പീഡനശ്രമം ചെറുത്ത യുവതിയെ മർദ്ദിച്ച് നഗ്നയാക്കി തെരുവിലൂടെ ഓടിച്ചു; കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത് യുപിയിൽ; അക്രമിക്കപ്പെട്ടത് നെയ്ത്തു തൊഴിൽ ചെയ്യുന്ന വിഭാഗത്തിൽപ്പെട്ട യുവതി; ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരണവും; നാലുപേർക്കെതിരെ കേസെടുത്ത പൊലീസ് പിടികൂടിയത് ഒരാളെ
December 30, 2018 | 07:24 PM IST | Permalink

മറുനാടൻ ഡെസ്‌ക്
ബധോഹി: വീണ്ടും ഉത്തർപ്രദേശിൽ കണ്ണില്ലാത്ത ക്രൂരത. ബധിരയും മൂകയുമായ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചെന്ന വാർത്ത വന്ന് ദിവസങ്ങൾ കഴിയുന്നതിന് മുൻപാണ് വീണ്ടും ഒരു ക്രൂരതയുടെ വാർത്ത കൂടി യോഗി ഭരിക്കുന്ന യുപിയിൽ നിന്ന് പുറത്തുവരുന്നത്. ഉത്തർപ്രദേശിൽ ബധോഹി ജില്ലയിൽ പീഡനശ്രമം ചെറുത്ത യുവതിയെ അക്രമികൾ മർദിക്കുകയും വസ്ത്രം അഴിപ്പിച്ച ശേഷം നഗ്‌നയായി ഓടിക്കുകയും ചെയ്തു. ശനിയാഴ്ച ജില്ലയിലെ ഗോപിഗഞ്ച് എന്ന പ്രദേശത്തായിരുന്നു അതിക്രൂര സംഭവം അരങ്ങേറിയത്. നെയ്ത്തു തൊഴിൽ ചെയ്യുന്ന വിഭാഗത്തിൽപ്പെട്ട യുവതിയാണ് അക്രമത്തിന് ഇരയായത്.
യുവതിയെ ലാൽ ചന്ദ്രയാദവ് എന്നയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഇത് ചെറുത്തതോടെ ഇയാൾ മടങ്ങിപ്പോയി. പിന്നീട് വൈകുന്നേരം മൂന്നു സുഹൃത്തുക്കളുമായി തിരികെ എത്തി വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ മർദിക്കുകയായിരുന്നു. ഇവർ യുവതിയുടെ വസ്ത്രം അഴിച്ചെടുത്ത ശേഷം ഗ്രാമത്തിലൂടെ നഗ്‌നയായി ഓടിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ചിലർ മൊബൈൽ ഫോണിൽ പകർത്തുകയും പിന്നീട് ഇത് വൈറലാകുകയും ചെയ്തു.
ശാരീരികമായും മാനസികമായും തകർന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തു. ഇതിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് മൂന്നു പേർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
