വിമാനം നിലത്തിറക്കാനാകാഞ്ഞത് തെരുവ് നായ്ക്കൾ റൺവേയിൽ കൂട്ടമായി നിന്നത് കാരണം; പതിനഞ്ച് മിനിറ്റ് നേരം ആകാശത്ത് പറന്നത് വൻ അപകടം ഒഴിവാക്കാൻ; നിലത്തിറക്കിയത് പട്ടികളെ ഓടിച്ച് റൺവേ സുരക്ഷിതമാക്കിയതിന് ശേഷം
August 14, 2019 | 12:57 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
പനാജി: വിമാനം റൺവേയിൽ ഇറക്കാൻ പറ്റാത്തതിന് പല കാരണങ്ങളുണ്ടാകാം. എന്നാൽ റൺവേയിൽ തെരുവ് പട്ടികൾ വന്ന് നിന്നാൽ എന്ത് ചെയ്യും. മുംബയിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനം റൺവേ തൊടുന്നതിന് നിമിഷങ്ങൾ മാത്രം അവശേഷിക്കെയാണ് റൺവേയിൽ തെരുവ് നായ്ക്കൾ കൂട്ടമായി നിൽക്കുന്നത് പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിമാനമിറക്കാനായില്ല. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. തുടർന്ന് ഉടൻ തന്നെ എയർട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് വിമാനം 15 മിനിറ്റോളം ആകാശത്ത് പറന്നു.
റൺവേയിലുള്ള പട്ടികളെ ഓടിച്ച് സുരക്ഷിതമാക്കിയതിന് ശേഷമാണ് വിമാനം താഴെയിറക്കിയത്. പൈലറ്റിന്റെ ജാഗ്രതയിൽ വൻ അപകടമാണ് ഒഴിവായത്. ഇറങ്ങാൻ വൈകിയത് അന്വേഷിച്ച യാത്രക്കാരോട് പൈലറ്റ് സംഭവം പറഞ്ഞു. ഒരു യാത്രക്കാരനാണ് സംഭവം സോഷ്യൽ മീഡിയയിലൂടെ പുറത്തറിയിച്ചത്. രാത്രിയായതിനാൽ തെരുവുനായ്ക്കളെ റൺവേയിൽ കാണാൻ സാധിച്ചില്ലെന്നാണ് വിമാനത്താവളം അധികൃതരുടെ വിശദീകരണം. എന്തായാലും നായ്ക്കൾ കാരണം പതിനഞ്ച് മിനിറ്റ് നേരമാണ് വിമാനം നിലത്തിറക്കാനാകാതെ പൈലറ്റ് വലഞ്ഞത്.
