Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മദ്യപിച്ച് ലക്കുകെട്ട് അർധനഗ്നനായി പെൺകുട്ടികളുടെ ഹോസ്റ്റലിലെത്തി; മലയാളിയായ അവസാനവർഷ എംബിബിഎസ് വിദ്യാർത്ഥിയെ മൂന്നുവർഷത്തേക്ക് പുറത്താക്കി പട്‌ന എയിംസ്; മദ്യംനിരോധിച്ച സംസ്ഥാനത്ത് ഹോളി ആഘോഷത്തിന്റെ പേരിൽ എങ്ങനെ മദ്യമെത്തിയെന്ന് അന്വേഷിച്ച് പൊലീസും

മദ്യപിച്ച് ലക്കുകെട്ട് അർധനഗ്നനായി പെൺകുട്ടികളുടെ ഹോസ്റ്റലിലെത്തി; മലയാളിയായ അവസാനവർഷ എംബിബിഎസ് വിദ്യാർത്ഥിയെ മൂന്നുവർഷത്തേക്ക് പുറത്താക്കി പട്‌ന എയിംസ്; മദ്യംനിരോധിച്ച സംസ്ഥാനത്ത് ഹോളി ആഘോഷത്തിന്റെ പേരിൽ എങ്ങനെ മദ്യമെത്തിയെന്ന് അന്വേഷിച്ച് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: ഹോളി ആഘോഷിച്ച് മദ്യപിച്ചും ഭാംഗ് കുടിച്ചും ലക്കുകെട്ട മലയാളിയായ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥി അർധനഗ്നനായി പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചുകയറി. വിദ്യാർത്ഥിയെ കൈയോടെ പിടിച്ച പട്‌ന എയിംസ് അധികൃതർ അച്ചടക്കനടപടിയുടെ പേരിൽ ഇയാളെ കോളേജിൽനിന്ന് മൂന്നുവർഷത്തേക്ക് പുറത്താക്കുകയും ചെയ്തു. ഫെബ്രുവരി 27-നാണ് സംഭവമുണ്ടായത്.

24 മണിക്കൂറിനകം ഹോസ്റ്റൽ വിട്ടുപോണമെന്ന നിർദേശത്തെത്തുടർന്ന് മാർച്ച് ഒന്നിന് വിദ്യാർത്ഥി നാട്ടിലേക്ക് മടങ്ങിയതായും അധികൃതർ പറഞ്ഞു. നാട്ടിലുള്ള രക്ഷിതാക്കളെ വിവരമറിയിച്ച അധികൃതർ, ഇയാൾക്കൊപ്പം നാട്ടിലേക്ക് പോകാൻ ഒരു ജൂനിയർ വിദ്യാർത്ഥിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഹോസ്റ്റലിൽ കടന്നുകയറിയ വിദ്യാർത്ഥിയെ പുറത്താക്കണമെന്നായിരുന്നു പെൺകുട്ടികളുടെ ആവശ്യം. ഇവരെ സമാധാനിപ്പിക്കുന്നതിന് വേണ്ടി മൂന്നുവർഷത്തേക്കാണ് പുറത്താക്കിയിട്ടുള്ളത്. അവസാന വർഷ വിദ്യാർത്ഥിയായതിനാൽ, കരിയർ തന്നെ അപകടത്തിലാവുന്നതാണ് ഈ നടപടി. പെൺകുട്ടികളുമായി സംസാരിച്ചശേഷം ശിക്ഷ ഇളവ് ചെയ്യുന്ന കാര്യം പരിഗണിക്കുമെന്ന് എയിംസ് ഡയറക്ടർ ഡോ. പി.കെ.സിങ് പറഞ്ഞു. സംഭവത്തെത്തുടർന്ന് 2013 ബാച്ചിലെ 63 വിദ്യാർത്ഥികളോടും ഹോസ്റ്റൽ ഒന്നിൽനിന്ന് ഹോസ്റ്റൽ നാലിലേക്ക് മാറാനും അധികൃതർ ആവശ്യപ്പെട്ടു.

11 ഹോസ്റ്റലുകളാണ് എയിംസിലുള്ളത്. ഇതിനോട് ചേർന്ന തുറസ്സായ സ്ഥലത്തായിരുന്നു ഹോളി ആഘോഷം. ഒമ്പതാം നമ്പർ ഹോസ്റ്റലിലെ താമസക്കാരനാണ് പുറത്താക്കപ്പെട്ട വിദ്യാർത്ഥി. മദ്യപിച്ച് ലക്കുകെട്ട ഇയാൾ, പെൺകുട്ടികൾ താമസിക്കുന്ന ആറാം നമ്പർ ഹോസ്റ്റലിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതിനിടെ ലുങ്കി അഴിഞ്ഞുപോയ ഇയാൾ ഏറെക്കുറെ നഗ്നനായാണ് ഹോസ്റ്റലിലെത്തിയത്.

പെൺകുട്ടികൾ ഒച്ചവച്ചതിനെത്തുടർന്ന് സെക്യൂരിറ്റി ജീവനക്കാർ ഓടിയെത്തി വിദ്യാർത്ഥിയെ പിടികൂടി. ആദ്യം അധികൃതർ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടികളുടെ പ്രതിഷേധത്തെത്തുടർന്ന് അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു. പൊലീസിൽ പരാതിപ്പെടുമെന്ന് പെൺകുട്ടികൾ മുന്നറിയിപ്പ് നൽകിയതോടെയാണ് ഫെബ്രുവരി 28-ന് ഇയാളെ പുറത്താക്കാൻ കോളേജ് അധികൃതർ തീരുമാനിച്ചത്.

എന്നാൽ, മദ്യനിരോധനമുള്ള ബീഹാറിൽ എയിംസിലെ വിദ്യാർത്ഥികൾക്ക് ഹോളി ആഘോഷിക്കാൻ മദ്യം എവിടുന്ന് കിട്ടിയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. 2016 ഏപ്രിൽ അഞ്ചിനാണ് ബീഹാറിൽ മദ്യനിരോധനം ഏർപ്പെടുത്തിയത്. മദ്യപിച്ച് അറസ്റ്റിലായാൽ പത്തുവർഷം വരെ തടവുശിക്ഷ കിട്ടാം. ഇതറിയുന്നതുകൊണ്ടാണ് പൊലീസിൽ പരാതിപ്പെടുമെന്ന പെൺകുട്ടികളുടെ ഭീഷണിക്ക് മുന്നിൽ അധികൃതർ വഴങ്ങിയത്. പുറത്താക്കപ്പെട്ട വിദ്യാർത്ഥി മദ്യപിച്ചിരുന്നില്ലെന്നും ഭാംഗാണ് കുടിച്ചതെന്നും എയിംസ് അധികൃതർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP