Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശനിയൊഴിയാതെ വന്ദേഭാരത് എക്സ്‌പ്രസ്; മൂന്ന് തവണ കല്ലേറ് ആക്രമണം നടന്നതിന് പിന്നാലെ മോട്ടോർസൈക്കിൾ ഇടിച്ച് തെറുപ്പിച്ച് രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിൻ; അല്പ നേരം യാത്ര വൈകിയെങ്കിലും ആർക്കും ആളപായം ഇല്ല; ഇടിയേറ്റ് ബൈക്ക് പൂർണമായി തകർന്നു

ശനിയൊഴിയാതെ വന്ദേഭാരത് എക്സ്‌പ്രസ്; മൂന്ന് തവണ കല്ലേറ് ആക്രമണം നടന്നതിന് പിന്നാലെ മോട്ടോർസൈക്കിൾ ഇടിച്ച് തെറുപ്പിച്ച് രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിൻ; അല്പ നേരം യാത്ര വൈകിയെങ്കിലും ആർക്കും ആളപായം ഇല്ല; ഇടിയേറ്റ് ബൈക്ക് പൂർണമായി തകർന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്സ്‌പ്രസിന് ശനി ഒഴിയുന്നില്ല. ബുധനാഴ്ച രാവിലെ ട്രെയിനിനു നേരെ കല്ലേറുണ്ടായതിനു പിന്നാലെ വന്ദേഭാരത് എക്സ്പ്രസ് മോട്ടോർസൈക്കിളിൽ ഇടിച്ച് യാത്ര അൽപ്പ നേരം തടസ്സപ്പെട്ടു. ഉത്തർപ്രദേശിലെ തുണ്ട്ലയ്ക്കു സമീപം വച്ചാണ് റെയിൽ പാളത്തിലുണ്ടായിരുന്ന മോട്ടോർ സൈക്കിളിൽ ഇടിച്ച് ട്രെയിനിന്റെ യാത്ര തടസ്സപ്പെട്ടത്. നേരത്തെയും പല തവണ വന്ദേഭാരത് എക്സ്‌പ്രസിന്റെ യാത്ര തടസ്സപ്പെട്ടിരുന്നു. മൂന്ന് തവണ നേരത്തെ ട്രെയിനിന് നേരെ മുൻപ് കല്ലേറുണ്ടായിരുന്നു. ആ ആക്രമണങ്ങളിൽ ട്രെയിനിന് ചെറിയ തോതിലുള്ള കേടുപാടുകൾ ഉണ്ടായിരുന്നു.

റെയിൽപാളം മുറിച്ചുകടക്കുന്നതിനിടയിൽ തീവണ്ടി പാഞ്ഞുവരുന്നത് കണ്ട മോട്ടോർ സൈക്കിൾ യാത്രികൻ വാഹനം ട്രാക്കിൽ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. പാളത്തിൽ കിടന്ന മോട്ടോർ സൈക്കിളിൽ എക്സ്പ്രസ് ഇടിച്ചാണ് ഗതാഗതം തടസ്സപ്പെട്ടത്. ഇടിയിൽ മോട്ടോർസൈക്കിൾ പൂർണമായും തകർന്നു. ട്രെയിനിന് തകരാറുകളൊന്നുമില്ല. സംഭവത്തിൽ ആർക്കും അപകടം സംഭവിച്ചിട്ടില്ലെന്നും നിശ്ചയിച്ച പ്രകാരംതന്നെ ട്രെയിൻ യാത്ര തുടരർന്നു.

ബുധനാഴ്ച പുലർച്ചെ ന്യൂഡൽഹിയിൽനിന്ന് വാരണാസിയിലേക്കുള്ള യാത്രയ്ക്കിടെ ഉത്തർപ്രദേശിലെ തുണ്ട്‌ല ജംങ്ഷന് സമീപം വെച്ച് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. കല്ലേറിൽ ട്രെയിനിലെ ഒരു ജനൽച്ചില്ല് തകർന്നു. മൂന്നാംതവണയാണ് വന്ദേഭാരത് എക്സ്‌പ്രസിന് നേരേ കല്ലേറുണ്ടായത്. നേരത്തെ പരീക്ഷണയോട്ടം നടത്തുന്നതിനിടെ 2018 ഡിസംബർ 20-നും ഫെബ്രുവരി രണ്ടിനും ട്രെയിനിന് നേരേ കല്ലേറുണ്ടായിരുന്നു.

കൂടാതെ, വന്ദേഭാരത് എക്സ്‌പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തതിന്റെ രണ്ടാംദിനം ട്രെയിൻ വഴിയിൽ കുടുങ്ങിയതും വാർത്തയായിരുന്നു. ബുധനാഴ്ച കല്ലേറുണ്ടായ തുണ്ട്‌ല ജംങ്ഷന് സമീപത്തുവെച്ചു തന്നെയാണ് അന്ന് ബ്രേക്ക് ജാമായി ട്രെയിൻ വഴിയിൽ കുടുങ്ങിയത്. ട്രാക്കിലേക്ക് കയറിയ പശുവിനെ ഇടിച്ചപ്പോൾ ട്രെയിനിന്റെ ബ്രേക്ക് ജാമാവുകയും ചക്രങ്ങൾ തെന്നിമാറുകയും ചെയ്തു. ഇതോടൊപ്പം നാലുകോച്ചുകളിലെ വൈദ്യുതി നിലച്ചത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയും ചെയ്തിരുന്നു. അന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് യാത്ര പുനരാരംഭിക്കാനായത്.

18 മാസം കൊണ്ട് പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ട്രെയിനിൽ രണ്ട് എക്‌സിക്യൂട്ടിവ് ക്ലാസ് ഉൾപ്പെടെ 16 എ.സി. കോച്ചുകളാണുള്ളത്. ഡൽഹി-വാരണാസി റൂട്ടിൽ സർവ്വീസ് നടത്തുന്ന ട്രെയിനിൽ ഒരേസമയം 1128 യാത്രക്കാർക്ക് സഞ്ചരിക്കാം. ഫെബ്രുവരി 15-നാണ് സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ്ഓഫ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP