Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആലപ്പുഴയിലെ വീട്ടമ്മയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധ സമരത്തിൽ; ഭർതൃവീട്ടിലെ പീഡനമാണു മരണകാരണമെന്നു പരാതി

ആലപ്പുഴയിലെ വീട്ടമ്മയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധ സമരത്തിൽ; ഭർതൃവീട്ടിലെ പീഡനമാണു മരണകാരണമെന്നു പരാതി

ആലപ്പുഴ : ഭർത്താവിന്റെ വഴിവിട്ട ബന്ധം കവർന്നെടുത്തത് രണ്ടുമക്കളുടെ മാതാവായ വീട്ടമ്മയുടെ ജീവൻ. ഒപ്പം പറക്കമുറ്റാത്ത രണ്ടുകുഞ്ഞുങ്ങളുടെ ജീവിതവും. ആലപ്പുഴ ആലിശേരി വാർഡിൽ ചിറയിൽ ഹൗസിൽ ആമിന (26) മരിച്ചത് ഭർതൃവീട്ടിലെ പീഡനത്തെത്തുടർന്നെന്നു പരാതി.

കഴിഞ്ഞ രണ്ടാം തിയതി പുലർച്ചെ മൂന്നിനാണ് ആമിനയെന്ന വീട്ടമ്മ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. വീട്ടിനുള്ളിൽ ബോധരഹിതയായി കണ്ടെത്തിയ ആമിനയെ ഭർത്തൃവീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ പൊലിഞ്ഞിരുന്നു.വീടിന് സമീപത്തെ മൈതാനിയിൽ ക്രിക്കറ്റ് മൽസരം കാണാൻപോയ ഭർത്താവ് അജീഷ് പുലർച്ചെ വീട്ടിലെത്തുമ്പോൾ ഭാര്യ കട്ടിലിൽ കമഴ്ന്നു കിടക്കുന്നതാണ് കണ്ടത്. ആമിനയെ ആശുപത്രിയിലെത്തിച്ചശേഷം ഭാര്യവീട്ടുകാരെ വിവരം അറിയിച്ച ഭർത്താവ് അജീഷ് ഭാര്യയുടെ സഹോദരൻ ഉണ്ണിയെ ആശുപത്രിയിലേക്കു വിളിച്ചുവരുത്തുകയായിരുന്നു.

ആശുപത്രിയിലെത്തിയ ഉണ്ണിക്ക് മരിച്ചു കിടക്കുന്ന സഹോദരിയെയാണ് കാണാൻ കഴിഞ്ഞത്. ഈ സമയം ഉണ്ണിയോട് അളിയൻ അജീഷ് പറഞ്ഞിരുന്നത് ആമിന പ്രഷർ കയറി വീണെന്നായിരുന്നു. എന്നാൽ പിതാവ് മരിച്ചു പോയ ആമിന വാപ്പയുടെ അനിയന്റെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. ഇദ്ദേഹത്തോട് അജീഷിന്റെ വീട്ടുകാർ പറഞ്ഞത് ആമിന കിടന്നിരുന്നത് കഴുത്തിൽ ഷാൾ കുരുങ്ങിയായിരുന്നുവെന്നാണ്.

പരസ്പരവിരുദ്ധമായി അളിയനും വീട്ടുകാരും പറയുന്നതിൽ സംശയം തോന്നിയ സഹോദരൻ ഉണ്ണി ആമിനയുടെ മൃതദേഹം പോസ്റ്റുമാർട്ടം ചെയ്യണമെന്ന് ഡോക്ടറോട് ആവശ്യപ്പെടുകയായിരുന്നു. ഇതറിഞ്ഞ ഭർത്താവും ഇയ്യാളുടെ പിതാവ് അൻസാരിയും പോസ്റ്റ്മാർട്ടം ചെയ്യുന്നതിൽനിന്നും ഉണ്ണിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവിൽ പോസ്റ്റുമോർട്ടത്തിനുശേഷം ആമിനയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ കബറടക്കുകയും ചെയ്തു. ഇതോടെ കാര്യങ്ങൾ ശാന്തമായെന്നു കരുതിയ അജീഷും വീട്ടുകാരും ആമിനയുടെ മരണാനന്തര ചടങ്ങുകൾ ആഘോഷമാക്കുകയായിരുന്നു.

എന്നാൽ സഹോദരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ച് ഉണ്ണി ജില്ലാ പൊലീസ് മേധാവിക്കടക്കം പരാതി നൽകിയതോടെ കാര്യങ്ങൾ കുഴഞ്ഞു. രണ്ടു വയസും ഒരു വയസും പ്രായമുള്ള രണ്ടു കുട്ടികളുടെ മാതാവാണ് ആമിന. കൂലിപ്പണിക്കാരനായ പിതാവ് അഷറഫിന്റെ ഇരട്ടക്കുട്ടികളിൽ ഒരാളാണ് ആമിന. ഏറെ പുന്നാരം നൽകി മക്കളെ വളർത്തിയ അഷറഫിന് മകളുടെ ജീവിതം കണ്ട് സമാധാനിക്കാൻ അവസരം ലഭിച്ചില്ല. അതിനുമുമ്പെ വിധിക്ക് കീഴടങ്ങേണ്ടിവന്നു. പിന്നീട് ഇളയപ്പന്റെ സംരക്ഷണയിൽ വളർന്ന ആമിനയ്ക്ക് വിവാഹശേഷം ദുരിതങ്ങൾ മാത്രമായിരുന്നു.

നിരന്തരം ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പീഡനം സഹിക്കേണ്ടി വന്ന ആമിന വിവരങ്ങൾ ഒന്നുംതന്നെ തന്റെ വീട്ടുകാരോട് പറഞ്ഞിരുന്നില്ല.സാമ്പത്തികമായി ഏറെ പിന്നോക്കാവസ്ഥയുള്ള കുടുംബം പത്തുലക്ഷം രൂപയോളം ചെലവിട്ടാണ് ആമിനയുടെ വിവാഹം ഗംഭീരമാക്കിയത്. തനിക്കൊപ്പം ജനിച്ച സഹോദരിയുടെ ഭാവിയോർത്താണ് പലപ്പോഴും ആമിന വീട്ടുകാരോട് തനിക്ക് ഏൽക്കേണ്ടിവരുന്ന പീഡനത്തെക്കുറിച്ച് പറയാതിരുന്നത്. പീഡനം ഭയന്ന് സ്വന്തം വീട്ടിൽ വന്നുനിന്നാൽ അത് കുടുംബത്തിന് ഭാരമായി മാറുമെന്നു കരുതിയ ആമിന പലപ്പോഴും പീഡനങ്ങൾ മറച്ചുവച്ചു.

മാത്രമല്ല ഭർത്തൃവീട്ടുകാർ ആമിനയെ അവളുടെ വീട്ടിലേക്ക് വിട്ടിരുന്നില്ല. കാര്യങ്ങൾ ആമിന വീട്ടിലറിയിക്കുമെന്ന ഭയമായിരുന്നു അവർക്ക്. എന്നാൽ പീഡനത്തിന്റെ കാഠിന്യം വർദ്ധിച്ചതോടെ കുട്ടികളുമായി വീട്ടിലേക്ക് ഓടിപ്പോയ ആമിന ഒടുവിൽ എല്ലാം തന്റെ വീട്ടുകാരോട് തുറന്നു പറഞ്ഞു. ഇതോടെ ഭർതൃഗൃഹത്തിലേക്ക് ഇനി ആമിനയെ വിടേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇതറിഞ്ഞ ഭർതൃവീട്ടുകാർ ഉടൻ ആമിനയുടെ വീട്ടിലെത്തി അനുനയിപ്പിച്ച് തിരികെ കൊണ്ടുപോയി. എന്നാൽ മകനെപ്പറ്റിയുള്ള കാര്യങ്ങൾ ആമിന വീട്ടിൽ പറഞ്ഞുവെന്നു മനസിലാക്കിയ വീട്ടുകാർ ആമിനയെ ഇല്ലാതാക്കാനുള്ള കരുക്കൾ നീക്കിയിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

ഭർതൃഗൃഹത്തിൽ തിരിച്ചെത്തിയ ആമിന നാലാം ദിവസം തന്നെ മരിക്കുകയായിരുന്നു. ഇതോടെയാണ് നാട്ടുകാരും വീട്ടുകാരും മരണത്തിൽ സംശയം പ്രകടിപ്പിച്ചത്. മരണത്തിൽ രോഷാകുലരായ നാട്ടുകാർ കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിഷേധ സമരത്തിലാണ്. ഇപ്പോൾ പൗരസമിതി ചേർന്ന് ആമിനയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP