Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യക്കാർ വിയർപ്പൊഴുക്കി നിർമ്മിച്ച താജ്മഹൽ നമ്മുടെ പൈതൃകത്തിന്റെ ഭാഗമെന്ന് പുകഴ്‌ത്തി യോഗി ആദിത്യനാഥ്; ലോകാത്ഭുതം നേരിൽ കണ്ടപ്പോൾ മുമ്പ് പറഞ്ഞതെല്ലാം മറന്ന് യുപി മുഖ്യമന്ത്രി; തേജോമഹാലയ എന്ന ശിവക്ഷേത്രം താജ്മഹൽ ആയെന്ന് വിളമ്പിയ വിനയ് കത്യാരിനും കൂട്ടർക്കും ഇനി മിണ്ടാതിരിക്കാം

ഇന്ത്യക്കാർ വിയർപ്പൊഴുക്കി നിർമ്മിച്ച താജ്മഹൽ നമ്മുടെ പൈതൃകത്തിന്റെ ഭാഗമെന്ന് പുകഴ്‌ത്തി യോഗി ആദിത്യനാഥ്; ലോകാത്ഭുതം നേരിൽ കണ്ടപ്പോൾ മുമ്പ് പറഞ്ഞതെല്ലാം മറന്ന് യുപി മുഖ്യമന്ത്രി; തേജോമഹാലയ എന്ന ശിവക്ഷേത്രം താജ്മഹൽ ആയെന്ന് വിളമ്പിയ വിനയ് കത്യാരിനും കൂട്ടർക്കും ഇനി മിണ്ടാതിരിക്കാം

ആഗ്ര: ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ നേരിട്ട് കണ്ടതോടെ നേരത്തെ ഉണ്ടായിരുന്ന 'മോശം അഭിപ്രായം' തിരുത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താജ്മഹൽ ഇന്ത്യൻ പൈതൃകത്തിന്റെ ഭാഗമാണെന്നാണ് ലോകാത്ഭുതമായ മഹാസൗധം നേരിൽ കണ്ടശേഷം യോഗി പ്രതികരിച്ചത്. ബിജെപി നേതാക്കൾ നടത്തിയ വിവാദപരാമർശങ്ങൾക്ക് പിന്നാലെ താജ്മഹലിനെ മഹത്വവത്കരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി രംഗത്തെത്തിയതോടെ ബിജെപിയും സംഘപരിവാറും താജ്മഹലിന് എതിരെ തിരിയുന്നു എന്ന വാദങ്ങളും അസ്തമിക്കുകയാണ്.

ഇന്ത്യയുടെ പൈതൃകത്തിന്റെ ഭാഗമാണ് താജ്മഹലെന്നും ഇന്ത്യാക്കാർ വിയർപ്പും രക്തവും ഒഴുക്കി നിർമ്മിച്ചതാണ് താജ്മഹലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. താജ്മഹൽ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദങ്ങൾക്കിടെ താജ്മഹൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു ഈ അഭിപ്രായ പ്രകടനം. താജ്മഹലിന്റെ കാര്യത്തിൽ നിങ്ങൾ ഞാൻ പറഞ്ഞത് വിശ്വസിച്ചാൽ മതിയെന്നും മറ്റാരും പറയുന്നത് കാര്യമാക്കേണ്ടെന്നും യോഗി പ്രത്യേകം പറയുകയും ചെയ്തു.

അടുത്തിടെ യോഗി ആദിത്യനാഥ് സർക്കാരിന്റെ ആറുമാസത്തെ ഭരണനേട്ടങ്ങൾ വിശദീകരിക്കാനായി പുറത്തിറക്കിയ ലഘുപുസ്തകത്തിൽ താജ്മഹലിനെ ഉൾപ്പെടുത്തിയിരുന്നില്ല. പതിനേഴാം നൂറ്റാണ്ടിൽ മുഗൾ രാജാവായിരുന്ന ഷാജഹാൻ ചക്രവർത്തി നിർമ്മിച്ച താജ്മഹൽ ഇന്ത്യൻ സംസ്‌കാരം ഉയർത്തിപ്പിടിക്കുന്നില്ലെന്ന് കഴിഞ്ഞ ജൂണിൽ യോഗി ആദിത്യനാഥ് പറഞ്ഞതും ചർച്ചയായി. വിദേശ അതിഥികൾക്ക് താജ്മഹലിന്റെ മാതൃക സമ്മാനിക്കുന്നതിന് പകരം രാമായണമോ ഗീതയോ സമ്മാനിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താജ്മഹലിന് എതിരെ പ്രസ്താവനകളുമായി നേതാക്കളിൽ പലരും എത്തിയത്.

താജ്മഹൽ ഇന്ത്യൻ സംസ്‌കാരത്തിന് അപമാനമാണെന്ന് ബിജെപി എംഎ‍ൽഎ സംഗീത് സോം അഭിപ്രായപ്പെട്ടു. താജ്മഹലിന്റെ നിർമ്മാതാവായ ഷാജഹാൻ സ്വന്തം പിതാവിനെ തടവിൽ താമസിപ്പിച്ചയാളാണ്. ഷാജഹാൻ ഇന്ത്യയിൽ നിന്ന് ഹിന്ദുക്കളെ തുടച്ച് നീക്കാൻ ശ്രമിച്ചയാളാണ്. ഇത്തരം ആളുകൾ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാവുകയാണെങ്കിൽ ആ ചരിത്രം നമ്മൾ മാറ്റുമെന്നും സംഗീത് സോം പറഞ്ഞുവച്ചു. തേജോമഹാലയ എന്ന പേരിലുള്ള ശിവക്ഷേത്രമായിരുന്നു താജ്മഹലെന്ന വാദവുമായി ബിജെപി എംപി വിനയ് കട്യാരും രംഗത്തെത്തിയതോടെ ഇക്കാര്യം ബിജെപിയെ പരിഹസിക്കാനുള്ള ട്രോളുകളിലും ഇടംപിടിച്ചിരുന്നു.

യോഗി ആദിത്യനാഥ് ആഗ്രയിൽ വൻ വികസന പ്രവർത്തനങ്ങളും പ്രഖ്യാപിച്ചു. താജ്മഹലുമായി ബന്ധപ്പെട്ട് 370 കോടി രൂപയുടെ വിനോദസഞ്ചാര പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
രാവിലെ എട്ടേ മുക്കാലോടെ ആഗ്ര ഖേരിയ വിമാനത്താവളത്തിലിറങ്ങിയ യോഗി, നംഗ്ല പൈമ ഗ്രാമവും റബർ ചെക്ക് ഡാമും സന്ദർശിച്ചു. തുടർന്ന് താജ് മഹലിലെത്തിയ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 500 ബിജെപി പ്രവർത്തകർ പങ്കെടുത്ത വലിയ ശുചീകരണം പടിഞ്ഞാറൻ ഗേറ്റിൽ നടന്നു. മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് 14,000 പൊലീസുകാരെയാണ് ആഗ്രയിൽ വിന്യച്ചിരുന്നത്.ആഗ്ര കോട്ടയിൽ നിന്ന് താജ്മഹലിലേക്കുള്ള പാതയുടെ ശിലാസ്ഥാപനം ഉൾപ്പെടെയുള്ള വികസന പദ്ധതികളാണു മുഖ്യമന്ത്രി അനുവദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP