Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിക്കൊപ്പം യോഗ ചെയ്യാൻ എത്തിയത് 84 രാജ്യങ്ങളുടെ പ്രതിനിധികൾ; ഇന്നലത്തെ യോഗ ഗിന്നസ് ബുക്കിൽ കയറിയതു രണ്ടു റെക്കോർഡുകളോടെ; അന്താരാഷ്ട്ര യോഗയിൽ പങ്കാളികളായത് 20 കോടി ജനങ്ങൾ

മോദിക്കൊപ്പം യോഗ ചെയ്യാൻ എത്തിയത് 84 രാജ്യങ്ങളുടെ പ്രതിനിധികൾ; ഇന്നലത്തെ യോഗ ഗിന്നസ് ബുക്കിൽ കയറിയതു രണ്ടു റെക്കോർഡുകളോടെ; അന്താരാഷ്ട്ര യോഗയിൽ പങ്കാളികളായത് 20 കോടി ജനങ്ങൾ

ന്യൂഡൽഹി: അത്യപൂർവ നിമിഷങ്ങൾക്കാണ് രാജ്യം ഇന്നലെ സാക്ഷ്യം വഹിച്ചത്. അന്താരാഷ്ട്ര യോഗാദിനത്തിനായി നാടിന്റെ നാനാദിക്കുകളും ഏകമനസോടെ ഒന്നിച്ചപ്പോൾ ചരിത്രത്താളുകളിലാണ് ഇന്ത്യ ഇടം പിടിച്ചത്.

84 രാജ്യങ്ങളിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യോഗ ദിനാചരണത്തിൽ പങ്കെടുക്കാൻ പ്രതിനിധികൾ എത്തിയത്.

ഗിന്നസ് റെക്കോർഡു ബുക്കിലും രണ്ടു തവണ ഇടംപിടിക്കാൻ പ്രഥമ രാജ്യാന്തര യോഗ ദിനാചരണത്തിലൂടെ ഇന്ത്യയെന്ന മഹാരാജ്യത്തിനു കഴിഞ്ഞു. പ്രധാനമന്ത്രി തന്നെ മുന്നിൽ നിന്നു നയിച്ചപ്പോൾ രാജ്യമെമ്പാടും ഏകമനസോടെയാണ് യോഗ ദിനാചരണത്തിൽ പങ്കെടുത്തത്.

ഡൽഹിയിലെ രാജ്പഥിൽ 35,985 പേരാണ് മോദിക്കൊപ്പം യോഗാ പ്രദർശനത്തിൽ പങ്കെടുത്തത്. 84 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും രാജ്പഥിൽ എത്തിയിരുന്നു. യുഎസ് സ്ഥാനപതി റിച്ചാർഡ് വർമ, നേപ്പാൾ സ്ഥാനപതി ദീപ് കുമാർ ഉപാദ്ധ്യായ, അഫ്ഗാനിസ്ഥാൻ സ്ഥാനപതി ഷയ്ദ മുഹമ്മദ് അബ്ദാലി ഉൾപ്പെടെ നയതന്ത്രപ്രതിനിധികളും ചടങ്ങിനെത്തി.

യോഗ ദിനം സമാധാനത്തിന്റെയും മൈത്രിയുടെയും പുതുയുഗപ്പിറവിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. രാജ്യാന്തര യോഗ ദിനത്തിൽ ഇന്ത്യക്കൊപ്പം ചേർന്നതിന് ഐക്യരാഷ്ട്ര സഭയ്ക്കും വിദേശ രാജ്യങ്ങൾക്കും മോദി നന്ദി പറഞ്ഞു.

ഏറ്റവും കൂടുതൽ രാജ്യക്കാരും ഏറ്റവും കൂടുതൽ പേരും പങ്കെടുത്ത യോഗാ പ്രദർശനം എന്ന നിലയിലാണ് രണ്ടു റെക്കോർഡുകൾ രാജ്പഥിൽ നടന്ന യോഗാചരണത്തിനു ലഭിച്ചത്. രാജ്പഥിൽ നടന്ന യോഗയിൽ 35,985 ആളുകളാണ് പങ്കെടുത്തത്. ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന യോഗ ലോക റെക്കോർഡാണ്. രണ്ടാമത്തെ റെക്കോർഡ് ഒരു യോഗ പരിപാടിക്ക് ഏറ്റവും കൂടുതൽ രാജ്യങ്ങൾ പങ്കെടുത്തിന്റെ പേരിലും. 84 രാജ്യങ്ങളാണ് ഇന്നത്തെ രാജ്യാന്തര യോഗദിനത്തിന്റെ ഭാഗമായത്. ഗിന്നസ് ലോകറെക്കോർഡിന്റെ വൈസ് പ്രസിഡന്റാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ 2005ൽ ഗ്വാളിയാറിൽ നടന്ന യോഗയാണ് റിക്കോർഡിട്ടിരിക്കുന്നത്. 29,973 പേരാണ് ഇതിൽ പങ്കെടുത്തിരുന്നത്.

രാജ്യമെമ്പാടും കേന്ദ്രമന്ത്രിമാർ നേരിട്ടെത്തിയാണ് യോഗദിനാഘോഷങ്ങൾക്കു നേരിട്ടെത്തിയത്. റെയിൽവേ മന്ത്രി സുരേഷ് പ്രഭുവാണ് കേരളത്തിലെത്തി യോഗ ദിനാചരണങ്ങൾക്കു നേതൃത്വം നൽകിയത്. പ്രതിരോധമന്ത്രി മനോഹർ പരീക്കർ മീററ്റിലും പട്‌നയിൽ ബിജെപി. അധ്യക്ഷൻ അമിത്ഷായും നേതൃത്വം നൽകി. ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക നാണയവും സ്റ്റാംപും ഇന്നലെ പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

സൈനിക മേധാവി ദൽബിർ സിങ് സുഹാഗ്, എയർ ചീഫ് മാർഷൽ അരൂപ് രാഹാ, നേവൽ അഡ്‌മിറൽ ആർ.കെ. ധവാൻ എന്നിവർ മോദിക്കൊപ്പം യോഗ ചെയ്തു. ഇന്നലെ പുലർച്ചെ മുതൽ ഡൽഹിയൊന്നടങ്കം രാജ്പഥിലേക്കൊഴുകുകയായിരുന്നു. വിപുലമായ ഒരുക്കങ്ങളാണ് അധികൃതരും നടത്തിയത്. പുലർച്ചെ നാലുമുതൽ രാജ്പഥിലേക്കു മെട്രോ സർവീസ് തുടങ്ങി. ആരോഗ്യ വിഭാഗത്തെയും സജ്ജമാക്കിയിരുന്നു.

ദ്വിദിന യോഗാ സെമിനാറിനും കഴിഞ്ഞ ദിവസം തുടക്കമായി. ഡൽഹിയിൽ പ്രധാനമന്ത്രി തന്നെയാണ് സെമിനാർ ഉദ്ഘാടനം ചെയ്തത്. കക്ഷിരാഷ്ട്രീയഭേദമെന്യേയാണ് പ്രധാനമന്ത്രിക്കൊപ്പം യോഗ ദിനാചരണത്തിൽ ആയിരങ്ങൾ അണിചേർന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരും ഡൽഹിയിൽ യോഗ ദിനാചരണത്തിന് എത്തിയിരുന്നു.

ലോകത്തെ ഏറ്റവും ഉയരംകൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ മുതൽ ദക്ഷിണ ചൈനാ കടലിലെ യുദ്ധക്കപ്പലിൽവരെ ഇന്ത്യൻ സൈന്യം യോഗാ ദിനാചരണത്തിൽ പങ്കെടുത്തു. മൈനസ് നാലു ഡിഗ്രി തണുപ്പിൽ പ്രത്യേക വസ്ത്രങ്ങളണിഞ്ഞാണു സിയാച്ചിനിൽ സൈനികർ യോഗ ചെയ്തത്. കാർഗിൽ, ലഡാക്ക് എന്നിവിടങ്ങളിലും സൈനികർ യോഗയ്ക്കായി ഒത്തുചേർന്നു. ദക്ഷിണ ചൈനാ കടലിലുള്ള നാവികസേനാ കപ്പലുകളിൽ നാവികർ യോഗ ചെയ്തു. വ്യോമസേനാ അംഗങ്ങൾ കുടുംബങ്ങൾക്കൊപ്പം ബേസുകളിൽ യോഗ പരിശീലിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP