Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'പ്രകൃതിയുടെ ഗതിയെ തടഞ്ഞുനിർത്താനാകില്ല'; മാദ്ധ്യമപ്രവർത്തകനെ ചുട്ടുകൊന്ന കേസിൽ വിവാദ പ്രസ്താവനയുമായി യുപി മന്ത്രി

'പ്രകൃതിയുടെ ഗതിയെ തടഞ്ഞുനിർത്താനാകില്ല'; മാദ്ധ്യമപ്രവർത്തകനെ ചുട്ടുകൊന്ന കേസിൽ വിവാദ പ്രസ്താവനയുമായി യുപി മന്ത്രി

ലക്‌നോ: മാദ്ധ്യമപ്രവർത്തകനെ ചുട്ടുകൊന്ന കേസിൽ വിവാദ പ്രസ്താവനയുമായി ഉത്തർ പ്രദേശ് മന്ത്രി രംഗത്ത്. പ്രകൃതിയുടെ ഗതിയെ തടഞ്ഞുനിർത്താൻ കഴിയില്ലെന്നാണ് ഹോർട്ടികൾച്ചർ മന്ത്രി പരസ്‌നാഥ് യാദവ് പറഞ്ഞത്.

നവമാദ്ധ്യമപ്രവർത്തകനായ ജഗേന്ദ്ര സിങ്ങിനു നേർക്ക് ജൂൺ ഒന്നിനാണ് ആക്രമണം ഉണ്ടായത്. യുപി സർക്കാറിനെതിരെ അഴിമതിയാരോപണങ്ങൾ സോഷ്യൽ മീഡിയ വഴി ഉയർത്തിക്കൊണ്ടുവന്ന മാദ്ധ്യമപ്രവർത്തകനാണ് ജഗേന്ദ്ര സിങ്. ഗുരുതരമായി പൊള്ളലേറ്റ ജഗേന്ദ്ര സിങ് ഒരാഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം ജൂൺ എട്ടിനു മരിച്ചു.

ഈ സംഭവവുമായി ബന്ധപ്പെട്ടാണ് മന്ത്രി വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. പ്രകൃതിയുടെയും വിധിയുടെയും ഗതിയനുസരിച്ച് സംഭവിക്കുന്ന കുറെ കാര്യങ്ങളുണ്ട്. അത് തടയാനാകില്ല- പരസ്‌നാഥ് യാദവ് അലഹബാദിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. മാദ്ധ്യമപ്രവർത്തകന്റെ മരണം സംബന്ധിച്ച് ആരോപണം നേരിടുന്ന മന്ത്രി രാം മൂർത്തി സിങ്ങിന് ക്‌ളീൻ ചിറ്റ് നൽകാനും പരസ് യാദവ് ശ്രമിച്ചു.

വെറും ആരോപണങ്ങൾ മാത്രമാണ് മരണം സംബന്ധിച്ച് പരക്കുന്നത്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളെ കുറ്റവാളിയാക്കാൻ സാധിക്കില്ല. ജഗേന്ദ്ര സിങ്ങിന്റെ മരണമൊഴി കോടതിയിൽ തെളിയേണ്ടതുണ്ട്. അതിന് മുമ്പ് കാര്യമറിയാതെ വിമർശനം നടത്തരുത്. സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്ത അഞ്ച് പൊലീസുകാരെ നിരപരാധികളെന്ന് കണ്ടെത്തിയാൽ തൽസ്ഥാനത്ത് വീണ്ടും നിയമിക്കുമെന്നും പരസ്‌നാഥ് പറഞ്ഞു.

ഒരു പൊലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ മറ്റു പൊലീസുകാരും ഗുണ്ടകളും ചേർന്നാണ് ജഗേന്ദ്ര സിങ്ങിനെ ആക്രമിച്ചത്. രാത്രി വീട്ടിൽ കയറിയാണ് ആക്രമണം നടത്തിയത്. കേസിൽ എഫ്.ഐ.ആറിൽ ഉൾപ്പെട്ടതോടെ മന്ത്രി രാം മൂർത്തി വർമ ഒളിവിലാണ്. അതിനിടെ ശനിയാഴ്ച ജഗേന്ദ്ര സിങ്ങിന്റെ മരണമൊഴി പുറത്തുവരികയും ചെയ്തു. മന്ത്രിക്ക് തന്നോട് വൈരാഗ്യമുണ്ടെങ്കിൽ അടിക്കുകയോ മർദ്ദിക്കുകയോ ചെയ്യാമായിരുന്നെന്നും എന്തിനാണ് എന്നെ ചുട്ടുകൊന്നതെന്നും മരണമൊഴിയിൽ ജഗേന്ദ്ര സിങ് ചോദിക്കുന്നുണ്ട്.

ജഗേന്ദ്ര സിങ്ങിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം പ്രതിഷേധിക്കുന്നുണ്ട്. മന്ത്രി അയച്ച സംഘം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്ന് ജഗേന്ദ്ര സിങ്ങിന്റെ മകൻ ആരോപിച്ചു. കേസ് പിൻവലിക്കാൻ മന്ത്രിയുമായി അടുത്ത ബന്ധമുള്ളവർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും മകൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP