Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ത്രിപുരയുടെ പ്രാദേശിക വികാരങ്ങൾ പൊളിച്ചെഴുതാൻ ബിജെപി സർക്കാർ; 'ദേശീയത' വാദത്തിലൂന്നി സംസ്ഥാനത്തെ വാർത്താ ഭാഷ ഹിന്ദിയാക്കാൻ നീക്കം; എതിർപ്പുമായി സിപിഎമ്മും കോൺഗ്രസും

ത്രിപുരയുടെ പ്രാദേശിക വികാരങ്ങൾ പൊളിച്ചെഴുതാൻ ബിജെപി സർക്കാർ; 'ദേശീയത' വാദത്തിലൂന്നി സംസ്ഥാനത്തെ വാർത്താ ഭാഷ ഹിന്ദിയാക്കാൻ നീക്കം; എതിർപ്പുമായി സിപിഎമ്മും കോൺഗ്രസും

അഗർത്തല: ത്രിപുരതയിൽ അധികാരം പിടിച്ചതോടെ ലെനിൻ പ്രതിമകൾ തകർത്ത ബിജെപി സർക്കാർ പുതിയ നീക്കങ്ങളുമായി രംഗത്ത്. സംസ്ഥാനത്തിന്റെ സാംസ്കാരിക വൈവിധ്യം തകർക്കുന്ന വിധത്തിലുള്ള നീക്കങ്ങളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്. ഇതിന്റെ ആദ്യപടിയെന്നോണം സംസ്ഥാനത്തെ പ്രാദേശിക ഭാഷയായ കോക്‌ബൊറോക് മാറ്റി ഹിന്ദിയെ ത്രിപുരയിലെ പ്രാദേശിക ചാനലുകളിലെ വാർത്താ ഭാഷയാക്കാനാണ് നീക്കം. ദേശീയത എന്ന ആശയത്തെ മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനവുമായി സർക്കാർ രംഗത്തുള്ളത്.

അതേസമയം ബിജെപി സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്. പ്രതിപക്ഷ പാർട്ടികളായ സിപിഎമ്മും കോൺഗ്രസും ബിജെപി സർക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ ഭാഷയിൽ രംഗത്തെത്തി. ദേശീയത പ്രോൽസാഹിപ്പിക്കുന്നതിനും സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവർക്കു വാർത്തകൾ മനസിലാക്കുന്നതിനുമാണു പുതിയ പരിഷ്‌കാരമെന്നാണു സർക്കാർ നിലപാട്. ഒട്ടേറെ പ്രാദേശിക ഭാഷകളുള്ള ത്രിപുരയിലെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയാണു കോക്‌ബൊറോക്. ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

ഹിന്ദിക്കു വേണ്ടി പ്രാദേശിക ഭാഷയെ തഴയുന്നത് ശരിയല്ലെന്ന് സിപിഎം പ്രതികരിച്ചു. ഹിന്ദിയെ മൂന്നാം ഭാഷയായി ഉപയോഗിക്കാം. പക്ഷേ പ്രാദേശിക ഭാഷകൾക്കും പ്രാധാന്യം നൽകണം. ബിജെപി സർക്കാരിന്റെ തീരുമാനത്തെ ശക്തമായി എതിർക്കുന്നു സിപിഎം നേതാവ് രാധാചരൺ ദേബ്ബർമ പ്രതികരിച്ചു. സർക്കാർ നീക്കത്തെക്കുറിച്ച് അറിയില്ലെന്ന് സഖ്യകക്ഷിയായ ഐപിഎഫ്ടി (ഇൻഡിജീനസ് പീപ്പിൾ ഫ്രണ്ട് ഓഫ് ത്രിപുര) വ്യക്തമാക്കി.

സർക്കാർ നീക്കത്തിൽ നിന്നു പിൻവലിയണമെന്നു കോൺഗ്രസും ആവശ്യപ്പെട്ടു. അതേസമയം പ്രാദേശിക ഭാഷയായ കോക്‌ബൊറോക്കിലുള്ള വാർത്തകൾ ഇനിയും തുടരുമെന്നു ത്രിപുര സാംസ്‌കാരിക മന്ത്രാലയ ഡയറക്ടർ ബിഷ്ണു ദാസ് ഗുപ്ത പ്രതികരിച്ചു. മന്ത്രാലയത്തിന്റെ പട്ടികയിൽ പേരു ചേർത്തിട്ടുള്ള 13 പ്രാദേശിക വാർത്താ ചാനലുകളിൽ അഞ്ചിൽ കുറയാത്ത ചാനലുകളിൽ കോക്‌ബൊറോക് വാർത്തകളും ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബിജെപി വക്താവോ എസ്ടി മോർച്ച നേതാക്കളോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP