Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിയർ പാർലറിലെ വാക്കേറ്റം റോഡിലേക്കും; കാറിന്റെ ചില്ല് തകർത്ത യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ക്രൂരമർദനം; മദ്യലഹരിയിൽ വിട്ടയയ്ക്കാൻ മോചനദ്രവ്യവും ആവശ്യപ്പെട്ടു; അടൂരിൽ രണ്ടു യുവാക്കൾ കിഡ്‌നാപ്പിങ്ങിനു പിടിയിലായത് ഇങ്ങനെ

ബിയർ പാർലറിലെ വാക്കേറ്റം റോഡിലേക്കും; കാറിന്റെ ചില്ല് തകർത്ത യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ക്രൂരമർദനം; മദ്യലഹരിയിൽ വിട്ടയയ്ക്കാൻ മോചനദ്രവ്യവും ആവശ്യപ്പെട്ടു; അടൂരിൽ രണ്ടു യുവാക്കൾ കിഡ്‌നാപ്പിങ്ങിനു പിടിയിലായത് ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ബിയർ പാർലറിൽ ബിയർ കുടിക്കുന്നതിനിടെയുണ്ടായ പ്രശ്‌നത്തിന്റെ പേരിൽ പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് അടിച്ചുതകർത്ത യുവാവിനെ ഇതേ കാറിൽ തന്നെ തട്ടിക്കൊണ്ടുപോയി വീട്ടുതടങ്കലിലാക്കി ക്രൂരമായി മർദിച്ചു. തടങ്കലിൽ നിന്ന് മോചിപ്പിക്കുന്നതിന് യുവാവിന്റെ അനുജനെ വിളിച്ച് 15,000 രൂപ ആവശ്യപ്പെട്ടു.

മോചനദ്രവ്യവുമായി വന്നവർ പിടികൂടി ഇടിക്കുമെന്നായപ്പോൾ കിഡ്‌നാപ്പിങ്ങുകാർ ജീവനും കൊണ്ടു പറന്നു. പോകുന്ന വഴിയിൽ ബൈക്ക് മറിഞ്ഞ് പൊലീസ് പിടിയിലുമായി. ഒരു രാത്രി മുഴുവൻ നീണ്ടുനിന്ന സംഭവബഹുലമായ ഒരു കിഡ്‌നാപ്പിങ്ങ് അവസാനിച്ചത് ഇങ്ങനെയാണ്.
എം.സി റോഡിൽ ഏനാത്ത് ജങ്ഷനിലുള്ള മിഥുന ബിയർ പാർലറിൽ തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഇവിടെ അടുത്തടുത്ത രണ്ടു മേശകളിലായിരുന്ന് ബിയർ കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു ഏനാത്ത് പടിഞ്ഞാറേക്കര കൊച്ചുവിളയിൽ രമേശ് രവി (35), പട്ടാഴി തെക്കേത്തേതിൽ ഉണ്ണി വിലാസം ഉല്ലാസ് (29), ഏനാത്ത് പ്രാവുപള്ളി മൈപ്പുശേരിൽ അനീഷ് എന്നിവർ. അനീഷ് കഴിച്ചു കൊണ്ടിരുന്ന ബിയർ രമേശും ഉല്ലാസും എടുത്തു കൊണ്ടുപോയി.

ഇതു ചോദ്യം ചെയ്ത അനീഷിനെ ഇരുവരും ചേർന്നു മർദിച്ചു. പുറത്തിറങ്ങിയ അനീഷ്, രമേശും ഉല്ലാസും വന്ന മാരുതി വാനിന്റെ ചില്ല് അടിച്ചു തകർത്തു. ഇതു കണ്ടു വന്ന ഇരുവരും അനീഷിനെ പിടിച്ച് കാറിനുള്ളിൽ കയറ്റിക്കൊണ്ട് ദേശക്കല്ലുംമൂട്ടിൽ ഉല്ലാസ് താമസിക്കുന്ന വാടക വീട്ടിൽ എത്തിച്ച് മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദിക്കുകയായിരുന്നു. മർദനത്തിനു ശേഷം അനീഷിന്റെ സഹോദരനെ വിളിച്ച് കാര്യം പറഞ്ഞു. മോചനദ്രവ്യമായി 15,000 രൂപ കൊണ്ടുവരാൻ ആവശ്യപ്പെട്ടു.

ആറാട്ടുപുഴ പാലത്തിന് സമീപം ഒറ്റയ്ക്ക് പണം എത്തിക്കാനാണ് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് അനീഷിന്റെ സഹോദരനും കൂട്ടുകാരും ഇവിടെ പണവുമായി എത്തി. കൂട്ടുകാർ മറഞ്ഞു നിൽക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ രണ്ടരയോടെ പണം വാങ്ങാൻ ബൈക്കിൽ എത്തിയ രമേശും ഉല്ലാസും ആൾക്കാർ കൂടുതലുണ്ടെന്ന് മനസിലാക്കി ബൈക്ക് തിരിച്ചു വിട്ടു. അനീഷിന്റെ സഹോദരനും കൂട്ടുകാരും ഇവരെ പിന്തുടർന്നു. നാലു കിലോമീറ്ററിന് അപ്പുറം വച്ച് ഉല്ലാസും രമേശും സഞ്ചരിച്ചിരുന്ന ബൈക്ക് സമീപത്തെ കൈയാലയിൽ ഇടിച്ചു കയറി. തെറിച്ചു വീണ ഇവരുടെ ശരീരത്തിൽ കൈയാലയിലുണ്ടായിരുന്ന മുള്ളുവേലി കുരുങ്ങി. പിന്നാലെ എത്തിയവർ ഇവരെ പിടികൂടി മർദിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഏനാത്ത് എസ്.ഐ മോഹൻബാബു അതു വഴി വന്നു.

ഇദ്ദേഹം പ്രതികളെ കസ്റ്റഡിയിലെടുത്ത് ദേശക്കല്ലുംമൂട്ടിലെ വീട്ടിൽ കൊണ്ടുപോയാണ് അനീഷിനെ മോചിപ്പിച്ചത്. അടിപിടിക്കിടെ അനീഷിന്റെ കൈവശം ഉണ്ടായിരുന്ന 3000 രൂപയും മൊബൈൽ ഫോണും നഷ്ടമായിരുന്നു. മുള്ളുവേലി കുരുങ്ങി ശരീരമാസകലം മുറിവ് പറ്റിയ പ്രതികൾക്ക് ചികിൽസ നൽകിയ ശേഷം റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP