Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മ മരങ്ങൾ വെട്ടിക്കൊള്ളാൻ മുമ്പ് പറഞ്ഞിട്ടുണ്ടെന്ന് ബാബു; രേഖകളുമായി വന്നിട്ടു വെട്ടിക്കൊള്ളാൻ ചേട്ടന്റെ മറുപടി; പ്രകോപിതനായ ബാബു കാട്ടിക്കൂട്ടിയത് മൂക്കന്നൂർ ഗ്രാമം ഓർത്തെടുക്കുന്നത് ഞെട്ടലോടെ; ശിവരാത്രി ആഘോഷത്തിന് തറവാട്ടിലെത്തിയത് സ്മിതയുടേയും ജീവനെടുത്തു; ലക്ഷ്യമിട്ടത് സഹോദര ഭാര്യമാരെ എല്ലാം വകവരുത്താൻ

അമ്മ മരങ്ങൾ വെട്ടിക്കൊള്ളാൻ മുമ്പ് പറഞ്ഞിട്ടുണ്ടെന്ന് ബാബു; രേഖകളുമായി വന്നിട്ടു വെട്ടിക്കൊള്ളാൻ ചേട്ടന്റെ മറുപടി; പ്രകോപിതനായ ബാബു കാട്ടിക്കൂട്ടിയത് മൂക്കന്നൂർ ഗ്രാമം ഓർത്തെടുക്കുന്നത് ഞെട്ടലോടെ; ശിവരാത്രി ആഘോഷത്തിന് തറവാട്ടിലെത്തിയത് സ്മിതയുടേയും ജീവനെടുത്തു; ലക്ഷ്യമിട്ടത് സഹോദര ഭാര്യമാരെ എല്ലാം വകവരുത്താൻ

മറുനാടൻ മലയാളി ബ്യൂറോ

അങ്കമാലി: സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തിലെ മൂന്നു പേർ പട്ടാപ്പകൽ വെട്ടേറ്റു മരിച്ച സംഭവം ഇനിയും ഉൾക്കൊള്ളാൻ മൂക്കന്നൂർ ഗ്രാമത്തിനായിട്ടില്ല. സ്വത്ത് പ്രശ്‌നത്തിൽ സഹോദരന്മാർ തമ്മിൽ വർഷങ്ങളായി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ജനപ്രതിനിധികളുടെ മധ്യസ്ഥതയിൽ തർക്കം പരിഹരിക്കാൻ നാട്ടുകാർ ഇടപെടലും സജീവമാക്കി. ഇതിനിടെയാണ് കൊല നടക്കുന്നത്.

സഹോദരരെയും കുടുംബങ്ങളെയും ഇല്ലാതാക്കുമെന്നു വർഷങ്ങളായി ബാബു ഭീഷണി മുഴക്കിയിരുന്നു. രണ്ടു വർഷം മുൻപ് മരിച്ചുപോയ അമ്മ തറവാട്ട് പറമ്പിലെ മരങ്ങൾ മുറിക്കാൻ തനിക്ക് അനുവാദം തന്നിട്ടുണ്ടെന്നു ബാബു പറയുന്നു. ഇതിന് മറ്റ് സോഹരങ്ങൾ അനുവദിച്ചതുമില്ല. ഇതാണ് തർക്കങ്ങൾക്ക് കാരണം. മരം വിൽക്കാമെന്ന് പറഞ്ഞു കച്ചവടക്കാരനെയും കൂട്ടി ഇന്നലെ വൈകുന്നേരം ബാബു വന്നപ്പോൾ ശിവനും കുടുംബാംഗങ്ങളും ചേർന്നു തടഞ്ഞു. ഇതിൽ പ്രകോപിതനായ ബാബു അക്രമകാരിയായി. പിന്നെ ആർക്കും തടയാനായില്ല. സ്വന്തം ജ്യേഷ്ഠനെയും ഭാര്യയെയും അവരുടെ മകളെയും നിഷ്‌കരുണം സഹോദരൻ വട്ടിക്കൊന്നു.

അങ്കമാലി മൂക്കന്നൂർ എരപ്പ് കപ്പേളയ്ക്കു സമീപം താമസിക്കുന്ന അറക്കൽ ശിവൻ (62), ഭാര്യ വത്സ (58), ഇവരുടെ മൂത്ത മകളും എടലക്കാട് കുന്നപ്പിള്ളി സുരേഷിന്റെ ഭാര്യയുമായ സ്മിത (30) എന്നിവരുടെ കൊലപാതകം നാടിനെ ഞെട്ടിച്ചു. ബാബുവിന്റെ പരാക്രമത്തിൽ സ്മിതയുടെ ഇരട്ടക്കുട്ടികളിൽ ഒരാളായ അശ്വിനു (10) വെട്ടേറ്റെങ്കിലും പരിക്ക് സാരമുള്ളതല്ല. സ്മിതയുടെ മക്കളായ അതുൽ (12), അപർണ (10) എന്നിവരും സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. രണ്ടു വർഷം മുൻപ് ഇവരുടെ അമ്മ തങ്കമ്മ മരിച്ച ദിവസം ബാബു സഹോദരനായ ഷിബുവിനെ മർദ്ദിച്ചിരുന്നു.

മരിച്ച ശിവന്റെ മറ്റു മൂന്നു സഹോദരന്മാരും തൊട്ടടുത്തുതന്നെയാണു താമസം. സഹോദരന്മാരുമായുള്ള തർക്കത്തെത്തുടർന്നു തറവാടു വീട്ടിൽ താമസിക്കാതെ മൂന്നു കിലോമീറ്റർ അകലെയായി കാളാർകുഴിയിലാണ് ഇളയവനായ ബാബു വാടകയ്ക്കു താമസിക്കുന്നത്. ശിവരാത്രിക്ക് അമ്മയ്‌ക്കൊപ്പം പോകുന്നതിനായി സ്മിത ഇന്നലെ വൈകുന്നേരമാണു വീട്ടിലെത്തിയത്. സ്മിതയുടെ ഭർത്താവ് സുരേഷ് വിദേശത്താണ്. സരിത, സബിത എന്നിവരാണ് ശിവന്റെയും വത്സയുടെയും മറ്റു മക്കൾ. കുട്ടൻ, പരേതനായ ഷാജി, ഷിബു എന്നിവരാണു ശിവന്റെ മറ്റു സഹോദരങ്ങൾ.

ശിവന്റെ മൃതദേഹം സഹോദരനായ ഷാജിയുടെ വീടിന്റെ മുറ്റത്തും വത്സ, സ്മിത എന്നിവരുടെ മൃതദേഹങ്ങൾ ശിവന്റെ വീടിന്റെ രണ്ടു വശങ്ങളിലുമായാണു കിടന്നത്. സർവേയറുടെ സഹായിയായ ശിവനും കൂലിപ്പണി കഴിഞ്ഞു വത്സയും വീട്ടിലെത്തിയിട്ട് കുറച്ചുനേരമേ ആയിരുന്നുള്ളൂ. ഈ സമയത്താണ് ബാബു എത്തുന്നത്. മരിച്ചുപോയ അമ്മ മരങ്ങൾ വെട്ടിക്കൊള്ളാൻ മുമ്പ് പറഞ്ഞിട്ടുണ്ടെന്നു ബാബു അറിയിച്ചപ്പോൾ രേഖകളുമായി വന്നിട്ടു വെട്ടിക്കൊള്ളാൻ ശിവൻ പറഞ്ഞതോടെ വാക്കുതർക്കമായി. പ്രകോപിതനായ ബാബു തറവാട്ടുവീട്ടിൽനിന്നുതന്നെ വാക്കത്തിയെടുത്ത് ആദ്യം വത്സയെ വെട്ടി.

ഇതുകണ്ടു തടുക്കാനായി വന്ന സ്മിതയെയും ശിവനെയും വെട്ടുകയായിരുന്നു. അടുത്തുനിന്ന അശ്വിനെയും വെട്ടി. കത്തി എടുത്തപ്പോൾ തന്നെ ബാബുവിന്റെ കൂടെയുണ്ടായിരുന്ന മരക്കച്ചവടക്കാരൻ ബാബുവിനെ തടഞ്ഞിരുന്നു. എന്നാൽ ഇയാളുടെ കഴുത്തിൽ വാക്കത്തി വച്ചു ഭീഷണി മുഴക്കി യശേഷം വത്സയെ വെട്ടുകയായിരുന്നു. വെട്ടേറ്റ ജ്യേഷ്ഠൻ ശിവൻ പ്രധാന റോഡിലേക്ക് ഓടിയപ്പോൾ ബാബു പിന്നാലെ ഓടിയെത്തി വീണ്ടും വെട്ടിവീഴ്‌ത്തി. ഇതിനുശേഷം തിരിച്ചെത്തി സ്മിതയെയും വീണ്ടും വെട്ടി മരണം ഉറപ്പാക്കി. അവിടെയുണ്ടായിരുന്ന ആർക്കും തടയാനായില്ല.

മൂന്നു കൊല നടത്തിയ ശേഷം ബാബു മറ്റു രണ്ടുപേരെക്കൂടി കൊലപ്പെടുത്താൻ ശ്രമിച്ചു. മറ്റൊരു ജ്യേഷ്ഠൻ പരേതനായ ഷാജിയുടെ ഭാര്യ ഉഷയെയാണ് ഇയാൾ പിന്നീട് ആക്രമിക്കാനൊരുങ്ങിയത്. ഉഷയെ വെട്ടുന്നതിനായി ബാബു ഓടിയടുത്തെങ്കിലും ഇവർ ഓടി രക്ഷപ്പെട്ടു. പിന്നീട് പ്രദേശത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി അയൽപക്കക്കാരെ വെല്ലുവിളിക്കുകയും ശിവന്റെ വീടിന് സഹായം ചെയ്യുന്നതിനാൽ എതിർവശത്തു താമസിക്കുന്ന ഗൃഹനാഥനെ അടുത്തതവണ വധിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

മൂക്കന്നൂരിൽ അക്ഷയകേന്ദ്രത്തിൽ ജോലിയുള്ള മറ്റൊരു സഹോദരൻ ഷിബുവിന്റെ ഭാര്യ സേതുലക്ഷ്മിയെ കൊലപ്പെടുത്താനായി അങ്ങോട്ടു പോയെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു. ഷിബുവിന്റെ വീടിന്റെ ജനലുകൾ വാക്കത്തിക്ക് വെട്ടിപ്പൊളിക്കുകയും ചെയ്ത പ്രതി ചോരയൊലിക്കുന്ന വസ്ത്രങ്ങളുമായി ബൈക്കിൽ കയറി മൂക്കന്നൂർ ഭാഗത്തക്കു പോകുകയായിരുന്നു. അവിടെ കുളത്തിൽ ചാടി ആത്മഹത്യയ്ക്കും ശ്രമിച്ചു.

പൊലീസ് പിടികൂടിയ ശിവന്റെ ഇളയ സഹോദരൻ ബാബുവിനെ (45) ഇന്നു മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയേക്കും. ഇന്നലെ വൈകുന്നേരം 5.45 നായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP