Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്ത് സർവ്വീസ് നടത്തുന്നത് 36 ലക്ഷം ട്രക്കുകൾ: ഏറ്റവും കുടുതൽ കൈമടക്ക് വാങ്ങുന്നത് ഗുവാഹത്തിയിൽ കുറവ് വിജയവാഡയിലും; ട്രക്ക്-ലോറി ഉടമകളും ഡ്രൈവർമാരും ഒരുകൊല്ലം നൽകുന്ന കൈക്കൂലി ശരാശരി 48,000 കോടിരൂപ; ട്രക്കുകൾ വരുത്തിവെക്കുന്ന അപകടങ്ങൾക്ക് മുഖ്യ കാരണം ഡ്രൈവർമാരുടെ അമിതജോലിയും ഉറക്കമില്ലായ്മയും; സേവ് ലൈഫ് ഫൗണ്ടേഷന്റെ പഠന റിപ്പോർട്ട് പുറത്ത്

രാജ്യത്ത് സർവ്വീസ് നടത്തുന്നത് 36 ലക്ഷം ട്രക്കുകൾ: ഏറ്റവും കുടുതൽ കൈമടക്ക് വാങ്ങുന്നത് ഗുവാഹത്തിയിൽ കുറവ് വിജയവാഡയിലും; ട്രക്ക്-ലോറി ഉടമകളും ഡ്രൈവർമാരും ഒരുകൊല്ലം നൽകുന്ന കൈക്കൂലി ശരാശരി 48,000 കോടിരൂപ; ട്രക്കുകൾ വരുത്തിവെക്കുന്ന അപകടങ്ങൾക്ക് മുഖ്യ കാരണം ഡ്രൈവർമാരുടെ അമിതജോലിയും ഉറക്കമില്ലായ്മയും; സേവ് ലൈഫ് ഫൗണ്ടേഷന്റെ പഠന റിപ്പോർട്ട് പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് ട്രക്ക്-ലോറി ഉടമകളും ഡ്രൈവർമാരും ഒരുകൊല്ലം നൽകുന്ന കൈക്കൂലി ശരാശരി 48,000 കോടിരൂപ. പൊലീസ്, ആർ.ടി.ഒ., ചെക്പോസ്റ്റ്, നികുതിയുദ്യോഗസ്ഥർ, വഴിയിലുള്ള ഗുണ്ടാപിരിവുകാർ എന്നിവർക്കെല്ലാംകൂടി നൽകേണ്ടിവരുന്നതാണ് ഈ പണം. റോഡുസുരക്ഷിതത്വ മേഖലയിൽ പ്രവർത്തിക്കുന്ന സേവ് ലൈഫ് ഫൗണ്ടേഷനും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ട്രക്കുഡ്രൈവർമാരുടെ അവസ്ഥയെക്കുറിച്ചു നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത്.

ട്രക്ക് ഡ്രൈവർമാർ നൽകുന്ന കൈക്കൂലി സംബന്ധിച്ച് ഒടുവിൽ പഠനം നടന്നത് 2006-07 ലാണ്. അന്ന് 22,048 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. ഒരു ഡ്രൈവർ ഏറ്റവുമൊടുവിലത്തെ ട്രിപ്പിൽ നൽകുന്ന കൈക്കൂലിയുടെ ശരാശരി അടിസ്ഥാനമാക്കിയാണ് ദേശീയതലത്തിലുള്ള തുക കണക്കാക്കിയത്. കിലോമീറ്റർ അടിസ്ഥാനത്തിൽ നോക്കുമ്പോൾ 53 പൈസയാണ് ഒരു ട്രക്കിന് കൈക്കൂലി കൊടുക്കേണ്ടി വരുന്നത്. 2006-ൽ ഇത് 70 പൈസയായിരുന്നു. ദിവസം ശരാശരി 417 കിലോമീറ്റർ ഓടുന്നുണ്ട്. ആ നിലയ്ക്ക് ഒരു ട്രക്ക് ഡ്രൈവർ/ഉടമ ദിവസം 222 രൂപയാണ് കൈക്കൂലി കൊടുക്കുന്നത് (2006-ൽ ഇത് 235 രൂപ).

ഒരുവർഷം ഒരു ട്രക്കിന്റെ കൈക്കൂലി 79,920 രൂപ. 36 ലക്ഷം ട്രക്കുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. മൂന്നിൽ രണ്ടു ഡ്രൈവർമാരും ഹൈവേ പൊലീസിനു കൈക്കൂലി നൽകുന്നുണ്ട്. ട്രാഫിക് പൊലീസിനുള്ള കൈമടക്ക് 849 രൂപയാണ്. ഗുവാഹാട്ടിയിലാണ് ഇത് ഏറ്റവും കൂടുതൽ 1217 രൂപ. കുറവ് വിജയവാഡയിലും 122 രൂപ. ആർ.ടി.ഒ. ഉദ്യോഗസ്ഥർക്ക് നൽകേണ്ടിവരുന്ന ശരാശരി കൈക്കൂലി 1,172 രൂപയാണ്. വിവിധ നഗരമേഖലകളിൽ 571 മുതൽ 2,386 രൂപവരെയാണ് ഈയിനത്തിൽ വേണ്ടിവരുന്ന കൈക്കൂലി പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കൂടാതെ, ഡ്രൈവർമാരുടെ അമിതജോലിയും ഉറക്കമില്ലായ്മയുമാണ് ട്രക്കുകൾ വരുത്തിവെക്കുന്ന അപകടങ്ങൾക്കു മുഖ്യകാരണമെന്ന് റിപ്പോർട്ട് പറയുന്നു. ഉറക്കം വന്നാലും ക്ഷീണം തോന്നിയാലും വാഹനം ഓടിക്കാൻ നിർബന്ധിതരാകുന്നെന്നാണ് സർവേയിൽ പങ്കെടുത്ത പകുതിപ്പേരും വ്യക്തമാക്കിയത്. തുടർച്ചയായി ശരാശരി 12 മണിക്കൂർ വാഹനമോടിക്കേണ്ടിവരുന്നു. അഞ്ചിലൊരാളെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്യുന്നു. പത്തിൽ ഒൻപതു ഡ്രൈവർമാർക്കും വലിയ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് കിട്ടുംമുമ്പ് പത്യേകപരിശീലനം ലഭിച്ചിട്ടില്ല.

1217 ട്രക്ക് ഡ്രൈവർമാരെയും 101 ഉടമകളെയും സാമ്പിളുകളായി എടുത്ത് ഡൽഹി-എൻ.സി.ആർ, ഗ്രേറ്റർ മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരൂ, ജയ്പുർ, അഹമ്മദാബാദ്, ഗുവാഹാട്ടി, വിജയവാഡ എന്നീ പത്തു പ്രധാന നഗരമേഖലകൾ കേന്ദ്രീകരിച്ചാണു പഠനം നടത്തിയത്. 2018-ൽ നടന്ന ആകെ റോഡപകടങ്ങളിൽ 12 ശതമാനത്തിനു കാരണമായത് ട്രക്കുകളിലെ അമിതഭാരമാണ്. അപകടത്തിൽ മരിച്ച ഒന്നരലക്ഷം ആളുകളിൽ 15,000 പേർ ട്രക്ക് ഡ്രൈവർമാരാണ്. ട്രക്കുകളും ലോറികളും ഉൾപ്പെട്ടതാണ് 57,000 അപകടങ്ങൾ. ഒരുവർഷം ശരാശരി 15,000 ട്രക്ക് ഡ്രൈവർമാർ മരിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് സേവ് ലൈഫ് ഫൗണ്ടേഷൻ സിഇഒ. പിയൂഷ് തിവാരി ചൂണ്ടിക്കാട്ടി.

പഠന റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ജോലിഭാരം കൂടുതലെന്ന് മൂന്നിൽ രണ്ടു ഡ്രൈവർമാരും പറഞ്ഞു (67.1 ശതമാനം). ജോലിഭാരംകാരണം സമയത്തിനു ചരക്കെത്തിക്കാൻ അതിവേഗത്തിൽ ഓടിക്കേണ്ടിവരുന്നു. 53 ശതമാനം ഡ്രൈവർമാരും ആ ജോലിയിൽ തൃപ്തരല്ല. 10,000 മുതൽ 20,000 വരെ രൂപയാണു മാസശമ്പളം. 93 ശതമാനത്തിനും ശമ്പളമല്ലാതെ പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റ്‌വിറ്റി, പെൻഷൻ, ആരോഗ്യപരിരക്ഷ, ഇൻഷുറൻസ് എന്നിവയില്ല. 62 ശതമാനത്തിനും റോഡിൽ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ല. 22 ശതമാനം പേർ ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്ന് ഉപയോഗിക്കുന്നു. മയക്കുമരുന്നുകളുടെ ലഭ്യതക്കൂടുതൽ മഹാരാഷ്ട്രയിൽ. കേരളം, ഒഡിഷ, ബംഗാൾ, ആന്ധ്രപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ താരതമ്യേന കുറവാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP