Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അമേരിക്കയിലെ നഴ്‌സായിരുന്ന അച്ചമ്മയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയത് ഭർത്താവ്; കൂട്ടുനിന്നവരെയും പ്രതികൂട്ടിലെത്തിക്കാൻ സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തി സഹോദരൻ; ഗൂഢല്ലൂരിൽ ഒരു ആസൂത്രിത കൊലപാതകത്തിന്റെ ചുരുൾ 18 വർഷത്തിന് ശേഷം നിവരുന്നു

അമേരിക്കയിലെ നഴ്‌സായിരുന്ന അച്ചമ്മയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയത് ഭർത്താവ്; കൂട്ടുനിന്നവരെയും പ്രതികൂട്ടിലെത്തിക്കാൻ സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തി സഹോദരൻ; ഗൂഢല്ലൂരിൽ ഒരു ആസൂത്രിത കൊലപാതകത്തിന്റെ ചുരുൾ 18 വർഷത്തിന് ശേഷം നിവരുന്നു

രഞ്ജിത് ബാബു

 കണ്ണൂർ: വൈകിയെത്തുന്ന നീതി എപ്പോഴും നീതി നിഷേധത്തിന് തുല്യമാണ്. എന്നാൽ, ഏറെ സ്‌നേഹിച്ച കൂടപ്പിറപ്പിനെ ആസൂത്രിതമായി കൊലപ്പെടുത്തിയവരോട് പൊറുക്കാൻ തയ്യാറാകാത്ത സഹോദരൻ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നടത്തിയത് 18 വർഷം നീണ്ട നിയമപോരാട്ടം. തമിഴ്‌നാട്ടിലെ ഗൂഢല്ലൂരിൽ വച്ച് സഹോദരി അച്ചമ്മയുടെ ദുരൂഹ മരണത്തിൽ സുപ്രീംകോടതി വരെയാണ് ശശി തോമസ് നിയമ പോരാട്ടം നടത്തിയത്. ഒടിവിൽ ഹൃദയാഘാതം മൂലമുള്ള മരണം കൊലപാതകമാണെന്ന് വ്യക്തമാകുകയും ഇതിന് ഉത്തരവാദി അച്ചമ്മയുടെ ഭർത്താവ് തന്നെയാണെന്നും വ്യക്തമായി. മാരക വിഷം കുത്തിവച്ച് അച്ചമ്മയെ കൊലപ്പെടുത്തിയവതിന് ഭർത്താവ് ജോസ്‌പോളിന് കൂട്ടു നിന്നവർക്കെതിരെയാണ് ശിശി തോമസ് നിയമപോരാട്ടം നടത്തുന്നത്.

കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത എടൂരിലെ അച്ചാമ്മയാണ് 18 വർഷങ്ങൾക്ക് മുമ്പിൽ മരണപ്പെട്ടത്. ഒന്നര വ്യാഴവട്ടം വൈകിയാണെങ്കിലും അച്ചാമ്മയുടെ കുടുംബത്തിനു നീതി ലഭിക്കാനുള്ള വഴി തെളിയുകയാണ് നിയമപോരാട്ടങ്ങളിലൂടെ. പതിനെട്ടു വർഷം മുമ്പ് 1998 ജനുവരി 24 നാണ് എടൂരിലെ കുടിയേറ്റ കർഷകനായ പഴയമ്പള്ളി തോമസ്സിന്റേയും ത്രേസ്യാമ്മയുടേയും മകളായ അച്ചാമ്മയെ മരിച്ച നിലയിൽ കണ്ടത്.

തമിഴ്‌നാട്ടിലെ ഊട്ടിക്കടുത്ത ഗൂഡല്ലൂരിൽ വൻതോട്ടം വാങ്ങിയ അച്ചാമ്മയും ഭർത്താവ് ജോസ് പോളും മക്കളെ ഊട്ടിയിൽ പഠിപ്പിച്ചുവരികയായിരുന്നു. ഗൂഡല്ലൂരിലെ ക്രിസ്ത്യൻ മിഷൻ ആശുപത്രിയിലെ കന്യാസ്ത്രീയായ ഡോക്ടർ ഹൃദയസ്തംഭനം മൂലം അച്ചാമ്മ മരിച്ചുവെന്നാണ് ബന്ധുക്കളെ അറിയിച്ചത്. അച്ചാമ്മയുടെ ഭർത്താവ് ജോസ് പോളും ഇതുതന്നെയാണ് ആവർത്തിച്ചത്. അച്ചാമ്മ മരിച്ച വിവരമറിഞ്ഞ് ബന്ധുക്കൾക്കൊപ്പം ആദ്യം എത്തിയ സഹോദരൻ കാഞ്ഞങ്ങാട്ടെ ശശി തോമസിന് സഹോദരിയുടെ മരണത്തിൽ സംശയം ജനിച്ചിരുന്നു.

ബംഗളൂരുവിൽ നേഴ്‌സിങ് പഠനം പൂർത്തിയാക്കി അമേരിക്കയിലെ ന്യൂജഴ്‌സിയിൽ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്തു വരവേയാണ് തൃശൂർ സ്വദേശിയായ ജോസ് പോളിനെ അച്ചാമ്മ വിവാഹം കഴിച്ചത്. അച്ചാമ്മയോളം വിദ്യാഭ്യാസം ഇല്ലാതിരുന്ന ജോസ് പോളിനെ അവർ പഠിപ്പിച്ച് അമേരിക്കയിലെത്തിച്ചു. ജോസ് പോളിന്റെ അനുജനെ കെമിക്കൽ എഞ്ചിനീയറുമാക്കി. ഭർതൃവീട്ടുകാരുടെ ഉന്നതി കാംക്ഷിച്ച അച്ചാമ്മ അതിനു വേണ്ടി എറിഞ്ഞ പണത്തിനും ചെയ്തത്യാഗത്തിനും കണക്കില്ലായിരുന്നു. 1996 ൽ അവർ ഗൂഡല്ലൂരിൽ പാടുംതുറയിൽ തോട്ടവും വീടും വിലക്കു വാങ്ങി താമസവും ആരംഭിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയായിരുന്നു അച്ചാമ്മ അമേരിക്കയിൽ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയത്. എന്നാൽ രണ്ടു വർഷം തികയും മുമ്പ് അച്ചാമ്മയുടെ മരണം സംഭവിക്കുകയായിരുന്നു.

ഗൂഢല്ലൂരും ഊട്ടിയും മഞ്ഞുകൊണ്ട് മൂടിയ 98 ലെ ജനുവരി 24 നാണ് അച്ചാമ്മ മരിച്ചത്. ബന്ധുക്കളോടെല്ലാം സൗഹൃദം പങ്കിടുന്ന അച്ചാമ്മയുടെ മൃതദേഹം ബന്ധുക്കൾ കാണും മുമ്പേ സംസ്‌കാരിക്കാനുള്ള ധൃതിയിലായിരുന്നു ഭർത്താവ് ജോസ് പോളും അയാളുടെ സഹോദരനും. അതോടെ കെ.എസ്.ഇ.ബി.വിജിലൻസ് വിഭാഗത്തിൽ നിന്നും റിട്ടയർ ചെയ്ത അസിസ്റ്റന്റ് എഞ്ചിനീയർ ശശി തോമസിനു സഹോദരിയുടെ മരണത്തിൽ സംശയം തോന്നി. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ശശി തോമസ് പരാതി നൽകാൻ തീരുമാനിച്ചു.

അതിനു മുമ്പേ ക്രിസ്ത്യൻ മിഷൻ ആശുപത്രിയിലെ കന്യാസ്ത്രീയായ ഡോക്ടറെ കണ്ട് കാര്യങ്ങൾ അന്വേഷിച്ചു. ഹൃദയസ്തംഭനമായിരുന്നു അച്ചാമ്മയുടെ മരണകാരണമെന്ന് അവർ ആവർത്തിച്ചു. ഇ.സി.ജി.എടുത്തിരുന്നോ എന്ന് ചോദിച്ചപ്പോൾ അതിൽ പ്ലെയിനായിരുന്നുവെന്നു ഡോക്ടറുടെ മറുപടി. കൂടുതൽ സംസാരിക്കുന്നതിൽ നിന്നും ഡോക്ടർ ഒഴിഞ്ഞു മാറുകയായിരുന്നു. ഈ സംശയം അച്ചാമ്മയുടെ ഭർത്താവ് ജോസ് പോളിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ അനുജന്റെ കല്യാണക്കാര്യമാണ് പറയാൻ താത്പര്യപ്പെട്ടത്.

ശശി തോമസിന്റെ പരാതിയെത്തുടർന്ന് 98 ഏപ്രിൽ 24 ന് ഗൂഡല്ലൂരിലെ പള്ളി സെമിത്തേരിയിലെ കല്ലറ പൊളിച്ച് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തു. അച്ചാമ്മ ഹൃദ്രോഗം മൂലമല്ല മരിച്ചതെന്നും മരണകാരണം ഓർഗാനോ ഫോസ്ഫറസ് ഇൻസെക്ടിസൈഡ് എന്ന മാരക വിഷം അകത്തു ചെന്നതാണെന്ന് തെളിഞ്ഞു. അതോടെ ശശി തോമസ് സിബിഐയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയെ സമീപിച്ചു. അച്ചാമ്മയുടെ മരണത്തിലെ ദുരൂഹത നീക്കാൻ സിബിസിഐഡിയെ ക്കൊണ്ട് അന്വേഷണം നടത്താൻ ചെന്നൈ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. സിഐഡിയുടെ അന്വേഷണത്തിൽ അച്ചാമ്മയുടെ ഭർത്താവ് ജോസ് പോളിന് മരണത്തിൽ പങ്കുണ്ടെന്ന് മനസ്സിലായി. ജോസ് പോളിനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ കേസിൽ ഉൾപ്പെട്ട മറ്റു ചിലരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ശശി തോമസ് ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചു.

കോടതി ചെന്നൈയിലെ പ്രമുഖ അഭിഭാഷകനായ ബി.ജെ. കൃഷ്ണനെ കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചു. സുപ്രീം കോടതി നിർദ്ദേശ പ്രകാരം കേസ് വീണ്ടും അന്വേഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ അച്ചാമ്മയുടെ ദുരൂഹ മരണക്കേസിൽ പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഗൂഡല്ലൂരിലെ പൊലീസ് കൈക്കോള്ളുന്നതെന്ന കാരണത്താൽ അദ്ദേഹം സ്‌പെഷൽ പ്രോസിക്യൂട്ടർ സ്ഥാനത്തു നിന്നും പിന്മാറുകയായിരുന്നു.

സഹോദരിയുടെ മരണത്തിനു കാരണക്കാരായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വന്ന് ശിക്ഷിക്കപ്പെടുന്നതുവരെ പോരാട്ടം തുടരാനാണ് ശശി തോമസിന്റേയും കുടുംബത്തിന്റേയും തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP