Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

16 കിലോ കഞ്ചാവുമായി അറസ്റ്റിലായത് ഫുട്‌ബോൾ താരങ്ങളായ വളാഞ്ചേരി പാക്കിസ്ഥാൻ കോളനിയിൽ ഫിറോസും ഷെഫീഖും; വിജയവാഡയിൽ നിന്നും ട്രെയിനിൽ എറണാകുളത്ത് എത്തിച്ച് മൊത്തക്കച്ചവടക്കാർക്കു കൈമാറിയാൽ ഇവർക്കു ലഭിക്കുന്ന കടത്തുകൂലി പതിനായിരം രൂപ; പ്രതികളെ കുടുക്കിയത് 'കണക്ട് മി ടു കമ്മിഷണർ' ഫോൺ നമ്പറിൽ ലഭിച്ച രഹസ്യ സന്ദേശം

16 കിലോ കഞ്ചാവുമായി അറസ്റ്റിലായത് ഫുട്‌ബോൾ താരങ്ങളായ വളാഞ്ചേരി പാക്കിസ്ഥാൻ കോളനിയിൽ ഫിറോസും ഷെഫീഖും; വിജയവാഡയിൽ നിന്നും ട്രെയിനിൽ എറണാകുളത്ത് എത്തിച്ച് മൊത്തക്കച്ചവടക്കാർക്കു കൈമാറിയാൽ ഇവർക്കു ലഭിക്കുന്ന കടത്തുകൂലി പതിനായിരം രൂപ; പ്രതികളെ കുടുക്കിയത് 'കണക്ട് മി ടു കമ്മിഷണർ' ഫോൺ നമ്പറിൽ ലഭിച്ച രഹസ്യ സന്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിലെ കഞ്ചാവു കള്ളക്കടത്തിന് പുതിയ മുഖം നൽകിയ സെലബ്രിറ്റികളെ ഉപയോഗപ്പെടുത്തലും പതിവാണ്. യുവതികളെ ഉപയോഗിച്ചുള്ള കഞ്ചാവു കടത്തിന് പിന്നാലെ ഫുട്‌ബോൾ താരങ്ങളും ഈ മാഫിയയുടെ ഭാഗമായെന്ന വിവരമാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം 16 കിലോ കഞ്ചാവുമായി ഫുട്‌ബോൾ താരങ്ങൾ അറസ്റ്റിലായതോടെ പുറത്തുവന്നത് കഞ്ചാവ് കള്ളക്കടത്തിന്റെ പുതുവഴികളാണ്. അണ്ടർ 19 കേരള ടീം അംഗമായിരുന്ന മലപ്പുറം വളാഞ്ചേരി പാക്കിസ്ഥാൻ കോളനി കളംബം കൊട്ടാരത്തിൽ വീട്ടിൽ ഷെഫീഖ് (24), അണ്ടർ 16 പാലക്കാട് ജില്ലാ ടീം അംഗമായിരുന്ന വളാഞ്ചേരി പഴയചന്ത ഭാഗത്തുകൊണ്ടായത് വീട്ടിൽ ഫിറോസ് (24) എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്ച രാത്രി കഞ്ചാവുമായി നോർത്ത് പൊലീസിന്റെ പിടിയിലായത്. ഇവർ നിലവിൽ സെവൻസ് ഫുട്‌ബോൾ കളിക്കാരാണെന്നും പൊലീസ് അറിയിച്ചു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. ആന്ധ്ര വിജയവാഡയിൽനിന്നു ട്രെയിനിൽ എറണാകുളത്ത് എത്തിച്ച്, മൊത്തക്കച്ചവടക്കാർക്കു കൈമാറുകയാണ് ഇവരുടെ പതിവെന്നാണ് പൊലീസ് വ്യക്തമാക്കിയത്. കഞ്ചാവുമായി ഇവർ കലൂർ ബസ് സ്റ്റാൻഡിൽ നിൽക്കവേയാണ് ഇരുവരും പിടിയിലായത്.

സിറ്റി പൊലീസ് കമ്മിഷണർ എസ്.സുരേന്ദ്രന്റെ 'കണക്ട് മി ടു കമ്മിഷണർ' ഫോൺ നമ്പറിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ 2 ദിവസമായി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിരീക്ഷണം നടത്തിയിരുന്നു. ഇതിൽ ലഭിച്ച വിവരമാണ് നിർണായകമായത്. ആന്ധ്രയിൽനിന്നു വൻതോതിൽ കഞ്ചാവെത്തിച്ചു വിതരണം ചെയ്യുന്ന മലപ്പുറം സ്വദേശിക്കു വേണ്ടിയാണ് ഇവർ കഞ്ചാവ് കടത്തിയത്. ഏറെ പണിപ്പെട്ടാണു ഇരുവരെയും കീഴ്‌പ്പെടുത്തിയത്.

കഞ്ചാവ് എറണാകുളത്തെത്തിക്കുന്നതിന് 10,000 രൂപയാണു കൂലി. മുൻപും ഇവർ കേരളത്തിലേക്കു കഞ്ചാവ് കടത്തിയതായി സംശയിക്കുന്നു. ആന്ധ്രയിൽ കിലോയ്ക്ക് 5,000 രൂപയ്ക്കു കിട്ടുന്ന കഞ്ചാവിന് ഇവിടെ മൊത്തവില 30,000 രൂപയോളം ലഭിക്കും. ചില്ലറ വിൽപനക്കാർക്കു കിലോയ്ക്ക് ഒരു ലക്ഷം രൂപ വരെ ലഭിക്കുന്നുണ്ട്. സിറ്റി ഡിസിപി ജെ.ഹിമേന്ദ്രനാഥിന്റെ നിർദേശപ്രകാരം അസി. കമ്മിഷണർ പി.എസ്.സുരേഷ് കുമാർ, നോർത്ത് എസ്‌ഐ അനസ്, എസ്‌ഐ ഉണ്ണികൃഷ്ണൻ, എഎസ്‌ഐ ശ്രീകുമാർ, വിനോദ് കൃഷ്ണ, അജിലേഷ്, സിനീഷ്, ഫെബിൻ, വിജേഷ്, ഡ്രൈവർ ജോമോൻ എന്നിവർ ചേർന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP