Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകമുള്ളിടത്തോളം ബലാത്സംഗവും ഉണ്ടാവുമെന്ന് തൃണമൂൽ കോൺഗ്രസ്എംഎൽഎ; പരാമർശത്തെ പിന്തുണച്ച് മമതാ ബാനർജി; വിവാദം കത്തുന്നു

ലോകമുള്ളിടത്തോളം ബലാത്സംഗവും ഉണ്ടാവുമെന്ന് തൃണമൂൽ കോൺഗ്രസ്എംഎൽഎ; പരാമർശത്തെ പിന്തുണച്ച് മമതാ ബാനർജി; വിവാദം കത്തുന്നു

കൊൽക്കത്ത: "ബലാത്സംഗങ്ങൾ മുമ്പും ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട്. ലോകമുള്ളിടത്തോളം കാലം ബലാത്സംഗങ്ങളുണ്ടാവും," പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ നിയമസഭാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന തൃണമൂൽ കോൺഗ്രസ് എംഎൽഎ ദീപക് ഹൽദാർ ബുധനാഴ്ച വൈകീട്ട് ഒരു പൊതുസമ്മേളനത്തിൽ പറഞ്ഞ വാക്കുകളാണിത്! എന്നാൽ പ്രസ്താവന വിവാദമായതോടെ താൻ അങ്ങനെയല്ല ഉദ്ദേശിച്ചതെന്നും തന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി ഉദ്ധരിക്കുകയാണെന്നും ബലാത്സംഗങ്ങളെക്കുറിച്ച് അവബോധമുയർത്തുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും വിശദീകരിച്ച് എംഎൽഎ രംഗത്തെത്തി.

"ഞങ്ങൾ ബലാത്സംഗത്തെ പിന്തുണയ്ക്കുന്നില്ല. എന്നാൽ (ബംഗാൾ) മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഒറ്റയ്ക്ക് ഈ പ്രശ്നം പരിഹരിക്കാനാവില്ല," ദീപക് ഹൽദാർ പറഞ്ഞു.

അതേ സമയം നിയമസഭാംഗത്തിന്റെ അനുചിത പരാമർശത്തെ തള്ളിക്കളയുന്നതിനു പകരം പ്രസ്താവനയെ ന്യായീകരിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തി. "ഒരു വിഭാഗം ഞങ്ങളെ ദുഷിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ കപടവാർത്തകൾ പ്രചരിപ്പിച്ച് ഞങ്ങളെ പിന്തിരിപ്പിക്കാനാവില്ല. പേപ്പട്ടി കടിച്ചാൽ നിങ്ങൾക്ക് പേ പിടിക്കും. അതാണ് പ്രതിപക്ഷത്തിനു പറ്റിയത്," മമതാ ബാനർജി വ്യാഴാഴ്ച പ്രതികരിച്ചു.

സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാർബർ മണ്ഡലത്തിൽ നടന്ന പൊതുസമ്മേളനത്തിനിടെയായിരുന്നു, സ്ഥലം എംഎൽഎ ദീപക് ഹൽദാറിന്റെ ബലാത്സംഗ പരാമർശം. ബലാത്സംഗങ്ങൾ സാമൂഹ്യരോഗമാണെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞിരുന്നു.

അടുത്തകാലത്തുമാത്രം ബലാത്സംഗത്തെ നിസ്സാരവത്കരിച്ച് വിവാദത്തിൽ പെടുന്ന രണ്ടാമത്തെ തൃണമൂൽ നേതാവാണ് ദീപക് ഹൽദാർ. നേരത്തെ പാർലമെന്റംഗം തപസ് പാൽ തന്റെ അനുയായികളെ വിട്ട് സിപിഐ(എം) പ്രവർത്തകരെയും കുടുംബാംഗങ്ങളെയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കുന്ന മൊബൈൽ വീഡിയോ ക്ലിപ് പുറത്തായിരുന്നു.

ഇത്രയും നിർവ്വികാരമായ ബലാത്സംഗ ന്യായീകരണങ്ങൾ തുടർച്ചയായുണ്ടാവുന്നത് അത്യന്തം നിർഭാഗ്യകരമാണെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. ജനപ്രതിനിധികൾ തങ്ങളുടെ വാക്കുകളിൽ സൂക്ഷ്മതയുള്ളവരായാൽ മാത്രം പോര, സ്ത്രീകൾക്ക്‌ സുരക്ഷിതത്വമുള്ള സമൂഹം ഒരുക്കുന്നതിൽ ഗുണാത്മകമായ പങ്കുവഹിക്കുകയും ചെയ്യേണ്ടവരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആരാണ് കൂടുതൽ മോശം എന്ന മത്സരമാണ് തൃണമൂൽ നേതാക്കൾ നടത്തുന്നതെന്ന് ബംഗാളിലെ ബിജെപി നേതാവ് ബാരി ഒ'ബ്രിയാൻ പറഞ്ഞു. "അവരെല്ലാവരും ഒരേ ഈണത്തിലാണ് സംസാരിക്കുന്നത്. ഇത് ഞെട്ടിക്കുന്നതാണ്. ഇതിലും മോശമാകാൻ കഴിയില്ലെന്നു നാം വിചാരിക്കുമ്പോൾ അടുത്തതു വന്നുകഴിയും. ഇത്തരം ഭാഷയോട് ബംഗാളിന് സഹിഷ്ണുത കാട്ടാനാവില്ല. നികുതിദായകന്റെ പണം കൊണ്ട് തപസ് പാലിനെ സംരക്ഷിക്കുന്ന ഒരു ഭരണകൂടത്തിൽ നിന്ന് മറ്റെന്തു പ്രതീക്ഷിക്കാനാണ്? ഇത് അവരുടെ പാർട്ടിയുടെ സംസ്കാരമാണ്. ലളിതമായി പറഞ്ഞാൽ, അവർ അവരുടെ നേതാവിനെ പിന്തുടരുകയാണ്." അദ്ദേഹം തുടർന്നു.

ബംഗാൾ മുഖ്യമന്ത്രി തന്നെ ഒരു സ്ത്രീയായിരുന്നിട്ടും തൃണമൂൽ പുരുഷന്മാരിൽ നിന്നും നിരന്തരം ഇത്തരം അപകീർത്തികരമായ ആക്ഷേപങ്ങൾ ഉണ്ടാവുന്നത് നിർഭാഗ്യകരമാണെന്ന് മുൻ ദേശീയ വനിതാ കമ്മിഷൻ ചെയർപേഴ്സൺ മംമ്ത ശർമ്മയും പ്രതികരിച്ചു. "ഇത്തരം വിഷയങ്ങൾ മുഖ്യമന്ത്രി ഒരിക്കലും ശ്രദ്ധിച്ചിട്ടില്ല. ഈ പുരുഷന്മാരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യണം. മമത ബാനർജി ചില നടപടികൾ എടുക്കണം," അവർ പറഞ്ഞു.

ടിഎംസിയിൽ തന്നെ സംഭവിക്കുന്ന കാര്യങ്ങൾക്കൊപ്പിച്ചാണ് ഈ പ്രസ്താവനകളെന്ന് സിപിഐ(എം) നേതാവ് ഋതുബ്രത ബാനർജി പറഞ്ഞു. ഈ നേതാക്കന്മാർക്കെതിരെ എന്തെങ്കിലും നടപടി പ്രതീക്ഷിച്ചിട്ടു കാര്യമില്ല, അവർ തുടർന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP