Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടത് ഭാഗത്ത് ചേർന്ന് പോയ സ്‌കൂട്ടി ഇടിച്ചത് ഇടത് ഭാഗത്തെ പോസ്റ്റിൽ; പരുക്കുകൾ മുഴുവൻ വലത് ഭാഗത്തും; വാഹനം ഓടിച്ച അബ്ദുൽ വാഹിദിന്റെ നാവ് പുറത്തു വന്ന നിലയിൽ,ഫോട്ടോയിൽ തെളിഞ്ഞത് രണ്ടു കൈകളിലും കഴുത്തിൽ കുടുക്കിട്ട പാടുകൾ; പ്ലസ് ടു വിദ്യാർത്ഥികളായ നജീബുദ്ധീന്റെയും അബ്ദുൽ വാഹിദിന്റെയും അപകടമരണം അവയവ മാഫിയ 'ജോസഫ്' സ്‌റ്റൈലിൽ നടത്തിയ കൊലപാതകമോ? തൃശൂർ അമല ആശുപത്രിയ്‌ക്കെതിരെ പരാതി; പൂവിനെപോലും നുള്ളി നോവിക്കാത്ത ആശുപത്രിയെന്ന് ആക്ഷേപത്തിന് അമലയുടെ മറുപടിയും

ഇടത് ഭാഗത്ത് ചേർന്ന് പോയ സ്‌കൂട്ടി ഇടിച്ചത് ഇടത് ഭാഗത്തെ പോസ്റ്റിൽ; പരുക്കുകൾ മുഴുവൻ വലത് ഭാഗത്തും; വാഹനം ഓടിച്ച അബ്ദുൽ വാഹിദിന്റെ നാവ് പുറത്തു വന്ന നിലയിൽ,ഫോട്ടോയിൽ തെളിഞ്ഞത് രണ്ടു കൈകളിലും കഴുത്തിൽ കുടുക്കിട്ട പാടുകൾ; പ്ലസ് ടു വിദ്യാർത്ഥികളായ നജീബുദ്ധീന്റെയും അബ്ദുൽ വാഹിദിന്റെയും അപകടമരണം അവയവ മാഫിയ 'ജോസഫ്' സ്‌റ്റൈലിൽ നടത്തിയ കൊലപാതകമോ? തൃശൂർ അമല ആശുപത്രിയ്‌ക്കെതിരെ പരാതി; പൂവിനെപോലും നുള്ളി നോവിക്കാത്ത ആശുപത്രിയെന്ന് ആക്ഷേപത്തിന് അമലയുടെ മറുപടിയും

എം മനോജ് കുമാർ

തൃശൂർ: മലപ്പുറം സ്വദേശിയായ ഉസ്മാന്റെ പ്ലസ് ടു വിദ്യാർത്ഥിയായ മകൻ നജീബുദ്ധീന്റെയും സുഹൃത്ത് അബ്ദുൽ വാഹിദിന്റെയും അപകടമരണം ആസൂത്രിതമായ കൊലപാതകമോ? കേരളത്തിൽ ഈയിടെ തകർത്തോടിയ ജോസഫ് സിനിമയിലെപ്പോലെ അവയവമാഫിയ സൃഷ്ടിച്ച അപകടത്തിലാണോ നജീബുദ്ധീനും സുഹൃത്ത് അബ്ദുൽ വാഹിദിനും ജീവൻ നഷ്ടമായത്. ഉസ്മാൻ ആരോപിക്കും പോലെ നജീബുദ്ധീന്റെ കിഡ്‌നി കവർന്നെടുക്കപ്പെട്ടിട്ടുണ്ടോ? കിഡ്‌നി പോലെ മറ്റു അവയവങ്ങൾ നജീബുദ്ധീന്റെ ശരീരത്തിൽ നിന്ന് എടുത്ത് മാറ്റപ്പെട്ടിട്ടുണ്ടോ? 2016 നവംബറിൽ തന്റെ മകന്റെ മരണത്തിന്നിടയാക്കിയ അപകടമരണം ആസൂത്രിതമായ ഒരു കൊലപാതകമാണ് എന്ന ആരോപണവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കുമൊക്കെ പരാതി നൽകി ഉസ്മാൻ മുന്നോട്ടു പോകുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് സിഎംഐ സഭ നേതൃത്വം നൽകുന്ന തൃശൂരിലെ അമല ആശുപത്രികൂടിയാണ്.

പൂവിനെപ്പോലും നുള്ളി നോൽപ്പിക്കാത്ത ആശുപത്രിയെന്നു പറഞ്ഞു അമല ആശുപത്രി ആരോപണങ്ങൾ മറുനാടനോട് നിഷേധിച്ചെങ്കിലും നജീബുദ്ധീന്റെയും സുഹൃത്തിന്റെ അപകടമരണം ഇപ്പോൾ മൂന്നു വർഷത്തിനു ശേഷം വിവാദത്തിന്റെ കുടം തുറന്നു പുറത്ത് വരികയാണ്. അതിനിശിതമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ നജീബുദ്ധീന്റെ പിതാവ് ഉസ്മാൻ ഉന്നയിക്കുന്നത്. ഇതിലും ഗുരുതരമായ ആരോപണങ്ങളാണ് മറുനാടന് മുന്നിൽ ഉന്നയിക്കുകയും ചെയ്തത്. അമല ആശുപത്രിയിൽ സുഖം പ്രാപിച്ചു വന്നിരുന്ന നജീബുദ്ധീന്റെ ശരീരത്തിൽ എട്ടു സർജറികൾ നടത്തി. നജീബുദ്ധീനു ഒപ്പം ഐസിയുവിൽ കിടന്നിരുന്ന മുഴുവൻ പേരെയും നജീബുദ്ധീന്റെ മരിച്ച ദിവസം നവംബർ 22നു രാത്രിയിൽ ഐസിയുവിൽ നിന്ന് മാറ്റി. എന്തോക്കെയെ ചെയ്തു. എട്ടു സർജറികൾ നടത്തിയത് എന്തിനു വേണ്ടിയാണ്. മരിച്ചു എന്ന് പറഞ്ഞു . ധൃതി പിടിച്ച് നജീബുദ്ധീന്റെ ശരീരം അവർ മോർച്ചറിയിലേക്ക് എന്ന് പറഞ്ഞു എവിടെക്കോ മാറ്റി.

രാവിലെ ഒൻപത് മണിക്ക് ഇൻക്വസ്റ്റ് സമയത്തും നജീബുദ്ധീന്റെ വായിൽ നിന്നും മൂക്കിൽ നിന്നും ചോര വന്നിരുന്നു. അതിനർത്ഥം മോർച്ചറിയിലേക്ക് മാറ്റിയില്ല എന്നാണ്. അമലയിൽ നിന്നോ ആശുപത്രി അധികൃതരുടെ ഒത്താശയോടെയോ നജീബുദ്ധീന്റെ അവയവങ്ങൾ മാറ്റപ്പെട്ടിരിക്കുന്നു. അപകടം നടന്ന ദിവസം 16 വയസുള്ളവർക്ക് വേണ്ടി രാത്രിയിൽ വന്ദേരി സ്‌കൂളിൽ നടത്തിയ ഫുട്‌ബോൾ മാച്ചിനെക്കുറിച്ചും സംശയമുണ്ട്. രാത്രിയിൽ ലൈറ്റിന്റെ സഹായത്തോടെ ഫുട്‌ബോൾ മാച്ചോ? ഈ മാച്ച് അപകടം സൃഷ്ടിച്ചവർ ആസൂത്രണം ചെയ്തതാണോ എന്ന് സംശയമുണ്ട്. മകൻ മരിച്ച അപകടം നടന്ന സ്ഥലത്തെക്കുറിച്ചും സംശയമുണ്ട്. ഇവർ സ്‌കൂളിലേക്ക് പോകേണ്ട പ്രധാന റൂട്ടിലല്ല പോയത്. വേറെ റൂട്ടിലാണ്. ഈ റൂട്ടിൽ പോകേണ്ട ആവശ്യമില്ല. സ്‌കൂട്ടി ഓടിച്ചിരുന്ന അബ്ദുൽ വാഹിദിന്റെ രണ്ടു കൈകളിലും കെട്ടിയിട്ട പാടും കഴുത്തിൽ കുടുക്കിട്ട പാടുമുണ്ടായിരുന്നു. അപകടം നടക്കുമ്പോൾ ഇതൊക്കെ എങ്ങിനെ വരും. വേറെ എവിടെയോ വെച്ച് മകനെയും സുഹൃത്തിനെയും അപായപ്പെടുത്തി ഇവിടെ കൊണ്ടുപോയി തള്ളിയതാണ്. ഇതാണ് ഞങ്ങൾ സംശയിക്കുന്നത്.

ഇടത് ഭാഗം ചേർന്ന് പോകുന്ന രണ്ടു കുട്ടികളുടെയും വലത് ഭാഗത്ത് ഇങ്ങിനെ പരുക്ക് വന്നു. ഇവരുടെ സ്‌കൂട്ടി ഇടതു ഭാഗത്തുള്ള പോസ്റ്റിനു ഇടിച്ചു എന്നാണ് പറയുന്നത്. എന്നാൽ ഇവരുടെ പരുക്കുകൾ വലത് ഭാഗത്തായിരുന്നു. ഇടിച്ച പോസ്റ്റ് ഇടത് ഭാഗത്തും. വണ്ടി ഓടിച്ച അബ്ദുൽ വാഹിദിന്റെ നാവ് പുറത്തു വന്ന നിലയിലായിരുന്നു. മൂക്കിന്മേൽ ഒരു തൊലി പോലും പോയിട്ടില്ല. ഇവരുടെ തലയ്ക്ക് ആരോ വടികൊണ്ട് അടിച്ചതാണ് എന്ന സംശയമാണ് എനിക്കുള്ളത്. കഴുത്തിൽ കുടുക്കിട്ടു വലിക്കുമ്പോഴാണ് നാവു പുറത്തു വരുന്നത്. രണ്ടു പേരെയും കൊന്നിടുകയാണ് ചെയ്തത്-അതീവ ഗുരുതരമായ ആരോപണങ്ങൾ വീണ്ടും വീണ്ടും ഉന്നയിച്ചു കൊണ്ട് ഉസ്മാൻ പറയുന്നു.

നജീബുദ്ധീന്റെ പിതാവ് ഉസ്മാൻ അപകടത്തെക്കുറിച്ച് മറുനാടനോട് വിശദീകരിച്ചത് ഇങ്ങനെ:

2016 നവംബർ പത്തിന് മകൾ നസ്രിയ വിവാഹമായിരുന്നു. അതുകൊണ്ട് ഞാഗ്‌നൽ വിവാഹത്തിരക്കിലായിരുന്നു. എന്റെ മകൻ നജീബുദ്ധീനും ഒപ്പം മരിച്ച സുഹൃത്ത് അബ്ദുൽ വാഹിദും പ്ലസ് ടു വിദ്യാർത്ഥികൾ ആയിരുന്നു. നജീബുദ്ധീന് ആ സമയത്ത് പനിയായിരുന്നു. ഞാൻ തിരുവനന്തപുരത്തും ആയിരുന്നു. നവംബർ 19 നു പതിനാറു വയസായ കുട്ടികളുടെ ഫുട്ബോൾ മാച്ച് വച്ചിരുന്നു. മകൻ നജീബുദ്ധീനും ഫുട്‌ബോൾ മാച്ചിനു ഉണ്ടായിരുന്നു. നജീബുദ്ധീൻ ബഹളം വെച്ചപ്പോൾ മൂത്തമകൻ അവനെ കൊണ്ടുപോയി ഗ്രൗണ്ടിൽ എത്തിച്ചു. ഭക്ഷണത്തിനു വിളിച്ചപ്പോൾ കളി കഴിഞ്ഞു മതി എന്ന് പറഞ്ഞു. ആ കളിയെക്കുറിച്ച് തന്നെ സംശയമുണ്ട്. അതാരാണ് അതിന്റെ സ്‌പോൺസർ എന്ന് ഇതുവരെ അറിഞ്ഞിട്ടില്ല. അവയവമാഫിയയാണോ ഇത് സംഘടിപ്പിച്ചത് എന്ന് തന്നെ എനിക്ക് സംശയമുണ്ട്. പെരുമ്പടപ്പ് വന്ദേരി സ്‌കൂൾ ഗ്രൌണ്ടിലാണ് മത്സരം നടന്നത്. മകൻ പഠിച്ചത് പാലപ്പെട്ടി സ്‌കൂളിൽ. ആദ്യം മരിച്ച കുട്ടിക്ക് വന്ദേരി സ്‌കൂളിലും മകന് സീറ്റ് കിട്ടിയത് പാലപ്പെട്ടി സ്‌കൂളിലും ആയിരുന്നു. മൂത്ത മകനും ആ സമയത്ത് കണ്ടത്തോട് എന്ന സ്ഥലത്തേക്ക് പോയിരുന്നു. ഇവർ ഒരു സ്‌കൂട്ടിയിലാണ് രാത്രി വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വന്നത്. രാത്രി പതിനൊന്നു മണിയോടെ വന്നു ഭക്ഷണം കഴിച്ച് സ്‌കൂട്ടിയിൽ തന്നെ മടങ്ങി. മകനല്ല സുഹൃത്ത് അബ്ദുൽ വാഹിദ് ആണ് ബൈക്ക് ഓടിച്ചത്. ഇവർ സാധാരണ പോകുന്ന റൂട്ടിലല്ല പോയത്. ആ റൂട്ട് വാഹനങ്ങൾ വരുന്ന റൂട്ടാണ്. വേറൊരു റൂട്ടിലാണ് പോയത്.

അപകടത്തിനു തൊട്ടുമുൻപേ ഒരു ഫോൺ കാൾ; ഇതാരുടേത് എന്ന് ഇപ്പോഴും അറിയില്ല

അപകടത്തിനു തൊട്ടു മുൻപ് ഇവർക്ക് ഒരു ഫോൺ വന്നിരുന്നു. ആ ഫോൺ ആരുടേത് എന്ന് അറിയില്ല. അപകട ശേഷം സ്‌കൂട്ടി ഓടിച്ചിരുന്ന അബ്ദുൽ വാഹിദിന്റെ ഫോണിലേക്ക് ആണ് കോൾ വന്നത്. ഇവന്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ നഷ്ടമായിട്ടുമുണ്ട്. ഓടിക്കുന്നതിന്നിടെ സ്‌കൂട്ടി നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ചു എന്നാണു പൊലീസ് റിപ്പോർട്ട്. പക്ഷെ ഈ അപകടത്തെക്കുറിച്ച് ഉയരുന്നത് ഒട്ടുവളരെ സംശയങ്ങളാണ്. ഇടത് ഭാഗം ചേർന്ന് പോകുന്ന രണ്ടു കുട്ടികളുടെയും വലത് ഭാഗത്ത് ഇങ്ങിനെ പരുക്ക് വന്നു. ഇവരുടെ പരുക്കുകൾ വലത് ഭാഗത്തായിരുന്നു. ഇടിച്ച പോസ്റ്റ് ഇടത് ഭാഗത്തും.

 

വണ്ടി ഓടിച്ച അബ്ദുൽ വാഹിദിന്റെ നാവ് പുറത്തു വന്ന നിലയിലായിരുന്നു. മൂക്കിന്മേൽ ഒരു തൊലി പോലും പോയിട്ടില്ല. ഇവരുടെ തലയ്ക്ക് ആരോ വടികൊണ്ട് അടിച്ചതാണ് എന്ന സംശയമാണ് എനിക്കുള്ളത്. കഴുത്തിൽ കുടുക്കിട്ടു വലിക്കുമ്പോഴാണ് നാവു പുറത്തു വരുന്നത്. രണ്ടു പേരെയും കൊന്നിടുകയാണ് ചെയ്തത്. ഇവർക്ക് നേരെ ആക്രമണം നടന്നത് ഇവിടെ വച്ചല്ല. വേറെ എവിടെയോ വച്ചാണ്. എവിടെയോ വെച്ച് ഇവരെ അപായപ്പെടുത്തി ഈ സ്ഥലത്തുകൊണ്ടിടുകയാണ് ചെയ്തത്. സ്‌കൂട്ടി ഓടിച്ചിരുന്ന കുട്ടിയുടെ രണ്ടു കൈകളും കെട്ടിയിട്ട പാടും കഴുത്തിൽ കുടുക്കിട്ട പാടുമുണ്ടായിരുന്നു. ഇത് ഫോട്ടോയിൽ വ്യക്തമാകുന്നുണ്ട്. അപകടം സംഭവിക്കുമ്പോൾ ഇതൊക്കെ എങ്ങിനെ വന്നു? അവയവ മാഫിയ നടത്തിയ പ്രീ പ്ലാൻഡ് കൊലപാതകം ആണിത്. ഒരു സ്വിഫ്റ്റ് കാറിലാണ് എന്റെ മകൻ നജീബുദ്ധീനെ കൊണ്ടുപോയത്. ആരാണ് കൊണ്ട് പോയത് എന്ന് അറിയില്ല. ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തത് എന്റെ മൂത്ത മകന്റെ പേരിലാണ്. കുന്ദംകുളം റോയലിൽ കൊണ്ടുപോയാണ് അമലയിലേക്ക് കൊണ്ട് പോയത് എന്നാണ് പറഞ്ഞത്.

സർജറി വേണോ എന്ന് ചോദിച്ചപ്പോൾ സുഖം പ്രാപിക്കുന്നു എന്ന് പറഞ്ഞത് അമല ആശുപത്രി അധികൃതർ

അപകട ശേഷം തൃശൂർ അമല ആശുപത്രിയിലാണ് മകനെ കൊണ്ടുപോയത്. സർജറി വേണോ എന്ന് ചോദിച്ചപ്പോൾ മകൻ റിക്കവർ ചെയ്യുന്നു എന്നാണ് പറഞ്ഞത്. കുറച്ചു ബ്ലഡ് കട്ട തലയിൽ പിടിച്ചിട്ടുണ്ട് എന്നും പറഞ്ഞു. സൂസൻ ജോൺ എന്ന് പറഞ്ഞ ലേഡി ഡോക്ടർ ആണ് ഉണ്ടായിരുന്നത്. അവർ വയറിന്റെ ഡോക്ടർ ആയിരുന്നു. വേറെ ഒരു പ്രായമായ ഡോക്ടറും ആണ് നോക്കിയത്. മരുന്ന് പിടിക്കുന്നു എന്നാണ് അവർ പറഞ്ഞത്. സൂസൻ ജോൺ പറഞ്ഞത് കരളിനു ചതവുണ്ട് എന്നാണ്. ഞങ്ങൾ ബാക്കിലൂടെ ട്യൂബ് ഇട്ടിട്ടുണ്ട്. അതിലൂടെ ബ്ലഡ് എടുക്കുന്നുണ്ട് എന്നും പറഞ്ഞു. വേറെ ആശുപത്രിയിലേക്ക് മാറ്റണോ എന്ന് ചോദിച്ചപ്പോൾ ഒന്നും വേണ്ടാ എന്നാണ് പറഞ്ഞത്. കുട്ടിക്ക് ബോധം വരും എന്നും പറഞ്ഞു. 55ആം ഐസിയുവിൽ ഇവനടക്കം എട്ടുപേരുണ്ട്. തിങ്കളാഴ്ച മകൻ കയ്യും കാലും അനക്കാൻ തുടങ്ങിയിരുന്നു. ഞങ്ങൾ കയറി കണ്ടതാണ്. കുട്ടിയുടെ കണ്ണിന്മേൽ കരുവാളിപ്പ് ഉണ്ടായിരുന്നു. അടി കിട്ടിയ മാതിരിയുള്ള കരുവാളിപ്പ് ആയിരുന്നു അത്. താടിയെല്ല് മൂന്നിടത്ത് പൊട്ടിയിരുന്നു. വലത് ഭാഗത്ത് ആയിട്ടാണ് പൊട്ടൽ ഉള്ളത്. കണ്ണ് തുറക്കാനോ സംസാരിക്കാനോ കഴിയില്ല.

നവംബർ 22 നു രാത്രി നടന്നത് ദുരൂഹമായ കാര്യങ്ങൾ

മകൻ ഐസിയുവിൽ തുടരവേ നവംബർ 22 നു ഇതേ ദിവസം രണ്ടു പന്ത്രണ്ടു മണിയോടു രണ്ടു ഡോക്ടർമാരും നഴ്‌സുമാരും അകത്ത് കയറി. പിന്നെ ഇവർ ഐസിയു തുറന്നില്ല. പിന്നെ ഞങ്ങൾ സമ്മർദ്ദം ചെലുത്തിയപ്പോഴാണ് ഐസിയു തുറന്നത്. നോക്കുമ്പോൾ ഐസിയുവിൽ ഇവൻ ഒറ്റയ്ക്ക്. മറ്റുള്ളവരെ എല്ലാവരെയും വേറെ ഡോർ വഴി മാറ്റിയിരിക്കുന്നു. ഓക്‌സിജന് പകരം വായിൽ പൈപ്പ് തിരുകിയിരിക്കുന്നു. രണ്ടു സൈഡിൽ കൂടിയും ബ്ലഡ് പോകുന്നു. കുട്ടിക്ക് സീരിയസ് ആണ്. വെന്റിലേറ്ററിലേക്ക് മാറ്റി എന്നാണ് പറഞ്ഞത്. ഇടത് ഭാഗത്ത് സ്റ്റിക്കർ. അതിൽ നിന്നും ബ്ലഡ് വരുന്നു. കിഡ്‌നിയുടെ ഭാഗത്ത് നിന്നാണ് ബ്ലഡ് വരുന്നത്. ഇത് എന്തിനു ചെയ്തു എന്ന് പറഞ്ഞപ്പോൾ നാഴ്‌സായിരുന്ന യുവതി ഓടി മാറി. ഞങ്ങൾ ആ സമയം പരിഭ്രമത്തിലായി. ഒരാൾ മരുന്നിനു കുറിച്ചു. ഒരാൾ എംആർഐ സ്‌കാനിന് എഴുതി.

ഒരാൾ പണം കെട്ടാൻ പറഞ്ഞു. എംആർഐ സ്‌കാൻ നടത്തുന്നത് ഞങ്ങൾ കണ്ടു. രണ്ടു പിള്ളേർ ആണ് എംആർഐ നടത്തുന്നത്. തലച്ചോറിനു സീരിയസ് ആണ് എന്ന് പറഞ്ഞു. കഴുത്തിനു ഇടത് വശത്ത് എന്തോ മാർക്ക് ഇട്ടിട്ടുണ്ട്. ഞങ്ങളെ പുറത്താക്കി. എന്തൊക്കെയോ ചെയ്യുന്നു. കുട്ടിയെ സർജറിക്ക് മാറ്റുകയാണ് എന്ന് ഞങ്ങൾക്ക് മനസിലായില്ല. പിന്നെ ഐസിയുവിലേക്ക് തള്ളിക്കൊണ്ട് പോയി. എട്ടു സർജറിയാണ് അവനു നടത്തിയത്. അത് എന്തിനു വേണ്ടി. കണ്ണിനു മുകളിൽ വരെ ഓപ്പറേഷൻ നടത്തിയിട്ടുണ്ട്. മോർച്ചറിയിലേക്ക് കൊണ്ട് പോകുന്നു എന്നാണ് പിന്നെ പറഞ്ഞത്. പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ നിന്നല്ല. കുന്ദംകുളം താലൂക്ക് ആശുപത്രിയിൽ നിന്നാണ് നടത്തിയത്. എട്ടു സർജറി എന്തിനാണ് എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. കഴുത്തിൽ വലിയ സർജറി നടത്തി. അവിടെ വച്ചിരുന്ന ഒരു ചിപ്പ് തിരിച്ചെടുക്കാൻ വേണ്ടിയാണ് സർജറി എന്നാണ് പറഞ്ഞത്.

സിസി ടിവി ദൃശ്യങ്ങൾ ഞങ്ങളെ കാണിച്ച പൊലീസ് പറഞ്ഞത് ദൃശ്യങ്ങൾ നഷ്ടമായ കാര്യം

ശനിയാഴ്ചയാണ് അപകടം നടക്കുന്നത്. പോസ്റ്റിനു ഇടിച്ചു എന്ന് പറയുമ്പോൾ ചോര തളംകെട്ടി നിൽക്കുന്നത് മതിലിനു താഴെയാണ്. മകന്റെ തൊപ്പിയും അവിടെയുണ്ടായിരുന്നു. എന്നാൽ മതിലിന്മേൽ ഒരു തുള്ളി ചോരയുമില്ലായിരുന്നു. മതിലിനു ഇടിച്ചാൽ മതിലിന്മേൽ ചോര കാണേണ്ടേ? മതിൽ വെള്ള പെയിന്റ് അടിച്ച മതിലാണ്. അതും ഓർക്കണം. പൊലീസ് സിസിടിവി ദൃശ്യം നമുക്ക് കാണിച്ചു തന്നു. ഒരാൾ ബൈക്കിൽ ആരെയോ കാത്ത് നിൽക്കുന്നത് പോലെ അവിടെ നിൽപ്പുണ്ട്. കുട്ടികൾ വരുന്ന എതിർ ദിശയിലാണ് ഇത്. എന്തോ ചെയ്യാൻ ഉറപ്പിച്ച് നിൽക്കുന്ന മാതിരിയുള്ള നില്പാണ് ഇത്. പിന്നെ കാണിക്കുന്നത് കമ്പി തമ്മിൽ തമ്മിൽ കൂട്ടിയിടിക്കുന്ന ദൃശ്യമാണ്. ആ സിസിടിവി ദൃശ്യങ്ങളും കാണുന്നില്ലാ എന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്. 2016 നവംബർ 25 നു തന്നെ സിഐയ്ക്കും എസ്‌ഐയ്ക്കും എതിരെ കേസ് നൽകി. മരണത്തിനു ശേഷം ഞങ്ങൾ പരാതിയുമായി നടക്കുകയാണ്. മുഖ്യമന്ത്രിക്കും ഡിജിപിയും വരെ പരാതി നൽകിയിട്ടുണ്ട്. എന്തിനാണ് ഈ എട്ടുസർജറി എന്ന് പറയുന്നില്ല. ഈ അപകടം അവയവമാഫിയ കൃത്രിമമായി സൃഷ്ടിച്ചതാണ്. ഇത് വലിയ ഒരു റാക്കറ്റ് ആണ്. 2018 ആറാം മാസം മുഖ്യമന്ത്രിക്ക് പരാതി നൽകി. 2018 പതിനൊന്നാം മാസം വീണ്ടും ഒരു പരാതി നൽകി. രണ്ടു മാസം മുൻപ് വീണ്ടും ഒരു പരാതി നൽകി. പരാതി പ്രകാരം തിരൂർ ഡിവൈഎസ്‌പി മൊഴിയെടുത്തിട്ടുണ്ട്.

ആരോപണങ്ങൾ ബുദ്ധിശൂന്യവും മണ്ടത്തരവുമെന്നു അമലാ ആശുപത്രി അധികൃതർ

നജീബുദ്ധീന്റെ മരണവുമായി ബന്ധപ്പെട്ടു പിതാവ് ഉസ്മാൻ ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഞങ്ങൾക്ക് ഓർഗൻ ട്രാൻസ്പ്ലാന്റ് യൂനിറ്റ് ഇല്ല. ആരോപണങ്ങൾ മുഴുവൻ അബദ്ധമാണ്. അവയവം പോയിട്ട് പൂവിനെപോലും നുള്ളി നോവിക്കാത്ത ആശുപത്രിയാണിത്. കിഡ്‌നി ട്രാൻസ്പ്ലാന്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അറിയാത്ത ആരോപണങ്ങൾ കൂടിയാണിത്. വളരെ സങ്കീർണ്ണമായ കാര്യങ്ങൾ ആണ് ഓർഗൻ ട്രാൻസ്പ്ലാന്റ്മായി ബന്ധപ്പെട്ടു നടക്കുന്നത്. ബ്ലഡ് ക്രോസ് മാച്ച് ചെയ്യണം, കിഡ്‌നി ക്രോസ് മാച്ച് ചെയ്യണം, നൂറു കൂട്ടം നടപടി ക്രമങ്ങളുണ്ട്. ഇങ്ങിനെയേ ഓർഗൻ ട്രാൻസ്പ്ലാന്റ് നടക്കൂ. അപ്പോൾ ആരോപണങ്ങൾ ശുദ്ധമണ്ടത്തരം കൂടിയാണ്- മറുനാടനോട് അമല ആശുപത്രി അധികൃതർ വിശദമാക്കി. ഞങ്ങൾക്ക് സ്വത്ത് സമ്പാദനം ആവശ്യമില്ല. സാമൂഹിക സേവനമാണ് ഞങ്ങളുടെ ലക്ഷ്യം. നജീബുദ്ധീന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഞങ്ങൾ സ്റ്റഡി ചെയ്യുകയാണ്. ശുദ്ധ അബദ്ധം എന്ന രീതിയിലാണ് ആരോപണങ്ങൾ ഞങ്ങൾ കാണുന്നത്.

പരാതി കൊടുത്താൽ അവർ ആരോപണങ്ങൾ തെളിയിക്കണം. ഞങ്ങൾക്ക് സംഭവിക്കുന്ന അപരിഹാര്യമായ നഷ്ടത്തിനു ഇവർ ഉത്തരവാദികൾ ആകും. ഞങ്ങൾ മനസാ വാചാ അറിയാത്ത സംഭവങ്ങൾ ആണിത്. ഞങ്ങൾക്ക് കച്ചവട മനസ്ഥിതിയില്ല. ഞങ്ങളുടേത് സഭാ സ്ഥാപനമാണ്. സിഎംഐ സഭയുടെ പ്രസ്റ്റീജ് സ്ഥാപനമാണ്. സഭയെ താറടിച്ച് കാണിക്കാൻ വേണ്ടിയുള്ള ആരോപണങ്ങൾ കൂടിയാണിത്. എന്തായാലും ഞങ്ങളും നിയമനടപടിയുടെ സാധ്യത തേടും. ഒപ്പം നജീബുദ്ധീന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ സ്റ്റഡി ചെയ്യുകയും ചെയ്യും. ഈ രോഗി ഇവിടം തന്നെയാണോ വന്നത് എന്ന് കൂടി ഞങ്ങൾ പരിശോധിക്കുന്നുണ്ട്. ഞങ്ങളെ ചെളിവാരിയാൻ വേണ്ടി കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ആരോപണം എന്ന രീതിയിലാണ് ഉസ്മാന്റെ ആരോപണത്തെ ഞങ്ങൾ കാണുന്നത്- ആശുപത്രി അധികൃതർ വിശദമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP