെന്നും എസ്‌പി നേതാവ്; ഇടുങ്ങിയ ചിന്താഗതിയെന്നു പറഞ്ഞ് അസംഖാനെ കടന്നാക്രമിച്ച് ബിജെപി

പശുസംരക്ഷകരെ പേടിച്ച് ശങ്കരാചാര്യർ സമ്മാനിച്ച പശുവിനെയും കിടാവിനെയും തിരിച്ചു നല്കി അസംഖാൻ; രാജ്യത്ത് മുസ്ലിംകളുടെ അവസ്ഥ അടിമകളുടേതിനേക്കാൾ കഷ്ടമെന്നും എസ്‌പി നേതാവ്; ഇടുങ്ങിയ ചിന്താഗതിയെന്നു പറഞ്ഞ് അസംഖാനെ കടന്നാക്രമിച്ച് ബിജെപി

ലക്നൗ: പ്രമുഖ ഹിന്ദു മതനേതാവു നല്കിയ പശുവിനെയും കിടാവിനെയും തിരിച്ചേൽപ്പിച്ച സമാജ്‌വാദി പാർട്ടി(എസ്‌പി) നേതാവ് അസംഖാനെ കടന്നാക്രമിച്ച് ബിജെപി. അസം ഖാന്റെ നടപടി ഇടുങ്ങിയ ചിന്താഗതിയുടെ ഫലമാണെന്നും ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ തന്റെ സാന്നിധ്യം അറിയിക്കാനുള്ള അടവാണെന്നും ബിജെപി വിമർശിച്ചു.

ഗോവർധൻ പീഠ് ശങ്കരാചാര്യരായ സ്വാമി അധോക്ഷ്ജ്ഞാനന്ദ് സമ്മാനിച്ച പശുവിനെയും കിടാവിനെയുമാണ് അസംഖാൻ തിരിച്ചേൽപ്പിച്ചത്. രാജസ്ഥാനിലെ ആൾവാറിൽ പശു സംരക്ഷകർ ഒരാളെ മർദിച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചായിരുന്നു മുൻ മന്ത്രി കൂടിയായ അസംഖാന്റെ നടപടി.

2015ൽ സമ്മാനമായി കിട്ടിയ കറുത്ത പശുവിനെ ഇന്നലെയാണ് അസം ഖാൻ തിരിച്ചു നൽകിയത്. തന്നെയും സമുദായത്തെയും ആക്ഷേപിക്കാൻ ഏതെങ്കിലും ഗോരക്ഷകൻ പശുവിനെക്കൊല്ലും എന്ന് പേടിച്ചാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അസം ഖാൻ കത്തെഴുതുകയും ചെയ്തു.

അരക്ഷിതാവസ്ഥ നിറഞ്ഞ അന്തരീക്ഷത്തിലാണ് മുസ്ലീങ്ങൾ ജീവിക്കുന്നത്. രാജ്യത്ത് കൂരത നിറഞ്ഞ ഒരു സംഘടിത പ്രചാരണം മുസ്ലീമുകൾക്കെതിരെ നടന്നുകൊണ്ടിരിക്കുകയാണ്. മുസ്ലീങ്ങളുടെ അവസ്ഥ അടിമകളുടേതിനേക്കാൾ കഷ്ടമാണെന്നും അസംഖാൻ അഭിപ്രായപ്പെട്ടു.

അസംഖാന്റെ പ്രവൃത്തി പശുവിനെ ആരാധിക്കുന്ന കോടിക്കണക്കിന് മനുഷ്യരുടെ വികാരത്തെ മുറിവേൽപിച്ചെന്ന് ബിജെപി വക്താവ് മനീഷ് ശുക്ല പറഞ്ഞു.
യാതൊരു ആവശ്യവുമില്ലാത്ത പ്രവൃത്തിയാണ് അസം ഖാൻ ചെയ്തത്. ഏതെങ്കിലും ഗോരകരക്ഷകൻ അപകീർത്തിപ്പെടുത്താനായി പശുവിനെക്കൊല്ലും എന്ന പ്രസ്താവന ഇടുങ്ങിയതും സങ്കുചിതവുമായ മനസ്സിനെയാണ് കാണിക്കുന്നത്. അസംഖാന്റെ പ്രവൃത്തി പശുവിനെ ആരാധിക്കുന്ന കോടിക്കണക്കിന് മനുഷ്യരുടെ വികാരത്തെ മുറിവേൽപിച്ചുവെന്ന് ശുക്ല കൂട്ടിച്ചേർത്തു.

ഗോവധത്തിന്റെ പേരിലും പശുക്കടത്തിന്റെ പേരിലും നിരവധി ആക്രമണങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. രാജസ്ഥാനിൽ കഴിഞ്ഞയാഴ്‌ച്ച പശുവിനെ കടത്തിയെന്നാരോപിച്ച് ഗോരക്ഷകർ മുസ്ലിം സമുദായത്തിൽപ്പെട്ടയാളെ തല്ലിക്കൊന്നിരുന്നു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗോവധത്തിനെതിരെ കർശന നടപടികളാണ് സ്വീകരിക്കുന്നത്. അടുത്തിടെ ഗുജറാത്തിൽ ഗോവധത്തിന് നൽകുന്ന ശിക്ഷ ജീവപര്യന്തമായി ഉയർത്തിയിരുന്നു. ബിജെപി ഉത്തർപ്രദേശിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം അനധികൃത അറവുശാലകൾ അടച്ചുപൂട്ടിയിരുന്നു. പശുക്കളെ കടത്തുന്നതിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിരോധനമേർപ്പെടുത്തിയിരുന്നു.

പശുവിനെ കൊല്ലുന്നവരെ തൂക്കിക്കൊല്ലണമെന്ന് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി രമൺ സിങ് പറഞ്ഞത് വിവാദമായിരുന്നു. ഗോവധത്തിന്റെ പേരിലും പശുക്കടത്തിന്റെ പേരിലും ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ ബിജെപി സർക്കാർ നടപടിയെടുക്കുന്നില്ലെന്ന ആരോപണം ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP