Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാലുമക്കളുടെ അമ്മയായ നഫീസ മുതൽ കശ്മീരി സ്വദേശി രുഖ്‌സാന അഹാൻഗർ വരെ 10 വനിതകൾ കാബൂൾ ജയിലിൽ; ഐഎസ് ഭീകരരുടെ വിധവകളിൽ അഞ്ച് മലയാളി വനിതകൾ; നബീസയെ കൂടാതെ നിമിഷ ഫാത്തിമയും മറിയവും, രഹൈലയും ഷംസിയയും കഴിയുന്നത് കാബൂളിലെ ബദാംബാഗ് ജയിലിൽ; ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിൽ അന്തിമ തീരുമാനമെടുക്കാതെ കേന്ദ്ര സർക്കാർ; വനിതകളിൽ ഏറെയും ജിഹാദി ആശയങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നതായും സൂചന

നാലുമക്കളുടെ അമ്മയായ നഫീസ മുതൽ കശ്മീരി സ്വദേശി രുഖ്‌സാന അഹാൻഗർ വരെ 10 വനിതകൾ കാബൂൾ ജയിലിൽ; ഐഎസ് ഭീകരരുടെ വിധവകളിൽ അഞ്ച് മലയാളി വനിതകൾ; നബീസയെ കൂടാതെ നിമിഷ ഫാത്തിമയും മറിയവും, രഹൈലയും ഷംസിയയും കഴിയുന്നത് കാബൂളിലെ ബദാംബാഗ് ജയിലിൽ; ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിൽ അന്തിമ തീരുമാനമെടുക്കാതെ കേന്ദ്ര സർക്കാർ; വനിതകളിൽ ഏറെയും ജിഹാദി ആശയങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നതായും സൂചന

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : ഐസിസിൽ ചേരാനായി രാജ്യം വിട്ട മലയാളി വനിതകൾ അടക്കം 10 ഇന്ത്യാക്കാർ അഫ്ഗാനിസ്ഥാൻ ജയിലിൽ. ഐഎസ് ഭീകരരുടെ വിധവകളായ 10 പേരാണ് കാബൂളിലെ ബദാംബാഗ് ജയിലിലുള്ളത്. കണ്ണൂർ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമ, കൊച്ചി സ്വദേശി മറിയം എന്ന മെറിൻ ജേക്കബ് പാലത്ത്, രഹൈല, ഷംസിയ, എന്നിവർ കാബുൾ ജയിലിൽ ഉണ്ടെന്നാണ് വിവരം. ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് വിചാരണനടപടികൾക്ക് വിധേയമാക്കണോ, അഫ്ഗാൻ നിയമപ്രകാരം അവിടെ നിയമനടപടികൾ നേരിടണമോ എന്ന കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടില്ല.

നഫീസ അത്തിയക്കം

തന്റെ നാലാമത്തെ കുട്ടിയെ ഗർഭിണിയായിരിക്കുമ്പോഴാണ് കണ്ണൂർ സ്വദേശിയായ നഫീസ ഭർത്താവിന്റെ ബന്ധുക്കൾക്കൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് അഞ്ച് വർഷം മുമ്പ് തിരിച്ചത്. ഇപ്പോൾ ആ ഗ്രൂപ്പിൽ അവശേഷിക്കുന്നത് നഫീസ മാത്രമാണ്. ഇവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളെ കുറിച്ച് വിവരമൊന്നുമില്ല.

നിമിഷ

ഐസിസിൽ ചേർന്ന് മതം മാറി ഫാത്തിമ എന്ന പേര് സ്വീകരിച്ച തിരുവനന്തപുരം ആറ്റുകാൽ സ്വദേശിനി നിമിഷയും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. നിമിഷയെ പാലക്കാട് സ്വദേശി ഗ്രേസിയുടെ മകൻ ബെക്‌സിൻ വിൻസെന്റാണ് വിവാഹം കഴിച്ചിരുന്നത്. ഐസിസിൽ ചേർന്ന ഇയാൾ ഈസ എന്ന പേര് സ്വീകരിച്ചായിരുന്നു ഭീകരപ്രവർത്തനം നടത്തിയിരുന്നത്. അഫ്ഗാൻ സേനക്ക് മുന്നിൽ കീഴടങ്ങിയ ഐസിസ് ഭീകരരിൽ ഈസയും ഉണ്ടെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു, ഇവരടങ്ങിയ ഫോട്ടോ അഫ്ഗാൻ സേന ഇന്ത്യക്ക് കൈമാറിയതിനെ തുടർന്ന് ഇവരെ തിരിച്ചറിയുന്നതിനായി എൻഐഎ ഇവർക്ക് മുമ്പിലേക്ക് ഈ ഫോട്ടോയെത്തിക്കുകയും ചെയ്തിരുന്നു. എൻഐഎ കാണിച്ച ഫോട്ടോയിൽ തന്റെ കൊച്ചുമകളായ ഉമ്മക്കുൽസുവിനെ ബിന്ദു തിരിച്ചറിഞ്ഞുവെന്ന റിപ്പോർട്ടും പുറത്ത് വന്നിരുന്നു. ബുർഖാ ധാരികളായ ആ മുസ്ലിം സ്ത്രീകൾക്കിടയിൽ തന്റെ മകൾ നിമിഷ എന്ന ഫാത്തിമ കൂടിയുണ്ടെന്ന് ബിന്ദു തിരിച്ചറിയുകയും ചെയ്തിരുന്നു.

തടവിലുള്ളവരെ ഇന്ത്യയിൽ എത്തിച്ചാലേ കേസ് അന്വേഷണം നടക്കൂവെന്ന് നിമിഷയുടെ അമ്മ ബിന്ദു പറഞ്ഞു. ഇവർ മതം മാറിയത് എങ്ങനെയെന്ന് പുറത്തുവരണമെങ്കിൽ ഇന്ത്യയിൽ അന്വേഷണം വേണമെന്നും ബിന്ദു വ്യക്തമാക്കി.

ബിന്ദുവിന്റെ രണ്ടു മക്കളിൽ ഏക പെൺ തരിയാണ് നിമിഷ എന്ന പേരിനു പകരം ഫാത്തിമ എന്ന് പേര് സ്വീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് എത്തിപ്പെടാൻ യാത്ര തിരിച്ചത്. 2016-ലാണ് ഇവർ ശ്രീലങ്ക വഴി അഫ്ഗാനിലേക്ക് കടന്നത്. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിൽ അവസാനവർഷ ബി.ഡി.എസ്. വിദ്യാർത്ഥിനിയായിരിക്കെയാണ് ഫാത്തിമ എന്ന പേര് സ്വീകരിച്ച് നിമിഷ അമ്മ ബിന്ദുവിനെയും കുടുംബത്തേയും ഉപേക്ഷിച്ച് കടൽ കടക്കുന്നത്.

അന്ന് നിമിഷയുടെ ഭർത്താവായി മാറിയത് ഗ്രേസിയുടെ മകനായ ഈസയും. നദ്വത്തുൽ മുജാഹിദീന്റെ സജീവപ്രവർത്തകരായ ആയിശ, മറിയ എന്നിവർ വഴി പരിചയപ്പെട്ട ബെക്‌സൻ വിൻസെന്റ് എന്ന ഗ്രേസിയുടെ മകനാണ് ഈസ എന്ന് പേര് സ്വീകരിച്ച് ഇസ്ലാമിലേക്ക് മതം മാറുന്നത്. ഈ ഈസയാണ് നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. നിമിഷ ഫാത്തിമയാകുന്നത് അമ്മയായ ബിന്ദുവും കുടുംബവും അറിയാതിരിക്കുന്നത് പോലെസ് ബെക്‌സൻ വിൻസെന്റ് എന്ന ഈസ മതം മാറിയത് അമ്മയായ ഗ്രേസി അറിഞ്ഞിരുന്നില്ല. സമാനദുഃഖിതരുടെ ഈ കൂട്ടായ്മ പിന്നീട് ഇവരുടെ മോചനത്തിനും വാർത്തകൾക്കും വേണ്ടി കാത്തിരിക്കുകയായിരുന്നു. ഏതായാലും നിമിഷയുടെ കുട്ടിയെ കുറിച്ച് വിവരമൊന്നുമില്ല

മെറിൻ ജേക്കബ്-മറിയം

കൊച്ചി സ്വദേശിയായ മെറിൻ ജേക്കബ് പാലത്താണ് മറ്റൊരാൾ. അബ്ദുൾ റാഷിദിന്റെ വലയിൽ പെട്ടതിന് ശേഷം ബെക്‌സിൻ വിൻസന്റിന്റെ സഹോദരൻ ബെസ്റ്റിൻ വിൻസന്റിനെ വിവാഹം ചെയ്തതിനെ തുടർന്നതോടെയാണ് മറിയം എന്ന പേര് സ്വീകരിച്ചത്. തുടർന്ന് സംഘം അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചു.ഭർത്താവ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് മറിയം റാഷിദിനെ വിവാഹം കഴിച്ചെങ്കിലും വിധവയാകാനായിരുന്നു വിധി. ഇവർക്കൊപ്പം ആയിഷ എന്ന പേരുസ്വീകരിച്ച റാഷിദിന്റെ മുൻ ഭാര്യ സോണിയ സെബാസ്റ്റ്യനുമുണ്ടായിരുന്നു.

സ്‌കൂൾ വിദ്യാഭ്യാസകാലം മുതൽ സഹോദരന്റെ കൂട്ടുകാരനായ ബെസ്റ്റിൻ വിൻസെന്റിനെ മെറിന് അറിയാം. അന്നുമുതൽ മെറിന് ഇയാളോട് പ്രണയമുണ്ടായിരുന്നു എന്നാണ് സൂചന. പിന്നീട് മെറിന് എറണാകുളം സെന്റ് തെരേസാസ് കോളജിൽവിദ്യാർത്ഥിനിയായിരിക്കുമ്പോൾ ഇവർ തമ്മിൽ യാതൊരു ബന്ധവുമില്ലായിരുന്നു. കോളേജ് പഠനം പൂർത്തിയാക്കിയ മെറിന് ഐബിഎം കമ്പനിയിൽ കാമ്പസ് സെലക്ഷൻ കിട്ടി. ജോലിക്കു മുൻപുള്ള ട്രെയ്നിംഗിനായി മെറിൻ മുംൈബയിൽ എത്തിയപ്പോഴാണ് പഴയ കളിക്കൂട്ടുകാരനുമായി വീണ്ടും ബന്ധത്തിലാവുന്നത്.

ഇവിടെനിന്നും അവധിക്കു വിട്ടിൽ വന്ന മെറിൻ ഇസൽമിക രീതിയിലുള്ള പ്രാർത്ഥനകൾ മറ്റും ചെയുന്നതു കണ്ടു വീട്ടുകാർ ഞെട്ടി. എന്നാൽ ബെസ്റ്റിൻ മുംബൈയിലുള്ള കാര്യം വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. പിന്നീടു ബെസ്റ്റിനെ കല്യാണം കഴിക്കണമെന്നുള്ള വാദം മെറിൻ ഇവരുടെ മുൻപിൽ വച്ചു. ഒപ്പം ബെസ്റ്റിൻ മതം മാറിയ വിവരവും വീട്ടിൽ മെറിൻ അറിയിച്ചു. ഈ ബന്ധത്തിൽനിന്നും മെറിൻ മാറില്ലെന്നു മനസിലായ മെറിന്റെ പിതാവ് വിവാഹം നടത്തിക്കൊടുക്കാമെന്നുള്ള തിരുമാനത്തിൽ പാലക്കാട്ടുള്ള ബെസ്റ്റിന്റെ വിട്ടിൽ എത്തി. എന്നാൽ അവിടെ നിന്നറിഞ്ഞ കാര്യങ്ങളിൽ പന്തികേട് തോന്നിയ മെറിന്റെ.പിതാവ് ജേക്കബ് കല്യാണം നടക്കില്ലെന്നു മെറിനോട്.പറഞ്ഞു. എന്നാൽ തനിക്കിനി വേറെ വിവാഹം നടക്കില്ലെന്നും മതം മാറി യഹ്യയായ ബെസ്റ്റിനുമായി ഒരു വർഷം വിവാഹം മുൻപ് രജിസ്റ്റർ ചെയ്തതാണെന്നും മെറിൻ അറിയിച്ചു.

മകളുടെ മാറ്റം കണ്ട വീട്ടുകാർ മുംബൈയിലെ ട്രെയിനിങ് നിർത്തിച്ചു മെറിനെ നാട്ടിൽ കൊണ്ടുവന്നുവെങ്കിലും ഇവിടെനിന്നു പിന്നീടും മെറിൻ മുംബൈ നഗരത്തിൽ എത്തി. പിന്നീടും മെറിൻ വീട്ടിലേക്കു പലതവണ ഫോൺ ചെയ്തു വിശേഷങ്ങൾ തിരക്കിയിരുന്നു. എന്നാൽ റംസാൻ ആയപ്പോൾ മെറിന്റെ വിവരങ്ങൾ ഒന്നും ഉണ്ടായില്ല. റംസാൻ നോമ്പ് തുടങ്ങുന്നതിനു മുൻപു വരെ വീട്ടിലേക്കു മെറിൻ വിളിക്കാറുണ്ടായിരുന്നു. അതിനു ശേഷം ബന്ധമൊന്നും ഇല്ലാതായി. വിളിച്ചിരുന്ന നമ്പറുകളിൽ തിരിച്ചുവിളിച്ചിട്ടും കിട്ടാതായപ്പോൾ മെറിനൊപ്പം മുംബൈയിൽ ജോലി ചെയ്തിരുന്ന പൂനം എന്ന സുഹൃത്തിനെ വീട്ടുകാർ ബന്ധപ്പെട്ടു.

എന്നാൽ വിവരമൊന്നുമില്ലെന്നായിരുന്നു പൂനത്തിന്റെയും മറുപടി. ബെസ്റ്റിൻ മെറിനേ കാണാൻ പലതവണ വരാറുണ്ടെന്നും ഇസ്ലാമിക് കാര്യങ്ങളിലാണ് മെറിൻ താല്പര്യം കാണിച്ചതെന്നും ഐഎസ് വിഡിയോകൾ കാണുന്ന പതിവ് മെറിനുണ്ടായിരുന്നതായും സുഹൃത്തു പറഞ്ഞു. അവനോടൊപ്പം ആയിരിക്കും മെറിൻ എന്ന് പറഞ്ഞപ്പോഴാണ് കാര്യങ്ങൾ കൈവിട്ട കാര്യം വീട്ടുകാരും അറിയുന്നത്

റഹൈല പുരയിൽ

കാസർകോഡ് നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയ ഇജാസ് പുരയിലിന്റെ ഭാര്യ റഹൈല പുരയിലാണ് കാബൂളിലെ ജയിലിൽ കഴിയുന്ന മറ്റൊരാൾ.

ഷംസിയ പുരയിൽ

ഇജാസ് പുരയിലിന്റെ സഹോദരൻ ഷിയാസ് പുരയിലിന്റെ ഭാര്യ ഷംസിയ പുരയിലും ജയിലിലുണ്ട്. അഫ്ഗാനിസ്ഥാനിലേക്ക് തിരിക്കും മുമ്പ്
ഷംസിയ കൈക്കുഞ്ഞിന്റെ അമ്മയായിരുന്നു. തന്റെ രണ്ടുമക്കൾ ഇജാസും ഷിയാസും അബ്ദുൾ റാഷിദിന്റെ ജിഹാദി പ്രചാരണത്തിൽ വീണുപോയെന്ന് ഇജാസിന്റെ പിതാവ് അബ്ദുൾ റഹ്മാൻ പറഞ്ഞു.

കഴിഞ്ഞ മാസം നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവിനെ കാണാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ എത്തിയിരുന്നു, ഒരുസംഘം വനിതകളുടെ കൂട്ടത്തിൽ നിന്ന് മകളെ ചൂണ്ടിക്കാട്ടാൻ ആവശ്യപ്പെട്ടു. തന്റെ മകൾ വൈകാതെ മടങ്ങിവരും എന്നാണ് ബിന്ദുവിന്റെ പ്രതീക്ഷ. ഡെന്റൽ കോളേജ് ഹോസ്റ്റലിൽ നിമിഷയുടെ റൂംമേറ്റാണ് അവളെ വഴിതെറ്റിച്ചതെന്നാണ് ബിന്ദു ആരോപിക്കുന്നത്. എന്നാൽ, മെറിൻ ജേക്കബിന്റെ പിതാവ് കെ.എ.ജേക്കബ് തനിക്ക് ഇക്കാര്യത്തിൽ സർക്കാരിൽ നിന്ന് വിവരമൊന്നും കിട്ടിയില്ലെന്നുപറയുന്നു. മകൾ മടങ്ങി വരുമെന്നാണ് അദ്ദേഹത്തിന്റെയും പ്രതീക്ഷ

ഐഎസ് ഭീകരരുടെ വിധവകളുടെ സാഹചര്യങ്ങളിൽ ആശങ്കയുണ്ടെങ്കിലും, അവരിൽ പലരും ജിഹാദി ആശയങ്ങളോട് ഇപ്പോഴും ചേർന്ന് നിൽക്കുന്നുവെന്നാണ് ഇന്റലിജൻസ് ഏജൻസികൾ പറയുന്നത്. എഐഎയും ഇന്റലിജൻസ് ഏജൻസികളും കഴിഞ്ഞ മാസം ഈ സ്ത്രീകളുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് അവർ ഇപ്പോഴും തങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നതായി അറിഞ്ഞത്. ഇസ്ലാമിക് സ്റ്റേറ്റിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത സംഘത്തലവൻ തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്ദുൽ റാഷിദ് അബ്ദുള്ളയുടെ ഭാര്യ സോണിയ എന്ന ആയിഷയ്ക്കും മകൾ സാറയ്ക്കും എന്തു സംഭവിച്ചുവെന്നതിൽ ഇനിയും ആർക്കും വ്യക്തതയില്ല. റാഷിദ് അബ്ദുള്ള അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നു സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. റാഷിദിനൊപ്പം ഐസിസ് കേന്ദ്രത്തിലായിരുന്ന ഭാര്യയും മകളും കൊല്ലപ്പെട്ടുവെന്ന വിലയിരുത്തലും സജീവമാണ്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഇന്ത്യൻ ഏജൻസികൾക്ക് ഇനിയു കഴിഞ്ഞിട്ടില്ല.
നാലുമക്കളുടെ അമ്മയായ നഫീസ അതിയാക്കം മുതൽ കശ്മീരി സ്വദേശി രുഖ്‌സാന അഹാൻഗർ വരെ 10 യുവതികളാണ് ജിഹാദി പ്രവർത്തനത്തിനായി രാജ്യം വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP