ചെന്നൈയുടെ ദാഹമകറ്റാൻ ട്രെയിൻ മാർഗം എത്തിയത് 25 ലക്ഷം ലിറ്റർ വെള്ളം; വെല്ലൂരിലെ ജോലാർപേട്ടയിൽ നിന്നും വന്നത് 50 വാഗണുള്ള ട്രെയിൻ; വെള്ളമെത്തിക്കുന്നതിനായി ആറ് മാസത്തോളം ട്രെയിൻ മാർഗത്തെ ഉപയോഗിക്കുമെന്ന് സൂചന; സർക്കാർ ക്രമീകരണങ്ങൾ പൂർത്തിയാക്കിയത് 20 ദിവസം സമയമെടുത്ത്
July 12, 2019 | 06:24 PM IST | Permalink

മറുനാടൻ ഡെസ്‌ക്
ചെന്നൈ: ചെന്നൈയുടെ ദാഹമകറ്റാൻ 25 ലക്ഷം ലിറ്റർ വെള്ളവുമായി ഇന്ന് രാവിലെ പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 12ന് വില്ലിവാക്കത്തിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി യാർഡിലെ ഫില്ലിങ് സ്റ്റേഷനിൽ എത്തി.കഴിഞ്ഞ ഏതാനും മാസങ്ങളായി രൂക്ഷമായ ജലപ്രതിസന്ധി നേരിടുകയായിരുന്ന ചെന്നൈയ്ക്ക് ആശ്വാസമിട്ടാണ് ദാഹജലം എത്തിയിരിക്കുന്നത്. ജോലാർപ്പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് 25 ലക്ഷം ലിറ്റർ വെള്ളവുമായാണ് വെള്ളിയാഴ്ച രാവിലെ ട്രെയിൻ ചെന്നൈയിലേക്ക് യാത്രതിരിച്ചത്. ആദ്യ ട്രെയിൻ ചെന്നൈയിലെത്തുന്നതിന് പിന്നാലെ മറ്റൊരു ട്രെയിനിലും നഗരത്തിൽ വെള്ളമെത്തിക്കും എന്ന മുമ്പേ തന്നെ അറിയിച്ചിരുന്നു.
അഞ്ച് മണിക്കൂർ കൊണ്ടാണ് തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിലെ ജോലാർപേട്ടയിൽ നിന്നും 50,000 ലിറ്റർ കുടിവെള്ളവുമായി 50 റെയിൽവേ വാഗണുള്ള ട്രെയിൻ(ബിടിപിഎൻ) വില്ലിവാക്കത്തെ റയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നത്. മന്ത്രി എസ്‌പി വേലുമണിയാണ് കുടിവെള്ളവുമായി വന്ന ആദ്യ ട്രെയിൻ സ്വീകരിച്ചത്. ഇന്നു തന്നെ വെള്ളവുമായി കൂടുതൽ ട്രെയിനുകൾ ചെന്നൈയിലേക്ക് പുറപ്പെടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചിരുന്നു. ഓരോ യാത്രയ്ക്കും 7.5 ലക്ഷം രൂപയാണ് റെയിൽവേ ഈടാക്കുന്നത്.
തമിഴ്‌നാട് സർക്കാർ 65 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. ജൂലൈ 11 ന് ട്രെയിൻ ചെന്നൈയിൽ എത്തേണ്ടതായിരുന്നുവെങ്കിലും വാൽവുകളിലെ ചോർച്ച കാരണമാണ് വൈകിയത്. ഏകദേശം 20 ദിവസമെടുത്താണ് ട്രെയിൻ മാർഗം വെള്ളമെത്തിക്കാനുള്ള ക്രമീകരണങ്ങളും തമിഴ്‌നാട് സർക്കാർ പൂർത്തിയാക്കിയത്. 6 മാസത്തോളം ഈ മാർഗ്ഗം ഉപയോഗിച്ച് വെള്ളമെത്തിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. റെയിൽവെ ട്രാക്കുകൾക്ക് സമീപം സ്ഥാപിക്കുന്ന 100 ഓളം ഇൻലന്റ് പൈപ്പുകളിലൂടെ രണ്ടരക്കോടി ലിറ്റർ വെള്ളം വാഗണുകളിലേക്ക് കടത്തിവിടാൻ ഉപയോഗിക്കും.
ഈ കടത്തിവിടുന്ന ജലം ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് അയക്കുമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞകുറച്ച് മാസങ്ങളായി ചെന്നൈയിൽ ശുദ്ധജലത്തിന്റെ അളവ് അപകടകരമായി കുറയുകയാണെന്ന് പരിസ്ഥിതി ഗവേഷകർ അറിയിച്ചിരുന്നു. മൂന്നു വർഷം മുമ്പാണ് മഹാപ്രളയത്തെ ചെന്നൈയ് നേരിട്ടത്. ദിവസേന 200 ദശലക്ഷം ലിറ്റർ ജലക്ഷാമം നേരിട്ടിരുന്നു. നഗരത്തിലേക്ക് വെള്ളം വിതരണം ചെയ്യുന്ന നാല് ജലസംഭരണികളാണ് വരണ്ടുപോയത്. നഗരത്തിലേക്ക് വെള്ളം എത്തിക്കാൻ സഹായിക്കണമെന്ന് തമിഴ്‌നാട് സർക്കാർ നേരത്തെ റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു.
