Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാറുകൾ പറന്നു പൊങ്ങി; മരങ്ങൾ കടപുഴകി; വൈദ്യുതി ബന്ധം നിലച്ചു; ഏഴു പേരുടെ മരണം സ്ഥിരീകരിച്ചു; അനേകം പേർക്ക് പരിക്ക്; എല്ലാ ഗതാഗത മാർഗ്ഗങ്ങളും തടസ്സപ്പെട്ടു; വിമാനത്താവളം അടച്ചു പൂട്ടി; ചെന്നൈയിൽ കൊടുങ്കാറ്റും പേമാരിയും തുടരുന്നു

ചെന്നൈ: 'വർധ' ചുഴലിക്കാറ്റിൽ ചെന്നൈ നഗരം പൂർണമായി സ്തംഭിച്ചു. റോഡ്, റെയിൽ, വ്യോമ ഗതാഗതങ്ങൾ നിലച്ചു. ആരും പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പിനെ തുടർന്നു നിരത്തുകൾ ആളൊഴിഞ്ഞു. ഒരുവർഷം മുൻപു നഗരത്തെ മുക്കിയ പ്രളയത്തിന്റെ ഭീതി ജനങ്ങളെ ആശങ്കയിലാഴ്‌ത്തി. നഗരത്തിലുടനീളം രക്ഷാപ്രവർത്തകരുടെ വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. തുടക്കത്തിൽ സബേർബൻ ട്രെയിൻ സർവീസുകൾ പതിവുപോലെ ഓടിയെങ്കിലും പിന്നീട് എണ്ണം കുറച്ചു. കാറ്റു ശക്തമായതോടെ സർവീസുകൾ നിർത്തിവച്ചു. പലയിടങ്ങളിലും ട്രാക്കിൽ മരങ്ങൾ കടപുഴകി വീണു. രാവിലെ മുതൽ തന്നെ വിമാനത്താവളത്തിന്റെ പ്രവർത്തനം അവതാളത്തിലായിരുന്നു. പിന്നീട് വിമാനത്താവളം പൂർണ്ണമായും അടച്ചു.

രാജ്യാന്തര സർവീസുകൾ അടക്കം വഴിതിരിച്ചുവിടുകയും റദ്ദാക്കുകയും ചെയ്തു. കാറ്റ് അപകടകരമായ വിധം കരുത്താർജിച്ചതോടെയാണു വിമാനത്താവളം താൽക്കാലികമായി അടച്ചിടാൻ തീരുമാനിച്ചത്. റോഡ്, റെയിൽ, വ്യോമ ഗതാഗതം നിലച്ചതോടെ നഗരം ഒറ്റപ്പെട്ട അവസ്ഥയിലായി. ഏറ്റവും തിരക്കുള്ള ദിവസമാണു തിങ്കളാഴ്ചയെങ്കിലും ഇന്നലെ രാവിലെ പ്രധാന നിരത്തുകളിൽ പോലും വളരെക്കുറച്ചു വാഹനങ്ങളേ കാണാനായുള്ളൂ. ഉച്ചയായപ്പോഴേക്കും വിരലിൽ എണ്ണാവുന്നത്രയായി കുറഞ്ഞു. ഏതാനും സർക്കാർ ബസുകൾ മാത്രം ഓടി. ഭൂരിഭാഗം ഓട്ടോ, ടാക്‌സികളും സർവീസ് നടത്തിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾ അടക്കം സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നതിനാൽ എല്ലായിടത്തും ആളൊഴിഞ്ഞ പ്രതീതി.

'വർധ' ചുഴലിക്കാറ്റിൽ കടപുഴകിയത് ആയിരത്തോളം മരങ്ങളാണ്. റോഡിനു സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കുമേൽ മരങ്ങൾ വീഴുന്നതിന്റെയും കൊടുങ്കാറ്റിൽ ചില വാഹനങ്ങൾ 'പറന്നു' പോവുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.130 മുതൽ 150 കിലോമീറ്റർ വേഗതയിലാണ് 'വർധ' ചുഴലിക്കാറ്റ് ചെന്നൈയിലും പരിസര പ്രദേശങ്ങളിലും വീശിയടിച്ചത്. ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വീടുകളും സ്ഥാപനങ്ങളും തകർന്നു. വൈകിട്ടോടെ കാറ്റിന്റെ ശക്തി കുറഞ്ഞു. കനത്ത കാറ്റിലും മഴയിലും ചെന്നൈയുടെ വിവിധ ഭാഗങ്ങളിലായി മൂന്നു വയസുള്ള കുട്ടി ഉൾപ്പെടെ ഏഴുപേർ മരിച്ചു. ചെന്നൈയിലടക്കം റോഡുകളിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും വൈദ്യുതിലൈനുകൾക്കും വ്യാപകമായി നാശനഷ്ടമുണ്ടായി. അടുത്ത 12 മണിക്കൂർ വരെ പ്രദേശത്ത് ശക്തമായ മഴ തുടരും.

പാർവതി (85), കർണാ ബെഹ്‌റ (24), കാർത്തിക്ക് (മൂന്ന്), വൈകുണ്ഡനാഥൻ (42), മണി (60), രാധ (75), അമാനുള്ള (45) എന്നിവരാണ് മരിച്ചത്. കനത്ത കാറ്റിലും മഴയിലും വീടിന്റെ ചുമരും മേൽക്കൂരയും ഇടിഞ്ഞുവീണാണ് ഇവരിൽ പലരും മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഒരു ഘട്ടത്തിൽ മണിക്കൂറിൽ 130-150 കിലോ മീറ്റർ വേഗതയിൽ ആഞ്ഞടിച്ച കാറ്റിന്റെ തീവ്രത വൈകുന്നേരത്തോടെ 15-25 കിലോമീറ്ററായി കുറഞ്ഞു. ചുഴലിക്കാറ്റ് ചെന്നൈ നഗരം കടന്നുപോയെങ്കിലും കാറ്റും മഴയും വീണ്ടും ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. വർധയുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ ഇപ്പോഴും മഴ തുടരുകയാണ്.

വർധ ചുഴലിക്കാറ്റ് ചെന്നൈ കടന്നെങ്കിലും കാറ്റും മഴയും വീണ്ടും ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നിലവിലുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത മൂന്നു മണിക്കൂറിൽ കാറ്റിന്റെ വേഗത 60-70 കിലോമീറ്ററായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ കാറ്റും മഴയും എപ്പോൾ വേണമെങ്കിലും ശക്തിപ്പെടാം. നാളെ വൈകിട്ട് വരെ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാട്ടിലും ആന്ധ്രയിലും ദുരന്തനിവാരണ സേന രംഗത്തുണ്ട്. കര-വ്യോമ-നാവിക സേനകളും സംസ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് തമിഴ്‌നാട് മുഖ്യമന്ത്രി പനീർശെൽവത്തെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ ചർച്ച ചെയ്തു.ചുഴലിക്കാറ്റിനെ തുടർന്ന് അടച്ച ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കാനിടയില്ല. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രമേ വിമാനത്താവളം പ്രവർത്തിക്കാൻ സാധ്യതയുള്ളൂ. ചെന്നൈയിൽ നിന്നുള്ള ട്രെയിൻ ഗതാഗതവും താറുമാറായ അവസ്ഥയിലാണ്. ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് ഉള്ളത് ഉൾപ്പെടെ നിരവധി ട്രെയിനുകൾ ഭാഗികമായോ പൂർണമായോ റദ്ദാക്കിയിട്ടുണ്ട്.

നേരത്തെ, ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട വർധ ചുഴിക്കാറ്റ് മണിക്കൂറിൽ നൂറ്റിമുപ്പതുമുതൽ നൂറ്റിയൻപത് കിലോമീറ്റർ വരെ വേഗത്തിലാണ് കരയിലെത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ കരയിലെത്തിയ കാറ്റ് രണ്ടു മണിക്കൂറോളം അതിശക്തമായി തുടർന്നു. മുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അടിയന്തരമായി യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. ചെന്നൈ മുതൽ ആന്ധ്രയിലെ നെല്ലൂർവരെയുള്ള പ്രദേശത്തുകൂടിയാണ് ചുഴലിക്കാറ്റ് കടന്നുപോകുന്നത്. സമീപ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. തമിഴ്‌നാട്, ആന്ധ്ര, പുതുച്ചേരി തീരങ്ങൾ അതീവജാഗ്രതയിലാണ്.

ആന്ധ്രയുടെ തീരപ്രദേശങ്ങളിൽ കഴിയുന്ന 9,400ൽ അധികം പേരെ മാറ്റിപ്പാർപ്പിച്ചു. വിവിധയിടങ്ങളിലായി 266 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ഇതിൽ 95 എണ്ണം പ്രവർത്തനം ആരംഭിച്ചു. ഇതുവരെ ഏതാണ്ട് 8000 ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 10,754 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തിട്ടുണ്ടെന്നുമാണ് വിവരം. കപ്പലുകളടക്കമുള്ള രക്ഷാസംവിധാനങ്ങൾ തയാറാക്കിയിട്ടുണ്ട്.

ദേശീയ ദുരന്തനിവാരണസേനയുടെ 19 സംഘങ്ങളെ തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലുമായി വിന്യസിച്ചിട്ടുണ്ട്. ആവശ്യമായ അളവിൽ ഭക്ഷണസാധനങ്ങളും അവശ്യവസ്തുക്കളും ശേഖരിച്ചിട്ടുണ്ടെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു വ്യക്തമാക്കി. അടുത്ത 36 മണിക്കൂറുകൾ കടലിലേക്ക് പോകരുതെന്ന് മൽസ്യത്തൊഴിലാളികൾക്ക് നിർദ്ദേശം നൽകി. ചെന്നൈയുൾപ്പെടെ മൂന്നു വടക്കൻ ജില്ലകളിലെ സ്‌കൂളുകൾക്കും കോളജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധിയോ, വീട്ടിൽ ഇരുന്നു തന്നെ ജോലി ചെയ്യാനുള്ള സൗകര്യമോ നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് ആയിരക്കണക്കിന് ആളുകളെ ദുരിദാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്-ആന്ധ്ര സംസ്ഥാനങ്ങളിലായി 54 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.

ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചതിനെ തുടർന്നുള്ള അടിയന്തര സാഹചര്യം നേരിടാനും രക്ഷാപ്രവർത്തനത്തിനുമായി തീരരക്ഷാസേന നാലു കപ്പലുകളും ആറു നിരീക്ഷണ യാനങ്ങളും സജ്ജമാക്കി. പുറമേ, നാലു ഡ്രോണിയർ നിരീക്ഷണ വിമാനങ്ങളും രണ്ടു ചേതക് ഹെലികോപ്റ്ററുകളും ഒരുക്കിനിർത്തിയിട്ടുണ്ട്. ആന്ധ്രയുടെ തീരത്തു രക്ഷാപ്രവർത്തനത്തിനായി തീരരക്ഷാസേനയുടെ ഒരു കപ്പൽ ഇപ്പോൾ തന്നെയുണ്ട്. സംസ്ഥാനത്തെ ദുരന്തനിവാരണ സേനയുമായി ഏകോപിപ്പിച്ചാണു തീരരക്ഷാ സേനയുടെ പ്രവർത്തനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP