Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ശാസ്ത്രമൊക്കെ എന്ത്!!!കൃത്രിമ മഴപെയ്യിച്ച് വരൾച്ചയെ നേരിടുന്ന വികസിത രാജ്യങ്ങൾ കണ്ടു പഠിക്കണം; കൊടും വരൾച്ചയെ നേരിടാൻ സമഗ്ര പദ്ധതികളുമായി രണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ; കർണാടകത്തിൽ ശൃംഗേരി മഠാധിപന്റെ കാർമ്മികത്വത്തിൽ ഋഷ്യശൃംഗ യാഗം; തമിഴ്‌നാട്ടിൽ വിപുലമായ പൂജകൾക്കു പുറമേ അമൃതവർഷിണി, മേഘവർഷിണി, കേദാരം, ആനന്ദഭൈരവി എന്നീ രാഗങ്ങളിൽ പാട്ടുകളും പാടണം

ശാസ്ത്രമൊക്കെ എന്ത്!!!കൃത്രിമ മഴപെയ്യിച്ച് വരൾച്ചയെ നേരിടുന്ന വികസിത രാജ്യങ്ങൾ കണ്ടു പഠിക്കണം; കൊടും വരൾച്ചയെ നേരിടാൻ സമഗ്ര പദ്ധതികളുമായി രണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ; കർണാടകത്തിൽ ശൃംഗേരി മഠാധിപന്റെ കാർമ്മികത്വത്തിൽ ഋഷ്യശൃംഗ യാഗം; തമിഴ്‌നാട്ടിൽ വിപുലമായ പൂജകൾക്കു പുറമേ അമൃതവർഷിണി, മേഘവർഷിണി, കേദാരം, ആനന്ദഭൈരവി എന്നീ രാഗങ്ങളിൽ പാട്ടുകളും പാടണം

മറുനാടൻ മലയാളി ബ്യൂറോ

ബെംഗലുരു/ചെന്നൈ: കൊടും വരൾച്ചയിൽ കർഷകരും സാധാരണ ജനങ്ങളും വലയുമ്പോൾ ബദൽ മാർഗങ്ങൾ കണ്ടെത്താതെ ദൈവത്തിനോട് അപേക്ഷിക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവിടുകയാണ് രണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങൾ. കർണാടകവും തമിഴ്‌നാടുമാണ് വേനലവസാനിപ്പിക്കാൻ ദേവപ്രീതിക്കായി യാഗവും പാട്ടുമായി ലക്ഷങ്ങൾ പൊടിക്കുന്നത്.

കർണാടകത്തിൽ വരൾച്ചയെ നേരിടാൻ ഋഷ്യശൃംഗ യാഗത്തിനൊരുങ്ങുകയാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കാലവർഷം ദുർബലമായിരിക്കുമെന്ന ജ്യോതിഷ പ്രവചനത്തെ തുടർന്നാണ് ശൃംഗേരി മഠത്തിൽ പൂജ നടത്താനുള്ള കുമാരസ്വാമിയുടെ തീരുമാനം. മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ വിമർശനവുമായി കർഷക സംഘടനകളും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

നാട് കടുത്ത വരൾച്ച നേരിടുമ്പോൾ യാഗത്തിന് ചെലവഴിക്കുന്ന ലക്ഷങ്ങൾ കുടിവെള്ളമെത്തിക്കാൻ ഉപയോഗിച്ചിരുന്നെങ്കിൽ തങ്ങൾ രക്ഷപ്പെടുമെന്ന് കർഷകർ പറയുന്നു. യാഗത്തിനല്ല ദുരിതാശ്വാസ പദ്ധതികൾ നടപ്പാക്കുന്നതിനാവണം പരിഗണനയെന്ന് ബിജെപി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പൂജ നടക്കുമെന്ന് മഠം അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ക്ഷേത്ര ഭരണ വകുപ്പിന്റേതാണ് തീരുമാനമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം.

കടുത്ത വിശ്വാസിയാണ് എച്ച് ഡി കുമാരസ്വാമി. മുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നതായാലും മകനെ സ്ഥാനാർത്ഥിയാക്കുന്നതായാലും ജ്യോതിഷികളും പൂജാരിമാരും പറയാതെ, പൂജകളും യാഗങ്ങളും നടത്താതെ കുമാരസ്വാമി തീരുമാനമെടുക്കില്ല. എന്നാലിപ്പോൾ സംസ്ഥാനം വരൾച്ചയിൽ വലയുമ്പോഴും യാഗത്തിനൊരുങ്ങുന്ന മുഖ്യമന്ത്രി വിമർശനം ക്ഷണിച്ചുവരുത്തുകയാണ്. ഇതാദ്യമല്ല മഴപെയ്യാൻ കർണാടകത്തിൽ സർക്കാർ ചെലവിൽ പൂജ. 2017ൽ സിദ്ധരാമയ്യ സർക്കാർ കാവേരി തീരത്തെ ഹോമത്തിന് നീക്കിവച്ചത് 20 ലക്ഷം രൂപയാണ്.

കർണാടകത്തിൽ 26 ജില്ലകളിലായി 2150 ഗ്രാമങ്ങൾ വരൾച്ചാ ബാധിതമാണ്. കുടിവെള്ളത്തിന് പോലും പെടാപ്പാട്. ഇരുപത് ലക്ഷം ഏക്കറിനടുത്താണ് കൃഷിനാശം. വരൾച്ച നേരിടാൻ സർക്കാർ നടപടികൾ പര്യാപ്തമല്ലെന്ന വിമർശനം സജീവമാണ്. ഇതിനിടയിലാണ് പ്രശസ്ത ജ്യോതിഷി ദ്വാരകനാഥ് വക മുഖ്യമന്ത്രിക്കുള്ള മുന്നറിയിപ്പ്. കാര്യമായി മഴ കിട്ടാനിടയില്ല. മഴ ദേവനായ വരുണനെ പൂജിക്കണം. യാഗം വേണം. അതനുസരിച്ച മുഖ്യമന്ത്രി ഋഷ്യശൃംഗ യാഗത്തിന് തയ്യാറെടുക്കാൻ ശൃംഗേരി മഠത്തിന് നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ.

തമിഴ്‌നാട്ടിൽ വരൾച്ചയെ നേരിടാൻ കുറച്ചുകൂടി കടന്ന കയ്യാണ് സംസ്ഥാന ഭരണകൂടം കൈക്കൊണ്ടത്. മഴ പെയ്യാനായി ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും യജ്ഞങ്ങളും നടത്താൻ സർക്കാർ വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചു. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് ഡിപ്പാർട്ടുമെന്റാണ് ക്ഷേത്രങ്ങൾക്ക് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. എങ്ങനെയാണ് മഴ പെയ്യിക്കേണ്ടത് എന്നും നിർദ്ദേശത്തിലുണ്ട്.

കൊടും പ്രാർത്ഥനയ്ക്ക് പുറമെ നാദസ്വരം, വയലിൻ, വീണ, ഓടക്കുഴൽ എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് സംഗീതം ആലപിക്കണം. അമൃതവർഷിണി, മേഘവർഷിണി, കേദാരം, ആനന്ദഭൈരവി എന്നീ രാഗങ്ങൾ ആലപിക്കണം. ക്ഷേത്രങ്ങളിൽ നടത്തുന്ന പൂജകളുടെ വിവരങ്ങൾ വകുപ്പിനെ അറിയിക്കുകയും വേണം.

വികസിത രാജ്യങ്ങൾ മഴ പെയ്യിക്കാൻ ശാസ്ത്രീയമായ വഴികൾ തേടുമ്പോഴാണ് ഇന്ത്യയിലെ രണ്ട് സംസ്ഥാന സർക്കാരുകൾ ഇത്തരത്തിൽ പ്രാർത്ഥനയും പൂജകളും പാട്ടുമായി ലക്ഷങ്ങൾ പാഴാക്കി കളയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP