Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടികളുടെ സമ്പാദ്യമുള്ള ചക്കരയ്ക്ക് യുഎഇയിലും ഓസീസിലും തായ്‌ലാണ്ടിലും വിസകൾ; തെളിവ് തേടിയുള്ള യാത്രയിൽ പ്രതിയെ തടയാൻ മറന്ന് പൊലീസും; അങ്കമാലി കൊലയിലെ മുഖ്യ ആസൂത്രകൻ രാജ്യം വിട്ടു; അഡ്വക്കേറ്റിനെ ഇനി കുടുക്കാനാകില്ലെന്ന തിരിച്ചറിവിൽ അന്വേഷണ സംഘം; രാജീവിന് പരിക്കേറ്റെന്ന് ഡിവൈഎസ്‌പിയെ അറിയിച്ചത് ഉദയഭാനുവിന് തുണയാകും: റിയൽ എസ്റ്റേറ്റ് പകപോക്കലിൽ അന്വേഷണം വഴിമുട്ടി

കോടികളുടെ സമ്പാദ്യമുള്ള ചക്കരയ്ക്ക് യുഎഇയിലും ഓസീസിലും തായ്‌ലാണ്ടിലും വിസകൾ; തെളിവ് തേടിയുള്ള യാത്രയിൽ പ്രതിയെ തടയാൻ മറന്ന് പൊലീസും; അങ്കമാലി കൊലയിലെ മുഖ്യ ആസൂത്രകൻ രാജ്യം വിട്ടു; അഡ്വക്കേറ്റിനെ ഇനി കുടുക്കാനാകില്ലെന്ന തിരിച്ചറിവിൽ അന്വേഷണ സംഘം; രാജീവിന് പരിക്കേറ്റെന്ന് ഡിവൈഎസ്‌പിയെ അറിയിച്ചത് ഉദയഭാനുവിന് തുണയാകും: റിയൽ എസ്റ്റേറ്റ് പകപോക്കലിൽ അന്വേഷണം വഴിമുട്ടി

മറുനാടൻ മലയാളി ബ്യൂറോ

ചാലക്കുടി: ചാലക്കുടിയിൽ എസ്റ്റേറ്റ് ഏജന്റ് രാജീവിനെ കൊലപ്പെടുത്തിയ കേസ് അന്വേഷണം പ്രതിസന്ധിയിലേക്ക്. കേസിലെ മുഖ്യസൂത്രധാരൻ ചക്കര ജോണി രാജ്യം വിട്ടെന്ന് സൂചന പൊലീസിന് ലഭിച്ചതോടെയാണ് ഇത്. ക്വട്ടേഷൻ ഇടനിലക്കാരൻ അങ്കമാലി നായത്തോട് സ്വദേശിയായ ചക്കര ജോണിയെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാൾ രാജ്യം വിട്ടതായുള്ള സംശയം ബലപ്പെട്ടത്. കേസിൽ മുഖ്യ ആസൂത്രകനാണ് ചക്കര ജോണി. ഇയാളെ പിടികൂടാനായില്ലെങ്കിൽ ഇപ്പോൾ പിടികൂടിയവരിലേക്ക് മാത്രമായി അന്വേഷണം ഒതുങ്ങും. പ്രമുഖ അഭിഭാഷകനായ സിപി ഉദയഭാനുവിനെ ചോദ്യം ചെയ്യാൻ പോലും സാധിക്കാത്ത സാഹചര്യമുണ്ട്. ഉദയഭാനുവിനെ ചോദ്യം ചെയ്യാൻ വിളിച്ചാലും അദ്ദേഹത്തിന്റെ മൊഴി മുഖവിലയ്‌ക്കെടുക്കേണ്ട സാഹചര്യം വരും.

ചക്കര ജോണിക്ക് ഓസ്ട്രേലിയ, യുഎഇ, തായ്ലാൻഡ് എന്നിവിടങ്ങളിലെ വീസയുണ്ട്. ഇതേ തുടർന്ന് ചാക്കര ജോണിക്കായി വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഗൂഢാലോചനയിൽ ജോണിയടക്കം മൂന്നു പേർ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. രാജീവിന് പരിക്കേറ്റ് കിടക്കുന്നുവെന്ന് പൊലീസിന് വിളിച്ച് അറിയിച്ചത് ഉദയഭാനുവാണ്. സ്ഥലം പറഞ്ഞു കൊടുത്തത് ചക്കര ജോണിയും. കൃത്യം സംഭവിച്ച ശേഷം പ്രതികൾ ഉദയഭാനുവിനെ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യം പൊലീസിൽ അറിയിക്കുകയാണ് ഉദയഭാനു ചെയ്തത്. അതുകൊണ്ട് തന്നെ വസ്തു തർക്കത്തിൽ തെളിവ് കിട്ടിയാലും രാജീവിന്റെ മരണത്തിൽ ഉദയഭാനുവിനെ ഉൾപ്പെടുത്താൻ കഴിയില്ല.

കൊല്ലപ്പെട്ട രാജീവ് അബോധാവസ്ഥയിൽ കിടക്കുന്നുവെന്ന വിവരം ചാലക്കുടി ഡിവൈ.എസ്‌പി: ഷാഹുൽ ഹമീദിനെ ഫോണിൽ ആദ്യം അറിയിച്ചത് അഡ്വ. സി.പി. ഉദയഭാനുവായിരുന്നു. കാണാതായ രാജീവ് അബോധാവസ്ഥയിൽ ആണെന്നും എത്രയും പെട്ടെന്ന് സ്ഥലത്തെത്തിയാൽ രക്ഷപ്പെടുത്താൻ കഴിയുമെന്നുമാണ് അറിയിച്ചത്. രാജീവ് കിടക്കുന്ന സ്ഥലം എവിടെയെന്ന് ഡിവൈ.എസ്‌പി. ചോദിച്ചെങ്കിലും അക്കാര്യത്തിൽ ഉദയഭാനുവിനു വ്യക്തതയുണ്ടായിരുന്നില്ല. തുടർന്ന്, കേസിലെ മുഖ്യസൂത്രധാരനായ ചക്കര ജോണിയെ ഉദയഭാനു ഫോണിൽ വിളിച്ച് ഡിവൈ.എസ്‌പിയോട് സ്ഥലം എവിടെയെന്ന് അറിയിക്കാൻ നിർദേശിച്ചെന്നാണു പൊലീസ് പറയുന്നത്. ഇതനുസരിച്ച് ചക്കര ജോണി അൽപസമയത്തിനകം തന്നെ ഡിവൈ.എസ്‌പിയെ വിളിച്ച് രാജീവ് കിടക്കുന്ന സ്ഥലം അറിയിക്കുകയായിരുന്നു. ഉദയഭാനുവും ചക്കര ജോണിയും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ഡിവൈ.എസ്‌പിയും സംഘവും രാജീവ് കിടക്കുന്ന സ്ഥലം കണ്ടെത്തിയതും കൊലപാതകം സ്ഥിരീകരിച്ചതും.

ചക്കര ജോണിക്ക് കോടികളുടെ സമ്പാദ്യമാണ് ഉള്ളതെന്നും മൂന്നുരാജ്യങ്ങളിലെ വിസ ഇയാൾക്കുണ്ടെന്നും പൊലീസ് പറയുന്നു. രാജ്യം വിട്ടതായി സംശയിക്കുന്നതിനെ തുടർന്ന് ചക്കരക്കൽ ജോണിയെ പിടികൂടാൻ ഇന്റർ പോളിന്റെ സഹായം തേടാനാണ് പൊലീസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. കേസിൽ ആരോപണ വിധേയനായിട്ടുള്ള പ്രമുഖ അഭിഭാഷകൻ സി. പി. ഉദയഭാനുവിന്റെ പങ്ക് വെളിപ്പെടണമെന്നുണ്ടെങ്കിൽ ജോണിയെ പിടികൂടേണ്ടതുണ്ട്. ചുരുങ്ങിയ കാലയളവിനിടെയാണ് ജോണിയുടെ റിയൽ എസ്റ്റേറ്റ് മേഖലയിലെ വളർച്ച ഉണ്ടായതെന്ന് . ഇതാണ് പൊലീസ് കൂടുതൽ സംശയിക്കാൻ കാരണം. കൊലപാതകത്തിന് പിന്നിൽ റിയൽ എസ്റ്റേറ്റ് ഇടപാടിലെ തർക്കങ്ങളാണെന്ന് പൊലീസ് പറയുന്നു. ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കൊലപാതകം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. ഡി വൈ എസ് പി ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണ സംഘം രൂപവത്കരിച്ചിരിക്കുന്നത്. വിവിധ മേഖലകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരും.

വെള്ളിയാഴ്ച രാവിലെ പരിയാരം തവളപ്പാറയിലെ ആളൊഴിഞ്ഞ വീട്ടിലാണ് രാജീവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ചാലക്കുടി സ്വദേശിയേയും, മുരിങ്ങൂർ സ്വദേശികളായ മൂന്നു പേശരയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്വട്ടേഷൻ നൽകിയത് പ്രമുത അഭിഭാഷകനായ സിപി ഉദയഭാനുവാണ് എന്നാണ് അറസ്റ്റിലായ പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. രാജീവ് വധക്കേസിലെ മുഖ്യസൂത്രധാരൻ അങ്കമാലി സ്വദേശി ചക്കര ജോണി രാഷ്ട്രീയക്കാരുടെയും വമ്പൻ ബിസിനസുകാരുടെയും ഉറ്റതോഴനാണ്. ദുബായിൽ ബിസിനസും ഉറ്റബന്ധങ്ങളുമുള്ള ജോണി വിദേശത്തേക്കു കടന്നതായാണു റിയൽ എസ്റ്റേറ്റ് രംഗത്തുള്ള അടുത്ത സുഹൃത്തുക്കൾ നൽകുന്ന വിവരം. രാജീവ് മരിച്ചപ്പോൾ ചക്കര കേരളത്തിലായിരുന്നു. ഉടനെ പൊലീസിന് ചക്കരെ അറസ്റ്റ് ചെയ്യാനും കഴിയുമായിരുന്നു. എന്നാൽ അതിന് തയ്യാറായില്ല. തെളിവുകൾ വിശകലനം ചെയ്യുന്നതിനിടെ ബംഗളൂരുവിൽ എത്തി ചക്കര പറന്നകന്നു. ഇതിന് പൊലീസാണ് ഒത്താശ ചെയ്തതെന്നാണ് ആക്ഷേപം.

സംഭവത്തിൽ പ്രതികളായ നാലുപേരെ പൊലീസ് പിടിക്കൂടിയതിൽ ജോണിയുടെ ഭാര്യാസഹോദരനുമുണ്ട്. മാനസികവൈകല്യമുള്ള ഇയാളെക്കൊണ്ടു രാജീവിനെ വകവരുത്തുമെന്നു ഭീഷണിയുണ്ടെന്നു കാണിച്ച് പൊലീസിൽ പരാതിയുണ്ടായിരുന്നു. രാജീവിനെ കാണാനില്ലെന്നു കാട്ടി മകൻ നൽകിയ പരാതിയിൽ അഭിഭാഷകനിൽനിന്നും ജോണിയിൽനിന്നും ഭീഷണിയുള്ളതായി പരാമർശമുണ്ട്. ഇതുകൊണ്ട് മാത്രമാണ് അന്വേഷണം ചക്കരയിലേക്കും അഭിഭാഷകരിലേക്കും നീണ്ടത്. സംസ്ഥാനത്തെ പല പ്രമുഖ രാഷ്ട്രീയക്കാരുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ജോണിക്കു ബന്ധമുണ്ട്. ഇതെല്ലാം രക്ഷപ്പെടാൻ ഗുണകരമായി മാറി. രാജീവിനെ ആക്രമിച്ചത് ഉദയഭാനു പൊലീസിനെ അറിയിച്ചതും ക്രിമിനൽ ബുദ്ധിയുടെ ഭാഗമാണോ എന്നും സംശയമുണ്ട്. എന്നാൽ ഇതുറപ്പിക്കണമെങ്കിൽ ചക്കരയെ പിടികൂടിയേ മതിയാകൂ.

തന്ത്രപരമായാണു രാജീവിനെ വധിക്കാൻ പദ്ധതി തയാറാക്കിയത്. ഇതിനായി രാജീവ് പാട്ടത്തിനെടുത്ത സ്ഥലത്തിനു സമീപം ഒരുമാസം മുമ്പു ജോണിയും സ്ഥലം പാട്ടത്തിനെടുത്തു. തുടർന്നു കൃത്യം നടപ്പാക്കുകയായിരുന്നു. ജോണിയുടെ വീട്ടിലും കയ്യാലപ്പടിയിലുള്ള സഹായിയുടെ വീട്ടിലും പൊലീസ് എത്തിയിരുന്നു. ജോണി പ്രതിയാണെന്ന് അറിഞ്ഞതോടെ അങ്കമാലിയിലെ പലരും ഭീതിയിലായി. മുൻ മന്ത്രി ജോസ് തെറ്റയിൽ ഉൾപ്പെട്ട വിവാദ സിഡി പുറത്തുവന്നതിലും ജോണിക്കു പങ്കുള്ളതായി ആരോപണമുണ്ട്. പാലക്കാട് ജില്ലയിലെയും നെടുമ്പാശേരിയിലെയും ഭൂമി വിൽപനയുമായി ബന്ധപ്പെട്ടാണു രാജീവും സി.പി. ഉദയഭാനുവുമായി പ്രശ്‌നമുണ്ടായത്. കരാർ എഴുതിയെങ്കിലും വിൽപ്പന നടന്നിരുന്നില്ല. ക്വട്ടേഷൻ സംഘത്തലവനായ ചക്കര ജോണിയും രാജീവും വസ്തുക്കച്ചവടത്തിലെ പങ്കാളികളായിരുന്നു. അധികം വിദ്യാഭ്യാസമില്ലാത്ത രാജീവിനെതിരേ ജോണിയും ഉദയഭാനുവും കരുനീക്കുകയായിരുന്നെന്ന് ആരോപണമുണ്ട്.

പാലക്കാട് ജില്ലയിലും നെടുമ്പാശേരിയിലുമായി അഞ്ചുകോടി രൂപയ്ക്കു സ്ഥലം വാങ്ങാൻ ഉദയഭാനു രാജീവിനെ ഇടനിലക്കാരനാക്കിയിരുന്നു. കച്ചവടം നടക്കാതായപ്പോൾ, മുൻകൂർ നൽകിയ പണം തിരിച്ചുനൽകണമെന്നു രാജീവിനോട് ആവശ്യപ്പെട്ടു. രാജീവിനെ ബിസിനസിൽനിന്നു പുറത്താക്കുമെന്നു ജോണി ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. നെടുമ്പാശേരിയിലും അങ്കമാലിയിലും വൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ രാജീവ് നടത്തിയതു ജോണിയുടെ ബിസിനസിനെ ബാധിച്ചിരുന്നു. രാജീവ് ഇടനിലനിന്ന് വസ്തുവിൽപനക്കാരും അഭിഭാഷകനുമായി രണ്ടു കരാറുകളാണ് ഉണ്ടാക്കിയത്. വിലകൂട്ടിപ്പറഞ്ഞാണ് കോടികൾ മതിക്കുന്ന വസ്തുക്കൾ അഭിഭാഷകനെക്കൊണ്ട് വാങ്ങിപ്പിക്കാൻ ശ്രമിച്ചതെന്ന് ആക്ഷേപം ഉയർന്നതാണു കച്ചവടം നടക്കാതിരിക്കാൻ കാരണമായി രാജീവ് ബന്ധുക്കളോടു പറഞ്ഞത്.

ഇതിനു പിന്നിൽ ജോണിയാണെന്നും രാജീവ് വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പൊലീസിനും അറിയാം. എന്നിട്ടും രാജീവ് മരിച്ചെന്ന് അറിഞ്ഞ ഉടനെ ചക്കരയെ വലവീശിപിടിക്കാൻ പൊലീസ് ഒന്നും ചെയ്തില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP