Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്ത് ഏറ്റവും കൂടുതൽ വായ്പാ തട്ടിപ്പ് അരങ്ങേറിയത് കനറാ ബാങ്കിൽ; ഗോവയിലും കർണാടകത്തിലും കരിമ്പട്ടികയിൽ പെട്ടവർക്ക് വായ്പ നൽകി എഴുതി തള്ളിയത് വൻതുകകൾ; രണ്ടുമാസം പോലും പ്രവർത്തിക്കാത്ത കമ്പനിക്ക് 15 കോടി നൽകിയത് കയ്യോടെ പിടികൂടിയപ്പോൾ എന്നെ പുകച്ചു പുറത്തുചാടിച്ചു; തട്ടിപ്പുകാർ ഇപ്പോഴും മേലധികാരികളായി വിലസുവെന്ന് മറുനാടനോട് തുറന്നുപറഞ്ഞ് ലീഗൽ ഓഫീസർ ആയിരുന്ന പ്രിയംവദ

രാജ്യത്ത് ഏറ്റവും കൂടുതൽ വായ്പാ തട്ടിപ്പ് അരങ്ങേറിയത് കനറാ ബാങ്കിൽ; ഗോവയിലും കർണാടകത്തിലും കരിമ്പട്ടികയിൽ പെട്ടവർക്ക് വായ്പ നൽകി എഴുതി തള്ളിയത് വൻതുകകൾ; രണ്ടുമാസം പോലും പ്രവർത്തിക്കാത്ത കമ്പനിക്ക് 15 കോടി നൽകിയത് കയ്യോടെ പിടികൂടിയപ്പോൾ എന്നെ പുകച്ചു പുറത്തുചാടിച്ചു; തട്ടിപ്പുകാർ ഇപ്പോഴും മേലധികാരികളായി വിലസുവെന്ന് മറുനാടനോട് തുറന്നുപറഞ്ഞ് ലീഗൽ ഓഫീസർ ആയിരുന്ന പ്രിയംവദ

രഞ്ജിത് ബാബു

കണ്ണൂർ: വസ്തുതകൾ സത്യസന്ധമായി അന്വേഷിച്ചാൽ പഞ്ചാബ് നാഷണൽ ബാങ്കിനേക്കാളും തട്ടിപ്പുകൾ അറങ്ങേറിയത് കാനറാ ബാങ്കിലായിരിക്കുമെന്ന് മുൻ ലീഗൽ ഓഫീസർ എം.സി. പ്രിയംവദ. കണ്ണൂർ കിഴുത്തള്ളിയിൽ മറുനാടൻ മലയാളിയോട് സംസാരിക്കുകയായിരുന്നു അവർ. ഗോവയിലും കർണ്ണാടകത്തിലും ഉൾപ്പെടെ കരിംപട്ടികയിൽ പെട്ടവർക്ക് കോടിക്കണക്കിന് രൂപ യഥേഷ്ടം വായ്പ നൽകുകയും പിന്നീട് എഴുതി തള്ളുകയും ചെയ്തിട്ടുണ്ട്.

2007-2008 ൽ ഏറ്റവും തട്ടിപ്പ് അരങ്ങേറിയത് കാനറ ബാങ്കിലാണെന്നും അന്ന് തട്ടിപ്പിന് കൂട്ടു നിന്ന ബാങ്കിന്റെ ഉന്നത അധികാരികൾ ഇപ്പോഴും അവിടെ കഴിയുന്നുണ്ടെന്നും പ്രിയംവദ പറഞ്ഞു. കനറാ ബാങ്കിലെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ പോരാടിയതിന് പുറത്ത് പോകേണ്ടി വന്ന അനുഭവമാണ് തനിക്ക് ഉണ്ടായതെന്നും എന്നാൽ നീതി പീഠത്തിൽ നിന്നും തനിക്ക് നീതി ലഭിക്കുമെന്നും പ്രിയംവദ വിശ്വസിക്കുന്നു.

റിസർവ്വ് ബാങ്കിന്റെ നിർദ്ദേശ പ്രകാരം ഒരു ക്രമക്കേട് നടന്നാൽ 24 മണിക്കൂറിനകം മേലധികാരികളെ അറിയിച്ചിരിക്കണമെന്നാണ് നിയമം. അത്തരമൊരു സംഭവം റിസർവ്വ് ബാങ്കിനെ അറിയച്ചതിന്റെ പേരിലാണ് പ്രിയംവദ ഇന്ന് വീട്ടിലിരിക്കേണ്ടി വന്നത്. സംഭവം ഇങ്ങിനെ: അൽഫാ ഇംപെക്സ് എന്ന ഗോവൻ കമ്പനിക്ക് 7 കോടി രൂപയുടെ വായ്പ അനുവദിച്ചതാണ് പ്രശ്നകാരണം. ഈ കമ്പനി പാട്ടത്തിനെടുത്ത സ്ഥലം അവരുടെ സ്വന്തം സ്വത്തായി രേഖപ്പെടുത്തുകയായിരുന്നു. 2002ൽ കരിമ്പട്ടികയിൽ പെടുത്തിയ കമ്പനിയുടെ ഡയരക്ടർമാർ യഥാർത്ഥ പേരിലെ ഇനീഷ്യലും ജാതി പേരുമൊക്കെ മാറ്റി കാനറാ ബാങ്കിന്റെ ഉന്നതരുടെ ഒത്താശയോടെ വായ്പ തട്ടിയടുക്കുകയായിരുന്നു.

ലീഗൽ ഓഫീസറായ പ്രിയംവദ ഫയലുകളെല്ലാം പരിശോധിച്ച് വിവരങ്ങൾ അന്വേഷിച്ചപ്പോൾ രണ്ടുമാസം പോലും പ്രവർത്തിക്കാത്ത കമ്പനിയാണിതെന്ന് മനസ്സിലായി. മാത്രമല്ല ഈ കമ്പനിയുടെ വായ്പ എഴുതി തള്ളാനും ബാങ്കിന്റെ ഉന്നതർ ശ്രമിച്ചതായും കണ്ടു. പലിശയടക്കം 15 കോടി രൂപയാണ് ഒരു സ്ഥാപനത്തിന് മാത്രം എഴുതി തള്ളാൻ ശ്രമിച്ചത്. ഗോവയിലെ പനാജി ബ്രാഞ്ചിൽ മാത്രം നടന്ന ഒരു സംഭവമാണിത്.

സമാന സംഭവങ്ങൾ കനറാ ബാങ്കിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും നടക്കുന്നുണ്ടെന്നും പ്രിയംവദ ആരോപിക്കുന്നു. ഈ സംഭവം ബാങ്കിന്റെ ഹെഡ് ഓഫീസ്, കേന്ദ്ര വിജിലൻസ് കമ്മീഷണർ, റിസർവ്വ് ബാങ്ക്, സിബിഐ, എന്നിവയുടെ അധികാരികളെ പ്രിയംവദ അറിയിക്കുകയും ചെയ്തു. എന്നാൽ അതേത്തുടർന്ന് പ്രിയംവദക്ക് നേരിടേണ്ടി വന്നത് കടുത്ത ശിക്ഷയായിരുന്നു. ബാങ്കിന്റെ ഉന്നതാധികാരികളും അവരെ പിൻതുണക്കുന്ന സർക്കിൾ മാനേജർമാരും അടക്കമുള്ള വൻ ലോബി പ്രിയംവദയെ പുകച്ച് പുറത്ത് ചാടിക്കാൻ ശ്രമം തുടങ്ങി.

അതോടെ കനറാ ബാങ്കിന്റെ കോഴിക്കോട് മേഖലയിലേക്ക് സ്ഥലം മാറ്റപ്പെട്ടു. കണ്ണൂർ മുതൽ പാലക്കാട് വരെയുള്ള അഞ്ചു ജില്ലകളിലായിരുന്നു ചുമതല. അവിടേയും ഫയൽ പരിശോധനക്കിടെ ഭാസ്‌ക്കരൻ എന്നയാളുടെ പേരിൽ ഗണേശൻ എന്നയാൾ വായ്പ എടുത്തതായി കണ്ടെത്തി. തളിപ്പറമ്പിലെ ഭാസ്‌ക്കരന്റെ പേരിൽ ബാങ്ക് നോട്ടീസ് അയച്ചപ്പോഴാണ് ഗണേശനാണ് വായ്പ എടുത്തത് എന്ന് അറിഞ്ഞത്. ഗണേശൻ കണ്ണൂരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവാണ്. ഈ പൊലീസ് ഉദ്യോഗസ്ഥൻ നേരത്തെ കനറാ ബാങ്ക് ജീവനക്കാരനായിരുന്നു. ആ ബന്ധത്തിൽ ഇയാളുടെ വായ്പയും എഴുതി തള്ളി ക്ലോസ് ഫയലിനൊപ്പം കെട്ടി വച്ചു. ഈ സംഭവവും പ്രിയംവദ പരാതിയായി ബാങ്ക് അധികാരികൾക്ക് അയച്ചു.

അതോടെ അവർക്ക് പുറത്തേക്കുള്ള വഴി ഒരുങ്ങുകയായിരുന്നു. ഒടുവിൽ ഈ സംഭവത്തിന്റെ തെളിവെടുപ്പിനായി രാത്രി ബാങ്കിലെത്തണമെന്ന് പറഞ്ഞു. ബാങ്ക് ജീവനക്കാരിയെ വഴക്കു പറഞ്ഞുവെന്നും മറ്റൊരു സഹ പ്രവർത്തകനെ തോട്ടിയെന്നു വിളിച്ചുവെന്നുമാണ് ആരോപണം. അതോടെ സസ്പെൻഷനായി. താൻ ജോലി ചെയ്ത ക്യാമ്പിനിൽ സാധനങ്ങൾ എടുക്കാൻ പോലും അനുവദിക്കാതെ ബാങ്കിൽ നിന്ന് ഇറക്കി വിട്ടു. ഫയൽ റാക്ക് അടിച്ചു പൊളിച്ച് അഴിമതി വ്യക്തമാക്കുന്ന രേഖകൾ അവർ തിരുത്തി. ഇതിനെതിരെ നീതി തേടിയാണ് ഹൈക്കോടതിയിലെത്തിയത്. 2011 ൽ സസ്പെന്റ് ചെയ്യപ്പെട്ട പ്രിയംവദയെ 2013 ൽ ഡിസ്മിസ് ചെയ്തു.

കരിംമ്പട്ടികക്കാരേയും മാഫിയകളേയും സഹായിക്കുന്ന ബാങ്ക് അധികാരികൾ അഹമ്മദ് എന്ന മലപ്പുറം സ്വദേശിയെ ദ്രോഹിച്ച കഥയും പ്രിയംവദ പറയുന്നു. സ്വർണ്ണ പണയ പ്രകാരം 25,000 രൂപ വായ്പ എടുത്ത അഹമ്മദ് വായ്പ തിരിച്ചടച്ച ശേഷം പണ്ടം തിരിച്ചെടുക്കാൻ ശ്രമിച്ചു. എന്നാൽ ബാങ്ക് പണ്ടം നൽകിയില്ല. ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പരാതി നൽകിയ ശേഷം മാത്രമാണ് സ്വർണം തിരിച്ച് നൽകിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ മാനിച്ചില്ലെന്നായിരുന്നു അഹമ്മദിനെതിരെയുള്ള പ്രതികാരത്തിന് കാരണമായത്. മംഗളൂരുവിലെ ഒരു മീൻ കച്ചവടക്കാരി 2000 രൂപ വായ്പ എടുത്തിരുന്നു. കുടിശ്ശിക വീണപ്പോൾ അവരുടെ കടയിൽ പോയി ഭീഷണിപ്പെടുത്തി പണം വാങ്ങിയതായും പ്രിയംവദ പറയുന്നു.

പ്രിയംവദ ബാങ്കിനെതിരെ മൂന്ന് കേസുകളാണ് നൽകിയിട്ടുള്ളത്. ഒരു ക്രിമിനൽ കേസും രണ്ട് സിവിൽ കേസുകളും. തെളിവെടുപ്പിന്റെ പേരിൽ ഓഫീസിലെ അലമാര തകർത്ത് രേഖകൾ നശിപ്പിച്ചതിനും, മറ്റൊന്ന് സർവ്വീസിൽ തിരിച്ചെടുക്കുന്നതിനു വേണ്ടിയുമാണ്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ തട്ടിപ്പ് പുറത്ത് വരുന്നതു വരെ പൊതു മേഖലാ ബാങ്കുകളിൽ അഴിമതികളൊന്നും നടക്കില്ലെന്നായിരുന്നു ഭൂരിഭാഗം ജനങ്ങളുടേയും വിശ്വാസം. എന്നാൽ ഇപ്പോൾ കഴിഞ്ഞ ഡിസംബർ വരെ 37,794 കോടി രൂപയുടെ കിട്ടാക്കടം ഉണ്ടെന്ന് വ്യക്തമാക്കപ്പെട്ടിരിക്കയാണ്. ഇതെല്ലാം ആർക്കൊക്കെ നൽകി എന്നത് വസ്തുനിഷ്ഠമായി അന്വേഷിച്ചാൽ താൻ പറഞ്ഞത് വാസ്തവമാണെന്ന് തെളിയും. പ്രിയംവദയുടെ പോരാട്ടത്തിന് അച്ഛൻ കെ.സി. പുരുഷോത്തമനും അമ്മ എ.എൻ സൗമിനിയും സർവ്വ പിൻതുണയും നൽകി ഒപ്പമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP