Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസിയുടെ ഭാര്യ തലസ്ഥാന നഗരത്തിൽ കൊല്ലപ്പെട്ടോ എന്നുപോലും സ്ഥിരീകരിക്കാനാവാതെ പൊലീസ്; കത്താതെ അവശേഷിച്ച ഇടതുകൈമാത്രം കിട്ടിയതോടെ എൽഐസി ഏജന്റായിരുന്ന ദീപ മരിച്ചോ എന്നതിൽ പോലും ദുരൂഹത; ക്രിസ്മസ് ദിനത്തിൽ കാണാതായ വീട്ടമ്മയുടെ ഭർത്താവും മകളും ഗൾഫിൽ നിന്ന് നാട്ടിലെത്തി; മരിച്ചതാരെന്നും എങ്ങനെ സംഭവിച്ചെന്നും അറിയാൻ ഫോറൻസിക് ഫലങ്ങൾ അനിവാര്യം

പ്രവാസിയുടെ ഭാര്യ തലസ്ഥാന നഗരത്തിൽ കൊല്ലപ്പെട്ടോ എന്നുപോലും സ്ഥിരീകരിക്കാനാവാതെ പൊലീസ്; കത്താതെ അവശേഷിച്ച ഇടതുകൈമാത്രം കിട്ടിയതോടെ എൽഐസി ഏജന്റായിരുന്ന ദീപ മരിച്ചോ എന്നതിൽ പോലും ദുരൂഹത; ക്രിസ്മസ് ദിനത്തിൽ കാണാതായ വീട്ടമ്മയുടെ ഭർത്താവും മകളും ഗൾഫിൽ നിന്ന് നാട്ടിലെത്തി; മരിച്ചതാരെന്നും എങ്ങനെ സംഭവിച്ചെന്നും അറിയാൻ ഫോറൻസിക് ഫലങ്ങൾ അനിവാര്യം

അരുൺ ജയകുമാർ

തിരുവനന്തപുരം: തലസ്ഥാനത്ത് വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കൊലപ്പെടുത്തി കത്തിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഇതെങ്ങനെ സംഭവിച്ചുവെന്നോ ആരാണ് കൊലയാളിയെന്നോ ഏത് ഇന്ധനം ഉപയോഗിച്ചാണ് കത്തിച്ചതെന്നോ കണ്ടെത്താൻ കഴിയാത്തത് വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിക്കുന്നത്.

മകൻ അക്ഷയിനൊപ്പം വീട്ടിൽ താമസിച്ചിരുന്ന ദീപ അശോകനെ കൊലപ്പെടുത്തി കത്തിച്ചുവെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഇന്നലെ രാവിലയോടെയാണ് വീടിന് സമീപമുള്ള ഷെഡിന് മുന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. ദീപയെ കാണാതാവുകയും ഇവരാണ് മരിച്ചതെന്ന നിലയിൽ അന്വേഷണം പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇവരുടെ ഭർത്താവും മകളും ഇന്ന് നാട്ടിലെത്തിയിട്ടുണ്ട്.

മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് മൃതദേഹം. നാട്ടിലെത്തിയ ബന്ധുക്കൾക്ക് ദീപ മരിച്ചുവെന്നത് ഇനിയും ഉൾക്കൊള്ളാനാകുന്നില്ല. മരണം എങ്ങനെ സംഭവിച്ചുവെന്നും ഇത്രയും നേരമായിട്ടും മകനെ എന്തിന് ചോദ്യം ചെയ്യുന്നത് തുടരുന്നു എന്നതിന്റേയും പൊരുളറിയാതെ തകർന്ന അവസ്ഥയിലാണ് കുടുംബം. എന്നാൽ മകൻ അക്ഷയ് പൊലീസ് ചോദ്യംചെയ്യൽ തുടരുകയാണ്.

മൃതദേഹം ഇനിയും കുടുംബത്തിന് വിട്ടുകൊടുത്തിട്ടില്ല. പൂർണമായും കത്തിക്കരിഞ്ഞ ശവശരീരത്തിൽ അവശേഷിച്ചിരുന്നത് ഇടത് കൈയുടെ ഭാഗം മാത്രമാണ്. അതേസമയം മരിച്ച നിലയിൽ കണ്ടെത്തിയത് ദീപയുടെ ശരീരം തന്നെയാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടക്കുന്നുണ്ട്. മണ്ണടി ലൈനിലെ സംഭവം നടന്ന വീടായ ബി 11 ദ്വാരക ഇപ്പോൾ സീൽ ചെയ്ത അവസ്ഥയിലാണ്. രണ്ട് പൊലീസുകാരെ മാത്രമാണ് ഇവിടെ ഇപ്പോൾ നിയോഗിച്ചിട്ടുള്ളത്. കത്തിക്കരിഞ്ഞ ശരീര ഭാഗങ്ങൾ ഒരു പെട്ടിയിലാക്കിയാണ് കൊണ്ട് പോയത്.

കണ്ടെത്തിയ മൃതദേഹം വീട്ടുടമസ്ഥയായ ദീപ അശോകിന്റെത് തന്നെയെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തിയാലേ സ്ഥിരീകരിക്കാനാകൂ എന്നതിനാൽ ഇപ്പോൾ മകനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. മകനും ദീപയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. തനിക്ക് അമ്മയുടെ പെരുമാറ്റത്തിൽ സംശയം ഉണ്ടായിരുന്നതായി അക്ഷയ് മൊഴി നൽകിയിട്ടുണ്ട്. മകന്റെ സംശയ രോഗമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന സംശയം പൊലീസിന് ഉണ്ട്.

കഴിഞ്ഞ കുറെ നാളുകളായി താനും മാതാവായ ദീപയും തമ്മിൽ സ്വരചേർച്ചയിലല്ലെന്നാണ് അക്ഷയ് പൊലീസിനോട് നൽകിയ മൊഴി. അമ്മയുടെ പെരുമാറ്റത്തിൽ തനിക്ക് സംശയങ്ങൾ ഉണ്ടായിരുന്നതായും അക്ഷയ് മൊഴി നൽകിയിട്ടുണ്ട്. ക്രിസ്തുമസ് ദിനത്തിൽ കൂട്ടുകാരോടൊപ്പം സിനിമക്ക് പോയതായും അക്ഷയ് മൊഴി നൽകിയിട്ടുണ്ട്.

സംശയ രോഗമാണോ ദീപയുടെ ജീവനെടുത്തതെന്ന സംശയം ബലപെടുത്തുന്നു. അക്ഷയ് നൽകുന്ന മൊഴിയിൽ ഉടനീളം പൊരുത്തകേടുകൾ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആദ്യം പറയുന്ന മൊഴി അക്ഷയ് തുടർച്ചയായി മാറ്റുന്നതും, മൊഴികളിലെ പൊരുത്തമില്ലയ്മയും പൊലീസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.

വീട്ടുവളപ്പിലെ മതിലിനോട് ചേർന്ന സ്ഥലത്ത് വച്ച് ആണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരിക്കുന്നത്. മുരിങ്ങ മരം അടക്കം കത്തിയിട്ടും പ്രദേശവാസികൾ ആരും അറിയാതിരുന്നതും സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു. സമീപത്തെ ഉയരമുള്ള തെങ്ങിന്റെ അടുത്തേക്കുവരെ തീ ഉയർന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്രയൊക്കെ ഉണ്ടായിട്ടും ആരും സംഭവം അറിഞ്ഞിട്ടുമില്ല.

ക്രിസ്മസ് ദിനമായ 25ന് ഉച്ചയോടെയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോർട്ടം കണ്ടെത്തലുകളിൽ നിന്ന് മനസിലാകുന്നത്. അപായപ്പെടുത്തിയശേഷം അഗ്നിക്കിരയാക്കിയതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. വീട്ടിനുള്ളിലോ പുറത്തോ വച്ച് ദീപ സ്വയം മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് തീകൊളുത്തിയതാണെങ്കിൽ ശരീരത്ത് തീ ആളിപ്പടരുമ്പോൾ അവരുടെ വിളിയും ബഹളവും അയൽക്കാർ കേൾക്കേണ്ടതാണ്.

തീപിടിച്ച് വെപ്രാളം കാട്ടി ഓടുകയോ കിടന്നുരുളകയോ ചെയ്ത ലക്ഷണങ്ങളൊന്നും വീട്ടിലോ പരിസരത്തോ കാണപ്പെട്ടിട്ടില്ല. അതിനാൽ ഇതൊരു കൊലപാതകമാണെന്ന രീതിയിലാണ് പൊലീസ് തുടക്കം മുതൽ അന്വേഷണം കൊണ്ടുപോകുന്നത്. എന്നാൽ ദീപ തന്നെയാണ് മരിച്ചതെന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

കൃത്യത്തിന് ഉപയോഗിച്ച ഇന്ധനമെന്തെന്നും വ്യക്തമായിട്ടില്ല. സംഭവമുണ്ടായി 24 മണിക്കൂർ കഴിഞ്ഞാണ് വിവരം പുറത്തറിഞ്ഞത്. മൃതദേഹം കാണപ്പെട്ടത് തുറസായ സ്ഥലത്തായതിനാൽ കാറ്റും വെയിലുമേറ്റ് ദ്രാവക രൂപത്തിലുള്ള ഇന്ധനമേതായാലും ബാഷ്പീകരിക്കാനിടയുണ്ട്. മൃതദേഹം കത്തിക്കരിഞ്ഞ സ്ഥലത്തെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കത്തിക്കാനുപയോഗിച്ച വസ്തുവിന്റെ ഗന്ധം വേർതിരിച്ച് മനസിലാക്കാനും കഴിയാതെപോയിട്ടുണ്ട്.

മൃതദേഹം കത്തിയ നിലയിൽ കാണപ്പെട്ട സ്ഥലത്തുനിന്ന് ശേഖരിച്ച മണ്ണും ചാമ്പലും പരിശോധനയ്ക്ക് വിധേയമാക്കിയാലേ ഇതിൽ വ്യക്തത വരൂ. എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ അക്ഷയും ദീപയും മാത്രമായിരുന്നു സംഭവദിവസം വീട്ടിലുണ്ടായിരുന്നത്.

കഴിഞ്ഞ ഓണത്തിനാണ് അക്ഷയുടെ അച്ഛൻ അശോകൻ വിദേശത്ത് നിന്നും നാട്ടിൽ ലീവിനെത്തിയ ശേഷം മടങ്ങിയത്. 25ന് വൈകുന്നേരത്തോടെയായിരിക്കാം മരണം സംഭവിച്ചതെന്നാണ് പൊലീസ് ഭാഷ്യം. മരണത്തിൽ ദുരൂഹത തുടരുമ്പോഴും അസ്വഭാവികമായി ഒന്നും ശ്രദ്ധയിൽപെട്ടതായി അയൽവാസികൾ പറയുന്നില്ല. വൈകുന്നേരത്തോടെ എന്തോ കത്തിക്കുന്ന മണം വരികയും മുടി കത്തിയപോലെയുള്ള മണം വന്നതായും ചില അയൽവാസികൾ പറയുന്നുണ്ട്. എന്നാൽ സ്ഥിരമായി ഇവിടെ ചവറും പ്ലാസ്റ്റികുമൊക്കെ കൂട്ടിയിട്ട് കത്തിക്കുന്നതുകൊണ്ട് തന്നെ ആരും അത് കാര്യമാക്കിയതുമില്ല. എന്തായാലും മരണത്തെക്കുറിച്ച് ദുരൂഹത ഇപ്പോഴും നിലനിൽക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP