Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നുമാസം പ്രായമുള്ള പൊന്നോമനയെ കാലിൽ പിടിച്ച് തറയിലടിച്ചു കൊലപ്പെടുത്തുന്നതിന് സാക്ഷിയായി;വംശീയ വെറിയുടെ പേരിൽ ആൾക്കൂട്ടം മാറിമാറി ബലാത്സംഗം ചെയ്യുമ്പോൾ അവൾ അഞ്ചുമാസം ഗർഭിണി; മരിച്ചെന്നു കരുതി മതഭ്രാന്തന്മാർ ഉപേക്ഷിച്ച ബിൽക്കീസ് ബാനു നടത്തിയത് സമാനതകളില്ലാത്ത നിയമ പേരാട്ടം; ഒടുവിൽ സുപ്രീംകോടതിയിൽ നിന്നും നീതിയുടെ കരങ്ങൾ തുണയാകുന്നു

മൂന്നുമാസം പ്രായമുള്ള പൊന്നോമനയെ കാലിൽ പിടിച്ച് തറയിലടിച്ചു കൊലപ്പെടുത്തുന്നതിന് സാക്ഷിയായി;വംശീയ വെറിയുടെ പേരിൽ ആൾക്കൂട്ടം മാറിമാറി ബലാത്സംഗം ചെയ്യുമ്പോൾ അവൾ അഞ്ചുമാസം ഗർഭിണി; മരിച്ചെന്നു കരുതി മതഭ്രാന്തന്മാർ ഉപേക്ഷിച്ച ബിൽക്കീസ് ബാനു നടത്തിയത് സമാനതകളില്ലാത്ത നിയമ പേരാട്ടം; ഒടുവിൽ സുപ്രീംകോടതിയിൽ നിന്നും നീതിയുടെ കരങ്ങൾ തുണയാകുന്നു

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: 2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ട ബലാത്സംഗത്തിന് ഇരയായ ബിൽക്കിസ് ബാനുവിന് രണ്ടാഴ്‌ച്ചക്കുള്ളിൽ നഷ്ടപരിഹാര തുക നൽകണമെന്നും ജോലിയും താമസ സൗകര്യവം ഉറപ്പാക്കണമെന്നും ഗുജറാത്ത് സർക്കാരിനോട് സുപ്രീംകോടതി ഉത്തരവിട്ടു. 50 ലക്ഷം രൂപ നഷ്ടപരിഹാരത്തുക രണ്ടാഴ്‌ച്ചക്കുള്ളിൽ നൽകണം. ബിൽക്കിസ് ബാനുവിന് സർക്കാർ ജോലിയും താമസസൗകര്യവും ഉറപ്പാക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.കലാപത്തിന് ശേഷമുള്ള ബിൽക്കിസ് ബാനുവിന്റെ നിസ്സഹായ അവസ്ഥ പരിഗണിച്ചാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് ജസ്റ്റിസുമാരായ ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റെതോണ് നിർണ്ണായക ഉത്തരവ്.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആയിരക്കണക്കിന് മുസ്ലിംകളെ തെരഞ്ഞെു പിടിച്ചു കൂട്ടക്കൊല നടത്തിയ 2002-ലെ ഗുജറാത്ത് മുസ്ലിം വംശഹത്യാകാലത്തെ ഞെട്ടിപ്പിക്കുന്ന ഓർമകളിലൊന്നാണ് സ്വന്തം കുടുംബത്തെ കൺമുന്നിലിട്ട് കൂട്ടക്കൊല നടത്തിയതിന് സാക്ഷിയാകുകയും കൂട്ടബലാൽസംഗത്തിനിരയാകുകയും ചെയ്ത ബൽക്കീസ് ബാനുവിന്റെ ജീവിതം. 17 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ബാനുവിന് സു്പ്രീം കോടതിയിൽ നിന്ന് നീതി ലഭിച്ചിരിക്കുന്നു. ഗുജറാത്ത് സർക്കാർ ബാനുവിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നൽകണം. സർക്കാർ ജോലിയും താമസിക്കാനുള്ള വീടും നൽകണമെന്നാണ് കോടതി വിധി. 2002നു ശേഷം വീടില്ലാതെ നാടോടികളെ പോലെയാണ് ബാനു കഴിയുന്നതെന്നു മനസ്സിലാക്കിയാണ് കോടതി അവർക്കു വീടു നൽകാൻ ഉത്തരവിട്ടത്.

നഷ്ടപരിഹാരവും ബലാൽസംഗക്കേസ് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ച പൊലീസ് ഓഫീസർമാർക്കെതിരെ നടപടിയും ആവശ്യപ്പെട്ടുള്ള ബാനുവിന്റെ കേസിലാണ് ഇന്നത്തെ വിധി. ടീസ്റ്റ സെതൽവാദ് അടക്കമുള്ള മനുഷ്യാവകാശ പ്രവർത്തകരുടെ ഇടപെടലാണ് നിയമ പോരാട്ടത്തിന് ബാനുവിന് തുണയായത്.

2002ലെ ഗുജറാത്ത് കലാപങ്ങളിൽ 790 മുസ്ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും , 2500 ഓളം ആളുകൾക്ക് പരുക്കേൽക്കുയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ ഈ കലാപത്തിൽ ഏതാണ്ട് 2000 നടുത്ത് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നു അനൗദ്യോഗിക കണക്കുകൾ പറയുന്നു. കൊലപാതകങ്ങൾ കൂടാതെ, കൊള്ളയും, ബലാത്സംഗങ്ങളും ഈ കലാപത്തിൽ അരങ്ങേറിയിരുന്നു. കലാപം നടക്കുന്ന വേളയിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, പരോക്ഷമായി ഈ കലാപത്തിനു നേതൃത്വം നൽകിയിരുന്നുവെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ പറയുന്നു.

ഗോധ്രയിൽ സബർമതി എക്‌സ്‌പ്രെസിൽ അയോദ്ധ്യാ സന്ദർശനത്തിനു ശേഷം മടങ്ങി പോയ്ക്കൊണ്ടിരുന്ന കർസേവകർ ഉൾപ്പെടെ 58 പേർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്നാണ് കലാപങ്ങളുടെ ആരംഭം. എന്നാൽ കലാപം മുൻകൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതാണെന്നും ഗോധ്ര സംഭവം ഒരു കാരണമാക്കിയത് മാത്രമാണെന്നും ആക്രമണങ്ങളുടെ സംഘടിത സ്വഭാവവും ആസൂത്രണവും വിശകലനം ചെയ്തുകൊണ്ട് ചിലർ വാദിക്കുന്നുണ്ട്.

കലാപം കത്തിപ്പടർന്ന 2002 മാർച്ച് മൂന്ന് അഹമദാബാദിനടുത്ത രന്ദിക്പൂർ ഗ്രാമത്തിലെ ബൽക്കീസിന്റെ കൂരയിലെത്തിയ കലാപകാരികൾ കുടുംബത്തിലെ 14 പേരെയാണ് അടിച്ചും വെട്ടിയും കുത്തിയും കൂട്ടക്കൊല ചെയ്തത്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രായ കുറഞ്ഞ ഇര ബൽക്കീസിന്റെ മൂന്ന് മാസം മാത്രം പ്രായമുള്ള സാലിഹ എന്ന പെൺകുരുന്നായിരുന്നു. കാലിൽപിടിച്ച് പാറയിൽ തല അടിച്ച് ഈ കുരുന്നിനെ ബൽക്കീസിന്റെ കൺമുന്നിലിട്ടാണ് ആക്രമികൾ കൊന്നത്. അന്ന് ഗർഭിണിയായിരുന്ന ബൽക്കീസ് ബാനുവിനെ ആക്രമി സംഘം മാറി മാറി കൂട്ടബലാത്സംഗം ചെയ്തു. മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു പോയതു കൊണ്ടു മാത്രം രക്ഷപ്പെട്ട ബൽക്കീസ് ബാനു പിന്നീട് നടത്തിയ നിയമ പോരാട്ടങ്ങളിലൂടെയാണ് ഇന്ന് സുപ്രീം കോടതിയിൽ നിന്ന് നീതി നേടിയെടുത്തത്.

ഭീഷണികൾ ഉണ്ടായിട്ടും നൽകിയ മൊഴിയിൽ ഉറച്ചു നിന്നതാണ് ബൽക്കീസ് ബാനുവിന് തുണയായത്. കാലപത്തിന്റെ ഹൃദയഭേദകമായ രംഗങ്ങളാണ് ബാനുവിന്റെ ആ മൊഴികൾ. 2008-ൽ ഈ കേസിലെ 11 പ്രതികളെ ബലാൽസംഗത്തിന് കോടതി ശിക്ഷിച്ചെങ്കിലും കേസിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടത്തിയതിന് ബോംബെ ഹൈക്കോടതി ഈ പൊലീസുകാരെ ശിക്ഷിച്ചിരുന്നു. ഇവരിൽ മൂന്ന് ഐപിഎസ് ഓഫീസർമാരും വിരമിച്ചു. ഒരു ഓഫീസർ ഇപ്പോഴും ഗുജറാത്ത് പൊലീസ് സർവീസിലുണ്ട്. ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചില്ലെന്ന് ബാനുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP