Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഖിലിന്റെ നെഞ്ചിലേക്ക് കത്തിയിറക്കി കൊല്ലാക്കൊല ചെയ്ത ശിവരഞ്ജിത് പൊലീസ് നിയമന ലിസ്റ്റിൽ ഒന്നാം റാങ്കുകാരൻ; കുത്താനുള്ള കത്തിയൂരി നൽകിയ നസീം 28ാം റാങ്കുകാരനും; എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹിയായ പ്രണവ് രണ്ടാം റാങ്കുകാരനും; എല്ലാവരും പരീക്ഷ എഴുതിയത് യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസിൽ: എസ്എഫ്‌ഐ നേതാക്കൾ കൂട്ടത്തോടെ പൊലീസ് റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചതോടെ പിഎസ്‌സിയുടെ വിശ്വാസ്യതയെ കുറിച്ചും സംശയം ഉന്നയിച്ച് ഉദ്യോഗാർഥികൾ; ഈ ക്രിമിനലുകളെ പൊലീസാക്കാൻ സർക്കാർ കൂട്ടുനിൽക്കുമോ?

അഖിലിന്റെ നെഞ്ചിലേക്ക് കത്തിയിറക്കി കൊല്ലാക്കൊല ചെയ്ത ശിവരഞ്ജിത് പൊലീസ് നിയമന ലിസ്റ്റിൽ ഒന്നാം റാങ്കുകാരൻ; കുത്താനുള്ള കത്തിയൂരി നൽകിയ നസീം 28ാം റാങ്കുകാരനും; എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹിയായ പ്രണവ് രണ്ടാം റാങ്കുകാരനും; എല്ലാവരും പരീക്ഷ എഴുതിയത് യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസിൽ: എസ്എഫ്‌ഐ നേതാക്കൾ കൂട്ടത്തോടെ പൊലീസ് റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചതോടെ പിഎസ്‌സിയുടെ വിശ്വാസ്യതയെ കുറിച്ചും സംശയം ഉന്നയിച്ച് ഉദ്യോഗാർഥികൾ; ഈ ക്രിമിനലുകളെ പൊലീസാക്കാൻ സർക്കാർ കൂട്ടുനിൽക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കാനെന്ന് പറഞ്ഞ് വന്നിട്ട് ഗൂണ്ടായിസം ഇറക്കി വിദ്യാർത്ഥിയായ അഖിലിനെ കത്തി കൊണ്ടുകുത്തി കൊല്ലാക്കൊല ചെയ്ത രണ്ട് എസ്എഫ്‌ഐ നേതാക്കളും പൊലീസ് റാങ്ക് പട്ടികയിലെ മുൻനിരക്കാർ. കേസിലെ ഒന്നാം പ്രതി എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് സിവിൽ പൊലീസ് ഓഫിസർ കെഎപി നാലാം ബറ്റാലിയൻ (കാസർകോട്) റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനക്കാരനാണ്. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കും ശിവരഞ്ജിത്തിനാണ്. രണ്ടാം പ്രതിയും കോളേജ് യൂണിറ്റു സെക്രട്ടറിയുമായ നസീം പൊലീസ് റാങ്ക് ലിസ്റ്റിൽ 28ാം റാങ്കുകാരനാണ്. 65.33 മാർക്കാണ് നസീമിന് ലഭിച്ചത്.

പഠിക്കാൻ വരുന്ന വിദ്യാർത്ഥികളെ വിരട്ടുകയും ക്ലാസിൽ കേറാതെ തേരാപാരാ നടക്കുകയും ചെയ്യുന്നവർ പിഎസ്‌സി റാങ്കിലെ മുൻനിരയിൽ വന്നത് ചോദ്യപേപ്പർ ചോർച്ചയോ, ഹാൾ ടിക്കറ്റ് തിരിമറിയോ ആണെന്നാണ് ഒരുപറ്റം പിഎസ്‌സി ഉദ്യോഗാർഥികൾ ആരോപിക്കുന്നത്. ഒരുമനസ്സാക്ഷിയുമില്ലാതെ വിദ്യാർത്ഥികൾക്ക് നേരേ ഗുണ്ടായിസം കാണിക്കുന്ന ഇത്തരക്കാർ പൊലീസിൽ കയറിക്കൂടിയാൽ പിന്നെ പറയാനുണ്ടോ എന്നാണ് ഉദ്യോഗാർഥികളുടെ ചോദ്യം.

അതേസമയം, ശിവരഞ്ജിത്തിനെയും, നസീമിനെയും പ്രതിപ്പട്ടികയിൽ നിന്ന് ഊരിയെടുക്കാൻ പൊലീസിൽ സമ്മർദ്ദം ശക്തമാണ്. യൂണിറ്റ് പ്രസിഡന്റായ നസീം മുൻപ് പാളയത്ത് നടുറോഡിൽ ട്രാഫിക് പൊലിസുകാരനെ മർദിച്ച കേസിൽ പ്രതിയാണ്. കേസിൽ ഇയാളെ പിടികൂടാത്തതിൽ പൊലിസുകാർക്കിടയിൽ തന്നെ വലിയ പ്രതിഷേധമുയർന്നിരുന്നു. പിന്നീട് കോളജിൽ മന്ത്രി എ.കെ ബാലൻ പങ്കെടുത്ത പരിപാടിയിൽ പ്രതിയും പങ്കെടുത്തത് വലിയ വിവാദമായി. ഈയിടെ ഇറങ്ങിയ പൊലിസ് കോൺസ്റ്റബിൾ ലിസ്റ്റിൽ നസീമും ഉൾപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി ഇയാൾക്കെതിരെയുള്ള കേസുകളെല്ലാം ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് വധശ്രമക്കേസും ചേർത്തിരിക്കുന്നത്.
അതുകൊണ്ട് തന്നെ സംഭവത്തിന്റെ ചൂടാറുമ്പോൾ ഇരുവരെയും രക്ഷിക്കുന്ന സമീപനമായിരിക്കും പൊലീസും സർക്കാരും സ്വീകരിക്കുക എന്ന ആരോപണവുമുണ്ട്.

പിഎസ്‌സി റാങ്ക് പട്ടിക ജൂലൈ 1നാണ് നിലവിൽവന്നത്. നിയമന ശുപാർശ അയയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അതിന്റെ ആത്മവിശ്വാസത്തിൽ ഇരുവരും കാമ്പസിൽ അക്രമം അഴിച്ചുവിട്ടത്. കാസർഗോഡ് ജില്ലയിൽ അപേക്ഷിച്ചിരുന്ന ഇവർ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ തന്നെയാണു പിഎസ്്സി പരീക്ഷ എഴുതിയതെന്നാണ് വിവരം.

തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ ശിവരഞ്ജിത്തിന് പിഎസ്‌സി പരീക്ഷയിൽ 78.33 മാർക്കാണ് ലഭിച്ചത്. സ്‌പോർട്‌സിലെ വെയിറ്റേജ് മാർക്കായി 13.58 മാർക്ക് ഉൾപ്പെടെ 91.91 മാർക്ക് ലഭിച്ചു. ശിവരഞ്ജിത്തിന് ആർച്ചറി താരമെന്ന നിലയിലാണ് സ്പോർട്സ് വെയിറ്റേജ് കിട്ടിയത്.രണ്ടാം പ്രതിയും കോളജ് യൂണിറ്റു സെക്രട്ടറിയുമായ നസീം പൊലീസ് റാങ്ക് ലിസ്റ്റിൽ 28ാം റാങ്കുകാരനാണ്. 65.33 മാർക്കാണ് നസീമിന് ലഭിച്ചത്. പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതിയായ നസീമിന്റെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കാതെ റാങ്ക് പട്ടികയിൽ 28 ാം റാങ്കുകാരനായി ഉൾപ്പെടുത്തിയത് സിപിഎമ്മിന്റെ സ്വാധീനം മൂലമാണെന്നും ഈ കേസിലും രക്ഷിക്കാൻ ശ്രമമുണ്ടെന്നും ആക്ഷേപമുണ്ട്.

റാങ്ക് പട്ടികയിൽ ഉൾപ്പെട്ട നസീമിനെ രക്ഷിക്കാൻ സമ്മർദ്ദം

പാളയത്ത് സിഗ്‌നൽ ലംഘിച്ചതിന്റെ പേരിൽ ബൈക്ക് തടഞ്ഞ സംഭവത്തിലാണ് ഇയാൾ ഉൾപ്പെട്ട സംഘം പൊലീസുകാരെ വളഞ്ഞിട്ട് മർദ്ദിച്ചത്. അക്രമം നടന്നതിന് തൊട്ടുപിന്നാലെ കൺട്രോൾ റൂമിൽ നിന്നുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും നസീമിനെയും സംഘത്തെയും അറസ്റ്റ് ചെയ്യാതെ മടങ്ങുകയും ചെയ്തു. ഡിസംബർ 12-നാണ് പാളയത്ത് ട്രാഫിക് നിയമലംഘനം ചോദ്യംചെയ്ത എസ്.എ.പി.യിലെ പൊലീസുകാരായ ശരത്, വിനയചന്ദ്രൻ എന്നിവരെ എസ്.എഫ്.ഐ.ക്കാർ വളഞ്ഞിട്ട് ആക്രമിച്ചത്. പിന്നീട്, അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഇയാൾക്കെതിരെ കേസെടുക്കാൻ പോലൂം പൊലീസ് തയ്യാറായത്. എന്നിട്ടും അറസ്റ്റുണ്ടായില്ല. ഒളിവിലാണ് എന്നായിരുന്നു പൊലീസിന്റെ നിലപാട് പൊലീസിനെ ആക്രമിച്ച സംഭവത്തിൽ നസീമിനെ ന്യായീകരിച്ച് ഇതേകാലയളവിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു. ബിജെപിക്കാരായ പൊലീസുകാർ നസീമിനെ കേസിൽ പ്രതിയാക്കിയെന്നായിരുന്നു.ആനാവൂർ
നാഗപ്പന്റെ പ്രതികരണം.

പിഎസ്എസി പട്ടികയിലെ രണ്ടാം റാങ്കുകാരനായ പ്രണവ് പിപി എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹിയാണെന്നും പറയുന്നു. ഇയാളെ കേസിൽ പ്രതി ചേർത്തിട്ടില്ല.

എഫ്‌ഐആറിൽ പറയുന്നത്

യൂണിവേഴ്സിറ്റി കോളജ് എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് അടങ്ങുന്ന എട്ടംഗസംഘമാണ് കാമ്പസിൽ അക്രമം അഴിച്ചുവിട്ടത്. തുടർന്നു ശിവരഞ്ജിത്തിനെ ഒന്നാം പ്രതിയാക്കി വധശ്രമത്തിനു കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ രാത്രി 10.28നാണ് പൊലീസ് കേസെടുത്തത്. വധശ്രമം, മാരകായുധവുമായി സംഘംചേരൽ, പൊതുസമാധാന നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് സെക്രട്ടറി നസീം രണ്ടാം പ്രതിയാണ്. നസീമാണ് കുറ്റകൃത്യങ്ങളിൽ മുൻകൈയെടുത്തതെന്നു വാർത്ത വന്നെങ്കിലും എഫ്.ഐ.ആറിൽ രണ്ടാം പ്രതിയാണ് നസീം. അദ്വൈതാണ് മൂന്നാം പ്രതി. കോളജ് വിദ്യാർത്ഥി ഉമർഖാൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. കോളജിലെ യൂണിറ്റ് അംഗങ്ങൾ പറയുന്ന പല കാര്യങ്ങളും അഖിലിനും മറ്റു വിദ്യാർത്ഥികൾക്കും സ്വീകാര്യമല്ലായിരുന്നു. അഖിലിനെ യൂണിറ്റ് മുറിയിൽ വിളിച്ചുവരുത്തി ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് വിദ്യാർത്ഥികൾ പരസ്യമായി പ്രതികരിക്കാനെത്തിയപ്പോൾ അഖിലിന്റെ നെഞ്ചിൽ കുത്തിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഏഴു പ്രതികൾ സംഘംചേരുകയായിരുന്നു. അഖിലിനെ വളഞ്ഞുവച്ച് ആക്രമിച്ചു.

രാവിലെ 11 നാണ് സംഭവം. അക്രമികളുടെ കൂട്ടത്തിൽ മൂന്നാംവർഷ ബോട്ടണി വിദ്യാർത്ഥികളാണ് ശിവരഞ്ജിത്തിനൊപ്പം ഉണ്ടായിരുന്നത്. ചീത്തവിളിച്ചുകൊണ്ടായിരുന്നു ആക്രമണം. നസീമിന്റെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി കോളജിലേയും സംസ്‌കൃത കോളജിലേയും മുപ്പതോളം മുൻ വിദ്യാർത്ഥികൾ അഖിലിനെ തടഞ്ഞുവച്ചു. സംഘത്തിന്റെ മുന്നിൽ നിൽക്കുകയായിരുന്ന നസീമിന്റെ കൈയിൽ ഊരിപ്പിടിച്ച കത്തിയുണ്ടായിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന വിദ്യാർത്ഥികളെല്ലാം ചിതറിയോടി. ഇതിനിടെ അഖിലിനെ ശിവരഞ്ജിത്ത് കുത്തുകയായിരുന്നു. കുത്തുകൊണ്ട് അഖിൽ പുറകിലോട്ട് മറിഞ്ഞു. കോളജ് യൂണിയൻ അംഗങ്ങൾ പറയുന്ന പല കാര്യങ്ങളും അഖിലിന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ കേൾക്കാത്തതിന്റെ പകയാണ് കത്തിക്കുത്തിൽ കലാശിച്ചത്.

എന്നാൽ ഇരുപതിലേറെപ്പേർ ആക്രമണത്തിൽ പങ്കാളികളാണെന്നാണു ദൃക്സാക്ഷികൾ പറയുന്നത്. കോളജിനു പുറത്തുള്ള ഹൈദർ, നന്ദകിഷോർ എന്നീ എസ്എഫ്ഐ പ്രവർത്തകരും ആക്രമണത്തിനു നേതൃത്വം നൽകിയതായും പരാതിയുണ്ട്. അഖിലിനെ കുത്താനുള്ള കത്തിയുമായെത്തിയത് നസീമും ശിവരഞ്ജിത്തുമാണ്. ഇതിൽ ശിവരഞ്ജിത്താണ് കുത്തിയതെന്നുമാണ് മൊഴി ലഭിച്ചിരിക്കുന്നത്.ഏതായാലും പൊലീസ് റാങ്ക് പട്ടികയിൽ ശിവരഞ്ജിത്തും നസീമും ഉൾപ്പെട്ടത് ഉദ്യോഗാർഥികൾ സംശയത്തോടെയാണ് കാണുന്നത്.പ്രതികളെ പെട്ടെന്ന് പിടികൂടി മുഖം രക്ഷിക്കാനാണ് സർക്കാരിന്റെ ഇപ്പോഴത്തെ ശ്രമമെങ്കിലും, പിന്നീട് കാര്യങ്ങൾ മാറിമറിയുമെന്ന ആശങ്കയും ഇവർ പങ്കുവയ്ക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP