Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അവസാന നിമിഷത്തെ ഷൈനിയുടെ അറസ്റ്റ് വ്യക്തമാക്കുന്നത് നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ അന്വേഷണത്തിൽ പൊലീസിന് ഗുരുതരമായ പാളിച്ചകൾ പറ്റിയെന്ന് തന്നെ; അറസ്റ്റ് ചെയ്ത ഷൈനിയെ വിട്ടത് പറഞ്ഞതെല്ലാം അതേപടി വിശ്വസിച്ച്: വീണ്ടും അറസ്റ്റു ചെയ്തത് വ്യാജ സിംകാർഡിന്റെ പേരിൽ

അവസാന നിമിഷത്തെ ഷൈനിയുടെ അറസ്റ്റ് വ്യക്തമാക്കുന്നത് നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ അന്വേഷണത്തിൽ പൊലീസിന് ഗുരുതരമായ പാളിച്ചകൾ പറ്റിയെന്ന് തന്നെ; അറസ്റ്റ് ചെയ്ത ഷൈനിയെ വിട്ടത് പറഞ്ഞതെല്ലാം അതേപടി വിശ്വസിച്ച്: വീണ്ടും അറസ്റ്റു ചെയ്തത് വ്യാജ സിംകാർഡിന്റെ പേരിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചതിന് പിന്നിൽ ക്വട്ടേഷൻ സംഘങ്ങളും റിയൽ എസ്റ്റേറ്റ് ഇടപാടുകളുമുണ്ടെന്ന വിധത്തിലേക്ക് അന്വേഷണം നീളുമ്പോൾ തുടക്കത്തിലെ അന്വേഷണത്തിൽ പാളിച്ച വന്നെന്നും വിലയിരുത്തൽ. സുനിയുടെ അടുപ്പക്കാരിയായ ഷൈനിക്ക് കേസുമായി നല്ല ബന്ധമുണ്ടായിട്ടും തുടക്കത്തിൽ ഇവരെ കൈവിട്ടതാണ് പൊലീസിന് പറ്റിയ വീഴ്‌ച്ചയായി വിലയിരുത്തുന്നത്. ചേർത്തല സ്വദേശിയായ ഷൈനി തോമസ് കൊച്ചിയിൽ ഉന്നതരുമായി ബന്ധങ്ങളുള്ള റിയൽ എസ്‌റ്റേറ്റ് ഇടപാടുകളിലെ കണ്ണിയാണ്.

സുനിയും ഷൈനിയും തമ്മിൽ അടുത്ത സൗഹൃദമോ ബിസിനസ് ബന്ധമോ ഇല്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലാണ് വ്യാജ സിംകാർഡ് കേസിൽ ഷൈനിയുടെ അറസ്റ്റോടെ പൊളിഞ്ഞത്. വ്യാജരേഖയുപയോഗിച്ച് സംഘടിപ്പിച്ച സിംകാർഡ് സുനിക്കു നൽകിയതു തന്നെ ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. കോട്ടയം പൊലീസിന്റെ പിടിയിലായ ഷൈനി, തന്റെ റിയൽ എസ്റ്റേറ്റ് ഇടപാടിനു സുനി സഹായിച്ചിരുന്നതായി പൊലീസിനോടു വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പൊലീസിന്റെ പിടിയിലാകുമ്പോൾ സുനിയുടെ കൈവശമുണ്ടായിരുന്ന സിം കാർഡാണു വ്യാജരേഖ ഉപയോഗിച്ചു സംഘടിപ്പിച്ചത്. സുനിയുമായി ഷൈനിക്ക് അടുപ്പമുണ്ടെന്ന സൂചനകളെത്തുടർന്നു പ്രത്യേക അന്വേഷണ സംഘം നേരത്തെ ഷൈനിയെ കസ്റ്റഡിയിലെടുത്തിരുന്നു. കൊച്ചി ഡിസിപിയുടെയും എറണാകുളം റൂറൽ എസ്‌പിയുടെയും നേരിട്ടുള്ള മേൽനോട്ടത്തിൽ ഇവരെ ചോദ്യം ചെയ്തു. മുൻ ഡ്രൈവറായിരുന്ന പരിചയമേ സുനിയുമായുള്ളൂവെന്നും ബുട്ടീക് നടത്തിപ്പിനായി ഒരിക്കൽ 10 ലക്ഷം രൂപ പലിശയ്ക്കു സംഘടിപ്പിച്ചു നൽകിയിട്ടുണ്ടെന്നുമാണ് ഇവർ അന്ന് പ്രത്യേകാന്വേഷണ സംഘത്തോടു പറഞ്ഞത്.

ഈ പണം തിരികെ കൊടുത്തതോടെ ബന്ധം അവസാനിച്ചെന്നും ഇവർ വ്യക്തമാക്കി. ഷൈനി പറഞ്ഞതു മുഴുവൻ വെള്ളം തൊടാതെ വിഴുങ്ങിയ പ്രത്യേകാന്വേഷണ സംഘം ഇവർക്കു ക്ലീൻ ചിറ്റ് നൽകി വിട്ടയയ്ക്കുകയും ചെയ്തു. സുനിയുടെ പക്കലുണ്ടായിരുന്ന സിം കാർഡിന്റെ രേഖകൾ തിരക്കിയുള്ള അന്വേഷണത്തിലാണ് വ്യാജരേഖയുപയോഗിച്ചു കോട്ടയത്തുനിന്നു സംഘടിപ്പിച്ചതാണ് ഇതെന്നു ബോധ്യമായത്. തുടർന്നു കോട്ടയം പൊലീസ് നടത്തിയ അന്വേഷണമാണു ഷൈനിയുൾപ്പെടെ മൂന്നു പേരുടെ അറസ്റ്റിൽ കലാശിച്ചത്. ആദ്യഘട്ടത്തിൽ ഷൈനിയെ ലാഘവത്തോടെ ചോദ്യം ചെയ്തതുമൂലമാണ് ഈ വിവരങ്ങൾ പുറത്തുവരാതിരുന്നത്. ഒളിവിൽ പോയപ്പോൾ സുനി ഉപയോഗിച്ചിരുന്നത് ഷൈനി നൽകിയ സിം കാർഡാണെന്നു കണ്ടെത്തിയ നിലയ്ക്ക്, എപ്പോഴാണ് ഈ കാർഡ് ഷൈനി സുനിക്കു കൈമാറിയതെന്നതും പ്രധാനമാണ്.

നടി ആക്രമിക്കപ്പെട്ട ദിവസം ഇവർ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നോ എന്നതാണ് അറിയേണ്ടത്. റിയൽ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടാണ് ഈ സിംകാർഡ് സംഘടിപ്പിച്ചതെന്നാണ് പ്രതികൾ പൊലീസിനോടു പറഞ്ഞത്. എങ്കിൽ ഷൈനി ഉൾപ്പെടെയുള്ളവരുടെ ബിസിനസ് ഇടപാടുകളിൽ സുനിയുടെ പങ്കാളിത്തവും പുറത്തുവരേണ്ടതുണ്ട്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ ഷൈനി നൽകിയ മൊഴിയിലെ പൊരുത്തക്കേടുകളും പൂരിപ്പിക്കേണ്ടതുണ്ട്.

നടിയെ തട്ടിക്കൊണ്ടുപോയതിന് താരലോകത്തെ തന്നെ ചില റിയൽഎസ്റ്റേറ്റ് ഇടപാടുകളുമായും ബന്ധമുണ്ടെന്ന വാർത്തകളും ഇടയ്ക്ക് പുറത്തുവന്നിരുന്നു. ഈ സാധ്യതകളിലേക്ക് അന്വേഷണം നീങ്ങുമെന്ന സൂചനയാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ 'പെൺഗുണ്ട' എന്നറിയപ്പെടുന്ന ഷൈനി തോമസ് പിടിയിലായതോടെ അന്വേഷണ ഉദ്യോഗസ്ഥരും നൽകുന്നത്. കണ്ണുവച്ച വസ്തുക്കൾ എതിരാളികളെ ഭീഷണിപ്പെടുത്തിയും ക്വട്ടേഷൻ നല്കിയും സ്വന്തമാക്കുകയെന്നതായിരുന്നു ഷൈനിയുടെ ഹോബി. പൾസർ സുനി ഇവരുടെ വീട്ടിലെ നിത്യസന്ദർശനുമായിരുന്നുവെന്നും പൊലീസ് പറയുന്നു.

പൾസർ സുനിയുടെ എല്ലാ ഇടപാടുകളെക്കുറിച്ചും ഷൈനിക്കറിയാമായിരുന്നു. സുനി മുമ്പും നടിമാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവങ്ങൾ ഷൈനിക്ക് അറിയാമായിരുന്നെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സുനി പല കാര്യങ്ങളിലും കള്ളത്തരങ്ങളാണ് പറയുന്നതെന്ന് പൊലീസിന് അറിയാം. ഷൈനിയുമായുള്ള ഇടപാടുകൾ കൂടി ചോദ്യംചെയ്ത് മനസ്സിലാക്കിയ ശേഷം തുടർന്ന് നടിയെ ത്ട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിലും എന്തെങ്കിലും റിയൽ എസ്റ്റേറ്റ് ഇടപാടിന്റെ ബന്ധങ്ങൾ ഉണ്ടോ എന്നറിയാനാണ് പൊലീസ് ശ്രമിക്കുന്നത്.

മുമ്പും പല തട്ടിപ്പുകളും നടത്തി കൈക്കലാക്കിയ പണത്തിൽ നിന്ന് ലക്ഷക്കണക്കിനു രൂപ സുനി ഷൈനി തോമസിനു നൽകിയതായും സൂചനകൾ പുറത്തുവരുന്നുണ്ട്. ഒറ്റത്തവണ പത്തു ലക്ഷം രൂപ വരെ ഇവർക്കു നൽകിയതായി സുനി വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് നടിയെ ആക്രമിച്ച സംഭവത്തിൽ ഷൈനിക്കു പങ്കുണ്ടെന്നു പൊലീസ് സംശയിച്ചു തുടങ്ങിയത്. നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി പിടിയിലായപ്പോൾ ഇവരുടെ പേര് പുറത്തുവരാതിരിക്കാൻ പരമാവധി ശ്രമിച്ചിരുന്നു. പൾസർ സുനിയുടെ കാമുകിയുമായും ഷൈനിക്കു അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം.

ആലപ്പുഴയിൽ സാദാ വീട്ടമ്മയായി ഒതുങ്ങി കൂടിയിരുന്ന ഷൈനി റിയൽ എസ്റ്റേറ്റ് രംഗത്തെ വലിയ മത്സ്യമായി വളർന്നത് പെട്ടെന്നായിരുന്നു. കൊച്ചിയിലെത്തിയപ്പോഴാണ്. കടവന്ത്രയിൽ സ്ഥിര താമസമായതോടെ ഷൈനി സ്വന്തം നാടായ ആലപ്പുഴയിലെ കരുമാടിയെ മറക്കുകയും ചെയ്തു. പിന്നീട് നാട്ടിലേക്കുള്ള യാത്ര വല്ലപ്പോഴുമാക്കിയ ഇവർ റിയൽ എസ്റ്റേറ്റ് ലോകത്ത് വളർന്നു പന്തലിക്കുകയായിരുന്നു. കൊച്ചിയിൽ ഷൈനിക്ക് ഇഷ്ടം തോന്നുന്ന വസ്തുക്കൾ മറ്റാരും സ്വ്ന്തമാക്കാതിരിക്കാൻ ഗുണ്ടകളെയും ഇവർ കൂടെ കൂട്ടിയിരുന്നു. കൊച്ചിയിലെ ഒരു വൻ സ്ഥല ഇടപാടുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പിടിയിലായ പാലാ ചെത്തിമറ്റം കാനാട്ട് മോൻസി സ്‌കറിയയെ (46) പരിചയപ്പെടുന്നത്.

ഒരു സിനിമ താരത്തിനുവേണ്ടിയുള്ള റിയൽ എസ്റ്റേറ്റ് ബിസിനസിനിടെയാണ് ഷൈനി പൾസർ സുനിയെ പരിചയപ്പെടുന്നത്. സ്ത്രീകളെ കൈയിലെടുക്കാൻ പ്രത്യേക വിരുതുള്ള സുനി പെട്ടെന്നു തന്നെ ഷൈനിയുടെ വിശ്വസ്തനായി മാറി. വലിയ പല ഇടപാടുകൾക്കും ഷൈനി കൂടെ കൂട്ടിയിരുന്നത് സുനിയെയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിലുള്ള ബന്ധം വളരുകയും ചെയ്തു. എന്നാൽ, നടിയെ ആക്രമിക്കാൻ പദ്ധതിയിട്ട വിവരം സുനി ഷൈനിയെ അറിയിച്ചോ എന്ന കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ, ഇത്തരത്തിൽ വലിയ ഇടപാടിന്റെ ഭാഗമായാണോ തട്ടിക്കൊണ്ടുപോകൽ നടന്നതെന്നും ഇതിന് വലിയ ആസൂത്രണം നടന്നോ എന്നും സംശയം ശക്തമാണ്.

2016 ഡിസംബറിൽ തിരുനക്കരയിലെ ഒരു മൊബൈൽ ഷോപ്പിൽനിന്ന് ദീപക് എന്നയാളുടെ പേരിലാണ് സിം കാർഡ് എടുത്തത്. കാഞ്ഞിരം സ്വദേശി ദീപക് കെ. സബ്‌സീന എന്നയാൾ ജോലി സംബന്ധമായ കാര്യത്തിനായി ഐഡി കാർഡിന്റെ കോപ്പി കോട്ടയത്തെ പെല്ലാ പ്ലേസ്‌മെന്റ് എന്ന സ്ഥാപനത്തിനു നല്കിയിരുന്നു. ഈ സ്ഥാപനം നടത്തുന്നത് മാർട്ടിൻ ആണ്. ഇയാളും ഇപ്പോൾ അറസ്റ്റിലായ മോൻസ് സ്‌കറിയ, ഷൈനി തോമസ് എന്നിവരും ചേർന്നു റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തി വരികയാണ്.

എറണാകുളത്തുള്ള മറ്റൊരു ബ്രോക്കറുടെ കച്ചവടം തകർക്കാനായി ദീപക്കിന്റെ ഐഡി കാർഡ് ഉപയോഗിച്ചു തിരുനക്കരയിലെ മൊബൈൽ കടയിൽനിന്ന് ഒരു സിം കാർഡ് ഇവർ സംഘടിപ്പിച്ചു. ദീപക്കിന്റെ ഐഡി കാർഡിൽ മറ്റൊരാളുടെ ഫോട്ടോ പതിച്ചാണു സിം കാർഡ് സംഘടിപ്പിച്ചത്. ഇതുപയോഗിച്ച് എറണാകുളത്തെ ബ്രോക്കറുടെ കച്ചവടം ഉഴപ്പി. അതിനു ശേഷം സിം കാർഡ് ഷൈനിയുടെ കൈവശമായിരുന്നു. നടിയെ ആക്രമിക്കുന്നതിനു മൂന്നുമാസം മുമ്പുതന്നെ സിംകാർഡ് സുനിയുടെ കൈവശമുണ്ടായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP