Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തബ്ലീഗിനെ ക്രൂശിക്കുന്നവർ എന്തുകൊണ്ട് നമസ്‌തെ ട്രംപ് കാണാതെ പോകുന്നു; ഗുജറാത്തിൽ കോവിഡ് പടരാൻ കാരണമായത് 'നമസ്‌തേ ട്രംപ്' പരിപാടി; കോൺഗ്രസിന്റെ വാദത്തെ പിന്തുണച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയും ആയിരുന്ന യശ്വന്ത് സിൻഹ; മോദിക്കും പാർട്ടിക്കുമെതിരെ ആരോപണവുമായി പാർട്ടി നേതാവ്; ബിജെപിയിൽ പുതിയ വിവാദം

മറുനാടൻ ഡെസ്‌ക്‌

അഹ്മദാബാദ്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത 'നമസ്‌തേ ട്രംപ്' പരിപാടിയാണ് ഗുജറാത്തിൽ കോവിഡ് പടരാൻ കാരണമായതെന്ന കോൺഗ്രസിന്റെ വാദത്തെ പിന്തുണച്ച് മുൻ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ. ട്വിറ്ററിലൂടെയാണ് സിൻഹ മുൻ പാർട്ടിക്കും സർക്കാറിനുമെതിരെ വിമർശന ശരങ്ങളുതിർത്തത്.

രാജ്യത്ത് കോവിഡ് വ്യാപനത്തിന് കാരണക്കാരായി തബ്‌ലീഗ് ജമാഅത്തിനെ ചിത്രീകരിക്കുന്നവർ എന്തുകൊണ്ട് അഹമദാബാദിൽ നമസ്‌തേ ട്രംപ് പരിപാടി നടത്തി അവിടെ രോഗം പടർത്തിയവരെ കാണാതെ പോകുന്നുവെന്ന് സിൻഹ ട്വിറ്റ് ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുത്ത, ട്രംപിന്റെ സ്വീകരണ പരിപാടിയിലൂടെയാണ് രോഗം ഗുജറാത്തിൽ പടർന്നുപിടിക്കാനിടയാക്കിയത്. ഹോം ക്വാറന്റീൻ ലംഘനം കൂടുതലായി നടന്നു. മാധ്യമങ്ങൾ ഇക്കാര്യം അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഫെബ്രുവരിയിൽ നടത്തിയ നമസ്‌തേ ട്രംപ് മൂലമാണ് സംസ്ഥാനത്ത് 800 പേർ കോവിഡ് ബാധിച്ച് മരിക്കാനിടയായെന്ന ആരോപണവുമായി തിങ്കളാഴ്ചയാണ് കോൺഗ്രസ് രംഗത്തെത്തിയത്. അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നാണ് ബിജെപിയുടെ പ്രതികരണം.

നമസ്‌തേ ട്രംപ് പരിപാടിയുടെ സംഘാടനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയിൽ ഹരജി നൽകുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അമിത് ചാവ്ദ പറഞു. ജനുവരി 22ന് തന്നെ ലോകാരോഗ്യ സംഘടന മഹാമാരിയെക്കുറിച്ചുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകിയ സാഹചര്യം പോലും വിസ്മരിച്ചാണ് അധികൃതർ ആയിരക്കണക്കിനാളുകൾ പങ്കെടുത്ത പരിപാടി നടത്തിയതെന്നും കോൺഗ്രസ് ആരോപിക്കുന്നു. കോവിഡ് മുന്നറിയിപ്പ് അവഗണിച്ച് മോദി തന്റെ പ്രതിച്ഛായ മാത്രം ലക്ഷ്യമിട്ടാണ് ഇത്തരം പരിപാടികൾ സംഘടിപ്പിച്ചതെന്ന വിമർശനം സമൂഹമാധ്യമങ്ങളിൽ ഏറെപേർ ഉന്നയിക്കുന്നുണ്ട്.

ബിജെപിയുമായി ഏറെക്കാലമായി അകന്നുകഴിയുന്ന യശ്വന്ത് സിൻഹ മുമ്പും നിരവധി വിഷയങ്ങളിൽ കനത്ത വിമർശനമുയർത്തി പാർട്ടിക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. സി.എ.എ, എൻ.ആർ.സി വിഷയങ്ങളിലും കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. നോട്ട് നിരോധനം ഉൾപ്പെടെയുള്ള വിഷയങ്ങളിലും മോദിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. ലോക്ഡൗൺ കാലത്ത് 'രാമായണം' സീരിയൽ വീണ്ടും സംപ്രേഷണം ചെയ്ത നടപടിയെയും അദ്ദേഹം വിമർശിച്ചിരുന്നു.

ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ 'തുക്‌ഡേ തുക്‌ഡേ' സംഘത്തിൽ രണ്ടുപേരാണുള്ളതെന്നും രണ്ടുപേരും ബിജെപിയിലാണുള്ളതെന്നും യശ്വന്ത് സിൻഹ പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും ലക്ഷ്യമിട്ട് പറഞ്ഞിരുന്നു. ബിജെപിയുടെ പ്രമുഖ നേതാവായിരുന്ന യശ്വന്ത് സിൻഹ വാജ്പേയി മന്ത്രിസഭയിൽ (19982002) ധനം, വിദേശകാര്യ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. പാർട്ടിയുടെ ദേശീയ നിർവാഹക സമിതി അംഗമായിരുന്ന ഇദ്ദേഹം അഭിപ്രായ ഭിന്നതകളെ തുടർന്ന് 2018ലാണ് പാർട്ടി വിട്ടതായി പ്രഖ്യാപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP