Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം കണ്ടത് വനിതാ പൊലീസ്; എഫ്ബി പോസ്റ്റിലെ ചിത്രവുമായി സാമ്യം തോന്നിയത് തുണയായി; മൊബൈൽ ഉപയോഗിക്കാത്തതും അന്വേഷണത്തെ ബാധിച്ചു; ആട് ആന്റണിയെ പൊലീസ് വലയിലാക്കിയത് ഒരു മാസത്തെ നിരീക്ഷണത്തിന് ശേഷം

ആദ്യം കണ്ടത് വനിതാ പൊലീസ്; എഫ്ബി പോസ്റ്റിലെ ചിത്രവുമായി സാമ്യം തോന്നിയത് തുണയായി; മൊബൈൽ ഉപയോഗിക്കാത്തതും അന്വേഷണത്തെ ബാധിച്ചു; ആട് ആന്റണിയെ പൊലീസ് വലയിലാക്കിയത് ഒരു മാസത്തെ നിരീക്ഷണത്തിന് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: മറ്റൊരു സുകുമാരക്കുറുപ്പാകാൻ ആട് ആന്റണിയെ കേരളാ പൊലീസ് അനുവദിച്ചില്ല. ഡിജിപി സെൻകുമാറിന്റെ കൃത്യമായ ഇടപടലും പൊലീസിന്റെ നിരീക്ഷണ പാടവവും തുണയായി. ഇതിനായി സഹായിച്ചത് വ്യാപക പ്രചരണമായിരുന്നു. ഗോപാലപുരത്ത് എത്തിയ വനിതാ പൊലീസുകാരിയാണ് ആട് ആന്റണിയെ ആദ്യം കണ്ടത്. സംശയം തോന്നാൻ കാരണം ട്രയിനിലും ഡിജിയുടേയും ഫെയ്‌സ ബുക്ക് പോസ്റ്റിൽ വന്ന ചിത്രങ്ങളാണ് സംശയത്തിന് വഴിവച്ചത്. തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ചിനെ കാര്യമറിയിച്ചു. അപ്പോൾ തന്നെ ഡിജിപിക്കും വിവരമെത്തി. കാത്തിരുന്ന് എല്ലാ പഴതുമടച്ച് കണ്ടെത്തിയത് ആട് ആന്റണിയാണെന്ന് ഉറപ്പാക്കാനായിരുന്നു നിർദ്ദേശം. ആ അന്വേഷണങ്ങൾക്കൊടുവിലാണ് കുപ്രസിദ്ധ കുറ്റവാളിയെ പൊലീസ് വലവിരിച്ചു പിടിക്കുന്നത്.

ചിറ്റൂരിലെ വനിതാ പൊലീസുകാരിയാണ് നിർണ്ണായകമായ തിരിച്ചറിയിൽ നടത്തിയത്. അതിന് ശേഷം ആട് എത്തുന്ന വീട് തിരിച്ചറിഞ്ഞു. വേഷം മാറിയെത്തിയ പൊലീസ് വീട്ടുകാരോട് സ്‌നേഹത്തിൽ ചോദിച്ച് കാര്യങ്ങൾ അറിഞ്ഞു. പിന്നീട് മകനെ കാണാനെത്തുന്ന ആന്റണിക്കായുള്ള കാത്തിരിപ്പ്. വലപൊട്ടിച്ച് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ഗോപാലപുരത്താകെ പൊലീസ് നിറഞ്ഞു. അങ്ങനെ ആ വലയിലേക്ക് ആട് ആന്റണി എത്തി. ചെറുത്തു നിൽപ്പ് കൂടാതെ പിടിയിലാവുകയും ചെയ്തു. തമിഴ്‌നാട്ടിലെ ചെറു ഗ്രാമത്തിലായിരുന്നു ഒളിവ് ജീവിതം. അവിടെ നിന്നാണ് ഗോപലപുരത്ത് മകനെ കാണാനെത്തിയത്. എല്ലാ മാസവും കൃത്യമായി വരുമെന്നും പൊലീസിന് ലഭിച്ചിരുന്നു. അതെല്ലാം മനസ്സിലാക്കിയാണ് പൊലീസ് കരുക്കൾ നീക്കയത്. വീട്ടിലേക്കു കയറുമ്പോഴായിരുന്നു അറസ്റ്റ്. സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി എം.എൽ.സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഈ നീക്കമെല്ലാം നടന്നത്.

2012 ജൂണിൽ പൊലീസുകാരൻ മണിയൻ പിള്ളയെ കൊലപ്പെടുത്തിയ ശേഷം കേരളം വിട്ട ആന്റണി ഭാര്യ സൂസനൊപ്പം മാസങ്ങളോളം ട്രെയിനുകളിൽ രാജ്യം ചുറ്റിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സൂസൻ പിടിയിലായപ്പോൾ സഞ്ചരിച്ച സ്ഥലങ്ങളും തിരിച്ചറിഞ്ഞു. സഞ്ചാരത്തിന് ഇയാൾ ട്രെയിനുകളെ ആശ്രയിക്കുന്നതായായിരുന്നു വിവരം. ഇതേത്തുടർന്നാണ് ട്രെയിനുകളിലെ പാൻട്രി കാറുകളിലും ശുചിമുറികളിലുമാണു സ്റ്റിക്കറുകൾ പതിച്ചത്. ഇതോടെ ആന്റണി മാളത്തിലേക്ക് ഒളിച്ചു. ട്രയിൻ യാത്ര വേണ്ടെന്ന വച്ചു. ഇതോടെ ആടിനെ കണ്ടത്താനുള്ള പൊലീസിന്റെ നീക്കവും പാളി. ഇതിനിടെയാണ് നിർണ്ണായക വിവരം വനിതാ പൊലീസുകാരിയിൽ നിന്ന് ലഭിക്കുന്നത്. പാലക്കാട്ടെ സ്ത്രീയിൽ ഇയാൾക്ക് മകനുണ്ടെന്നും മനസ്സിലാക്കി. മകനെ കാണാൻ ആട് വരാറുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ കാത്തിരിപ്പായി. പാലക്കാട്ട് രണ്ട് ഭാര്യമാരുണ്ടെന്നും ഇതിനിടെയിൽ സൂചന കിട്ടി. ഇതോടെ രണ്ട് വീടുകളും കേന്ദ്രീകരിച്ച് പൊലീസ് ചുറ്റിക്കറങ്ങി.

ഇതിന്റെ അടിസ്ഥാനത്തിൽ വലവിരിച്ച പൊലീസ് ദിവസങ്ങളോളം നിരീക്ഷിച്ചശേഷം ഒരു സ്ത്രീയുടെ വീട്ടിൽനിന്നാണ് ആന്റണിയെ പിടികൂടിയത്. കൊലപാതകം, മോഷണം, സ്ത്രീപീഡനം എന്നിവയടക്കം നിരവധി കേസുകളിലെ പ്രതിയാണ്. ആട് ആന്റണിയെന്ന് സംശയിക്കുന്നതായി വിവരം ലഭിച്ച മുപ്പത്തഞ്ചോളം പേരെപ്പറ്റി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽപോയി പ്രത്യേക സംഘം അന്വേഷണം നടത്തിയിരുന്നു. എന്നാൽ കൃത്യമായ വിവരം ലഭിച്ചില്ല. ആട് ആന്റണിയെ പിടികൂടുന്നതിനുവേണ്ടി കൊല്ലം സിറ്റി പൊലീസ് ആസ്ഥാനത്ത് പ്രത്യേക സംഘം പ്രവർത്തിച്ചിരുന്നു. പ്രത്യേക സംഘം ചെന്നൈ, കോയമ്പത്തൂർ, സേലം, ഈറോഡ്, കുടക്, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പോസ്റ്റർ പതിച്ചിരുന്നു. ഓരോ സ്ഥലത്തെയും പൊലീസിനും ഓട്ടോ ഡ്രൈവർമാർക്കും പ്രത്യേക നിർദ്ദേശങ്ങളും നൽകിയിരുന്നു. ഇത്തരത്തിലുള്ള ആസൂത്രിത നീക്കങ്ങളാണ് ഒടുവിൽ ആന്റണിയെ കുടുക്കിയത്.

കേരള പൊലീസിനെ വട്ടംചുറ്റിച്ച് ഒളിവിൽ കഴിയുന്ന കുറ്റവാളി ആട് ആന്റണിയെപ്പറ്റി സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാറും തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയതടക്കം 150 ക്രിമിനൽ കേസുകളിൽ പ്രതിയായ ആടിനെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം തേടി ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജായ ഇട്ട പോസ്റ്റ് വൈറലുമായി. ഡിജിപിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ ശ്രദ്ധിക്കുന്ന എല്ലാ പൊലീസുകാരും ഈ മുഖം മനസ്സിൽ ഇട്ടു. ഇത് തന്നെയാണ് ആട് ആന്റണിയെ കുടുക്കാൻ സഹായകമായത്. ട്രെയിനുകളിലും ആട് ആന്റണിയുടെ ചിത്രം പതിച്ചു. പൊലീസുകാരനെ കൊന്ന കേസിലെ പ്രതിയെ പിടികൂടാൻ അത്ര കരുതലോടെയായിരുന്നു നീക്കം. അട് ആന്റണിയും ബുദ്ധിമാനായിരുന്നു. അതുകൊണ്ട് തന്നെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ഫെയ്‌സ് ബുക്കിലും ട്രെയിനുകളിലുമെല്ലാം ചിത്രം പതിച്ച് കൊലയാളിക്കായി പൊലീസ് വലവിരിച്ചതും.

കേരള പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ ഇനിയും കണ്ടുകിട്ടാനുള്ള പ്രധാനപ്പെട്ട പ്രതികളാണു സുകുമാരക്കുറുപ്പ്, പുട്ടുകുഞ്ഞുമോൻ, ആട് ആന്റണി എന്നിവരെന്ന മുഖവുരയോടെയാണു ഡിജിപി ടി.പി. സെൻകുമാർ തന്റെ ഫെയ്‌സ് ബുക് പോസ്റ്റിൽ വിവരണം തുടങ്ങുന്നത്. എന്നാൽ തുടർന്നുള്ള വിശദീകരണം ആന്റണിയെക്കുറിച്ചു മാത്രമായിരുന്നു. ആന്റണിയുടെ ഒൻപതു വ്യത്യസ്ത മുഖഭാവങ്ങളിലുള്ള ഫോട്ടോകൾ ഉൾപ്പെട്ട തിരച്ചിൽ നോട്ടിസും ഡിജിപി ഫേസ്‌ബുക്കിൽ നൽകി. എന്തെങ്കിലും വിവരം ലഭിക്കുന്നവർക്കു ബന്ധപ്പെടാൻ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ, ചാത്തന്നൂർ എസിപി, എസ്‌ഐ എന്നിവരുടെ മൊബൈൽ ഫോൺ നമ്പരുകളും ചേർത്തു. ഇതെല്ലാം ഫലം കണ്ടു.

പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന ആട് ആന്റണിയെ പിടികൂടാൻ ട്രെയിനുകളിലും കേരള പൊലീസ് സ്റ്റിക്കറുകൾ പതിച്ചിരുന്നു. റയിൽവേയുടെ പ്രത്യേക അനുമതി വാങ്ങിയാണു കഴിഞ്ഞ മാസം ഇത്തരത്തിൽ സ്റ്റിക്കർ ഒട്ടിച്ചത്. ഇത്തരം പരസ്യപ്രചാരണങ്ങൾക്കു റയിൽവേ അനുമതി നൽകാറില്ലെങ്കിലും പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയപ്പോൾ സമ്മതിക്കുകയായിരുന്നു. പാൻട്രി കാറിനകത്ത് ഒട്ടിക്കാൻ സമ്മതിച്ചെങ്കിലും മറ്റു കോച്ചുകളിൽ ശുചിമുറിക്കകത്തു പതിക്കാനാണ് അനുമതി കിട്ടിയത്. കേരളത്തിനു പുറമെ വെസ്റ്റേൺ, ഈസ്റ്റേൺ റയിൽവേ ഡിവിഷനുകളിലും ട്രെയിനുകളിൽ സ്റ്റിക്കറുകൾ പതിച്ചു. ഇയാളെ കണ്ടെത്തിയാൽ അറിയിക്കേണ്ട ഫോൺ നമ്പരുകളും സ്റ്റിക്കറിലുണ്ടായിരുന്നു.

ഇയാളുടെ വിവിധ വേഷങ്ങളിലുള്ള ചിത്രങ്ങളോടു കൂടിയ ബഹുഭാഷാ സ്റ്റിക്കറുകളാണു പതിച്ചത്. ആന്റണിക്കായി തിരച്ചിൽ നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തലവൻ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശിന്റെ നിർദ്ദേശ പ്രകാരമാണ് സ്റ്റിക്കറുകൾ പതിച്ചത്. തിരുവനന്തപുരത്തു നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കു പുറപ്പെടുന്ന എക്സ്‌പ്രസ്, സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള ട്രെയിനുകളിലാണ് ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലുള്ള സ്റ്റിക്കറുകൾ ആദ്യം പതിച്ചത്. ഇതുമൂലമാണ് സുരക്ഷിത ഒളിത്തവളമായ ട്രെയിനിനെ ആട് ആന്റണിക്ക് ഉപേക്ഷിക്കേണ്ടിവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP