Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മദ്യപിക്കാൻ ക്ഷണിച്ചു; ഫോൺ പിടിച്ചുവാങ്ങി; ഷൊർണൂരെത്തിയപ്പോൾ തലയ്ക്കടിച്ച് അഞ്ചു ലക്ഷം കവർന്നു; ഇന്നലെ രാത്രി അമൃത എക്സ്‌പ്രസിലുണ്ടായത് കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത ട്രെയിൻ കവർച്ച

മദ്യപിക്കാൻ ക്ഷണിച്ചു; ഫോൺ പിടിച്ചുവാങ്ങി; ഷൊർണൂരെത്തിയപ്പോൾ തലയ്ക്കടിച്ച് അഞ്ചു ലക്ഷം കവർന്നു; ഇന്നലെ രാത്രി അമൃത എക്സ്‌പ്രസിലുണ്ടായത് കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത ട്രെയിൻ കവർച്ച

ഷൊർണൂർ: കേരളത്തിൽ ഇന്നോളം കേട്ടിട്ടില്ലാത്ത ട്രെയിൻ കവർച്ചയാണ് ഇന്നലെ രാത്രി പാലക്കാട്ടുനിന്നു തിരുവനന്തപുരത്തേക്കു തിരിച്ച അമൃത എക്സ്‌പ്രസിലുണ്ടായത്. തൃശൂർ മണ്ണുത്തി ചിറമ്മേൽ ഫ്രാൻസിസിന്റെ മകൻ വിപിൻ ഫ്രാൻസിസാ(26)ണു കവർച്ചയ്ക്കിരയായത്. പാലക്കാട്ടുനിന്നു തൃശൂരിലേക്കു രാത്രിയുള്ള അമൃത എക്സ്‌പ്രസിലെ ജനറൽ കംപാർട്‌മെന്റിൽ സഞ്ചരിക്കുകയായിരുന്ന വിപിന്റെ അഞ്ചുലക്ഷം രൂപയും മൊബൈൽ ഫോണുകൾ അടക്കം കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടമായി.

ഇന്നലെ രാത്രി പതിനൊന്നു മണിയോടെയായിരുന്നു ഷൊർണൂർ റെയിൽവേസ്‌റ്റേഷനിൽവച്ചു മറ്റു യാത്രക്കാർ നോക്കി നിൽക്കേ അക്രമിസംഘം വിപിന്റെ തലയ്ക്കടിച്ചു കവർച്ച നടത്തിയത്. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്തു മണ്ണൂത്തിയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു വിപിൻ. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് 2.50നുള്ള ചെന്നൈ മെയിലിലാണു യാത്രതിരിച്ചത്. ഉറങ്ങിയതിനാൽ തൃശൂരിൽ ഇറങ്ങാനായില്ല. പാലക്കാട് ഇറങ്ങി രാത്രിയുള്ള അമൃത എക്സ്‌പ്രസിൽ തൃശൂരിൽവന്നു വീട്ടിലേക്കു പോകാനായിരുന്നു വിപിന്റെ പദ്ധതി.

എൻജിനു തൊട്ടുപിന്നിലുള്ള ലോക്കൽ കംപാർട്‌മെന്റിലാണു വിപിൻ കയറിയത്. പാലക്കാട് വിട്ട ഉടനെ അടുത്തിരുന്ന മൂന്നു പേർ വിപിനോടു മദ്യം വേണോ എന്നു ചോദിച്ചു. വേണ്ടെന്നു പറഞ്ഞ് അൽപസമയം കഴിഞ്ഞപ്പോൾ വിപിന്റെ കൈയിൽനിന്നു ഫോൺ ചോദിച്ചുവാങ്ങി. അന്തരീക്ഷം പന്തിയല്ലെന്നു കണ്ട വിപിൻ ഫോൺ തിരികെ ചോദിച്ചു. അപ്പോഴേക്കു ട്രെയിൻ ഷൊർണൂരിൽ എത്താറായിരുന്നു. ട്രെയിൻ സ്‌റ്റേഷനു തൊട്ടുമുമ്പുള്ള ഔട്ടറിൽ നിർത്തിയപ്പോൾ വിപിന്റെ കൈയിലുണ്ടായിരുന്ന പണം അടങ്ങിയ ബാഗുമായി സംഘം രക്ഷപ്പെടാൻ ശ്രമിച്ചു. ബാഗ് മുറുകെ പിടിച്ച് പിന്നിലെ കംപാർട്‌മെന്റിലേക്കു മാറിക്കയറാൻ പുറത്തിറങ്ങിയപ്പോൾ സംഘവും പിന്നാലെ ഇറങ്ങുകയായിരുന്നു. ഇവർ കൈകൊണ്ടു വിപിന്റെ തലയ്ക്കടിച്ചു. കംപാർട്‌മെന്റിൽനിന്നു പുറത്തേക്കിറങ്ങുന്നതിനിടെ തലയ്ക്കടിയേറ്റ വിപിൻ അവിടെ വീണു.

ഇതിനിടെ അക്രമികളിലൊരാൾ സമീപത്തുകിടന്ന കല്ലുകൊണ്ട് വിപിന്റെ തലയിലും നെറ്റിയിലും ഇടിച്ചു പരുക്കേൽപിച്ചു. സുഹൃത്തുക്കൾ തമ്മിലുള്ള വഴക്കാണെന്നു കരുതി ട്രെയിനിലുണ്ടായിരുന്ന മറ്റു യാത്രക്കാർ ഇടപെട്ടില്ല. ബാഗ് കൈയിൽ കിട്ടിയതോടെ അക്രമിംസംഘം സ്ഥലം വിട്ടു. ട്രെയിൻ ഔട്ടറിൽനിന്ന് എടുക്കാറായപ്പോൾ വിപിൻ ഓടിവന്നു കയറുകയായിരുന്നു. വിപിൻ വന്നു പറഞ്ഞുകഴിഞ്ഞാണു യാത്രക്കാർ സംഭവത്തിന്റെ നിജസ്ഥിതി അറിഞ്ഞത്. അപ്പോഴേക്കു അക്രമികൾ രക്ഷപ്പെട്ടിരുന്നു. ഷൊർണൂരിലെത്തിയപ്പോൾ വിപിൻ കാര്യം റെയിൽവേ പൊലീസിനെ അറിയിക്കുകയായിരുന്നു.

വിപിൻ നൽകിയ വിവരമനുസരിച്ച് ഷൊർണൂരിൽനിന്നുതന്നെ ഒരാളെ പൊലീസ് പിടികൂടി. മറ്റു രണ്ടുപേർ ഷൊർണൂരിൽനിന്നു കൊച്ചിയിലേക്കു ടാക്‌സി പിടിച്ചുപോയതായി വിവരം ലഭിച്ചു. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. തൃശൂരിലെ ഒരു മെഡിക്കൽ ഷാപ്പ് ഉടമയ്ക്കു നൽകാൻ തിരുവനന്തപുരത്തെ സുഹൃത്ത് വിപിനെ ഏൽപിച്ചതാണ് പണം. പരുക്കേറ്റ വിപിൻ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP