Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വന്തം അണക്കെട്ടിന് മേൽ യാതൊരു അവകാശവും ഇല്ലാതെ കേരളം; ജലനിരപ്പ് 152 അടിയാക്കി ഉയർത്താൻ പ്രമേയം പാസാക്കി തമിഴ്‌നാട്; ആശങ്കപ്പെടേണ്ടെന്ന പതിവ് പല്ലവിയുമായി നേതാക്കൾ; എവിടെപോയി ഒളിക്കണമെന്ന് അറിയാതെ മുല്ലപ്പെരിയാർ താഴ്‌വര

സ്വന്തം അണക്കെട്ടിന് മേൽ യാതൊരു അവകാശവും ഇല്ലാതെ കേരളം; ജലനിരപ്പ് 152 അടിയാക്കി ഉയർത്താൻ പ്രമേയം പാസാക്കി തമിഴ്‌നാട്; ആശങ്കപ്പെടേണ്ടെന്ന പതിവ് പല്ലവിയുമായി നേതാക്കൾ; എവിടെപോയി ഒളിക്കണമെന്ന് അറിയാതെ  മുല്ലപ്പെരിയാർ താഴ്‌വര

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളത്തിന്റെ പേരിൽ ഇടുക്കി ജില്ല തന്നെ തമിഴ്‌നാടിന്റെ ഭാഗമാക്കണമെന്ന് വാദിച്ചവരാണ് തമിഴ്‌നാട്ടുകാർ. സംസ്ഥാനത്തിന്റെ അണക്കെട്ടായിരുന്നിട്ടു കൂടി ഇതിൽ യാതൊരു അവകാശവും ഇല്ലാത്ത വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. സുപ്രീംകോടതിയിൽ നിയമയുദ്ധം നടത്തി ജലനിരപ്പ് 142 അടിയാക്കി ഉയർത്തിയ തമിഴ്‌നാട്ട് ഇപ്പോൾ ശ്രമിക്കുന്നത് ജലനിരപ്പ് 152 അടിയാക്കി ഉയർത്താനാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച അണക്കെട്ട് ദുർബലമാണെന്ന കേരളത്തിന്റെ വാദമൊന്നും മുഖവിലയ്‌ക്കെടുക്കാൻ തമിഴ്‌നാട് തയ്യാറല്ല. മുല്ലപ്പെരിയാർ താഴ്‌വരയിൽ കേരള ജനത ജലബോംബ് പൊട്ടുന്നത് എപ്പോഴെന്ന ആശങ്കയിൽ കഴിയുമ്പോഴാണ് തമിഴ്‌നാടിന്റെ പുതിയ നീക്കം.

മുല്ലപ്പരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്തിക്കൊണ്ടുള്ള വിധിക്കെതിരെ കേരളം സമർപ്പിച്ച റിവ്യു ഹർജി സുപ്രീംകോടതി തള്ളിയതിന് തൊട്ടുപിന്നാലെ ജലനിരപ്പ് 152 അടിയാക്കണമെന്ന് തമിഴ്‌നാട് പ്രമേയം പാസാക്കി. ബേബി ഡാമിനെ ശക്തിപ്പെടുത്തി ജലനിരപ്പുയർത്താനും കോടതി നിർദ്ദേശിച്ച മറ്റ് പ്രവർത്തനങ്ങൾ നടപ്പിലാക്കാനും കേരളം സഹകരിക്കണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീർശെൽവം അവതരിപ്പിച്ച പ്രമേയത്തിൽ ജലനിരപ്പ് 152 അടിയായി ഉയർത്തുന്നതിന് കേന്ദ്രം കേരളത്തിന് ശരിയായ മാർഗനിർദ്ദേശങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടു. ജലനിരപ്പ് 142 അടിയായി ഉയർത്തിയെങ്കിലും തമിഴ് ജനത തൃപ്തരല്ല. തമിഴ്‌നാടിന് ജലം ലഭ്യമാക്കുന്നതിന് വേണ്ടി പ്രവർത്തിച്ചതിന് മുൻ മുഖ്യമന്ത്രി ജയലളിതയെയും മറ്റ് മന്ത്രിമാരെയും പ്രമേയത്തിൽ പ്രകീർത്തിക്കുന്നുമുണ്ട്. തന്റെയും മുൻ മുഖ്യമന്ത്രി ജയലളിതയുടെയും ശ്രമഫലമായാണ് മുല്ലപ്പെരിയാർ ജലനിരപ്പ് 142 ആക്കാൻ കഴിഞ്ഞതെന്നും പനീർശെൽവം സഭയിൽ പറഞ്ഞു.

അതേസമയം പ്രമേയത്തിൽ ഭേദഗതി വരുത്തണമെന്ന ഡി.എം.കെ അംഗം ദുരൈമുരുകന്റെ നിർദ്ദേശം തള്ളിയതിനെ തുടർന്ന് ഡി.എം.കെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതിവിധി നടപ്പാക്കുന്നതിൽ തമിഴ്‌നാട് സർക്കാർ വീഴ്ചവരുത്തുന്നതായി ആരോപിച്ച് ഡിഎംകെ നേതാവ് കരുണാനിധി കഴിഞ്ഞദിവസം പരസ്യമായി രംഗത്തു വന്നിരുന്നു. ഇത് കൂടാതെ പമ്പാർ നദിക്ക് കുറുകേ കേരളം അണക്കെട്ട് നിർമ്മിക്കുന്നുള്ള കേരളത്തിന്റെ തീരുമാനത്തെയും തമിഴ്‌നാട് എതിർത്തിട്ടുണ്ട്.

വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടലാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്തി ഒ.പനീർശെൽവം പ്രധാനമന്ത്രിക്ക് കത്തെഴുതി. പമ്പാർ നദി, തർക്കത്തിലുള്ള കാവേരി നദീജല പദ്ധതിയുടെ ഭാഗമാണെന്ന വാദമുയർത്തിയാണ് തമിഴ്‌നാട് കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. കാവേരിയുടെ പോഷകനദിയായ അമരാവതി പുഴയുടെ പോഷക നദിയാണ് പമ്പാറെന്നാണ് തമിഴ്‌നാട് വാദം.പമ്പാർ നദിക്കു കുറുകെ നിർമ്മിക്കുന്ന അണക്കെട്ടിന്റെ ശിലാസ്ഥാപനം കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചുവെന്ന വാർത്തകൾ ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്.

അണക്കെട്ടു നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതുമൂലം സംസ്ഥാനത്തെ കർഷകർ ആശങ്കയിലാണെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ പനീർശെൽവം പറയുന്നു.പ്രദേശത്തെ കുടിവെള്ള വിതരണവും കാർഷിക ജലസേചനവും പൂർണമായും അമരാവതി പുഴയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അണക്കെട്ടു നിർമ്മാണവുമായി കേരളം മുന്നോട്ടു പോയാൽ തിരുപ്പൂർ ജില്ലയിൽപ്പെടുന്ന അമരാവതി റിസർവോയറിലേക്കുള്ള ഒഴുക്കിനത് തടസമാകുമെന്നും പനീർശെൽവം ചൂണ്ടിക്കാട്ടുന്നു.

ഇവിടെ ഏതു തരത്തിലുള്ള പദ്ധതിയും ആരംഭിക്കുന്നതിന് മുമ്പ് കാവേരി മാനേജ്‌മെന്റ് ബോർഡിന്റേയും തമിഴ്‌നാട് സർക്കാരിന്റേയും അനുമതി വാങ്ങിയിരിക്കണമെന്ന കാവേരി നദീജല തർക്ക പരിഹാര ട്രിബ്യൂണലിന്റെ ഉത്തരവിനെതിരാണ് കേരളത്തിന്റെ നീക്കമെന്നും കത്തിലുണ്ട്. അതിനാൽ തന്നെ, പദ്ധതിയുമായി മുന്നോട്ടു പോകുന്നതിൽ നിന്നും കേരളത്തെ പിന്തിരിപ്പിക്കാൻ കേന്ദ്രം ഇടപെടണമെന്നാണ് പനീർശെൽവം ആവശ്യപ്പെടുന്നത്. കേരളത്തിന്റെ മേഖലയിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പോലും വിവാദമാക്കി ഉയർത്തിക്കൊണ്ട് ഇവിടുത്ത ഭരണാധികാരികളുടെ കൈയ്ക്ക് വിലങ്ങിടുകയാണ് ഫലത്തിൽ തമിഴ്‌നാട് ചെയ്യുന്നത്. എന്നാൽ ഇതിനെ അതിജീവിക്കാൻ ഇവിടുത്തെ ഭരണക്കാർക്ക് കഴിയുന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP