Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സന്തത സഹചാരിയായി ഒപ്പം; നിയമലംഘനത്തിനു മാത്രം കൂട്ടു നിന്നില്ല; മൊഴി മാറ്റാനുള്ള സമ്മർദം ശക്തി പ്രാപിച്ചപ്പോൾ എല്ലാം വിട്ടെറിഞ്ഞ് ഓടിപ്പോയി; ഒടുവിൽ ജീവിതം വെടിഞ്ഞു: സൽമാൻ കേസിലെ പ്രധാന സാക്ഷി രവീന്ദ്ര പാട്ടീലിന്റെ കഥ സിനിമയെ വെല്ലുന്നത്

സന്തത സഹചാരിയായി ഒപ്പം; നിയമലംഘനത്തിനു മാത്രം കൂട്ടു നിന്നില്ല; മൊഴി മാറ്റാനുള്ള സമ്മർദം ശക്തി പ്രാപിച്ചപ്പോൾ എല്ലാം വിട്ടെറിഞ്ഞ് ഓടിപ്പോയി; ഒടുവിൽ ജീവിതം വെടിഞ്ഞു: സൽമാൻ കേസിലെ പ്രധാന സാക്ഷി രവീന്ദ്ര പാട്ടീലിന്റെ കഥ സിനിമയെ വെല്ലുന്നത്

മുംബൈ: സൂപ്പർ താരം സൽമാൻ ഖാന് പൊലീസ് ഏർപ്പെടുത്തിയ ബോഡി ഗാർഡായിരുന്നു രവീന്ദ്ര പാട്ടീൽ എന്ന ഇരുപത്തിനാലുകാരൻ. മുംബൈ അധോലോകത്തിൽ നിന്ന് ഭീഷണിയുണ്ടെന്ന് സൽമാൻ പരാതിപ്പെട്ടപ്പോഴാണ് 2002ൽ സേന സൂപ്പർ താരത്തിന് സംരക്ഷണത്തിനായി ബോഡി ഗാർഡിനെ ഏർപ്പെടുത്തിയത്.

ഏവരും ആരാധിക്കുന്ന താരത്തിന്റെ ബോഡി ഗാർഡാകാൻ ഭാഗ്യം ലഭിച്ചത് രവീന്ദ്ര പാട്ടീൽ എന്ന സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു. സൂപ്പർ സ്റ്റാറിനൊപ്പം നിഴൽപോലെ എപ്പോഴും നടക്കേണ്ട ജോലി സന്തോഷത്തോടെ തന്നെ പാട്ടീൽ സ്വീകരിച്ചു.

പക്ഷേ, പാട്ടീലിന്റെ ജീവിതം മാറിമറിഞ്ഞത് സിനിമാക്കഥകളെപ്പോലും വെല്ലുന്നതാണ്. ജുഹുവിലെ മാരിയറ്റ് ഹോട്ടലിൽ നിന്ന് സൽമാൻ മദ്യപിച്ചെത്തിയ രാത്രിയാണ് പാട്ടീലിന്റെയും വിധി നിർണയിച്ചത്. പുറത്ത് സൽമാന്റെ കാറിലായിരുന്നു ഈ സമയം പാട്ടീൽ. ഹോട്ടലിൽ നിന്ന് പുറത്തിറങ്ങി തിരികെ വീട്ടിലേക്ക് അതിവേഗതയിൽ കാറോടിച്ചപ്പോൾ തന്നെ വേഗത കുറയ്ക്കാൻ സൽമാനോട് രവീന്ദ്ര പാട്ടീൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബോഡിഗാർഡിന്റെ നിർദ്ദേശം അനുസരിക്കാൻ സൽമാൻ തയ്യാറായില്ല. പിന്നീടാണ് അപകടം നടക്കുന്നത്.

എന്നാൽ, അപകടം നടന്നശേഷം മൃതപ്രായവരെ രക്ഷിക്കാൻ കൂട്ടാക്കുന്നതിനു പകരം സ്ഥലത്തുനിന്ന് രക്ഷപ്പെടാനായിരുന്നു സൽമാന്റെ ശ്രമം. ഇക്കാര്യം പാട്ടീൽ പിന്നീട് മൊഴി നൽകുകയും ചെയ്തു. 8 മണിക്കൂറിനുശേഷം സൽമാൻ അറസ്റ്റിലാകുമ്പോൾ നടത്തിയ പരിശോധനിയിൽ അദ്ദേഹത്തിന്റെ രക്തത്തിലെ മദ്യത്തിന്റെ അംശം 65 മില്ലീ ഗ്രാം ആയിരുന്നു. സൽമാനെതിരെ പാട്ടീൽ പൊലീസിൽ മൊഴി കൊടുക്കുകയും ചെയ്തു.

പണവും സ്വാധീനവും കേസ് നീളാൻ ഇടയാക്കി. പ്രധാന സാക്ഷിയായ പാട്ടീലിനെ സ്വാധീനിക്കാൻ ഇതിനിടെ പലരും ശ്രമിച്ചു. പൊലീസ് സേനയിൽ നിന്നും ഇത്തരത്തിൽ സ്വാധീനിക്കാൻ ശ്രമം ഉണ്ടായി. പക്ഷേ തന്റെ മൊഴിയിൽ ഉറച്ചു നിന്ന പാട്ടീൽ നിയമം ലംഘിക്കാൻ തനിക്കാകില്ലെന്നു തെളിയിച്ചു.

പൊലീസ് സേനയിലെ ഏറ്റവും താഴേക്കിടയിലുള്ള ഒരാൾക്ക് താങ്ങാവുന്നതിലധികമായിരുന്നു മുകളിൽ നിന്നുള്ള സമ്മർദം. കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച വക്കീലിനെ സൽമാൻ കേസും ഏൽപിച്ചു. ഒടുവിൽ കടുത്ത സമ്മർദം താങ്ങാനാകാതെ ഒരുദിവസം രവീന്ദ്ര പാട്ടീൽ എങ്ങോട്ടോ ഓടിപ്പോയി. പാട്ടീലിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ പൊലീസിൽ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

വാദം കേൾക്കാനായി കോടതി കൂടിയപ്പോഴൊന്നും പാട്ടീൽ ഹാജരായില്ല. കേസിന്റെ മുന്നോട്ടുള്ള പോക്ക് തന്നെ പാട്ടീലിന്റെ അഭാവത്തിൽ പൂർണമായി നിലച്ചു. ഒരു ലീവ് പോലും എഴുതി നൽകാതെ പോയ അദ്ദേഹം എവിടെയാണെന്ന് ആർക്കും അറിയില്ലായിരുന്നു. കേസിന്റെ എഫ്‌ഐആർ തയ്യാറാക്കിയ ഉദ്യോഗസ്ഥൻ തന്നെ പാട്ടീലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

പ്രത്യേക അന്വേഷണ സംഘം പാട്ടീലിനെ പിടികൂടാൻ രൂപീകരിച്ചു. മുംബൈയിലെ ഒരു ചെറുകിട ലോഡ്ജിൽ നിന്ന് പാട്ടീലിനെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പാട്ടീലിനെ പിന്നീട് അർതർ റോഡ് ജയിലിലേക്ക് മാറ്റി. അദ്ദേഹം എന്തിന് ഓടിപ്പോയെന്നോ എങ്ങോട്ട് പോയെന്നോ ആരും അന്വേഷിച്ചില്ല. ജയിൽ മോചിതനാക്കണമെന്ന് പല തവണ കോടതിയോടപേക്ഷിച്ചിട്ടും വിധി അനുകൂലമായില്ല. അവിടെ വച്ച് അദ്ദേഹത്തിന് ട്യൂബർകുലോസിസ് പിടിപെട്ടു. മാസങ്ങൾക്ക് ശേഷം പാട്ടീൽ ജയിൽ മോചിതനായി. തിരിച്ചെത്തിയ അദ്ദേഹത്തെ വീട്ടുകാർ സ്വീകരിച്ചില്ല. അതിനിടെ ജോലിയും നഷ്ടമായി.

വീണ്ടും പാട്ടീലിനെ കാണാതായി. 2007ൽ മുംബൈയിലെ ഒരു തെരുവിൽ ഭിക്ഷ തെണ്ടിയിരുന്ന പാട്ടീലിനെ സുഹൃത്ത് തിരിച്ചറിഞ്ഞു. മൃതപ്രായനായ അദ്ദേഹത്തെ ആ സുഹൃത്ത് അവിടുത്തെ ഒരു സർക്കാർ ആശുപത്രിയിലാക്കി. അരോഗദൃഢഗാത്രനായിരുന്ന ആ ചെറുപ്പക്കാരൻ അപ്പോഴേക്ക് എല്ലുകൾ മാത്രമുള്ള വെറുമൊരു ശരീരമായി മാറിയിരുന്നു. ആരും തിരിഞ്ഞു നോക്കാനില്ലാതെ രക്തം ഛർദ്ദിച്ച് നരകിച്ച് ഒടുവിൽ 2007 ഒക്ടോബർ 4ന് പാട്ടീലിന്റെ ജീവൻ നഷ്ടമായി.

'ഞാൻ എന്റെ നിലപാടിൽ ഉറച്ചു നിന്നു. പക്ഷേ ഡിപ്പാർട്ട്‌മെന്റ് എന്റെ കൂടെ നിന്നില്ല. എനിക്ക് എന്റെ ജോലി തിരികെ വേണം. എനിക്ക് ജീവിക്കണം'- എന്നായിരുന്നു മരിക്കുന്നതിന് ആഴ്ചകൾക്കു മുമ്പ് പാട്ടീൽ തന്റെ സുഹൃത്തിനോടു പറഞ്ഞത്. പണത്തിനും സ്വാധീനത്തിനും മുന്നിൽ സത്യസന്ധതയ്ക്കും ജോലിയോടുള്ള ആത്മാർഥതയ്ക്കും ഒരു വിലയും ഇല്ലെന്ന തിരിച്ചറിവാണ് രവീന്ദ്ര പാട്ടീലിന്റെ കഥയും വിളിച്ചു പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP