Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട യാസിൻ ഭട്ക്കലിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നു; കേസിൽ തന്റെ മകൻ ബലിയാടാക്കപ്പെട്ടെന്ന് ഉമ്മ രഹാന; കുടുംബസ്നേഹിയായ യാസിൻ തെറ്റായ വഴി സ്വീകരിക്കില്ലെന്നു സഹോദരനും

ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട യാസിൻ ഭട്ക്കലിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നു; കേസിൽ തന്റെ മകൻ ബലിയാടാക്കപ്പെട്ടെന്ന് ഉമ്മ രഹാന; കുടുംബസ്നേഹിയായ യാസിൻ തെറ്റായ വഴി സ്വീകരിക്കില്ലെന്നു സഹോദരനും

രഞ്ജിത് ബാബു

ഭട്ക്കൽ: ഹൈദരബാദ് ദിൽസുഖ് നഗർ ഇരട്ട സ്ഫോടന കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അഹമ്മദ് സിദ്ദി ബാബ എന്ന യാസിൻ ഭട്ക്കലിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നു. യാസിന്റെ മാതാവ് ബീബി രഹാന, സഹോദരി ബീബി മരിയ, എന്നിവരാണ് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) കോടതിയുടെ വിധിക്കെതിരെ ഹൈദരബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയത്. യാസിൻ ഈ കേസിൽ ബലിയാടാക്കപ്പെടുകയാണെന്നും അതിനാൽ നീതി തേടി ഹൈക്കോടതിയെ സമീപിക്കുമെന്നും ഉമ്മ രഹാന പറയുന്നു. യാസിൻ കേസിൽ അറസ്റ്റിലാവുന്നതിന് മുമ്പ് എല്ലാ മാസവും കുടുംബത്തോടൊപ്പവും ബന്ധുക്കളോടൊപ്പവും കഴിയാനെത്താറുണ്ടായിരുന്നു.

കുടുംബസ്നേഹിയായ യാസിൻ തെറ്റായ വഴി സ്വീകരിക്കുമെന്ന് ഞങ്ങളാരും വിശ്വസിക്കുന്നില്ലെന്ന് സഹോദരൻ അബു സമദും പറയുന്നു. അവന്റെ വിധി തീരുമാനിക്കേണ്ടത് ദൈവമാണ്. യാസിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും കുടുംബാംഗങ്ങൾ ആരോപിക്കുന്നു. അവന് നീതി ലഭിക്കാൻ സുപ്രീംകോടതി വരേയും പോകുമെന്ന് ബീബി രഹാന വ്യക്തമാക്കി.

ഇന്ത്യൻ മുജാഹിദീൻ സ്ഥാപകരിലൊരാളായ യാസിൻ ഭട്ക്കൽ, അസദുള്ള അഖ്ത്തർ, തഹസിൻ അഖ്ത്തർ, ഐസാസ് ഷെയ്ക്ക്, പാക്ക് സ്വദേശി സിയാവുർ റഹ്മാൻ എന്നീ അഞ്ചു പേർക്കാണ് എൻഐഎ പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നത്. കേസിലെ ഒന്നാം പ്രതിയും മുഖ്യ ആസൂത്രകനുമായ റിയാസ് ഭട്ക്കലിനെ ഇതുവരെ പിടികൂടാനായിട്ടില്ല.

ഭീകരവാദ സംഘടനയായ ഇന്ത്യൻ മുജാഹിദ്ദീന്റെ സ്ഥാപകനായ റിയാസ് ഭട്ക്കലും സഹോദരൻ ഇഖ്ബാലും പാക്കിസ്ഥാനിലെ കറാച്ചിയിൽ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് വിവരം. റിയാസിനെ പിടികൂടാനാവാത്തതിനാൽ കുറ്റപത്രം വിഭജിച്ചാണ് കേസ് വിചാരണ നടത്തിയത്.

ഹൈദരാബാദിലെ വാണിജ്യ മേഖലയായ ദിൽസുഖ് നഗറിൽ 2013 ഫെബ്രുവരി 21 നാണ് രണ്ടിടത്തായി സ്ഫോടനം നടന്നത്. തിരക്കേറിയ സമയത്ത് നടന്ന സ്ഫോടനത്തിൽ 18 പേർ മരിക്കുകയും 131 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കള്ളക്കടത്ത് ഹവാല വഴി സ്ഫോടക വസ്തുക്കൾ മംഗളൂരുവിൽ എത്തിച്ചെന്നും പണവും മറ്റും റിയാസ,് അസദുള്ള അഖ്ത്തർ, സിയാവുർ റഹ്മാൻ എന്നിവർക്ക് കൈമാറിയെന്നും കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്. ഇതുമായി ഇവർ ഹൈദരാഹബാദിലെത്തിയതായും അവിടെ വച്ച് ബോംബ് നിർമ്മിച്ച് ഫെബ്രുവരി 21 ന് ജനത്തിരക്കേറിയ സമയത്ത് സൈക്കിളുകളിലായി ബോംബുകൾ സ്ഥാപിച്ച് സ്ഫോടനം നടത്തുകയായിരുന്നുവെന്നും കുറ്റ പത്രത്തിലുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP