Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ് ഡി പി ഐ-പോപ്പുലർ ഫ്രണ്ട് നേതാക്കളടക്കം നൂറോളം പേർ കരുതൽ തടങ്കലിൽ; മിക്ക എസ് ഡി പി ഐ ഓഫീസുകളിലും പൊലീസ് നിരീക്ഷണം; അഭിമന്യുവിനെ കൊന്ന് തള്ളിയവർക്ക് സംസ്ഥാനം മുഴുവൻ സംരക്ഷണം നൽകാൻ ആളുണ്ടെന്ന് പൊലീസ് റിപ്പോർട്ട്; പാലൂട്ടിയ കൈകളിൽ കടിക്കാൻ ഉറച്ച് പിണറായി വിജയൻ; അഭിമന്യു വധത്തിൽ പ്രതികളെ വെറുതെ വിടരുതെന്ന വാശിയിൽ പൊലീസ്; കൈവെട്ട് കേസിലെ വിധി ദിവസത്തെ ദൃശ്യവും പരിശോധനയിൽ

എസ് ഡി പി ഐ-പോപ്പുലർ ഫ്രണ്ട് നേതാക്കളടക്കം നൂറോളം പേർ കരുതൽ തടങ്കലിൽ; മിക്ക എസ് ഡി പി ഐ ഓഫീസുകളിലും പൊലീസ് നിരീക്ഷണം; അഭിമന്യുവിനെ കൊന്ന് തള്ളിയവർക്ക് സംസ്ഥാനം മുഴുവൻ സംരക്ഷണം നൽകാൻ ആളുണ്ടെന്ന് പൊലീസ് റിപ്പോർട്ട്; പാലൂട്ടിയ കൈകളിൽ കടിക്കാൻ ഉറച്ച് പിണറായി വിജയൻ; അഭിമന്യു വധത്തിൽ പ്രതികളെ വെറുതെ വിടരുതെന്ന വാശിയിൽ പൊലീസ്; കൈവെട്ട് കേസിലെ വിധി ദിവസത്തെ ദൃശ്യവും പരിശോധനയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഹാരാജാസ് കോളജിലെ അഭിമന്യു കൊലക്കേസുമായി ബന്ധപ്പെട്ടു പ്രതികൾക്കു വേണ്ടി സംസ്ഥാനത്തുടനീളം പൊലീസ് തെരച്ചിൽ. കൊലയ്ക്ക് പിന്നിൽ എസ് ഡി പി ഐയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അവരുടെ വിദ്യാർത്ഥി സംഘടനയാണ് കാമ്പസ് ഫ്രണ്ട്. മുസ്ലിം ലീഗിന് ബദലായി സിപിഎം പോലും ചെറിയ പിന്തുണയോടെ വളർത്തിക്കൊണ്ടുവന്ന സംഘടനയാണ് എസ് ഡി പി ഐയെന്ന ആരോപണം സജീവമാണ്. എന്നാൽ കാമ്പസുകളിൽ വർഗ്ഗീയതയുമായി കാമ്പസ് ഫ്രണ്ട് നിറയാൻ തുടങ്ങിയപ്പോൾ എസ് എഫ് ഐയെയാണ് അത് കൂടുതൽ ബാധിച്ചത്. ഇതാണ് മഹാരാജാസിലെ പ്രശ്‌നങ്ങൾക്ക് കാരണം. അതുകൊണ്ട് തന്നെ വിട്ടുവീഴ്്ചയില്ലാത്ത നടപടികളിലൂടെ കാമ്പസ് ഫ്രണ്ടിനെ പിടിച്ചു കെട്ടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം. ഈ സാഹചര്യത്തിലാണ് പാലു കൊടുത്ത് വളർത്തിയെന്ന് എതിരാളികൾ ആക്ഷേപിക്കുന്ന സംഘടനയായിട്ടും കടുത്ത നടപടികളെടുക്കാൻ പൊലീസിന് മുഖ്യന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയത്.

അഭിമന്യൂവിനെ കൊന്നവർ സംസ്ഥാനം വിട്ടിട്ടില്ലെന്നാണ് പൊലീസ് നിഗമനം. എന്നാൽ കേരളത്തിലെ മുക്കിലും മൂലയിലും ഇവർക്ക് സംരക്ഷണം ഒരുക്കാനുള്ള കരുത്ത് കാമ്പസ് ഫ്രണ്ടിനുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതികൾക്കായി കേരളത്തിലുടനീളം റെയ്ഡ് നടത്തുന്നത്. എസ്ഡിപിഐയുടെ സംസ്ഥാന, ജില്ലാ നേതാക്കളടക്കം നൂറിലേറെപ്പേർ കരുതൽ തടങ്കലിലുണ്ട്. ആലപ്പുഴയിലെ എസ്ഡിപിഐ സ്വാധീന മേഖലകളിൽ പ്രതികൾ ഒളിവിൽ കഴിയാൻ ശ്രമിച്ചേക്കാമെന്ന റിപ്പോർട്ടിനെ തുടർന്ന് പരിശോധന വ്യാപകമാണ്. പാർട്ടി ഓഫിസുകൾ കേന്ദ്രീകരിച്ചു പരിശോധന നടത്തിയത്. ജില്ലയിൽ നിന്നു കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവർത്തകരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. സംശയമുള്ളവരുടെ ഫോൺ വിളികളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു തുടങ്ങി. മുൻപു സമാന സംഭവങ്ങളിൽ പ്രതികളായ എസ്ഡിപിഐ പ്രവർത്തകരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

മഹാരാജാസ് കോളജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലയ്ക്കു പിന്നിൽ പ്രഫഷനൽ സംഘമെന്നാണു പ്രാഥമിക നിഗമനമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചിരുന്നു. പിന്നിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ല. അന്വേഷണം നടക്കുകയാണ്. മുഴുവൻ പേരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരും. കലാലയങ്ങൾ യുദ്ധഭൂമി ആക്കാൻ അനുവദിക്കില്ലെന്നും ബെഹ്‌റ വിശസീതരിച്ചിരുന്നു. മഹാരാജാസിൽ എസ്.എഫ്.ഐ. നേതാവ് അഭിമന്യു കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 138 പേരെ കരുതൽ തടങ്കലിലാക്കി. എസ്.ഡി.പി.ഐ., പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് സംഘടനകളിൽ പ്രവർത്തിക്കുന്നവരാണിവർ. ഇതിൽ കുറച്ചുപേരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

ഹാദിയ കേസിലെ ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ വർഷം ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയ കേസിൽ മുങ്ങിനടന്ന 19 പേരും ഇതിൽ ഉൾപ്പെടുന്നു. അഭിമന്യുവിനെ കൊലപ്പെടുത്തിയവർ മാർച്ചിൽ പങ്കെടുത്തിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചിരുന്നു. അന്നത്തെ ടി.വി., സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പരിശോധന. കോതമംഗലത്ത് 14 പേർ പിടിയിലായി. കോതമംഗലം, പോത്താനിക്കാട് പൊലീസ് സ്റ്റേഷനുകളിൽ അഞ്ചുപേർ വീതവും ഊന്നുകൽ സ്റ്റേഷനിൽ നാലു പേരുമാണ് അറസ്റ്റിലായത്. പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസിലെ പ്രതികളും ഇതിൽ ഉൾപ്പെടുന്നു. ചോദ്യംചെയ്ത ശേഷം ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. മൂവാറ്റുപുഴയിൽ 18 എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. ഇതിൽ ഒരാൾ കൈവെട്ട് കേസിലെ പ്രതിയാണ്.

ഇതിനിടെ പൊലീസിന്റെ രഹസ്യനീക്കങ്ങൾ അപ്പോൾ തന്നെ എസ്.ഡി.പി.ഐ., പോപ്പുലർ ഫ്രണ്ട് നേതൃത്വത്തെയും പ്രവർത്തകരെയും അറിയിക്കുന്നവിധത്തിലുള്ള രഹസ്യം ചോർത്തലും നടക്കുന്നതായും ആക്ഷേപമുണ്ട്. പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പെരുമ്പാവൂർ പൊലീസ് സബ്ഡിവിഷൻ പരിധിയിൽ 17 പേരെ കസ്റ്റഡിയിലെടുത്തു. പടിഞ്ഞാറൻ കൊച്ചി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ശക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എസ്.ഡി.പി.ഐയിൽ പ്രവർത്തിക്കുന്നവരും ആ പാർട്ടിയുടെ അനുഭാവികളുമായ നിരവധി പേരെ പൊലീസ് ചോദ്യംചെയ്തു. മട്ടാഞ്ചേരി, പള്ളുരുത്തി ഭാഗങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരെയും ഭാരവാഹികളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം.

സംസ്ഥാന വ്യാപകമായി അറസ്റ്റു ചെയ്യേണ്ടവരുടെ പട്ടിക പൊലീസ് തയ്യാറാക്കി. അറസ്റ്റ് ഭയന്ന് പലരും ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായവർക്ക് എറണാകുളം സംഭവവുമായി ബന്ധമുണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അദ്ധ്യാപകൻ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിൽ കോടതി വിധി പറഞ്ഞ ദിവസത്തെ വിഡിയോ ദൃശ്യങ്ങൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യുടെ സഹായത്തോടെ കേരള പൊലീസ് പരിശോധിക്കും. മലയാളം ചോദ്യപ്പേപ്പറിൽ പ്രവാചകനിന്ദ ആരോപിച്ച് അദ്ധ്യാപകന്റെ കൈവെട്ടിയ കേസിൽ 13 പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തിയ 2015 ഏപ്രിൽ 30, ഇവർക്കുള്ള ശിക്ഷ വിധിച്ച മെയ്‌ എട്ട് ദിവസങ്ങളിൽ കലൂരിലെ എൻഐഎ പ്രത്യേക കോടതി പരിസരത്ത് ഒത്തുകൂടിയവരുടെ ദൃശ്യങ്ങളാണു പൊലീസ് പരിശോധിക്കുന്നത്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ), സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) തുടങ്ങിയവരുടെ പ്രവർത്തകർ, കൈവെട്ടു കേസിന്റെ വിധി പറഞ്ഞദിവസം കോടതി പരിസരത്തു കൂട്ടമായെത്തിയിരുന്നു. ഇവരുടെ ദൃശ്യങ്ങൾക്കായി ദൃശ്യ മാധ്യമ സ്ഥാപനങ്ങൾ, സ്വകാര്യ വ്യക്തികൾ എന്നിവരുടെ സഹകരണം പൊലീസ് തേടിയിട്ടുണ്ട്. രണ്ട് ആക്രമണ രീതികളിലും സമാനതകൾ കണ്ടതിനെത്തുടർന്നാണ് അഭിമന്യു വധക്കേസിന്റെ അന്വേഷണം ഈ ദിശയിലേക്കു നീങ്ങുന്നത്. അഭിമന്യു വധക്കേസിലെ പ്രതികൾക്കു കൈവെട്ടുകേസിലെ പ്രതികളുമായി നേരിട്ടു ബന്ധമുള്ളതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് എൻഐഎ കേന്ദ്രങ്ങൾ സൂചിപ്പിച്ചു.

എന്നാൽ, ഈ കേസിൽ ജാമ്യത്തിലുള്ള ഏതെങ്കിലും പ്രതികൾ മഹാരാജാസ് കോളജിലെ അക്രമങ്ങളിൽ നേരിട്ടോ അല്ലാതെയോ പങ്കാളികളാണോയെന്നു പരിശോധിക്കുന്നുണ്ടെന്ന് അവർ സ്ഥിരീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP