Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കളിക്കാരുടെ പ്രതിഫലത്തിൽ കുറവ് വരുമെന്ന് ഐസിഎ പ്രസിഡന്റിന്റെ മുന്നറിയിപ്പ്; ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് പറയാൻ ആരാണ് അശോക് മൽഹോത്രയ്ക്ക് അധികാരം നൽകിയതെന്ന ചോദ്യവുമായി സുനിൽ ​ഗവാസ്കർ

കളിക്കാരുടെ പ്രതിഫലത്തിൽ കുറവ് വരുമെന്ന് ഐസിഎ പ്രസിഡന്റിന്റെ മുന്നറിയിപ്പ്; ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് പറയാൻ ആരാണ് അശോക് മൽഹോത്രയ്ക്ക് അധികാരം നൽകിയതെന്ന ചോദ്യവുമായി സുനിൽ ​ഗവാസ്കർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന ഇന്ത്യ ക്രിക്കറ്റേഴ്സ് അസോസിയേഷൻ (ഐസിഎ) പ്രസിഡന്റ് അശോക് മൽഹോത്രയ്ക്ക‌െതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ സുനിൽ ഗാവസ്കർ. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് പറയാൻ ആരാണ് അശോക് മൽഹോത്രയ്ക്ക് അധികാരം നൽകിയതെന്ന് അദ്ദേഹം ചോദിക്കുന്നു. മൽഹോത്രയുടെ പ്രസ്താവന ആശ്ചര്യമുളവാക്കുന്നതാണെന്ന് ഗാവസ്കർ ചൂണ്ടിക്കാട്ടി.

‘കളിക്കാരുടെ പ്രതിഫലം വെട്ടിക്കുറയ്ക്കുന്നത് അത്ര നല്ല നടപടിയല്ലെന്ന് എനിക്കറിയാം. പക്ഷേ, സംഘടനയുടെ (ബിസിസിഐയുടെ) വരുമാനം കുറഞ്ഞാൽ സ്വാഭാവികമായും കളിക്കാരും പ്രതിഫലത്തിൽ കുറവു വരുമെന്ന് പ്രതീക്ഷിക്കണം’ – ഇതായിരുന്നു അശോക് മൽഹോത്രയുടെ പരാമർശം. എന്നാൽ, രൂക്ഷമായ ഭാഷയിലാണ് ഗാവസ്കർ ഇതിനോടു പ്രതികരിച്ചത്.

‘കളിച്ചില്ലെങ്കിൽ പ്രതിഫലം ലഭിക്കാത്തത് സ്വാഭാവികമാണ്. എല്ലാ കായിക മേഖലയിലും അങ്ങനെ തന്നെയാണ്. പക്ഷേ, ഇന്ത്യയിലെ രാജ്യാന്തര താരങ്ങളുടെയും ആഭ്യന്തര താരങ്ങളുടെയും പ്രതിഫലത്തിൽ കുറവുണ്ടാകുമെന്ന് ഇന്ത്യൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞത് അദ്ഭുതത്തോടെയാണ് ഞാൻ‌ കേട്ടത്. ബിസിസിഐയെ സുഖിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്ന് ആർക്കും മനസ്സിലാകും. പക്ഷേ, ആരു നൽകിയ അധികാരത്തിലാണ് അദ്ദഹം ഇതേക്കുറിച്ച് ഇത്ര ആധികാരികമായി പ്രസ്താവന നടത്തുന്നതെന്ന് മനസ്സിലാകുന്നില്ല. ഇപ്പോഴത്തെ രാജ്യാന്തര താരങ്ങളോ ആഭ്യന്തര താരങ്ങളോ ഈ സംഘടനയിൽ അംഗങ്ങളല്ല. അതുകൊണ്ടുതന്നെ അവർക്കു വേണ്ടി സംസാരിക്കാൻ അദ്ദേഹം ആളല്ല. നിങ്ങളുടെ പോക്കറ്റിനെ ബാധിക്കുന്നില്ലെങ്കിൽ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചൊക്കെ സംസാരിക്കാൻ നല്ല രസമാണ്’ – ഗാവസ്കർ പ്രതികരിച്ചു.

അതേസമയം, കൊറോണ വൈറസ് വ്യാപനം നിമിത്തം മത്സരങ്ങൾ റദ്ദാക്കിയത് ബിസിസിഐയ്ക്ക് കനത്ത സാമ്പത്തിക നഷ്ടം വരുത്തിയേക്കാമെങ്കിലും താരങ്ങളുടെ ശമ്പളം കുറയ്ക്കുന്ന കാര്യം ഇതുവരെ പരിഗണനയിലില്ലെന്ന് ബിസിസിഐ ട്രഷറർ അരുൺ ധൂമൽ വ്യക്തമാക്കിയിരുന്നു. എല്ലാ വിഭാഗം ആളുകളുടെയും താൽപര്യം പരിഗണിച്ച് മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളൂ എന്നും അദ്ദേഹം അറിയിച്ചിരുന്നു.

‘ഇല്ല. ശമ്പളം കുറയ്ക്കുന്ന കാര്യം ഞങ്ങൾ ഇതുവരെ പരിഗണിച്ചിട്ടില്ല. ഈ തിരിച്ചടി മറികടക്കാൻ എന്തു നടപടി സ്വീകരിച്ചാലും എല്ലാവരുടെയും താൽപര്യം പരിഗണിച്ചു മാത്രേ അന്തിമ തീരുമാനം കൈക്കൊള്ളൂ. പക്ഷേ നിലവിൽ ഇതുമായി ബന്ധപ്പെട്ട് ഒരു നടപടിയും മനസ്സിലില്ല. തീർച്ചയായും ഇതൊരു കനത്ത തിരിച്ചടിയാണ്. പക്ഷേ ആരെയും ബാധിക്കാത്ത വിധത്തിൽ എല്ലാം കൈകാര്യം ചെയ്യാനാണ് ശ്രമം. എല്ലാ പ്രശ്നങ്ങളും അവസാനിച്ചശേഷം ഇക്കാര്യങ്ങൾ ചർച്ച ചെയ്യാം’ – ധൂമൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP