Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് ഐസിസിലുള്ള എട്ട് മലയാളികൾ; കേരളാ കമാണ്ടർ അബ്ദുൽ റാഷിദും ഭാര്യ സോണിയയും മരിച്ചുവെന്ന് സ്ഥിരീകരിക്കാനാവാതെ എൻ ഐ എ; കേന്ദ്ര ഏജൻസി ഉറപ്പിക്കുന്നത് 2016ൽ ഭീകര സംഘടനയ്‌ക്കൊപ്പം ചേർന്ന പടന്നയിലേയും തൃക്കരിപ്പൂരിലേയും പാലാക്കാട്ടേയും യുവാക്കളുടെ മരണം; അബ്ദുൽ റാഷിദിനെ തേടി അന്വേഷണം തുടരുന്നു

അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് ഐസിസിലുള്ള എട്ട് മലയാളികൾ; കേരളാ കമാണ്ടർ അബ്ദുൽ റാഷിദും ഭാര്യ സോണിയയും മരിച്ചുവെന്ന് സ്ഥിരീകരിക്കാനാവാതെ എൻ ഐ എ; കേന്ദ്ര ഏജൻസി ഉറപ്പിക്കുന്നത് 2016ൽ ഭീകര സംഘടനയ്‌ക്കൊപ്പം ചേർന്ന പടന്നയിലേയും തൃക്കരിപ്പൂരിലേയും പാലാക്കാട്ടേയും യുവാക്കളുടെ മരണം; അബ്ദുൽ റാഷിദിനെ തേടി അന്വേഷണം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: കാസർകോടു നിന്ന് രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റി(ഐസിസ്)ലേക്ക് മലയാളികളെ എത്തിച്ച അബ്ദുൽ റാഷിദ് കൊല്ലപ്പെട്ടുവെന്നതിന് സ്ഥിരീകരണമില്ല. ഐസിസിൽ ചേർന്നവരിൽ 8 മലയാളികൾ അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യുടെ സ്ഥിരീകരണം. ഇവരുടെ കേരളത്തിലെ ബന്ധുക്കൾക്ക് ഇതു സംബന്ധിച്ചു നേരത്തെ വിവരം ലഭ്യമായെങ്കിലും എൻഐഎയുടെ സ്ഥിരീകരണം ഇപ്പോളാണുണ്ടാകുന്നത്.

അഫ്ഗാനിസ്ഥാനിലെ കിഴക്കൻ നംഗർഹാർ പ്രവിശ്യയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണു മലയാളികൾ മരിച്ചത്. കൂടുതൽ നടപടികൾക്കായി എൻഐഎ അഫ്ഗാൻ സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്ദുൽ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തിൽ ഐഎസിൽ ചേർന്ന 23 പേരിൽ ഉൾപ്പെട്ടവരാണ് 8 പേരും. അബ്ദുൽ റാഷിദും ഒപ്പമുള്ളവരും ടെലഗ്രാമിലൂടെ പല ഘട്ടങ്ങളായി ബന്ധുക്കളെ അറിയിച്ച മരണങ്ങൾക്കാണ് ഇപ്പോൾ സ്ഥിരീകരണമുണ്ടായത്. അതേ സമയം അബ്ദുൽ റാഷിദ് 2 മാസം മുൻപ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചന പുറത്തു വന്നിരുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കാൻ എൻ ഐ എയ്ക്ക് കഴിഞ്ഞിട്ടില്ല.

പടന്ന സ്വദേശികളായ മുഹമ്മദ് മുർഷിദ്, ഹഫീസുദ്ദീൻ, ഷിഹാസ്, അജ്മല, തൃക്കരിപ്പൂരിലെ സർവീസ് സഹകരണ ബാങ്കിനു സമീപം താമസിക്കുന്ന മുഹമ്മദ് മർവൻ, ഇളമ്പച്ചിയിലെ മുഹമ്മദ് മൻഷാദ്, പാലക്കാട് സ്വദേശികളായ ബാസ്റ്റിൻ, ഷിബി എന്നിവരാണ് വിവിധ ഘട്ടങ്ങളിലായി കൊല്ലപ്പെട്ടതെന്നാണ് എൻ ഐ എ പറയുന്നത്. 2016 ജൂൺ മുതലാണ് ഐഎസിൽ ചേരാനായി ഇവർ രാജ്യം വിടുന്നത്.

ഐസിസിന്റെ കേരള കമാൻഡറെന്ന് അറിയപ്പെടുന്ന തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി അബ്ദുൽ റാഷിദ് അബ്ദുള്ളയും ഭാര്യ എറണാകുളം സ്വദേശി ആയിഷ എന്ന സോണി സെബാസ്റ്റ്യനും മൂന്ന് മാസം മുമ്പ് അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചന പുറത്തുവന്നിരുന്നു അഫ്ഗാനിസ്ഥാനിലെ ഖൊറാസ്ഥാൻ പ്രവിശ്യയിൽ അമേരിക്കയുടെ ഡ്രോൺ (ആളില്ലാ വിമാനം) നടത്തിയ ബോംബാക്രമണത്തിൽ മൂന്നു പുരുഷന്മാരും രണ്ടു സ്ത്രീകളും നാലു കുട്ടികളുമടക്കം ഒമ്പതുപേർ കൊല്ലപ്പെട്ടെന്നാണ് സൂചന. എന്നാൽ അബ്ദുൽ റാഷിദ് മരിച്ചുവെന്ന് സ്ഥിരീകരിക്കാൻ അനേഷണ ഏജൻസിക്ക് കഴിയുന്നില്ല.

അബ്ദുള്ളയും ആയിഷയുമാണ് കേരളത്തിൽ നിന്ന് യുവാക്കളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന്റെ മാസ്റ്റർ ബ്രെയിനായി പ്രവർത്തിച്ചിരുന്നത്. ഇയാൾ ഐസിസിൽ ചേർന്ന ശേഷവും വാട്‌സ് ആപ്പിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും നാട്ടിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നു. ഇൻസ്റ്റഗ്രാമിലെ ഖലീഫത്ത്, മെസേജ് ടു കേരള എന്നീ പേജുകളിലൂടെയാണ് സന്ദേശങ്ങൾ വന്നിരുന്നത്. മൂന്ന് മാസമായി ഈ പേജുകളിലൂടെ മെസേജുകളൊന്നും വരാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇവർ കൊല്ലപ്പെട്ടെന്ന സൂചന ലഭിച്ചത്. ഇതിന് ശേഷമാണ് എൻ ഐ എ അന്വേഷണം തുടങ്ങിയത്.

അബ്ദുള്ള കൊല്ലപ്പെട്ടെന്ന സന്ദേശം വാട്സ്ആപ് ഗ്രൂപ്പിലും സംഘടനയുടെ ടെലിഗ്രാഫ് സന്ദേശങ്ങളിലും പ്രചരുന്നു. സിറിയയിലെ ഇംഗ്ലീഷ് പത്രവും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശ്രീലങ്കയിലുണ്ടായ ബോംബ് സ്ഫോടനം ആസൂത്രണം ചെയ്തതിന് പിന്നിൽ അബ്ദുള്ള ഉണ്ടായിരുന്നതായും സൂചന ഉണ്ടായിരുന്നു. അബ്ദുള്ളയാണ് മൂന്നുവർഷം മുമ്പ് കാസർകോട്, കണ്ണൂർ, പാലക്കാട് ജില്ലകളിൽ നിന്ന് 21 പേരെ ഐസിസ് ക്യാമ്പിലെത്തിച്ചത്. കൊല്ലപ്പെട്ട അഞ്ചു പേരടക്കം തൃക്കരിപ്പൂർ, പടന്ന ഭാഗങ്ങളിലെ മലയാളികളെ ശ്രീലങ്കയിലൂടെ അഫ്ഗാനിലെത്തിച്ചതും ഇയാളായിരുന്നു. മാത്രമല്ല കൊല്ലപ്പെട്ട മലയാളികളുടെ വിവരവും അബ്ദുള്ളയാണ് നൽകിയിരുന്നത്. സിറിയ, കാബൂൾ എന്നിവിടങ്ങളിൽ താവളമടിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. കൊല്ലപ്പെട്ടെന്ന വിവരം വരുന്നതിനുമുമ്പ് ഇരുവരും കാബൂളിലുണ്ടെന്ന് എൻ.ഐ.എയ്ക്ക് വിവരം ലഭിച്ചിരുന്നു.

കേരളത്തിൽ നിന്നും 2016 മെയ്, ജൂൺ മാസങ്ങളിലായാണ് 21 പേരെ അബ്ദുൽ റാഷിദ് ഐഎസ് കേന്ദ്രങ്ങളിലേക്ക് എത്തിച്ചത്. ഇതുസംബന്ധിച്ച് ആദ്യം ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എൻഐഎയ്ക്ക് കൈമാറുകയായിരുന്നു. റാഷിദിന്റെ നേതൃത്വത്തിൽ ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന നൂറോളം ശബ്ദ സന്ദേശങ്ങൾ ടെലിഗ്രാം ആപ്പ് വഴി എത്തിയിരുന്നു. ഇയാൾ പടന്നയിലെ പീസ് സ്‌കൂളിലെ അഡ്‌മിനിസ്‌ട്രേറ്റർ ആയിരുന്നു.

ഇന്ത്യയിൽ 'ജിഹാദ്' നടത്തുന്നതു ബുദ്ധിമുട്ടാണെന്നും അതിനു പകരം ഖിലാഫത്ത് ശക്തിപ്പെടുത്തുന്നതിന് അഫ്ഗാനിസ്ഥാനിലേക്കു കടക്കാനും അനുയായികളെ ആഹ്വാനം ചെയ്ത് അബ്ദുൽ റാഷിദ് അബ്ദുല്ല രംഗത്ത് വന്നിരുന്നു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയിൽ മുസ്‌ലിംകൾ നേരിടുന്ന 'വെല്ലുവിളികളെ'ക്കുറിച്ചും അഫ്ഗാനിസ്ഥാനിലെ വിശാലമായ 'സാധ്യത'കളെക്കുറിച്ചും അബ്ദുൽ റാഷിദ് പരാമർശിച്ചത്.

ഇന്ത്യയിൽ 'ജിഹാദ് നടത്തുന്നത് ഏതാണ്ട് അസാധ്യമായ കാര്യമാണ്. ആദ്യം ഖിലാഫത്തു ശക്തമാക്കുകയാണു ചെയ്യേണ്ടത്. അതിനുശേഷം ഖിലാഫത്തിന്റെ അതിരുകൾ വികസിപ്പിക്കണം - ഇതായിരുന്നു അബ്ദുൽ റാഷിദ് ലക്ഷ്യമിട്ടത്. ഇസ്ലാമിക് സ്റ്റേറ്റിലേക്കു കൂടുതൽ പേരെ ആകർഷിക്കാനായി ഉണ്ടാക്കിയ വാട്‌സാപ് ഗ്രൂപ്പിന്റെ ബുദ്ധികേന്ദ്രം തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്ദുൽ റാഷിദാണെന്നു ദേശീയ അന്വേഷണ ഏജൻസി സ്ഥിരീകരിച്ചിരുന്നു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ തൃക്കരിപ്പൂർ - പടന്ന മേഖലയിൽനിന്നു കാണാതായ 15 പേരെ അഫ്ഗാനിസ്ഥാനിൽ എത്തിച്ചത് അബ്ദുൽ റാഷിദാണെന്നു നേരത്തേതന്നെ സൂചന ലഭിച്ചിരുന്നു.

ഐഎസിനെ സംബന്ധിച്ചിടത്തോളം 'അനുഗ്രഹത്തിന്റെ കപടമുഖ'മാണ് ഇന്ത്യയിലെ നരേന്ദ്ര മോദി സർക്കാരെന്നും റാഷിദ് അഭിപ്രായപ്പെട്ടത് ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിംകൾ വലിയ രീതിയിലുള്ള അടിച്ചമർത്തൽ നേരിടുന്നതു ദൃശ്യമാണ്. മറ്റു ഭാഗങ്ങളിലും കടുത്ത അനീതി അരങ്ങേറുന്നുണ്ടെങ്കിലും അതു തിരിച്ചറിയപ്പെടുന്നില്ലെന്നേയുള്ളൂ. ഇന്ത്യൻ ഭരണഘടനയെ മാറ്റിയെഴുതാനുള്ള ശ്രമത്തിലാണ് മോദി സർക്കാരെന്നും റാഷിദ് ആരോപിച്ചിരുന്നു. ഇത്തരം അനീതികൾക്കുള്ള യഥാർഥമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കുമ്പോൾ മാത്രമെ ഇന്ത്യയിലെ മുസ്‌ലിംകൾ ഉണരുകയുള്ളൂവെന്നും റാഷിദ് വിശദീകരിച്ചിരുന്നു. ഇത്തരത്തിലെ തീവ്ര നിലപാടുകളുമായിട്ടാണ് അബ്ദുല്ല കേരളത്തിലെ ഐസിസ് പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചത്.

ഇന്ത്യയിലെ മത പണ്ഡിതന്മാർ അവിടുത്തെ മതസമൂഹത്തെ തെറ്റായ വഴിയിലാണ് നയിക്കുന്നതെന്നും റാഷിദ് ആരോപിച്ചു. പ്രാർത്ഥന, നോമ്പ്, ഹജ്ജ് നിർവഹിക്കൽ തുടങ്ങിയ മതപരമായ ആവശ്യങ്ങൾ നിറവേറ്റാൻ ഇന്ത്യയിൽ അവസരമുണ്ടെങ്കിലും 'ജിഹാദ്' നടത്താൻ സാഹചര്യമില്ലാത്തതു വലിയ കുറവാണ്. തിന്മയ്‌ക്കെതിരായ പോരാട്ടമാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. ഇന്ത്യയിലാകട്ടെ, മിക്കയിടങ്ങളും തിന്മയുടെ ശക്തികളുടെ സ്വാധീനത്തിലാണ്. ഇതിനെതിരായ പോരാട്ടമാണ് ഇന്ത്യയിലെ മുസ്‌ലിംകൾ നടത്തേണ്ടതെന്നും റാഷിദ് ആഹ്വാനം നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP