Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തണ്ടർ ബോൾട്ട് വെടിവച്ചത് ആയുധംപോലും കൈവശം ഇല്ലാതിരുന്ന മാവോയിസ്റ്റുകളുടെ നേരെയോ? ഉപവൻ റിസോർട്ട് വളപ്പിൽ തന്നെ സി പി ജലീലിനെ വെടിയുണ്ടയിൽ ഇല്ലാതാക്കിയത് ചോദ്യം ചെയ്യപ്പെടുന്നു; പ്രകോപനത്തിന്റെ യാതൊരു സാധ്യതയും ഇല്ലായിരുന്നുന്നെന്നും തീർത്തും മാന്യമായായിരുന്നു മാവോയിസ്റ്റുകളുടെ പെരുമാറ്റമെന്നും ദൃക്സാക്ഷികൾ; ആളുകളെ ബന്ദിയാക്കിയെന്ന തരത്തിലുള്ള പൊലീസ് ഭാഷ്യവും വ്യാജം; കൊല്ലപ്പെട്ട ജലീലിൽ നിന്ന് ഒരു ആയുധവും കിട്ടാത്തത് എന്തുകൊണ്ട്?

തണ്ടർ ബോൾട്ട് വെടിവച്ചത് ആയുധംപോലും കൈവശം ഇല്ലാതിരുന്ന മാവോയിസ്റ്റുകളുടെ നേരെയോ? ഉപവൻ റിസോർട്ട് വളപ്പിൽ തന്നെ സി പി ജലീലിനെ വെടിയുണ്ടയിൽ ഇല്ലാതാക്കിയത് ചോദ്യം ചെയ്യപ്പെടുന്നു; പ്രകോപനത്തിന്റെ യാതൊരു സാധ്യതയും ഇല്ലായിരുന്നുന്നെന്നും തീർത്തും മാന്യമായായിരുന്നു മാവോയിസ്റ്റുകളുടെ പെരുമാറ്റമെന്നും ദൃക്സാക്ഷികൾ; ആളുകളെ ബന്ദിയാക്കിയെന്ന തരത്തിലുള്ള പൊലീസ് ഭാഷ്യവും വ്യാജം; കൊല്ലപ്പെട്ട ജലീലിൽ നിന്ന് ഒരു ആയുധവും കിട്ടാത്തത് എന്തുകൊണ്ട്?

കെ വി നിരഞ്ജൻ

കൽപ്പറ്റ: വയനാട് ലക്കിടിയിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവെന്ന് പൊലീസ് പറയുന്ന സി പി ജലീൽ വെടിയേറ്റ് മരിച്ചതിൽ സംശയങ്ങൾ ബലപ്പെടുന്നു. വൈത്തിരി ഉപവൻ റിസോർട്ടിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് പ്രവർത്തകൻ കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ ഇതിൽ സംശയം പ്രകടിപ്പിച്ച് ജലീലിന്റെ സഹോദരൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടയിൽ സംഭവ സ്ഥലത്തുണ്ടായിരുന്ന ചിലരുടെ പ്രതികരണങ്ങളും വ്യാജഏറ്റുമുട്ടൽ സാധ്യതയിലേക്ക് വിരൾചൂണ്ടുന്നു.

ബുധനാഴ്ച രാത്രി 9.30 ന് തുടങ്ങിയ ഏറ്റുമുട്ടലിലാണ് ജലീൽ കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. റിസോർട്ടിലെ റസ്റ്റോറന്റിൽ പണവും ഭക്ഷണവും ആവശ്യപ്പെട്ട് രണ്ട് മാവോയിസ്റ്റുകൾ വരുന്നു. ഒരു മണിക്കൂറിന് ശേഷം പൊലീസ് എത്തുമ്പോൾ ഭക്ഷണപ്പൊതികളുമായി മടങ്ങിപ്പോകാനൊരുങ്ങുകയായിരുന്നു ഇരുവരും. ഇവർ നാടൻ തോക്കും ഗ്രനേഡും ജീവനക്കാരെ കാണിച്ചിരുന്നത് സി സി ടി വി ദൃശ്യങ്ങളിലുണ്ട്. ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ പതിനായിരം രൂപ റിസോർട്ടിലെ ജീവനക്കാർ കൊടുത്തു. ബാക്കി തുക എ ടി എമ്മിൽ നിന്ന് എടുക്കാനായി ഒരു ജീവനക്കാരൻ പുറത്ത് പോയി മടങ്ങിവരുന്നത് കാത്ത് നിൽക്കുന്നതിനിടയാണ് വൈത്തിരി പൊലീസ് സ്റ്റേഷനിൽ നിന്ന് തണ്ടർ ബോൾട്ട് എത്തിയത്.

അപ്രതീക്ഷിതമായി പൊലീസിനെ കണ്ട മാവോയിസ്റ്റുകൾ പൊലീസ് വാഹനത്തിന് നേരെ വെടിയുതിർത്തു. പൊലീസ് തിരിച്ച് വെടിവെയ്‌പ്പ് നടത്തിയപ്പോൾ മാവോയിസ്റ്റുകൾ മുകൾ ഭാഗത്തെ വനത്തിലേക്ക് ഓടിക്കയറാൻ ശ്രമിച്ചു. അപ്പോഴാണ് ജലീലിന് പിന്നിൽ നിന്ന് വെടികൊണ്ടത്. ഒരു വെടിയുണ്ട തലയുടെ പിൻഭാഗത്തും മറ്റൊന്ന് തോളിലും കൊണ്ടു. ഇയാൾ ഇവിടെ കിടന്നു മരിച്ചു. വെടിവെയ്‌പ്പിൽ രണ്ടാമത്തെയാൾക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ഇയാൾ വനത്തിലേക്ക് ഓടിക്കയറി. വനത്തിൽ നിന്ന് വെടിയൊച്ച കേട്ടതിനെത്തുടർന്ന് തിരച്ചിൽ വേണ്ടെന്ന് വ്യക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

റിസോർട്ടിൽ എത്തിയവർ പത്തുപേർക്കുള്ള ഭക്ഷണം ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് സംഘത്തിൽ കൂടുതൽ പേർ ഉണ്ടായിരുന്നതായും ഇവർ പരിക്കേറ്റയാളെ രക്ഷപ്പെടുത്തിയിട്ടുണ്ടാവുമെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. മാവോയിസ്റ്റുകൾ ഗസ്റ്റുകളെ ബന്ദിയാക്കിയെന്ന തരത്തിലുള്ള ചില വാർത്തകൾ ആദ്യം പ്രചരിച്ചിരുന്നു. എന്നാൽ സംഭവ സ്ഥലത്തുണ്ടായിരുന്ന ചിലരിൽ നിന്ന് അൽപ്പം വ്യത്യസ്തമായ മറുപടിയാണ് ലഭിച്ചത്.

രാത്രി 7.30 ഓടെ മാവോയിസ്റ്റുകൾ റിസോർട്ടിലെത്തിയെന്ന് ഇവർ പറയുന്നു. അവർ ഗസ്റ്റുകളെ ആരെയും ബന്ദിയാക്കിയില്ല. ഗസ്റ്റുകൾ മാവോയിസ്റ്റുകൾ വന്നത് അറിഞ്ഞിട്ടപോലുമില്ലായിരുന്നു. പണം ചോദിച്ചപ്പോൾ ജീവനക്കാർ കുറച്ചു രൂപ നൽകി. അമ്പതിനായിരം രൂപയെങ്കിലും വേണമെന്ന് അവർ ആവശ്യപ്പെട്ടെങ്കിലും തരാൻ നിവൃത്തിയില്ലെന്ന് മറുപടി നൽകി. പിന്നീട് ജീവനക്കാർ പിരിവിട്ട് പതിനായിരം രൂപ നൽകിയപ്പോൾ അവർ സമ്മതിച്ചു. തുടർന്ന് ഭക്ഷണം ആവശ്യപ്പെട്ടു. പുട്ടും മത്തിക്കറിയും നൽകാമെന്ന് പറഞ്ഞപ്പോൾ അവർ സമ്മതിച്ചു. ഇവർ ഭക്ഷണവും കാത്ത് ഇരിക്കുന്നതിനിടെയാണ് തണ്ടർ ബോൾട്ട് സംഘമെത്തി ഇവർക്ക് നേരെ നിറയൊഴിച്ചത്. ഈ സമയം ഗസ്റ്റുകൾ ഭക്ഷണം കഴിക്കുകയായിരുന്നു.

എല്ലാവരോടും നിലവിലുള്ള സ്ഥലത്ത് തന്നെ ഇരിക്കാൻ പൊലീസ് നിർദ്ദേശം നൽകുകയായിരുന്നു. പൊലീസ് വെടിവെപ്പിൽ ഒരാൾ അവിടെ തന്നെ മരിച്ചുവീണു. പരിക്കേറ്റ മറ്റൊരാൾ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടുവെന്നും ഇവർ പറയുന്നു. പ്രകോപനത്തിന്റെ യാതൊരു സാധ്യതയും ഇല്ലായിരുന്നുവെന്നും തീർത്തും മാന്യമായിട്ടായിരുന്നു മാവോയിസ്റ്റുകളുടെ പെരുമാറ്റമെന്നും ഇവർ വ്യക്തമാക്കുന്നു. ആരാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് അറിയില്ലെന്നും വിവരം പറഞ്ഞ ആൾ വ്യക്തമാക്കി.

അതേസമയം മാവോയിസ്റ്റ് സി.പി ജലീൽ കൊല്ലപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് സഹോദരനും മനഷ്യവകാശ പ്രവർത്തകനുമായ സി പി റഷീദ് എന്ന പോരാട്ടം റഷീദ് പറഞ്ഞു. മരിച്ചത് ജലീൽ തന്നെയാണെന്നും എന്നാൽ ഏറ്റുമുട്ടൽ നടന്നെന്ന പൊലീസ് വാദം വിശ്വാസയോഗ്യമല്ലെന്നുമാണ് റഷീദ് പറഞ്ഞത്.'റിസോർട്ടിന്റെ അകത്താണ് മരിച്ചു കിടക്കുന്നത്. തലയ്ക്ക് ഭീകരമായ പരുക്ക് കാണുന്നുണ്ട്. മുഖത്ത് മുറിവുണ്ട്. ഇയാളുടെ പക്കലിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായി ഇവർ പറയുന്നില്ല. പിന്നെ എന്ത് ഏറ്റുമുട്ടലാണുണ്ടായത്.' സി.പി. റഷീദ് ചോദിച്ചു. സി.പി. ജലീലിനെ എവിടെ നിന്നോ പിടിച്ച് ഈ റിസോർട്ടിലെത്തിച്ച് വെടിവെച്ചുകൊന്നു എന്ന് സംശയിക്കാനാവുന്ന സാഹചര്യമാണ്. ഇന്നലെ രാത്രി തുടങ്ങി രാവിലെ വരെ വെടിവെച്ചു എന്ന പൊലീസ് വാദം ഒരിക്കലും വിശ്വാസയോഗ്യമായ കാര്യമല്ല. ഇത്രയും സമയം തുടർച്ചയായി വെടിവെപ്പു നടത്താൻ മാത്രമുള്ള ഉണ്ട തണ്ടർബോൾട്ടിന്റെ പക്കൽ പോലുമുണ്ടാവില്ല. പിന്നെ മാവോയിസ്റ്റുകളുടെ പക്കൽ എങ്ങനെയുണ്ടാവാനാണെന്നും അദ്ദേഹം ചോദിച്ചു.

ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് മറ്റൊരു ഹോദരനായ ജിഷാദ് പറഞ്ഞു. സാധാരണ ഒരാൾക്ക് പരുക്കുപറ്റിയാൽ ആശുപത്രിയിൽ കൊണ്ടുപോകുകയാണ് പതിവ്. എന്നാൽ ജലീലിന്റെ കാര്യത്തിൽ അതുണ്ടായിട്ടില്ലെന്നും ജിഷാദ് പറഞ്ഞു.

നേരത്തെ നിലമ്പൂർ വനത്തിൽ മാവോയിസ്റ്റുകളായ കുപ്പുസാമി ദേവരാജനെയും കാവേരി എന്ന അജിത പരമേശ്വരനെയും പൊലീസ് ഏകപക്ഷീയമായ് വെടിവെച്ചു കൊന്നതാണെന്ന വിമർശനവും ശക്തമായിരുന്നു. കാട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച് കിടക്കുന്ന മാവോയിസ്റ്റ് നേതാക്കളുടെ ചിത്രവും പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളും സർക്കാറിന്റെ കള്ളക്കളിക്ക് ഏറ്റവും വലിയ തെളിവാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു. തണ്ടർ ബോൾട്ടിന്റെ കാട് പരശോധനയ്ക്കിടയിൽ മാവോയിസ്റ്റുകൾ ആക്രമിച്ചപ്പോൾ തിരിച്ച് വെടിവച്ചാണ് രണ്ടുപേർ കൊല്ലപ്പെട്ടതെന്നായിരുന്നു പൊലീസ് വിശദീകരണം.

പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കുപ്പുദേവരാജിന്റെ ശരീരത്തിൽ 11 വെടിയുണ്ടയേറ്റതിന്റെ മുറിവുകൾ കണ്ടെത്തിയതായി പറഞ്ഞിരുന്നു. നാല് വെടിയുണ്ട കണ്ടെടുക്കുകയും ചെയ്തു. മൂന്നെണ്ണം ശരീരം തുളച്ച് പുറത്തുപോയി. കാവേരിയുടെ ശരീരത്തിൽ വെടിയേറ്റ 19 മുറിവുകളാണുണ്ടായിരുന്നത്. അഞ്ച് വെടിയുണ്ട കണ്ടെടുത്തു.

ഒന്ന് കണ്ടെടുക്കാനാകാതെ ശരീരത്തിലുണ്ടെന്ന് സി ടി സ്‌കാനിൽ തെളിഞ്ഞു. 13 ഉണ്ടകൾ ശരീരം തുളച്ച് പുറത്തുപോയി. വെടിയേറ്റ് നെഞ്ചും ആന്തരികാവയവങ്ങളും തകർന്നു. അജിതയുടെ നട്ടെല്ലും ശ്വാസകോശവും അന്തരീകാവയവങ്ങളും പൂർണമായി തർകന്നു. കുപ്പുദേവരാജിന്റെ വൃഷണം തകർന്നു. തുടർച്ചയായ വെടിവെപ്പാണ് നടന്നതെന്ന് ഇത് കാണിക്കുന്നതായി വിമർശകർ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

കാട്ടിൽ ഇരുവരും വെടിയേറ്റ് മരിച്ച് കിടക്കുന്ന ദൃശ്യങ്ങൾ രണ്ടാം ദിവസം തന്നെ പുറത്തു വന്നിരുന്നു. മാവോയിസ്റ്റുകൾ ധരിക്കുന്ന പച്ച യൂണിഫോം അണിഞ്ഞ് തല അല്പം ചരിച്ച് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് കുപ്പുദേവരാജ്. മലർന്ന് കിടന്ന നിലയിലാണ് അജിതയുടെ ചിത്രം. ഇത്രയേറെ വെടിയുണ്ടയേറ്റിട്ടും രണ്ടുപേരുടേയും ശരീരത്തിലോ വേഷങ്ങളിലോ ചോരപ്പാടുകളൊന്നും ചിത്രത്തിൽ തെളിയുന്നില്ല.

വെടിയുണ്ട തുളച്ചുകയറിയ സൂചന പോലും ചിത്രങ്ങളിലുണ്ടായിരുന്നില്ല. മൃതദേഹം കിടന്ന സ്ഥലത്തിന് സമീപത്ത് ചോരപ്പാടുകളുമുണ്ടായിരുന്നു. പൊലീസ് നടത്തിയ വെടിവെപ്പിന്റെ ഭീകരത പുറത്തറിയാതിരിക്കാൻ യഥാർഥ സ്ഥലത്തു നിന്ന് മൃതദേഹം മാറ്റിയിട്ടതാവാനുള്ള സാധ്യതയാണ് കൂടുതലെന്നായിരുന്നു അന്ന് പലരും വ്യക്തമാക്കിയത്. ഏതാണ്ട് സമാനമായ അവസ്ഥയാണ് വൈത്തിരിയിലും ഉണ്ടായിരുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP