Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിറ്റ്‌കോയിൻ തട്ടിപ്പിൽ പാവങ്ങളെ പറ്റിച്ച് 485 കോടിയുമായി മുങ്ങിയ മലപ്പുറംകാരൻ അബ്ദുൾ ഷുക്കൂറിന്റെ മരണം കൊലപാതകം തന്നെ! മരണം സ്വന്തം കൂട്ടാളികളുടെ ക്രൂരമർദ്ദനത്തിന് ഇരയായി; തർക്കം തുടങ്ങിയത് തന്റെ ബിറ്റ്‌കോയിൻ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഷുക്കൂർ ഉറ്റചങ്ങാതി ആഷിക്കിനോട് നുണ പറഞ്ഞതോടെ; ഷുക്കൂറിനെ ആളൊഴിഞ്ഞ വീട്ടിൽ കൂട്ടാളികൾ തല്ലിച്ചതച്ചത് ബിറ്റ്‌കോയിൻ പാസ് വേഡ് കൈക്കലാക്കി പണം തട്ടാൻ; ഡെറാഡൂണിൽ നിന്ന് പുറത്തുവരുന്നത് ചതിയുടെയും പ്രതികാരത്തിന്റെയും കഥ

ബിറ്റ്‌കോയിൻ തട്ടിപ്പിൽ പാവങ്ങളെ പറ്റിച്ച് 485 കോടിയുമായി മുങ്ങിയ മലപ്പുറംകാരൻ അബ്ദുൾ ഷുക്കൂറിന്റെ മരണം കൊലപാതകം തന്നെ! മരണം സ്വന്തം കൂട്ടാളികളുടെ ക്രൂരമർദ്ദനത്തിന് ഇരയായി; തർക്കം തുടങ്ങിയത് തന്റെ ബിറ്റ്‌കോയിൻ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഷുക്കൂർ ഉറ്റചങ്ങാതി ആഷിക്കിനോട് നുണ പറഞ്ഞതോടെ; ഷുക്കൂറിനെ ആളൊഴിഞ്ഞ വീട്ടിൽ കൂട്ടാളികൾ തല്ലിച്ചതച്ചത് ബിറ്റ്‌കോയിൻ പാസ് വേഡ് കൈക്കലാക്കി പണം തട്ടാൻ; ഡെറാഡൂണിൽ നിന്ന് പുറത്തുവരുന്നത് ചതിയുടെയും പ്രതികാരത്തിന്റെയും കഥ

മറുനാടൻ ഡെസ്‌ക്‌

ഡെറാഡൂൺ: ക്രിപ്‌റ്റോ കറൻസി വിവാദത്തിൽ കുടുങ്ങിയ മലപ്പുറം സ്വദേശി എംപി അബ്ദുൽ ഷുക്കൂർ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 485 കോടിയുടെ ബിറ്റ്‌കോയിൻ തട്ടിപ്പിന്റെ സൂത്രധാരനാണ് ഷുക്കൂർ. ഡെറാഡൂണിൽ ഷുക്കൂർ കൊല്ലപ്പെട്ടതാണെന്ന വിവരം ഉത്തരാഖണ്ഡ് പൊലീസാണ് പുറത്തുവിട്ടത്. ഷുക്കൂറിന്റെ ബിറ്റ്‌കോയിൻ അക്കൗണ്ടിന്റെ പാസ് വേഡ് ചോർത്താൻ വേണ്ടിയുള്ള ക്രൂരമർദ്ദനത്തിനിടയാണ് ഷുക്കൂർ മരിച്ചത്. പ്രതികൾ വെള്ളിയാഴ്ച പിടിയിലായി.

24 കാരനായ ഷുക്കൂർ ബുധനാഴ്ച രാത്രിയാണ് ഡെറാഡൂണിൽ കൊല്ലപ്പെട്ടത്. ഇയാളൂടെ മൃതദേഹം ഡെറാഡൂൺ-മസൂറി റോഡിലെ ഒരുആശുപത്രിയിൽ കൂട്ടാളികൾ ഉപേക്ഷിക്കുകയായിരുന്നു. അഞ്ചംഗ സംഘമാണ് എത്തിയതെന്ന് ആശുപത്രി അധികൃതർ പറയുന്നു. എമർജൻസി വാർഡിൽ ഷുക്കൂറിന്റെ മൃതദേഹം ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മലയാളികളായ ഫാരിസ് മമ്‌നൂൻ, അരവിന്ദ്.സി, ആസിഫ് അലി, സുഫൈൽ മുക്തർ, അഫ്താബ് മുഹമ്മദ് എന്നിവരാണ് കേസിൽ പിടിയിലായത്. ഷുക്കൂറിനെ മർദ്ദിച്ച് കൊലപ്പെടുത്തി എന്നതാണ് ഇവരുടെ പേരിലുള്ള കേസെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

'കോടികളുടെ ക്രിപ്‌റ്റോ കറൻസി ഇടപാടാണ് ഷുക്കൂറിന്റെ മരണത്തിലേക്ക് നയിച്ചത്. ഷുക്കൂറിന്റെ ബിസിനസ് ടീമിൽ ഉള്ളവർ തന്നെയാണ് കൊലയാളികൾ. ഡെറാഡൂണിന്റെ പ്രാന്തപ്രദേശത്തുള്ള പ്രേംനഗറിലെ ഒരുവീട്ടിലാണ് ഷുക്കൂറിനെ സംഘം ക്രൂരമർദ്ദനത്തിന് ഇരയാക്കിയത്. സംഘത്തിൽ ഉൾപ്പെട്ട അഞ്ചോളം പേർക്കായി തിരച്ചിൽ തുടരുകയാണ്. ആഷിഖ്, അർഷാദ്, യാസിൻ, റേഹാബ്, മുനീഫ് എന്നിവരെയാണ് കണ്ടുകിട്ടാനുള്ളത്. മഞ്ചേരി സ്വദേശികളായ ഇവർ ഷുക്കൂറിന്റെ ടീമിലെ മുഖ്യഅംഗങ്ങളാണ്. പണമിടപാടിനെ ചൊല്ലിയുള്ള തർക്കം തന്നെയാണ് കൊലപാതകത്തിലേക്ക് നയിച്ചത്, ' ഡെറാഡൂണിലെ സീനിയർ പൊലീസ് സൂപ്രണ്ട് അരുൺ മോഹൻ ജോഷി പറഞ്ഞു.

കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾ ഇങ്ങനെ:

ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപിക്കാൻ വേണ്ടി മഞ്ചേരി, പാണ്ടിക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നായി ഷുക്കൂർ 485 കോടിയാണ് സമാഹരിച്ചത്. തന്റെ സംഘത്തിലെ പ്രധാനികളെ കൂടാതെ, ഉപസംഘങ്ങളെയും ഇതിനായി വിനിയോഗിച്ചു. ബിറ്റ്‌കോയിൻ ബിസിനസിൽ ഷുക്കൂറിന് വൻനഷ്ടം നേരിട്ടതോടെയാണ് കാര്യങ്ങൾ മാറിമറിയുന്നത്. ഇതോടെ, തന്റെ മുഖ്യകൂട്ടാളികളായ ആഷിഖ്, റെഹാബ്, അർഷൻ, മുനീഫ് എന്നിവർക്കൊപ്പം ഷുക്കൂർ കുറച്ചുനാൾ മുമ്പ് കേരളത്തിൽ നിന്ന് മുങ്ങി. എന്നാൽ, ബിറ്റ്‌കോയിൻ ഇടപാടിൽ നിക്ഷേപിച്ചവർ ഷുക്കൂറിനെ വെറുതെ വിടാൻ തയ്യാറായിരുന്നില്ല. ഷുക്കൂറിനെയും സംഘത്തെയും അവർ വിടാതെ പിന്തുടർന്നു. ഇതോടെ സംഘത്തിന് പലയിടത്തും ഒളിച്ചുതാമസിക്കേണ്ടി വന്നു. അടിക്കടി സ്ഥലം മാറി.

ആർത്തി മൂത്ത് ഷുക്കൂർ ഉറ്റചങ്ങാതിയെയും ചതിച്ചു

തന്റെ ഏറ്റവും അടുത്ത കൂട്ടാളിയായ ആഷിഖിനെ പോലും കാശിനോടുള്ള ആർത്തി മൂത്ത് അബ്ദുൾ ഷുക്കൂർ വഞ്ചിച്ചുവെന്നാണ് ചോദ്യം ചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തിയത്. തന്റെ ബിറ്റ്‌കോയിൻ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നാണ് ഷുക്കൂർ ആഷിഖിനെ വിശ്വസിപ്പിച്ചത്. താൻ സ്വന്തമായി ക്രിപ്‌റ്റോ കറൻസി ലോഞ്ച് ചെയ്യാൻ പോവുകയാണെന്നും നുണ പറഞ്ഞു. നിക്ഷേപകരുടെ പണം തിരിച്ചുനൽകാൻ ഇതല്ലാതെ മറ്റുമാർഗ്ഗമില്ലെന്നും ഷുക്കൂർ ആഷിഖിനെ വിശ്വസിപ്പിച്ചു.

ഷുക്കൂർ പറഞ്ഞത് പൂർണമായി വിശ്വസിക്കാൻ ആഷിഖും കൂട്ടരും തയ്യാറായില്ല. ഷുക്കൂറിന്റെ ബിറ്റ്‌കോയിൻ അക്കൗണ്ടിന്റെ പാസ് വേഡ് തേടിപ്പിടിക്കാൻ അവർ തീരുമാനിച്ചു. ഷുക്കൂറിന്റെ അക്കൗണ്ടിൽ ഇപ്പോഴും കോടികളുണ്ടെന്നും പാസ് വേഡ് കിട്ടിയാൽ അത് തങ്ങൾക്ക് കൈക്കലാക്കാമെന്നും ആഷിഖ് കണക്കുകൂട്ടി. ഇതോടെ ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയി ബലമായി പാസ് വേഡ് കൈക്കലാക്കാൻ പദ്ധതി ആസൂത്രണം ചെയ്തു.

ഓഗസ്റ്റ് 12 ന് അബ്ദുൾ ഷക്കീറിനൊപ്പം ആഷിക് ഡെറാഡൂണിലെത്തി ഒരു വാടകവീട് തേടി. എട്ട് ദിവസത്തിന് ശേഷം പ്രേംനഗറിലെ സുധോവാലയിലെ ഒരുവീട്ടിൽ താമസം തുടങ്ങി. സംഘത്തിലെ മറ്റംഗങ്ങൾ ഓഗസ്റ്റ് 25 ന് ഇവർക്കൊപ്പം ചേർന്നു. ഷുക്കൂറിനെ വീട്ടിലേക്ക് തന്ത്രപൂർവം വിളിച്ചുവരുത്തി സംഘം കുടുക്കുകയായിരുന്നു. പാസ് വേഡ് വെളിപ്പെടുത്താൻ ആദ്യം അനുനയം നോക്കിയെങ്കിലും നടപ്പില്ലെന്ന് മനസ്സിലായതോടെ ക്രൂരമായ മർദ്ദനമുറകൾ തുടങ്ങി. കൊടിയ പീഡനം തുടർന്നെങ്കിലും ഷുക്കൂർ പാസ് വേഡ് വെളിപ്പെടുത്തിയില്ല. ഒടുവിൽ ഇയാൾ ബോധരഹിതനായതോടെ കാര്യങ്ങൾ പാളി. പരിഭ്രാന്തരായ സംഘം എങ്ങനെയെങ്കിലും പാസ് വേഡ് കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ ഷുക്കൂറിനെ ആശുപത്രിയിലാക്കാൻ തീരുമാനിച്ചു. തുടർച്ചയായി രണ്ടു ആശുപത്രികളിൽ കൊണ്ടുപോയെങ്കിലും നിരാശയായിരുന്നു ഫലം. ബാലുപൂരിലെ ആദ്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ഷുക്കൂർ മരിച്ചതായി ഡോക്ടർമാർ വിധയെഴുതി. വിശ്വാസം വരാതെ ഡെറാഡൂൺ-മസൂറി റോഡിലെ ഒരു സൂപ്പർ സെപ്‌ഷ്യൊലിറ്റി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, അവിടെയും ഡോക്ടർമാർക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പിടിക്കപ്പെടുമെന്ന ഭീതിയിൽ മൃതദേഹം എമർജൻസി വാർഡിൽ തള്ളിയിട്ട്, വാഹനം ആശുപത്രിക്ക് മുമ്പിൽ ഉപേക്ഷിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു.

മലപ്പുറത്ത് ഷുക്കൂറിനെതിരെ കേസില്ല

കാര്യം കുഴപ്പക്കാരനാണെങ്കിലും, അബ്ദുൾ ഷുക്കൂറിനെതിരെ മലപ്പുറത്ത് കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല. പുലാമന്തോൾ സ്വദേശിയായ ഇയാൾ നിരവധി പേരെ കബളിപ്പിച്ചുവെങ്കിലും മലപ്പുറത്ത് കേസില്ലെന്നതാണ് സവിശേഷത. ഇയാളുടെ ഇരകൾ കൂടുതലും കാസർകോട്ടുകാരായിരുന്നു. തായ്‌ലൻഡിൽ തന്റെ കമ്പനി രജിസ്റ്റർ ചെയ്ത ശേഷം ഷുക്കൂർ നാട്ടിൽ വരുന്നത് അപൂർവമായിരുന്നു.

കഴിഞ്ഞ ദിവസം ബിറ്റ് കോയിൻ ഗ്രൂപ്പുകളിൽ ഷുക്കൂറിന്റെ മരണം സംഭവിച്ചതായി സന്ദേശങ്ങൾ എത്തിയതോടെയാണ് പണം നിക്ഷേപിച്ചവർ പലരും അങ്കലാപ്പിലായത്. ഷുക്കൂർ നടത്തി വന്ന ക്രിപ്‌റ്റോ കറൻസിയുമായി ബന്ധപ്പെട്ട ബിറ്റിസി ബിറ്റ്സ്, ബിറ്റ് ജെറ്റ്‌സ് എന്ന കമ്പനികളിൽ നിക്ഷേപം നടത്തിയവരാണ് മുതലും പലിശയും നഷ്ടമായി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിൽ നിൽക്കുന്നത്. ഇതിനിടെയാണ് തട്ടിപ്പ് നടത്തിയ ആളുടെ മരണ വാർത്ത എത്തുന്നത്്. അബ്ദുൽ ഷുക്കൂറും സഹോദരൻ അഹമ്മദ് ഷറഫുദ്ദീൻ എന്നിവർ ആരംഭിച്ച ബിറ്റിസി ബിറ്റ്സ്, ബിറ്റ് ജെറ്റ്‌സ് എന്നീ കമ്പനികൾ 500 കോടിയോളം രൂപ ബിറ്റ് കോയിൻ ഇടപാടിന്റെ പേരിൽ തട്ടിപ്പ് നടത്തിയതായാണ് ആരോപണം. ആലപ്പുഴ പൊലീസ് മേധാവിക്ക് ഇതു സംബന്ധിച്ച പരാതി കൊടുത്തിരുന്നു.

തട്ടിപ്പ് ഇങ്ങനെ

40000 ത്തോളം പേരെ ബിറ്റ് കോയിൻ ഇടപാടിൽ അംഗങ്ങൾ ആക്കിയാണ് 485 കോടിയുടെ തട്ടിപ്പ് ഷൂക്കൂർ നടത്തിയത്. ഇവർ ലോകത്തെ പലരാജ്യങ്ങളിലും നിന്നും സമാഹരിച്ചിരിക്കുന്ന തുക തന്നെ 1500 കോടിയോളം വരുമെന്നും ഈ തുക തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഇവർ ഉപയോഗപ്പെടുത്തിയതായും ആക്ഷേപം ഉണ്ടായിരുന്നു. ആറുമാസത്തിനുള്ളിൽ നിക്ഷേപ തുക തിരികെ നൽകുമെന്നും അടുത്ത ആറുമാസത്തിനുള്ളിൽ ലാഭം ലഭിക്കുമെന്നും വിശ്വസിപ്പിച്ചാണ് ഡിജിറ്റൽ കറൻസി ഇടപാടിൽ ഇവർ നിക്ഷേപകരെ പങ്കാളികളാക്കിയത്.

ആയിരം കോടി രൂപയുടെ ആസ്തിയുണ്ടെന്നും പാക്കിസ്ഥാൻ ഉൾപ്പെടെ 30 ഓളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് പറഞ്ഞുമാണ് ഇവർ നിക്ഷേപകരിൽ നിന്നും നിക്ഷേപം സ്വീകരിക്കുകയും ഒടുവിൽ വഴിയാധാരമാക്കുകയും ചെയ്തത്. തായ്ലൻഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ബിറ്റിസി ബിറ്റ്സ്, ബിറ്റ് ജെറ്റ്‌സ് എന്ന മൾട്ടിലെവൽ മാർക്കറ്റിങ് കമ്പനികളാണ് വിവാദത്തിൽ പെട്ടത്. ക്രിപ്‌റ്റോ കറൻസി ഇടപാടിൽ വൻ ;ലാഭം ഓഫർ ചെയ്താണ് ഇവർ കോടിക്കണക്കിനു രൂപയുടെ നിക്ഷേപം കേരളത്തിൽ സ്വരൂപിച്ചത്. ലക്ഷങ്ങൾ നിക്ഷേപിച്ചവരുടെ ഒരു ചെയിൻ ഉണ്ടാക്കി ഇവർ വഴി മറ്റുള്ളവരെ ആകർഷിച്ചാണ് തട്ടിപ്പിന്റെ വ്യാപ്തി വലുതാക്കിയത്. ഇതിനിടെയാണ് ഷൂക്കൂറിന്റെ മരണവാർത്ത എത്തിയത്.

കമ്പനി പ്രശ്‌നത്തിലാണ് തുക തിരികെ നൽകാം എന്നാണു അബ്ദുൽ ഷുക്കൂർ എല്ലാവരോടും പറഞ്ഞിരുന്നത്. കഴിഞ്ഞ ജനുവരി അവസാനം തുക തിരികെ ലഭിക്കും എന്നാണ് പറഞ്ഞത്. തുക പക്ഷെ ലഭിച്ചില്ല. ഇവർ സ്വന്തമായി വേർച്വൽ കറൻസി ഇറക്കി. അത് വന്നപ്പോഴാണ് അതിന്റെ മൂല്യത്തിൽ തട്ടിപ്പ് വ്യക്തമായത്. കോയിൻ മൂല്യം പ്രകാരം 10 ലക്ഷം ഇറക്കിയ ആൾക്ക് ഒരു കറൻസി വഴി ലഭിക്കുക വെറും 9 രൂപയാണ്. ലഭിക്കേണ്ടത് 750 രൂപയും. . ഇതോടെയാണ് ഇടപാടുകാർ ഉടക്കിയത്.ബിറ്റ് കോയിൻ ഇടപാടിൽ സ്വരൂപിച്ച കോടികളുമായി അബ്ദുൽ ഷുക്കൂർ ഇന്ത്യ വിട്ടുപോകുമോ എന്ന ഭയം നിക്ഷേപകർക്കുണ്ടായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP