Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൈദികനെ ഫാദർ എന്ന് വിളിക്കുന്നത് നിരോധിച്ച വിഎച്ച്പി സാന്താക്ലോസിനെതിരെയും രംഗത്ത്; വഴങ്ങാതെ ക്രൈസ്തവ സഭയും; വിവാദം വിദേശ മാദ്ധ്യമങ്ങളും വാർത്തയാക്കി

വൈദികനെ ഫാദർ എന്ന് വിളിക്കുന്നത് നിരോധിച്ച വിഎച്ച്പി സാന്താക്ലോസിനെതിരെയും രംഗത്ത്; വഴങ്ങാതെ ക്രൈസ്തവ സഭയും; വിവാദം വിദേശ മാദ്ധ്യമങ്ങളും വാർത്തയാക്കി

ബസ്തർ : ചത്തീസ്ഗഡിലെ ബസ്തറിൽ ക്രൈസ്തവ സഭകൾ നടത്തിവരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ സമ്മർദ്ദത്തിലാക്കി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പുതിയ ആവശ്യവുമായി രംഗത്ത്. മതപരിപാടികൾക്കായി സ്‌ക്കൂൾ ബസുകൾ ഉപയോഗിക്കരുതെന്നും ക്രിസ്തുമസിന് സാന്താക്ലോസ് കുട്ടികൾക്ക് ചോക്ലേറ്റ് നൽകരുതെന്നുമാണ് വിഎച്ച്പിയുടെ പുതിയ ഭീഷണി. എന്നാൽ ഇത് സ്‌കൂൾ അധികൃതർ അംഗീകരിച്ചില്ല.

മിഷനറി സ്‌ക്കൂളുകളിൽ 'സരസ്വതി ദേവി'യുടെ ചിത്രം വെക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടതോടെയാണ് പുതിയ ആവശ്യങ്ങളുമായി വിഎച്ച്പി രംഗത്തെത്തിയിരിക്കുന്നത്. ക്രൈസ്തവർ അല്ലാത്ത വിദ്യാർത്ഥികൾ വൈദികനായ അദ്ധ്യാപകനെ 'ഫാദർ' എന്ന് അഭിസംബോധന ചെയ്യുന്നതിനെയും വിഎച്ച്പി എതിർത്തിട്ടുണ്ട്. ്രൈകസ്തവർ അല്ലാത്ത കുട്ടികൾ പ്രിൻസിപ്പലിനെ 'പ്രചാര്യ' എന്നോ 'സർ' എന്നോ സംബോധന ചെയ്യാൻ അനുവദിക്കണം എന്നായിരുന്നു വിഎച്ച്പിയുടെ ആവശ്യം. ഈ ആവശ്യം സഭാ നേതൃത്വം അംഗീകരിച്ചിട്ടുണ്ട്. ഈ ഒത്തു തീർപ്പ് ചർച്ചയ്ക്കിടെയാണ് ക്രിസ്മസ് അപ്പൂപ്പനെ നിരോധിക്കണമെന്ന ആവശ്യം വിഎച്ച്പി മുന്നോട്ട് വച്ചത്.

കാത്തോലിക്ക സ്‌ക്കൂളുകളിൽ സരസ്വതി ദേവിയുടെ ചിത്രം വെയ്ക്കാൻ സമ്മതിച്ചുവെങ്കിലും വിഎച്ച്പി മുന്നോട്ടുവച്ച ഇത്തരം ആവശ്യങ്ങൾ നിരാകരിച്ചു. ഭരണഘടന നൽകുന്ന മതസ്വാതന്ത്രം വിഎച്ച്പിക്ക് അടിയറ വയ്ക്കില്ലെന്നും സഭ വ്യക്തമാക്കി. ക്രിസ്മസ് അപ്പൂപ്പൻ നൽകുന്ന മിഠായികളിലൂടെ ഹിന്ദു കുട്ടികളെ ക്രിസ്മസ് മതത്തിലേക്ക് മാറ്റുന്നുവെന്നാണ് വിഎച്ച്പിയുടെ ആക്ഷേപം. അതിനിടെ അന്താരാഷ്ട്ര മാദ്ധ്യമങ്ങളും ഈ സംഭവം വാർത്തയാക്കി. ഇതോടെ ക്രിസ്മസ് പാപ്പാ നിരോധനത്തിൽ നിന്ന് വിഎച്ച്പി പിന്നോട്ട് പോയതായും സൂചനയുണ്ട്.

ചാവറയച്ചനേയും ഏവുപ്രാസ്യമ്മയേയും വിശുദ്ധരാക്കുന്നതുമായി ബന്ധപ്പെട്ട് സ്‌ക്കൂളിന്റെ വാർഷിക ദിനത്തിൽ ജഗദൽപുർ രൂപതാ ബിഷപ്പ് മാർ ജോസഫ് കൊല്ലാമ്പറമ്പിൽ നടത്തിയ പ്രസംഗമാണ് വിഎച്ച്പിയെ പ്രകോപിപ്പിച്ചത്. ബിഷപ്പിന്റെ പ്രസംഗം കുട്ടികൾക്കിടയിൽ വർഗ്ഗീയത വളർത്തുന്നതാണെന്ന് ആരോപിച്ചാണ് വിഎച്ച്പി ആദ്യം രംഗത്തുവന്നത്. വിദ്യാഭ്യാസത്തിന്റെ പേരിൽ ജനാധിപത്യ വിരുദ്ധമായ രീതികളാണ് ഹിന്ദു സമൂഹത്തിനുമേൽ മിഷനറിമാർ അടിച്ചേൽപ്പിക്കുന്നതെന്ന് ആരോപിച്ച് മുഖ്യമന്ത്രി രമൺസിംഗിന് വി.എച്ച്.പി നേതാക്കൾ കത്തെഴുതിയിരുന്നു.

തുടർന്നാണ് ഒത്തുതീർപ്പ് ചർച്ചകൾ നടന്നത്. പ്രശ്‌നങ്ങൾക്ക് രമ്യമായി പരിഹരിക്കാനാണ് വിഎച്ച്പിയുമായി ചർച്ച നടത്തിയതെന്ന് ജഗദൽപൂർ രൂപത വക്താവ് ഫാ. അബ്രഹാം കണ്ണമ്പാലയും വ്യക്തമാക്കി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP