Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അസംഘടിത തൊഴിലാളികൾക്കും ഓട്ടോ ഡ്രൈവർമാർക്കും ഇഎസ്‌ഐ ഏർപ്പെടുത്തിയാൽ പാവങ്ങളുടെ പാതി പ്രശ്‌നം തീരും; ചരിത്രം തിരുത്താൻ തീരുമാനം ഉണ്ടെന്ന് സൂചന നൽകി കേന്ദ്രം

അസംഘടിത തൊഴിലാളികൾക്കും ഓട്ടോ ഡ്രൈവർമാർക്കും ഇഎസ്‌ഐ ഏർപ്പെടുത്തിയാൽ പാവങ്ങളുടെ പാതി പ്രശ്‌നം തീരും; ചരിത്രം തിരുത്താൻ തീരുമാനം ഉണ്ടെന്ന് സൂചന നൽകി കേന്ദ്രം

ന്യൂഡൽഹി: ആരോഗ്യ സേവനത്തിൽ അസംഘടിത തൊഴിലാളികൾക്ക് കൈത്താങ്ങുമായി കേന്ദ്ര സർക്കാർ എത്തുമെന്നത് പ്രതീക്ഷയോടെയാണ് രാജ്യം ഏറ്റുവാങ്ങിയത്. അസംഘടിത മേഖലയെ ഇഎസ്‌ഐയുടെ പരിധിയിൽ കൊണ്ടുവരാൻ നിയമഭേദഗതിയാണ് മോദി സർക്കാർ പരിഗണിക്കുന്നതെന്നാണ് സൂചന.

ഓട്ടോറിക്ഷ ഡ്രൈവർമാർ, അങ്കണവാടി ജീവനക്കാർ, ആശ ആരോഗ്യ പദ്ധതി പ്രവർത്തകർ, സൈക്കിൾ റിക്ഷ തൊഴിലാളികൾ, വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതി തൊഴിലാളികൾ, നിർമ്മാണ കമ്പനി തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളെ ഇഎസ്‌ഐ സേവന പരിധിയിൽ ഉൾപ്പെടുത്താൻ ഇഎസ്‌ഐ കോർപറേഷൻ ഈ മാസം ആദ്യം തീരുമാനിച്ചിരുന്നു. സാമൂഹികമായി വലിയ വിപ്ലവം തന്നെ ഈ തീരുമാനം സൃഷ്ടിക്കും. കേരളത്തിലെ ഒരു ലക്ഷത്തോളം വരുന്ന ഓട്ടോ ഡ്രൈവർമാർക്കും മുപ്പതിനായിരത്തോളം വരുന്ന അങ്കണവാടി, ആശ, നിർമ്മാണ തൊഴിലാളികൾക്കും തീരുമാനം പ്രയോജനകരമാകും. എന്നാൽ ഏറെ നിയമപ്രശ്‌നങ്ങൾ ഇതിനുണ്ട്. അതുകൂടി പരിഹരിക്കുന്നതോടെ മോദി സർക്കാരിന്റെ വിപ്ലവകരമായ പരിഷ്‌കാരമായി അത് മാറും.

ഒരു കെട്ടിടത്തിനുള്ളിൽ പണിയെടുക്കുന്ന പത്ത് തൊഴിലാളികളെങ്കിലുമുള്ള സ്ഥാപനങ്ങളാണ് ഇഎസ്‌ഐയിൽ ചേർക്കാൻ വ്യവസ്ഥയുള്ളത്. 15000 രൂപവരെ വേതനം കിട്ടുന്നവർക്ക് വരെ മാത്രമേ അർഹതയുള്ളൂ. ഇതു രണ്ടും പരിഷ്‌കരിക്കും. പത്ത് തൊഴിലാളികൾ എന്നത് അഞ്ചാക്കി ചുരുക്കും. ശമ്പളത്തിന്റെ പരിധിയും കൂടും. ഇതോടെ രാജ്യത്തെ എല്ലാ തൊഴിലാളികളും ഇഎസ്‌ഐയുടെ പരിധിയിലെത്തും. അംഘടിത മേഖലയിലുള്ളവർക്കും ആരോഗ്യപരമായ കാരണങ്ങളാൽ തൊഴിൽ നഷ്ടമുണ്ടാകുമ്പോൾ ഇഎസ്‌ഐ കോർപ്പറേഷൻ നഷ്ടപരിഹാരം നൽകും. തൊഴിലാളി, അച്ഛൻ, അമ്മ, പ്രായപൂർത്തിയായെങ്കിലും ആശ്രിതയായ പെൺമക്കൾ, 18 വയസ്സിൽ താഴെയുള്ള ആൺമക്കൾ എന്നിവർക്ക് വൈദ്യസഹായം നൽകുന്നതാണ് ഇഎസ്‌ഐ പദ്ധതി. ഒരുവർഷം 10 ലക്ഷംരൂപവരെയുള്ള ചികിത്സ സൗജന്യമായി ലഭിക്കും. തൊഴിലാളിക്ക് അപകടം പറ്റിയാൽ ചികിത്സ പൂർത്തിയാകുംവരെ വൈദ്യസഹായവും ശരാശരി വേതനവും ഉറപ്പാവുകയും ചെയ്യും. പത്ത് ലക്ഷം രൂപയെന്ന പരിധിയും എടുത്തുകളയുമെന്നാണ് സൂചന.

അപകടമരണം, പൂർണ വൈകല്യം, ഭാഗിക വൈകല്യം എന്നിവയ്ക്ക് വെവ്വേറെ ആനുകൂല്യങ്ങളുമുണ്ട്. അതുകൊണ്ട് കൂടിയാണ് മോദി സർക്കാരിന്റെ നീക്കത്തിന് വ്യാപക കൈയടി കിട്ടുന്നത്. കേരളത്തിലെ 14 ജില്ലകളിലെ മുഴുവൻ സ്ഥലങ്ങളും ഇ.എസ്.ഐക്ക് കീഴിൽ വരും. സംസ്ഥാനത്ത് 138 ഡിസ്‌പെൻസറികളും 11 ആശുപത്രികളുമാണ് ഇ.എസ്.ഐക്കുള്ളത്. ഈ ഡിസ്‌പെൻസറികളെല്ലാം ആറു കിടക്കകളുള്ള, 24 മണിക്കൂറും പ്രവർത്തിക്കുന്ന ചെറു ആശുപത്രികളാക്കും. കേരളത്തിൽ ഏഴരലക്ഷം തൊഴിലാളികളും അവരുടെ ആശ്രിതർക്കുമാണ് ഇ.എസ്.ഐ ആനുകൂല്യം ലഭിക്കുന്നത്്. പുതിയ നിയമമാറ്റത്തോടെ ഇത് ഇരട്ടിയാകും.

അസംഘടിത മേഖലയിലെ തൊഴിലാളികളെ കൂടി ഉൾപ്പെടുത്തിയുള്ള ഇഎസ്‌ഐ പ്രത്യേക പാക്കേജ് തയാറാക്കുന്നതിനു സമിതിയെ നിയോഗിച്ചിട്ടുണ്ട്. പുതിയ ശുപാർശകൾ ഈ സമിതി കേന്ദ്രത്തിന് സമർപ്പിക്കും. അതിന് ശേഷമാകും നിയമനിർമ്മാണം നടത്തുക.നിലവിൽ ഇഎസ്‌ഐ പദ്ധതിയിലുള്ള അംഗങ്ങളിൽ നിന്ന് ശമ്പളത്തിന്റെ 1.75 ശതമാനവും തൊഴിലുടമയിൽ നിന്ന് 4.75 ശതമാനവുമടക്കം ആകെ ശമ്പളത്തിന്റെ 6.5% തുകയാണു വിഹിതമായി കോർപറേഷനിലേക്ക് അടയ്ക്കുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വിഹിതമുൾപ്പെടെ സമിതി തീരുമാനിക്കും. ഇഎസ്‌ഐ പദ്ധതിയിൽ രാജ്യത്താകെ രണ്ടു കോടി അംഗങ്ങളടക്കം എട്ടു കോടിയോളം ഗുണഭോക്താക്കളാണുള്ളത്. പദ്ധതി വിപുലീകരിക്കുന്നതോടെ അംഗങ്ങളുടെയും ഗുണഭോക്താക്കളുടെയും എണ്ണം ഇരട്ടിയിലധികമാകുമെന്നാണു കണക്ക്.

ഇഎസ്‌ഐ സേവനം കാര്യക്ഷമമാക്കാനായി ഇഎസ്‌ഐ കോർപറേഷനു കീഴിൽ സംസ്ഥാന കോർപറേഷനുകൾ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഇഎസ്‌ഐ കോർപറേഷൻ സംസ്ഥാന തൊഴിൽ വകുപ്പിനു കീഴിലുള്ള ഇൻഷുറൻസ് മെഡിക്കൽ സർവീസ് ഡയറക്ടർ (ഡിഐഎംസി) മുഖേനയാണ് സംസ്ഥാന തലത്തിൽ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സർക്കാരുകളിൽ നിന്നു ചെലവിന്റെ എട്ടിലൊന്നു വിഹിതവും പദ്ധതിക്കു ലഭിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ ഖജനാവിലേക്ക് അടയ്ക്കുന്ന ഇഎസ്‌ഐ കോർപറേഷൻ വിഹിതം സംസ്ഥാനത്തെ പദ്ധതികൾ നടപ്പാക്കാൻ യഥാസമയം ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രത്യേക കോർപറേഷൻ രൂപീകരിക്കാനുള്ള തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP