രാമക്ഷേത്രം സ്ഥാപിച്ചില്ലെങ്കിൽ ഇന്ത്യ മറ്റൊരു സിറിയയാകും; അയോധ്യ ഭൂമി മുസ്ലിങ്ങൾക്ക് വിട്ട് കൊടുത്താൽ രക്തപ്പുഴ ഒഴുകും; രാമജന്മ ഭൂമി പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥ വേഷം കെട്ടി രംഗത്തിറങ്ങിയ ശ്രീ ശ്രീ രവിശങ്കറിന്റെ മനസ്സിലിരുപ്പ് ഒടുവിൽ പുറത്തായി; പ്രകോപന പ്രസ്താവന മുസ്ലിം നേതാക്കളെക്കൊണ്ട് അവകാശ വാദം ഉപേക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ട ഉടൻ
March 06, 2018 | 11:41 AM IST | Permalink

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം സ്ഥാപിച്ചില്ലെങ്കിൽ ഇന്ത്യ മറ്റൊരു സിറിയ ആയി മാറുമെന്ന് ആർട്ട് ഓഫ് ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ. മുസ്ലിംങ്ങൾ അയോധ്യയ്ക്ക് മേലുള്ള അവകാശവാദം ഉപേക്ഷിക്കണമെന്ന് രവിശങ്കർ പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.
വളരെ നല്ല രീതിയിൽ തന്നെ മുസ്ലിംങ്ങൾ അയോധ്യയ്ക്ക് മേലുള്ള അവകാശവാദം ഉപേക്ഷിക്കണം. അയോധ്യ എന്ന് പറയുന്നത് നിങ്ങൾക്ക് പ്രാർത്ഥിക്കാനുള്ള ഇടമല്ല. അത് മനസ്സിലാക്കി പെരുമാറണം. ഒരു തർക്കഭൂമിയിൽ വച്ച് പ്രാർത്ഥിക്കാൻ ഇസ്ലാം അനുവാദം നൽകുന്നില്ലെന്ന് രവി ശങ്കർ പറഞ്ഞു.
ശ്രീരാമനെ മറ്റൊരു സ്ഥലത്ത് ജനിപ്പിക്കാൻ തങ്ങൾക്ക് ഇപ്പോൾ സാധ്യമാകില്ലല്ലോ..? ഇവിടെ ആശുപത്രി പോലെയുള്ള സന്നദ്ധ കേന്ദ്രങ്ങൾ പണിയണം എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല,രാമന്റെ ജന്മസ്ഥലമാണെന്ന് അവകാശപ്പെടുന്നിടത്ത് എങ്ങനെ ആശുപത്രി പണിയാൻ കഴിയും?
മുഗൾ കാലത്ത് പണിത പള്ളി 1992 ലാണ് ഹിന്ദു തീവ്ര സംഘങ്ങൾ പൊളിച്ചുമാറ്റിയത്. ശ്രീരാമന്റെ ജന്മസ്ഥലം മുസ് ലിംങ്ങൾക്ക് പ്രാർത്ഥിക്കാനുള്ള സ്ഥലമല്ലെന്ന് പറഞ്ഞായിരുന്നു വൻ അക്രമം നടന്നത്.ഇവരുടെ അവകാശ വാദം. അയോധ്യ വിഷയം കോടതിക്ക് പുറത്തുവെച്ച് ഒത്തുതീർപ്പാക്കാനുള്ള തന്റെ ശ്രമത്തെ ഒരു കൂട്ടമാളുകൾ തകർക്കുകയാണെന്നും രവിശങ്കർ ആരോപിച്ചു. ഇതിനകം തർക്കം ഒത്തുതീർപ്പാക്കാനായി അഞ്ഞൂറോളം നേതാക്കളെ കണ്ട് സംസാരിച്ചിട്ടുണ്ട്.
മുഗൾ കാലത്ത് പണിത പള്ളി 1992 ഡിസംബർ 6നാണ് ഹിന്ദു തീവ്ര സംഘങ്ങൾ പൊളിച്ചുമാറ്റിയത്.
അയോധ്യ തർക്കം കോടതിക്ക് പുറത്ത് തീർക്കാനായി കഴിഞ്ഞ അഞ്ച് വർഷമായി രവിശങ്കർ ശ്രമം നടത്തുന്നുണ്ട്. അയോധ്യ, ബെംഗളൂരു, ലക്നൗ, ഡൽഹി, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയിടത്തെ 500ഓളം നേതാക്കളുമായി രവിശങ്കർ ചർച്ച നടത്തിയിട്ടുണ്ട്. എന്നാൽ തന്റെ ശ്രമങ്ങളെ കുഴപ്പം ആഗ്രഹിക്കുന്ന ഒരുകൂട്ടം തകർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ വിഭാഗവും കോടതി ഉത്തരവിനോട് അനുകൂലിക്കില്ലെന്നും രവിശങ്കർ പറഞ്ഞു.
അയോധ്യയിലെ രാമ ക്ഷേത്രത്തിനായി താൻ നടത്തുന്ന ശ്രമങ്ങൾക്ക് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിന്തുണയുമുണ്ട്. സംസ്ഥാനത്ത് സന്തോഷവും സമാധാനവും നിലനിർത്തേണ്ടത് യോഗിയുടെ ചുമതലയാണ്.മധ്യസ്ഥത കൊണ്ടല്ലാതെ അയോധ്യ വിഷയം പരിഹരിക്കപ്പെടില്ല. ഭൂമി ബാബരി മസ്ജിദിന്റേതാണെന്ന് വിധിച്ച് കോടതി അത് മുസ്ലിങ്ങൾക്ക് വിട്ട് കൊടുത്താൽ ഇവിടെ ചോരപ്പുഴ ഒഴുകും.
ചോരപ്പുഴ ഒഴുക്കാതെ ഒരു വിധി പുറപ്പെടുവിക്കാൻ സുപ്രീം കോടതിക്കാവുമോ എന്നും രവിശങ്കർ ചോദിച്ചു. അയോധ്യയിൽ രാമക്ഷേത്രത്തിനായി മധ്യസ്ഥക്കിറങ്ങിയ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തിയതിന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡിൽ നിന്ന് പുറത്താക്കപ്പെട്ട മൗലാന സൽമാൻ നദ്വി ബാബരി മസ്ജിദിന്റെ വിവാദ നിലപാടിൽ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് രവിശങ്കറിന്റെ വിവാദ പ്രസ്താവന.