Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുനെൽവേലിയിലെ ബസ് അപകടത്തിൽ മരിച്ച അഞ്ചു മലയാളികളെ തിരിച്ചറിഞ്ഞു; മരിച്ച പത്തു പേരിൽ തിരുവനന്തപുരത്തുകാർ ഇനിയുമുണ്ടെന്ന് സൂചന; പരിക്കേറ്റവരിൽ വലിയതുറ സ്വദേശികൾ; ദുരന്തത്തിൽപ്പെട്ടത് വേളാങ്കണ്ണിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന സ്വകാര്യ ബസ്

തിരുനെൽവേലിയിലെ ബസ് അപകടത്തിൽ മരിച്ച അഞ്ചു മലയാളികളെ തിരിച്ചറിഞ്ഞു; മരിച്ച പത്തു പേരിൽ തിരുവനന്തപുരത്തുകാർ ഇനിയുമുണ്ടെന്ന് സൂചന; പരിക്കേറ്റവരിൽ വലിയതുറ സ്വദേശികൾ; ദുരന്തത്തിൽപ്പെട്ടത് വേളാങ്കണ്ണിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന സ്വകാര്യ ബസ്

തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലുണ്ടായ ബസ് അപകടത്തിൽ മലയാളികൾ ഉൾപ്പെടെ 10 പേർ മരിച്ചു. വള്ളിയൂരിന് സമീപം പ്ലാക്കോട്ടപ്പാറ വച്ച് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. പുതുച്ചേരിയിലെ കാരയ്ക്കലിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു സ്വകാര്യ ട്രാവൽ ഏജൻസിയുടെ ലക്ഷ്വറി ബസ് ആണ് അപകടത്തിൽപ്പെട്ടത്. വേളാങ്കണ്ണി പള്ളിയിൽ പോയി മടങ്ങിയവരാണ് അപകടത്തിൽപ്പെട്ട മലയാളികൾ.

മരിച്ച 10 പേരിൽ 9 പേരെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം കൊച്ചുതുറ സ്വദേശി ലിയോയുടെ മകൻ സുജിൻ(6), കൊല്ലം സ്വദേശിനി മേരി നിഷ(30) മകൾ ആൾട്രോയ്(5), വലിയതുറ സ്വദേശികളായ വിനോദ്, ഭാര്യ ആൻസി എന്നിവരാണ് മരിച്ചവരിൽ തിരിച്ചറിഞ്ഞ അഞ്ചു  മലയാളികൾ. നവദമ്പതികളാണ് വിനോദും ആൻസിയും.

തിരിച്ചറിഞ്ഞവരിൽ രണ്ടു പേർ ഗുജറാത്ത് സ്വദേശികളും രണ്ട് പേർ കന്യാകുമാരി സ്വദേശികളുമാണ്. പരിക്കേറ്റവരിൽ വലിയതുറ സ്വദേശികളായ ഏഴ് പേരുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. തിരുവനന്തപുരം വലിയതുറ സ്വദേശികളായ അരുൺ, ഷാജൻ, പ്രിൻസി, ഏലിയാമ്മ സോണി, നിതി, നിവീൻ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. വേളാങ്കണ്ണിയിൽ പോയി മടങ്ങുകയായിരുന്നു വലിയതുറ സ്വദേശികൾ.

മരിച്ചവരിൽ ഭൂരിപക്ഷവും മലയാളികളാണെന്ന് അഗസ്തീശ്വരം തഹസിൽദാർ പറഞ്ഞു. മരിച്ചവരിൽ എല്ലാവരേയും തിരിച്ചറിഞ്ഞിട്ടില്ലാത്തതിനാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. പരിക്കേറ്റവരെ നാഗർകോവിൽ മെഡിക്കൽ കോളജിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് അഗസ്തീശ്വരം തഹസിൽദാറുമായി ബന്ധപ്പെടാംഫോൺ-9445000689.

ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണംവിട്ട് ബസ് മറിയുകയായിരുന്നു. അപകടത്തിൽ 24 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി കേരളത്തിൽനിന്നുള്ള മെഡിക്കൽ സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. യൂണിവേഴ്‌സൽ ട്രാവൽസിന്റേതാണ് അപകടത്തിൽപ്പെട്ട വാഹനം. 12 പേർ തിരുവനന്തപുരത്ത് നിന്ന് ബുക്ക് ചെയ്ത് യാത്ര ചെയ്തവരെന്നാണ് ട്രാവൽസ് നൽകുന്ന വിശദീകരണം. 

നാഗർകോവിൽ-തിരുനൽവേലി ദേശീപാതയിൽ വള്ളിയൂരിന് സമീപം പ്ലാക്കോട്ടപ്പാറയിൽ വച്ച് പുലർച്ചെ ആറുമണിയോടെ നിയന്ത്രണം വിട്ട ബസ് റോഡിന്റെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ഏഴ് പേർ സംഭവസ്ഥലത്ത് വച്ചും ബാക്കിയുള്ളവർ തിരുനൽവേലി ജില്ലാ ആശുപത്രിയിൽ വച്ചും മരണമടഞ്ഞു. കന്യാകുമാരി ആശാരിപ്പള്ളത്തുള്ള സർക്കാർ മെഡിക്കൽ കോളജിലാണ് പരിക്കേറ്റവരുള്ളത്. റോഡിൽ തലകീഴായി മറിഞ്ഞ ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. 38 പേരാണ് ബസ്സിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് തിരുനൽവേലിനാഗർകോവിൽ നാലുവരി പാതയിൽ ഏറെ നേരം ഗതാഗതം മുടങ്ങി.

ബസ് ഡ്രൈവർക്കും പരിക്കേറ്റതായി സൂചനയുണ്ട്. ഇയാളെ ചോദ്യം ചെയ്താലെ അപകട കാരണം അറിയാനാകൂ. ബസിൽ യാത്ര ചെയ്തവരെല്ലാം അപകടമുണ്ടാകുമ്പോൾ ഉറക്കത്തിലായിരുന്നു. അതുകൊണ്ട് തന്നെ അപകട കാരണം അവർക്കും വ്യക്തമല്ല. അപകടത്തെ തുടർന്ന് തിരുനൽവേലിനാഗർകോവിൽ നാലുവരി പാതയിൽ ഏറെ നേരം ഗതാഗതം മുടങ്ങി. അപകടത്തിൽ പെട്ടവരെ വിദഗ്ധ ചികിത്സയ്ക്കായി കേരളത്തിലേക്ക് കൊണ്ടുവരാനായി 10 ആംബുലൻസുകൾ അയച്ചിട്ടുണ്ട്.

നെയ്യാറ്റിൻകരയിൽ നിന്ന് എ.ഡി.എമ്മിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തേയും നാഗർകോവിലിലേക്ക് അയച്ചുകഴിഞ്ഞതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. അടിയന്തരനടപടികളുടെ ഏകോപനത്തിനായി ഐ.ജി മനോജ് ഏബ്രഹാമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP