Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ റെയിൽവേയും സ്വകാര്യകുത്തകകൾക്ക് കൈമാറാൻ ഒരുങ്ങി മോദി സർക്കാർ; ലക്‌നൗ-ഡൽഹി, മുംബൈ-അഹമ്മദാബാദ് ട്രെയിനുകളിൽ തുടക്കം; രണ്ട് ട്രെയിനുകളിലും നിരക്കുകൾ നിശ്ചയിക്കുക ഉടമസ്ഥരായ കമ്പനികൾ തന്നെ; ജീവനക്കാരടക്കമുള്ള ആർക്കും സൗജന്യം ഉണ്ടാകില്ല; ശതകോടികൾ മുടക്കി തീർത്ത റെയിൽവേ ട്രാക്കുകൾ കുത്തകകയ്ക്ക് സൗജന്യം

ഇന്ത്യൻ റെയിൽവേയും സ്വകാര്യകുത്തകകൾക്ക് കൈമാറാൻ ഒരുങ്ങി മോദി സർക്കാർ; ലക്‌നൗ-ഡൽഹി, മുംബൈ-അഹമ്മദാബാദ് ട്രെയിനുകളിൽ തുടക്കം; രണ്ട് ട്രെയിനുകളിലും നിരക്കുകൾ നിശ്ചയിക്കുക ഉടമസ്ഥരായ കമ്പനികൾ തന്നെ; ജീവനക്കാരടക്കമുള്ള ആർക്കും സൗജന്യം ഉണ്ടാകില്ല; ശതകോടികൾ മുടക്കി തീർത്ത റെയിൽവേ ട്രാക്കുകൾ കുത്തകകയ്ക്ക് സൗജന്യം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ഇന്ത്യൻ റെയിൽവേ സ്വകാര്യ കുത്തകകൾക്ക് കൈമാറാനുള്ള ആദ്യപടി പൂർത്തിയാക്കി മോദി സർക്കാർ. ലക്‌നൗ-ഡൽഹി, മുംബൈ-അഹമ്മദാബാദ് തേജസ് ട്രെയിനുകളുടെ നടത്തിപ്പാണ് സ്വകാര്യ കമ്പനികൾക്ക് നൽകുന്നത്. കഴിഞ്ഞ മാസം പ്രഖ്യാപിച്ച പദ്ധതി പ്രകാരം 100 ദിവസത്തിനുള്ളിൽ ഇവയുടെ നടത്തിപ്പ് പൂർണമായും സ്വകാര്യ കമ്പനികൾക്ക് നൽകാനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായുള്ള നടപടികളെല്ലാം പൂർത്തിയാക്കി കഴിഞ്ഞു. ഇപ്പോഴിതാ ഇവയുടെ നിരക്കുകൾ തീരുമാനിക്കുന്നത് സ്വകാര്യ ഉടമകൾ തന്നെയായിരിക്കും എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. കൂടാതെ റെയിൽവേ ജീവനക്കാർക്കും മറ്റ് ഇതര വിഭാഗങ്ങൾക്കും ഈ ട്രെയിനുകളിൽ യാത്രാസൗജന്യവും അനുവദിക്കില്ല. ചുരുക്കത്തിൽ ശതകോടികൾ മുടക്കി തീർത്ത ഇന്ത്യൻ റെയിൽവേ ട്രാക്കുകൾ കുത്തകകളുടെ കൈയിലാകുകയാണ്.

ഐആർസിടിസി മുഖേനയാണ് ട്രെയിനുകൾ സ്വകാര്യമേഖലയ്ക്ക് കൈമാറാൻ റെയിൽവേ ബോർഡ് തീരുമാനിച്ചത്. ഇതിന്റെ തുക റെയിൽവേയുടെ ധനകാര്യ വിഭാഗത്തിന് ഐആർസിടിസി കൈമാറും. തുടക്കത്തിൽ മൂന്നു വർഷത്തേക്കാണ് കൈമാറ്റം. ട്രെയിനുകളുടെ സർവീസ്, സ്റ്റോപ്പുകൾ എന്നിവ റെയിൽവേയുമായി ചർച്ചചെയ്തു തീരുമാനിക്കും. സർവീസിനുള്ള ജീവനക്കാർ, മെഷീനുകൾ തുടങ്ങിയ റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കാനുള്ള നിശ്ചിത വിഹിതം ഏജൻസി നൽകണം. മെഷീനുകളുടെ വാടക ദിനംപ്രതി നൽകാനാണ് തീരുമാനം. സർവീസിന്റെ നിരീക്ഷണവും നിയന്ത്രണവും റെയിൽവേക്കാണ്. ടിക്കറ്റ് ആവശ്യങ്ങൾക്ക് റെയിൽവേയുടെ മുഴുവൻ നെറ്റ്‌വർക്കുകളും ഉപയോഗിക്കാൻ കോർപറേഷന് അനുമതി നൽകിയെങ്കിലും ഒരു വർഷത്തിനുള്ളിൽ സ്വന്തം സംവിധാനം ഉണ്ടാക്കണമെന്നാണു വ്യവസ്ഥയിർ പറഞ്ഞിട്ടുള്ളത്.

ട്രെയിനിലെ കോച്ചുകൾ ഏതു ക്ലാസ് ആക്കണമെന്നും ഈ സ്വകാര്യ ഏജൻസിക്കു തീരുമാനിക്കാം. പൊതുനയത്തിനു യോജിച്ചവിധം ട്രെയിന് അകത്തും പുറത്തും പരസ്യങ്ങൾ പതിക്കാനും സുരക്ഷയെയും അടിസ്ഥാന ഘടകങ്ങളെയും ബാധിക്കാതെ കോച്ചുകളുടെ നവീകരണത്തിനും അനുമതിയുണ്ട്. സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ ഉപയോഗിക്കാമെങ്കിലും സാധാരണ യാത്രക്കാർക്ക് തടസമുണ്ടാക്കുന്ന തരത്തിലുള്ള സംവിധാനം അനുവദിക്കില്ല. അപകടങ്ങൾ, യാത്രക്കാർക്കുണ്ടാകുന്ന ഇതര നിയമപ്രശ്‌നങ്ങൾ എന്നിവയിൽ മറ്റു ട്രെയിനുകളിലെ യാത്രക്കാരുടേതിനു തുല്യമായ സഹായം റെയിൽവേ നൽകും. നിലവിൽ ഐആർടിസി മുഖേന ട്രെയിനുകളുടെ കോച്ചുകൾ ഒന്നിച്ചു ബുക്കുചെയ്യാനും വിനോദസഞ്ചാര യാത്രകൾക്കും അനുവാദമുണ്ട്.

ഈ രണ്ട് ട്രെയിനുകളുടെ നടത്തിപ്പാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്വകാര്യ കമ്പനികൾക്ക് നൽകുന്നത്. യാത്രക്കാർ കുറവുള്ളതും വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതുമായ റൂട്ടുകളിലെ ട്രെയിനുകളാണ് സ്വകാര്യ കമ്പനികൾക്ക് കൈമാറുകയെന്നാണ് റെയിൽവേ പറയുന്നത്. ജീവനക്കാരുടെ എതിർപ്പിന്റെ ശക്തി കുറയ്ക്കാനാണ് റെയിൽവേയുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഐആർസിടിസിയെ ആദ്യം ഏൽപ്പിക്കുന്നത്. ഇത്തരത്തിൽ 25 പാതകൾ അടുത്തഘട്ടത്തിൽ സ്വകാര്യ കമ്പനികളെ ഏൽപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഐആർസിടിസിയുടെ ഓഹരികളും ഘട്ടം ഘട്ടമായി വിൽക്കും. ഇവയ്‌ക്കെല്ലാം പുറമെ പല റെയിൽവേ സ്റ്റേഷനുകളും സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നുണ്ട്. ആകെ മൊത്തത്തിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം സ്വകാര്യ കുത്തകകളുടെ കൈയിലാകുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP