Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ടു തവണ വീടിനുള്ളിൽ വച്ചു പാമ്പുകടിയേൽക്കുക; രണ്ടു തവണയും ഉത്ര അത് അറിയാതിരിക്കുക എന്ന അച്ഛന്റേയും അമ്മയുടേയും സംശയം 'ആക്ഷൻ ഹീറോ' ഗൗരവത്തോടെ എടുത്തു; ജോയിന്റ് അക്കൗൺ് ലോക്കർ ഭാര്യയോട് പറയാതെ സൂരജ് തുറന്നതോടെ സാമ്പത്തിക അതിമോഹത്തിന്റെ മനസ്സും എസ് ഐ തിരിച്ചറിഞ്ഞു; ഉത്രയ്ക്ക് എന്തെങ്കിലും മയക്കുമരുന്നോ മറ്റോ നൽകിയാണോ പാമ്പിനെ കടിപ്പിച്ചതെന്ന സംശയം ബാക്കി; അടൂരിലെ അയ്യോ പാവം സൂരജിനെ എസ് ഐ പുഷ്പകുമാർ കൈവിലങ്ങ് അണിയച്ചത് ഇങ്ങനെ

രണ്ടു തവണ വീടിനുള്ളിൽ വച്ചു പാമ്പുകടിയേൽക്കുക; രണ്ടു തവണയും ഉത്ര അത് അറിയാതിരിക്കുക എന്ന അച്ഛന്റേയും അമ്മയുടേയും സംശയം 'ആക്ഷൻ ഹീറോ' ഗൗരവത്തോടെ എടുത്തു; ജോയിന്റ് അക്കൗൺ് ലോക്കർ ഭാര്യയോട് പറയാതെ സൂരജ് തുറന്നതോടെ സാമ്പത്തിക അതിമോഹത്തിന്റെ മനസ്സും എസ് ഐ തിരിച്ചറിഞ്ഞു; ഉത്രയ്ക്ക് എന്തെങ്കിലും മയക്കുമരുന്നോ മറ്റോ നൽകിയാണോ പാമ്പിനെ കടിപ്പിച്ചതെന്ന സംശയം ബാക്കി; അടൂരിലെ അയ്യോ പാവം സൂരജിനെ എസ് ഐ പുഷ്പകുമാർ കൈവിലങ്ങ് അണിയച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

അഞ്ചൽ: എട്ട് സംശയങ്ങളാണ് ഉത്ര കൊലക്കേസിൽ ഭർത്താവ് സൂരജിനെ കുടുക്കിയത്. എട്ടും കാമ്പുള്ള സംശയമായിരുന്നു. ഇതോടെയാണ് അഞ്ചൽ എസ് ഐ പുഷ്പകുമാറിനും ബോധ്യമായി. ബന്ധുക്കളുടെ ഈ സംശയങ്ങൾ തേടിയുള്ള യാത്രയാണ് സൂരജിലേക്കും കല്ലുവാതുക്കൽ സുരേഷിലേക്കും പൊലീസിനെ എത്തിച്ചത്. അങ്ങനെ അടൂരിലെ നല്ല കുട്ടി കേരളം കണ്ടിട്ടും കേട്ടിട്ടില്ലാത്ത ക്രൂരതയുടെ ആൾരൂപമായി. സിനിമകളിൽ കണ്ടിട്ടള്ളത് അങ്ങനെ കേരളവും സാക്ഷിയായി.

രണ്ടാമതും പാമ്പു കടിയേറ്റതിനെത്തുടർന്നു ഉത്ര മരിച്ചതിനു പിന്നാലെ മാതാപിതാക്കൾക്കുണ്ടായ സംശയങ്ങളാണ് കൊലപാതകം വെളിച്ചത്തുവരാൻ ഇടയാക്കിയത്. എസ്‌പിക്കു നൽകിയ പരാതിയിൽ അവർ ഉന്നയിച്ച പ്രധാന സംശയങ്ങൾ എസ് ഐ പുഷ്പകുമാറിനേയും ചിന്തിപ്പിച്ചു. ഇതോടെ സൂരജിന് ഉത്തരം മുട്ടി. രണ്ടു തവണ വീടിനുള്ളിൽ വച്ചു പാമ്പുകടിയേൽക്കുക. രണ്ടു തവണയും ഉത്ര അത് അറിയാതിരിക്കുക-ഈ സംശയമായിരുന്നു പ്രധാനം. പാമ്പുപിടിത്തക്കാരും വിദഗ്ധരുമായി ചർച്ച ചെയ്തപ്പോൾ കിട്ടിയത് അസാധ്യം എന്ന മറുപടിയായിരുന്നു. ഫെബ്രുവരി 29ന ആദ്യം വീട്ടിൽ പാമ്പിനെ കണ്ടപ്പോൾ പാമ്പുപിടിത്തക്കാരന്റെ കയ്യടക്കത്തോടെ സൂരജ് അതിനെ പിടികൂടിയതോടെ പാമ്പുപിടിത്തക്കാരന്റെ കൈയടക്കം വ്യക്തമായി. ഉത്രയുടേയും സൂരജിന്റെയും ജോയിന്റ് അക്കൗണ്ട് ലോക്കർ തുറക്കാൻ ഭാര്യയോടു പറയാതെ മാർച്ച് 2നു പകൽ സൂരജ് ബാങ്കിലെത്തി. അന്നു രാത്രി ഉത്രയ്ക്കു പാമ്പു കടിയേറ്റു. ഇതായിരുന്നു അതി നിർണ്ണായകം.

ഉത്ര മരിക്കുന്നതിനു തലേന്നു വീട്ടിലെത്തിയ സൂരജ് 12.30നു ശേഷം ഉറങ്ങിയെന്നു പറയുന്നു. രാവിലെ 7 മണി കഴിയാതെ, ചായ ബെഡിൽ കിട്ടാതെ ഉറക്കം എഴുന്നേൽക്കാത്ത സൂരജ് അന്നു രാവിലെ 6 മണിക്ക് ഉണരുന്നു. ഭാര്യ ചലനമില്ലാതെ കിടക്കുന്നത് അറിയുന്നില്ല. മരണമറിഞ്ഞ ശേഷമുള്ള സൂരജിന്റെ പെരുമാറ്റവും സംശയമായി. ഉത്ര മരിച്ചതിന്റെ തലേന്ന് രാത്രി 10.30ന് അമ്മ മണിമേഖല കിടപ്പുമുറിയുടെ ജനാല അടച്ചു കുറ്റിയിട്ടിരുന്നു. എന്നാൽ അതു തുറന്നു കിടക്കുകയായിരുന്നെന്നും പുലർച്ചെ 3നു താനാണു ജനാല അടച്ചതെന്നുമാണു സൂരജ് പറഞ്ഞത്. ഇതും കൊലപാതകത്തിന്റെ സാധ്യതകൾ ചർച്ചയാക്കി.

വിഷപ്പാമ്പിന്റെ കടിയേറ്റാൽ കഠിന വേദന, കഴപ്പ്, തരിപ്പ് എന്നിവ അനുഭവപ്പെടും. അല്ലെങ്കിൽ അബോധാവസ്ഥയിൽ ആയിരിക്കണം. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങൾ വിൽക്കണമെന്ന് ഉത്രയുടെ മരണശേഷം പറഞ്ഞപ്പോൾ സൂരജ് എതിർത്തു. ഇതോടെയാണ് വീട്ടുകാർക്ക് സംശയം തുടങ്ങുന്നത്. പിന്നാലെ ഉത്രയുടെ അച്ഛനും അമ്മയ്ക്കും എതിരെ സൂരജിന്റെ സഹോദരി പൊലീസിൽ പരാതി നൽകി. അമ്മയേയും സഹോദരനേയും തടഞ്ഞു വച്ചിരിക്കുന്നുവെന്നായിരുന്നു അത്. ഇതോടെയാണ് സൂരജിലെ കുറ്റവാളിയെ പുറത്തു കൊണ്ടു വരുന്ന നിയമ പോരാട്ടത്തിന് തുടക്കമാകുന്നത്.

പുറത്താരോടും വലിയ അടുപ്പം പുലർത്തിയിരുന്നില്ല പറക്കോട് വടക്ക് കാരയ്ക്കൽ ശ്രീസൂര്യയിൽ സൂരജ്. അടൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി. രണ്ടുവർഷം മുമ്പാണ് ഉത്രയെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോൾ വീട്ടിൽ ഒരു പാമ്പിനെ കണ്ടിരുന്നതായും ഇതിനെ പിടിക്കാൻ പാമ്പുപിടുത്തക്കാരെ വിളിച്ചുവരുത്തിയതായും സൂരജ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പക്ഷേ, അന്ന് പാമ്പിനെ കിട്ടിയിരുന്നില്ലെന്നും ഇയാൾ പറഞ്ഞതായി സുഹൃത്തുകൾ ഓർക്കുന്നു. ഇത് വീട്ടുകാരും ശരിവെയ്ക്കുന്നു. അന്ന് വിളിച്ചുവരുത്തിയ പാമ്പുപിടുത്തക്കാരനാണ് ഇപ്പോൾ സൂരജിന്റെകൂടെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുള്ള സുരേഷെന്നും നാട്ടുകാർ പറയുന്നു. സൂരജിന്റെ ഫോൺ രേഖകളിലും സുരേഷുമായുള്ള ബന്ധം തെളിഞ്ഞു.

സൂരജിനെയും കൂട്ടുപ്രതി പാമ്പുപിടിത്തക്കാരൻ സുരേഷിനെയും പൊലീസ് കസ്റ്റഡിയിലാണ് ഇപ്പോൾ. പുനലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ഇരുവരെയും നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് ഉത്തരവിട്ടത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. തിങ്കളാഴ്ച രാവിലെ സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പാമ്പിനെ വീട്ടിലേക്ക് കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ ഇവിടെനിന്നു കണ്ടെടുത്തു. ഇതിനിടെ ഉത്രയുടെ അമ്മ സൂരജിനെതിരേ ക്ഷോഭിച്ചതും താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് സൂരജ് കരഞ്ഞുപറഞ്ഞതും നാടകീയ രംഗങ്ങൾക്കിടയാക്കി.

ഏറം വെള്ളിശേരിൽ വീട്ടിൽ ഉത്ര (25) വീട്ടിനുള്ളിൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് അച്ഛൻ വിശ്വസേനനും അമ്മ മണിമേഖലയും പൊലീസിൽ പരാതി നൽകിയത്. മെയ് ഏഴിനാണ് ഏറത്തെ കുടുംബവീട്ടിൽ കിടപ്പുമുറിയിൽ മരിച്ച നിലയിൽ ഉത്രയെ കണ്ടെത്തിയത്.അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇടതുകൈയിൽ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തിയത്. അടൂരിലെ ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതിനെ തുടർന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിൽ എത്തിയപ്പോഴാണ് ഉത്രയ്ക്ക് രണ്ടാമതും സർപ്പദംശനമേറ്റത്. ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതും രാത്രിയിലായിരുന്നു. വീട്ടിൽ ബോധം കെട്ട് വീണ ഉത്രയുടെ കാൽ പരിശോധിച്ചപ്പോഴാണ് പാമ്പ് കടിച്ചതായി മനസ്സിലായത്.

അവിശ്വസനീയമായ രീതിയിലായിരുന്നു ഉത്ര ജീവിതത്തിലേക്ക് തിരിച്ചുവന്നത്. എന്നാൽ പാമ്പ് കടിയേറ്റ വിവരം ഉത്ര അറിഞ്ഞിരുന്നില്ലെന്നും പാമ്പ് കടിയേറ്റിട്ട് ഉടനെ ആശുപത്രിയിൽ എത്തിച്ചില്ലെന്നും ഇതിൽ ദുരൂഹത ഉണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ സൂരജ് കുറ്റം സമ്മതിച്ചു. യൂ ട്യൂബ് വീഡിയോ ചിത്രീകരിക്കാനാണെന്ന് പറഞ്ഞാണ് പാമ്പുപിടിത്തക്കാരനായ സുരേഷിൽനിന്നും പതിനായിരം രൂപയ്ക്ക് സൂരജ് പാമ്പുകളെ വാങ്ങിയത്. അണലിയെ കൊണ്ട് കടിപ്പിച്ച് ആദ്യ ശ്രമം പരാജയപ്പെട്ടതോടെ പിന്നീട് മൂർഖനെ എത്തിക്കുകയായിരുന്നു. പാമ്പുമായി വീട്ടിലെത്തിയ സൂരജ് ഉറങ്ങികിടന്ന ഉത്രയുടെ മേൽ പാമ്പിനെ ഇടുകയും കടിപ്പിക്കുകയുമായിരുന്നെന്നാണ് കണ്ടെത്തൽ.

ഭാര്യയെ പാമ്പ് കടിക്കുന്നത് സമീപത്തെ കട്ടിലിൽ ഇരുന്ന് സൂരജ് നോക്കിനിൽക്കുകയായിരുന്നു. ഉത്രയുമായുള്ള കുടുംബജീവിതത്തിൽ സൂരജ് സംതൃപ്തനായിരുന്നില്ല. സാമ്പത്തിക കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നും 98 പവനോളം സ്വർണം ഉത്രയിൽനിന്ന് സ്ത്രീധനമായി വാങ്ങിയിരുന്നതായും പൊലീസ് പറഞ്ഞു. പണം ആവശ്യത്തിന് ലഭിച്ചശേഷം ഉത്രയെ ഒഴിവാക്കി കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതത്തിലേക്ക് പോകാനുള്ള ആഗ്രഹമാണ് സൂരജിനെ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നും കഴിഞ്ഞ ദിവസം പൊലീസ് പറഞ്ഞിരുന്നു. അതേസമയം, ഉത്രയ്ക്ക് എന്തെങ്കിലും മയക്കുമരുന്നോ മറ്റോ നൽകിയാണോ പാമ്പിനെ കടിപ്പിച്ചതെന്ന സംശയം ബാക്കിനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ വരും മണിക്കൂറുകളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP