യുവതി നടുറോഡിൽ പ്രസവിക്കേണ്ടി വന്നത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സിന്റെ അത്യാർത്തിമൂലം; നൈന ദേവിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതിരുന്നത് സരിത ആവശ്യപ്പെട്ട പണം കൈക്കൂലിയായി നൽകാൻ ഇല്ലാത്തതിനാൽ; ആംബുലൻസും വിളിച്ചു നൽകാതിരുന്നതോടെ യുവതി നടുറോഡിൽ ആൺകുഞ്ഞിന് ജന്മം നൽകിയത് പ്രദേശവാസികളായ സ്ത്രീകളുടെ സഹായത്തോടെ
June 20, 2019 | 06:19 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
ആഗ്ര: കൈക്കൂലിയായി ആവശ്യപ്പെട്ട പണം നൽകാത്തതിനാൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് യുവതി നടുറോഡിൽ പ്രസവിച്ചു. ഉത്തർപ്രദേശിലെ രുങ്കാത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സാണ് പൂർണ്ണ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചത്. ആഗ്രയിലെ ലഖൻപുർ ഗ്രാമവാസിയായ നൈന ദേവിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.
ഇന്ന് രാവിലെ ഏഴ് മണിക്കാണ് നൈനയെ പേറ്റുനോവ് ഉണ്ടായതിനെ തുടർന്ന് ഭർത്താവായ ശ്യാം സിങ് ആശുപത്രിയിലെത്തിച്ചത്. യുവതിയെ ആഗ്രയിലെ രുങ്കാത്ത പ്രൈമറി ഹെൽത്ത് സെന്ററിൽ എത്തിച്ചു എങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് സരിത സിങ് ഇവരെ അഡ്മിറ്റ് ചെയ്യുന്നതിന് പണം ആവശ്യപ്പെട്ടു. എന്നാൽ ഇവരുടെ കയ്യിൽ അവർ ആവശ്യപ്പെട്ട പണം ഉണ്ടായിരുന്നില്ല. ജില്ലാ ആശുപത്രിയിലേക്ക് പോകാൻ ആംബുലൻസ് വിളിച്ച് നൽകണം എന്ന ശ്യം സിംഗിന്റെ ആവശ്യവും നഴ്സ് നിരാകരിച്ചു. 102ൽ വിളിച്ചിട്ട് കാത്തിരിക്കാനാണ് നഴ്സ് ഇവരോട് പറഞ്ഞത്.
നഴ്സിനോട് തർക്കിച്ചിട്ട് കാര്യമില്ലെന്ന് മനസിലായതോടെ ശ്യാം സിങ്, ഭാര്യയുമായി ആശുപത്രിയിൽ നിന്നും പുറത്തേക്ക് നടന്നു. അപ്പോഴേക്കും വേദന മൂർദ്ധന്യത്തിലെത്തിയ നൈന ദേവി, റോഡിൽ തളർന്നു വീഴുകയായിരുന്നു. അസഹ്യമായ വേദനയോടെ നിലവിളിച്ച യുവതിയെ സഹായിക്കാൻ പ്രദേശവാസികളായ സ്ത്രീകൾ എത്തി. ഇവരുടെ കൂടി സഹായത്തോടെ നടുറോഡിൽ വെച്ച് നൈന ദേവി ഒരു ആൺകുഞ്ഞിന് ജന്മം നൽകി.
സംഭവം വിവാദമായതിന് പിന്നാലെ നഴ്സിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ മുകേഷ് വത്സ പറഞ്ഞു. ഇതേ പ്രൈമറി ഹെൽത്ത് സെന്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ സുപ്രിയ ജെയിൻ ഫാർമസിസ്റ്റ് സോനു ഗോയൽ എന്നിവരെ ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് സ്ഥലം മാറ്റി.
