Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എക്സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവിധ രീതിയിൽ യുവാവ് തട്ടിയത് അരക്കോടിയിലേറെ രൂപ; വാഹന മോഷണം, വിവാഹ തട്ടിപ്പ്, ഓൺലൈൻ തട്ടിപ്പ് തുടങ്ങിയവ ഇതിൽ ചിലത് മാത്രം; എറണാകുളം സ്വദേശി ഡിറ്റോമോനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു

എക്സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവിധ രീതിയിൽ യുവാവ് തട്ടിയത് അരക്കോടിയിലേറെ രൂപ; വാഹന മോഷണം, വിവാഹ തട്ടിപ്പ്, ഓൺലൈൻ തട്ടിപ്പ് തുടങ്ങിയവ ഇതിൽ ചിലത് മാത്രം; എറണാകുളം സ്വദേശി ഡിറ്റോമോനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു

ആർ.പീയൂഷ്

അടിമാലി: എസ്‌കൈസ് ഉദ്യോഗസ്ഥൻ, വിമുക്ത ഭടൻ, വിദേശ ജോലിക്കാരൻ എന്നീനിലകളിൽ സ്വയം പരിചയപ്പെടുത്തി വിവിധ രീതികളിൽ അരക്കോടിയിൽപരം രൂപ തട്ടിയെടുത്ത യുവാവിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ തട്ടിപ്പു നടത്തി വന്നിരുന്ന എറണാകുളം മുനമ്പം കുഴിപ്പിള്ളി തലമുറ്റത്ത് വിദ്യാധരന്റെ മകൻ ഡിറ്റോമോൻ (33) നെയാണ് എസ്.ഐ: സന്തോഷ് സജീവന്റെ നേതൃത്വത്തിലുള്ള സംഘം മംഗലാപുരത്തു നിന്നും അറസ്റ്റ് ചെയ്തത്. ടോറസ് ലോറിയടക്കം നിരവധി വാഹനങ്ങൾ മോഷണം നടത്തിവന്നിരുന്ന ഡിറ്റോ ഓൺലൈൻ വ്യാപാര സാധ്യതകൾ ഉപയോഗിച്ചാണ് അടുത്തയിടെ തന്ത്രപൂർവം നൂറ്റിയൻപതിൽപരം ആളുകളിൽ നിന്നായി പണം തട്ടിയെടുത്തു വന്നിരുന്നത്. പരിചയപ്പെടുന്നവരെയൊക്കൊ തട്ടിപ്പിനിരയാക്കിയിരുന്ന പ്രതി വിവാഹ തട്ടിപ്പുവീരൻ കൂടിയാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റിൽ ഇരുമ്പുപാലം സ്വദേശി ഷംനാദിൽ നിന്നും 26,000 രൂപ തട്ടിയെടുത്തതായി ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച പരാതിയെ തുടർന്നുള്ള അന്വേഷണമാണ് പൊലീസിനെ ഡിറ്റോയിലേക്ക് എത്തിച്ചത്. ഓൺലൈൻ വ്യാപാര ശ്രംഗലയായ ഒ.എൽ.എക്സിൽ വിൽപനയ്ക്കായി പരസ്യം കാണുന്ന ഏതു ഉൽപന്നവും ഇയാൾ വാങ്ങുവാനെന്ന വ്യാജേന ഉടമയുമായി ബന്ധപ്പെടും. തുടർന്ന് ഉൽപന്നം ഇഷ്ടമായെന്നും പണം അക്കൗണ്ട് വഴി നൽകാമെന്നും ഉൽപന്നം അയച്ചു തന്നാൽ മതിയെന്നും വിശ്വസിപ്പിക്കും. ബാങ്ക് സമയം കഴിഞ്ഞതിനാൽ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാവില്ലെന്നും എ.ടി.എം. വഴി എ.ടി.എമ്മിലേക്ക് പണം അയക്കാമെന്ന വ്യാജേന പരിചയക്കാരുടെ മൊബൈൽ നമ്പർ അടക്കം തരപ്പെടുത്തി ഇരയെ കബളിപ്പിക്കും. ഇതിനായി അവരുടെ എ.ടി.എം. നമ്പർ, ഒ.ടി.പി. നമ്പർ അടക്കമുള്ള രേഖകൾ കൈവശപ്പെടുത്തി ഓൺലൈൻ ബിസിനസ് പോർട്ടലായ പേയ്ടീ എമ്മിലേക്ക് ഇടപാടുകാരുടെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുക്കുന്ന സാങ്കേതിക വിദ്യകളാണ് ഇയാൾ കൂടുതലായി ഉപയോഗിച്ചിരുന്നത്. ഗെയിംപാഡ് വാങ്ങാനെന്ന പേരിലാണ് ഷംനാദിനെ കബളിപ്പിച്ചത്.

2015-ൽ തൃശൂർ പുതുക്കാട്, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ നിന്നും രണ്ടു ടോറസ് ലോറികൾ മോഷ്ടിച്ച് വിൽപന നടത്തിയ കേസിൽ ഇയാൾ ജയിലിലായിരുന്നു. മറ്റൊരു കേസിൽ സംശയം തോന്നിയ കാലടി പൊലീസാണ് അന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്നു ടോറസ് തമിഴ്‌നാട്ടിൽ എത്തിച്ചു നൽകാമെന്ന സുഹൃത്ത് ജെസ്റ്റോ എന്നയാളുമായുണ്ടാക്കിയ കരാറിലായിരുന്നു വാഹന മോഷണം. ജയിലിൽ വച്ച് കഞ്ചാവ് കേസിലെ പ്രതിയുമായുണ്ടാക്കിയ പരിചയത്തെ തുടർന്നാണ് 2016 ജൂണിൽ ജയിൽ മോചിതനായ ഇയാൾ അടിമാലിയിലെത്തിയത്. എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി അടിമാലി കല്ലാർകുട്ടി റോഡിലെ ലോഡ്ജിൽ താമസമാക്കി. ഭാര്യയെ ഹോസ്റ്റലിൽ നിന്നും വിളിക്കാനെന്ന വ്യാജേന പൊളിഞ്ഞപാലം സ്വദേശി കാർ വാടകയ്ക്കെടുത്ത് എറമാകുളത്തേക്ക് പോകുന്ന വഴി അപകടത്തിൽപെട്ടു. കാർ നന്നാക്കി നൽകാമെന്ന വ്യാജേന ക്രെയിൻകാരനെ വിളിച്ചുവരുത്തി അയാളിൽ നിന്നും അയ്യായിരം രൂപയും തട്ടിയെടുത്ത് മറ്റൊരു ഹുണ്ടായ് ഇയോൺ കാറും ഡ്രൈവറുമായി എറണാകുളത്തെത്തി. ഇവിടെ ഡ്രൈവറെ വഴിയിൽ ഇറക്കി വിട്ടശേഷം മഹാരാഷ്ട്രയിലേക്ക് മുങ്ങിയ പ്രതി അവിടെ വച്ച് വീണ്ടും അപകടത്തിൽ പെട്ടു. കാർ വർക്ക് ഷോപ്പിൽ ആക്കിയ ശേഷം അവിടെ നിന്നും മോഷ്ടിച്ച സ്വിഫ്റ്റ് കാറുമായാണ് പിന്നീട് തമിഴ്‌നാട്, കർണ്ണാടക, ഗോവ, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ തട്ടിപ്പ് നടത്തിവന്നിരുന്നത്. വാഹനത്തിന്റെ നമ്പരും രൂപവുമെല്ലാം ഒ.എൽ.എക്സിലുള്ള മറ്റു വാഹനങ്ങളുടെ രീതിയിൽ ആക്കിയായിരുന്നു യാത്ര.

പറവൂരിൽ നിന്നുള്ള ആദ്യവിവാഹത്തിലെ ഭാര്യയെയും ഒൻപത് വയസുള്ള കുട്ടിയെയും ഇയാൾ ഉപേക്ഷിച്ചു. പിന്നീട് വിധവകളുടെയും വിവാഹശേഷം പിരിഞ്ഞു ജീവിക്കുന്നവരുടെയും വൈവാഹിക പരസ്യ ഓൺലൈനുകളിൽ കയറി വിവാഹ തട്ടിപ്പും ശീലമാക്കി. ഇത്തരത്തിൽ കൊടുങ്ങല്ലൂരിലെ മതിലകത്തു നിന്നും കൂടെ കൂട്ടിയ സ്ത്രീയിൽ മൂന്നര വയസുള്ള കുട്ടിയും ഇയാൾക്കുണ്ട്. രണ്ടാം ഭാര്യയെയും കുട്ടിയെയും കൂട്ടി മംഗലാപുരം ഹോസൂലിൽ ഹോം സ്റ്റേകൾ കേന്ദ്രീകരിച്ച് താമസിക്കുന്നതിനിടെ ഭാര്യയെ ഉപേക്ഷിച്ച് കുട്ടിയുമായി ഇയാൾ മുങ്ങി. പിന്നീട് ഗൾഫിൽ ജോലിയാണെന്നും തന്റെ കുഞ്ഞിനെ നോക്കാൻ ഗൾഫിലേക്ക് ആളെ ആവശ്യമുണ്ടെന്നും വിസ്വസിപ്പിച്ച് ഹോം നേഴ്സിംങ് സ്ഥാപനം വഴിയും ഇരയെ കണ്ടെത്തി ഇയാൾ പണം തട്ടിയെടുത്തു. ഓരോ തട്ടിപ്പുകൾക്കും ഉപയോഗിക്കുന്ന മൊബൈൽ, സിംകാർഡ് എന്നിവ കൃത്യം കഴിഞ്ഞ് ഉപേക്ഷിക്കുന്ന രീതിയും ഇയാൾ പിൻതുടർന്നിരുന്നത് അന്വേഷണസംഘത്തിന് തലവേദന സൃഷ്ടിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ഇതിനിടെ കുട്ടിയുമായി സംസാരിപ്പിച്ച് രോഗിയായ തിരുവനന്തപുരം സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി രണ്ടു ഗഡുക്കളായി 1,63,000 രൂപയും ഇയാൾ തട്ടിയെടുത്തതായി പ്രതി സമ്മതിച്ചു. ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ, ഡിവൈ.എസ്‌പി: എസ്. അഭിലാഷ്, സി.ഐ: പി.കെ. സാബു എന്നിവരുടെ നിർദ്ദേശത്തെ തുടർന്ന് നാളുകളായി പ്രതിയെ പിൻതുടർന്ന ശേഷമാണ് തിങ്കളാഴ്ച് ഉച്ചയോടെയാണ് രണ്ടാംഭാര്യയുടെ സഹായത്തോടെ പ്രതിയെ മംഗലാപുരത്ത് നിന്നും അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന കുട്ടിയെ പൊലീസ് മാതാവിനെ ഏൽപിച്ചു. എസ്.ഐമാരായ: സന്തോഷ് സജീവ്, എം.സി. ഹരീഷ്, എഎസ്ഐമാരായ സി.ആർ. സന്തോഷ്, സജി പി. ജോൺ, എസ്.സി.പി.ഓ: രാജേഷ് വി. നായർ, സി.പി.ഓമാരായ ടി.സി. ഷിജു, അജേഷ് ജോയി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. മുൻപ് പലവട്ടം പൊലീസിനെ കബളിപ്പിച്ച് ഇയാൾ രക്ഷപെട്ടിട്ടുണ്ട്. അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് ദേവികുളം സബ്ജയിലിലേക്ക് അയച്ചു. അടുത്ത ദിവസം വീണ്ടും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP