Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതിർത്തിയിൽ പാക് ആക്രമണം തുടരുന്നു; ഒരു സ്ത്രീയടക്കം മൂന്ന് പേർ മരിച്ചു; ശക്തമായി തിരിച്ചടിച്ച് അതിർത്തി രക്ഷാ സേനയും; പാക്കിസ്ഥാൻ നല്ല ബന്ധം ആഗ്രഹിക്കുന്നില്ലെന്ന് രാജ്‌നാഥ് സിങ്

അതിർത്തിയിൽ പാക് ആക്രമണം തുടരുന്നു; ഒരു സ്ത്രീയടക്കം മൂന്ന് പേർ മരിച്ചു; ശക്തമായി തിരിച്ചടിച്ച് അതിർത്തി രക്ഷാ സേനയും; പാക്കിസ്ഥാൻ നല്ല ബന്ധം ആഗ്രഹിക്കുന്നില്ലെന്ന് രാജ്‌നാഥ് സിങ്

ശ്രീനഗർ: വെടിനിർത്തൽ ലംഘിച്ച് അതിർത്തിയിൽ പാക്കിസ്ഥാൻ ആക്രമണം തുടരുന്നു. മൂന്ന് പേരാണ് പാക് ആക്രമണത്തിൽ മരിച്ചത്. രണ്ട് സൈനികരും ഒരു സ്ത്രീയുമാണ് മരിച്ചത്. ഇന്ത്യൻ അതിർത്തി രക്ഷാ സേനയും തിരിച്ചടി നൽകുന്നുണ്ട്.

കത്തുവ, സാംബ ജില്ലകളിലെ 13 ഔട്ട്‌പോസ്റ്റുകൾക്ക് നേരെനടത്തിയ ആക്രമണം രൂക്ഷമാകുകയാണ്. ഈ മേഖലയിൽ ഇതുവരെ 1000ലേറെ പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി 9.30 ഓടെ രാംഗഡിൽ പാക്കിസ്ഥാൻ പ്രകോപനമില്ലാതെ വെടിവെക്കുകയായിരുന്നു. മോർട്ടാർ ഷെല്ലുകളുപയോഗിച്ചും മറ്റും കനത്ത വെടിവെപ്പായിരുന്നു നടന്നത്. ഇതിനിടെയാണ് ഒരു സ്ത്രീ മരിച്ചത്. എട്ട് പേർക്ക് പരിക്കേറ്റു.

ഇന്ത്യൻ സേന തിരിച്ചടിച്ചതോടെ ഇരുഭാഗവും തമ്മിൽ ശക്തമായ വെടിവെപ്പുണ്ടായി. രാംഗഡ്, ഹിരാനഗർ, സാംബ സെക്ടറുകളിലാണ് ഏറ്റുമുട്ടലുണ്ടായത്. ജമ്മു കശ്മീരിലെ സാംബയിൽ ശനിയാഴ്ച പുലർച്ചെ മുന്നു മണിവരെ വെടിവെപ്പ് നടന്നു. രാവിലെ ഏഴുമണിക്കും വെടിവെപ്പ് നടത്തി. കുത്തുവയിലെ നൗചക്ഗ്രാമത്തിലെ നാലുപേർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടുപേർ സ്ത്രീകളാണ്. സാംബയിലെ ബൈംഗല്ലുരിൽ രണ്ടുപേർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ടും പാക് വെടിവയ്‌പ്പ് തുടർന്നു. ഇതിലാണ് രണ്ട് സൈനികർ മരിച്ചത്.

പുതുവത്സരരാവുമുതലാണ് പാക്കിസ്ഥാൻ വെടിവെപ്പ് ശക്തമാക്കിയത്. ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിൽ ഒരു ബി.എസ്.എഫുകാരൻ കൊല്ലപ്പെടുകയും മറ്റൊരു സൈനികന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചതിൽ നാലു പാക്കിസ്ഥാൻ സൈനികരും കൊല്ലപ്പെട്ടു. അതിനിടെ ഉചിതമായി തിരിച്ചടിക്കാൻ ബിഎസ്എഫിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് നിർദ്ദേശം നൽകി. കഴിഞ്ഞ 48 മണിക്കൂറിൽ ഇത് മൂന്നാംതവണയാണ് അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.

പാക്കിസ്ഥാനുമായി നല്ല ബന്ധം പുലർത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തുടരെത്തുടരെ പാക്കിസ്ഥാൻ നടത്തുന്ന വെടിനിർത്തൽ ലംഘനം അതിന് അനുയോജ്യമായ സാഹചര്യമല്ല ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ നമ്മുടെ അയൽരാജ്യമാണ്. നമ്മുടെ അയൽപക്കക്കാരുമായി നല്ല ബന്ധം സ്ഥാപിക്കേണ്ടതുണ്ട്. വെടിനിർത്തൽ ലംഘനം തുടരാതിരിക്കാൻ പാക്കിസ്ഥാൻ കർശന നടപടിയെടുക്കണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

അതിനിടെ അതിർത്തിയിലെ ആക്രമണത്തിനെതിരെ പാക്കിസ്ഥാൻ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. പാക്കിസ്ഥാന്റെ പ്രതിഛായ തകർക്കാൻ ഇന്ത്യ ശ്രമിക്കുകയാണെന്നാണ് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയം ആരോപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP