Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗൾഫിൽ നിന്ന് സ്വർണം കൊടുത്തു വിട്ടതുകൊടുവള്ളി സംഘത്തിന്; വിമാനത്താവളത്തിൽ എത്തിയ കാരിയറെ കൈയും കാലും കാട്ടി വളച്ചെടുത്തത് മീനങ്ങാടിയിലെ തന്ത്രശാലികൾ; ശരീരത്തിനകത്താക്കി കൊണ്ടു വന്ന സ്വർണം ഐക്കരപ്പടിയിലെ പെട്രോൾപമ്പിലെ ശൗചാലയത്തിൽ കയറി പുറത്തെടുത്തുകൊടുത്തപ്പോൾ നൽകിയത് വെറും 3000രൂപ: യഥാർത്ഥ അവകാശികൾ എത്തിയപ്പോൾ പകച്ചു പോയത് കാരിയറും; ഒടുവിൽ പിടിയിലായത് റിസോർട്ട് മുതലാളിമാരും; കടുവയെ പിടിച്ച കിടുവകളുടെ കഥ

ഗൾഫിൽ നിന്ന് സ്വർണം കൊടുത്തു വിട്ടതുകൊടുവള്ളി സംഘത്തിന്; വിമാനത്താവളത്തിൽ എത്തിയ കാരിയറെ കൈയും കാലും കാട്ടി വളച്ചെടുത്തത് മീനങ്ങാടിയിലെ തന്ത്രശാലികൾ; ശരീരത്തിനകത്താക്കി കൊണ്ടു വന്ന സ്വർണം ഐക്കരപ്പടിയിലെ പെട്രോൾപമ്പിലെ ശൗചാലയത്തിൽ കയറി പുറത്തെടുത്തുകൊടുത്തപ്പോൾ നൽകിയത് വെറും 3000രൂപ: യഥാർത്ഥ അവകാശികൾ എത്തിയപ്പോൾ പകച്ചു പോയത് കാരിയറും; ഒടുവിൽ പിടിയിലായത് റിസോർട്ട് മുതലാളിമാരും; കടുവയെ പിടിച്ച കിടുവകളുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊണ്ടോട്ടി: കോഴിക്കോട്ടും കണ്ണൂരും വയനാടും കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്നവരുടെ എണ്ണം പെരുകുന്നു. അനധികൃതമായി കൊണ്ടുവരുന്ന സ്വർണമായതിനാൽ ആരും പൊലീസിൽ പരാതി നൽകില്ല. ഈ പഴുതുപയോഗിച്ചാണ് ഈ സംഘം വളരുന്നതും. വയനാട് മീനങ്ങാടി കരണിയിലെ പടിക്കൽവീട്ടിൽ അസ്‌കർ അലി (24), പുള്ളാർക്കുടിയിൽ പ്രവീൺ, തെക്കേയിൽ ഹർഷാൽ (25) എന്നിവരും ഈ രീതിയിലൂടെയാണ് കോടീശ്വരന്മാരായത്.

കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണം കടത്ത് സംഘത്തിന്റെ കാരിയർ ആയി പോയ യുവാവിനെ ഒരു മാസം മുൻപാണ് തട്ടിക്കൊണ്ടുപോയത്. ഗൾഫിൽ നിന്ന് സ്വർണ്ണവുമായി ഇയാൾ കരിപ്പൂർ എയർപോർട്ടിൽ എത്തിയ സമയത്താണ് തട്ടിക്കൊണ്ടുപോയത്. കൊണ്ടോട്ടി സിഐ എൻ.ബി. ഷൈജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വയനാട്ടിൽ നിന്ന് പിടികൂടിയത്. തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് വൻ തട്ടിപ്പിലേക്ക് വിരൽ ചൂണ്ടുന്ന വിവരങ്ങൾ പൊലീസിന് കിട്ടിയത്.

കൊണ്ടോട്ടി സ്വദേശിയായ യുവാവിൽനിന്ന് ലക്ഷങ്ങളുടെ കള്ളക്കടത്ത് സ്വർണം തട്ടിയെടുത്ത സംഘം നേരത്തെയും നിരവധിയാളുകളിൽനിന്ന് സമാനമായ രീതിയിൽ സ്വർണം കവർച്ചചെയ്തിട്ടുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. കാസർകോട് മുതൽ എറണാകുളം വരെയുള്ള ജില്ലകളിലുള്ളവരിൽനിന്നാണ് സംഘം സ്വർണം നേരത്തേ തട്ടിയെടുത്തിട്ടുള്ളത്. കള്ളക്കടത്ത് സ്വർണ്ണമായതു കൊണ്ട് തന്നെ ആരും പരാതിയും നൽകിയില്ല. എന്നാൽ കടത്തിന് ശേഷവും ഭീഷണിപ്പെടുത്തൽ തുടങ്ങിയതോടെയാണ് ഇത്തവണ പിടിയിലായത്.

വധശ്രമമുൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരാണ് അസ്‌കർ അലിയും പ്രവീണും ഹർഷാലും. കുഴൽപ്പണ, സ്വർണമാഫിയകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതികൾക്ക് വയനാട്ടിൽ അനധികൃത റിസോർട്ടുകളുണ്ട്. ഇവ പാട്ടത്തിനെടുത്ത് നടത്തുകയാണ് ചെയ്തത്. ഓൺലൈൻ സെക്‌സ് റാക്കറ്റുമായും ബന്ധമുണ്ട്. ഇവരുടെ റിസോർട്ടുകളിൽ പെൺവാണിഭവും സജീവമാണ്. അങ്ങനെ എല്ലാ അർത്ഥത്തിലും പണമുണ്ടാക്കുകയാണ് ഇവർ ചെയ്തത്.

സ്വർണക്കവർച്ച നടത്തി ലഭിക്കുന്ന പണം ആർഭാടജീവിതം നയിക്കാനാണ് ചെലവഴിച്ചിരുന്നത്. കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളും ഉപയോഗിക്കുന്നു. കൊടുവള്ളിയിലെ മാഫിയയ്ക്കുവേണ്ടി സ്വർണം കടത്തിയ യുവാവിൽനിന്ന് ആസൂത്രിതമായാണ് സംഘം സ്വർണം കവർന്നത്. ശരീരത്തിനകത്താക്കി കൊണ്ടുവന്ന സ്വർണം ഐക്കരപ്പടിയിലെ പെട്രോൾപമ്പിലെ ശൗചാലയത്തിൽ കയറി പുറത്തെടുത്താണ് യുവാവ് സംഘത്തിനു നൽകിയത്.

കടത്തിക്കൊണ്ടുവന്ന യുവാവിനെ യഥാർഥ സംഘമെന്നു തെറ്റിദ്ധരിപ്പിച്ചു കാറിൽ കയറ്റിക്കൊണ്ടുപോയി സ്വർണം കൈവശപ്പെടുത്തിയ കേസിലാണ് ഇവർ കുടുങ്ങിയത്. ജൂലൈ 4ന് ആണ് കൊണ്ടോട്ടി സ്വദേശിയായ യുവാവ് കരിപ്പൂരിലെത്തിയത്. കാറിൽ കയറ്റിക്കൊണ്ടുപോയി സ്വർണം കൈവശപ്പെടുത്തിയ ശേഷം രാമനാട്ടുകര അറപ്പുഴ പാലത്തിനു സമീപം ഇറക്കിവിട്ടു എന്നാണു കേസ്.യഥാർഥ സംഘം സ്വർണം അന്വേഷിച്ചെത്തി ഭീഷണി തുടർന്നതോടെയാണ് യുവാവ് പൊലീസിനെ സമീപിച്ചത്.

15,000 രൂപയായിരുന്നു കൊടുവള്ളി സംഘം യുവാവിന് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ വയനാട് സംഘം 3000 രൂപ മാത്രമാണ് നൽകിയത്. ഇതോടെയാണ് ആളുമാറിയതായി യുവാവിന് ബോധ്യമായത്. അറപ്പുഴ പാലത്തിൽ യുവാവിനെ ഉപേക്ഷിച്ച് വയനാട് സംഘം സ്വർണവുമായി കടന്നു. യുവാവ് ഫോൺചെയ്ത് വരുത്തിയ കൊടുവള്ളി സംഘം യുവാവിനെ ദിവസങ്ങളോളം ശാരീരികമായി പീഡിപ്പിച്ചു. വീട്ടിലെത്തിയിട്ടും ജീവന് ഭീഷണി ഉയർന്നതോടെയാണ് യുവാവ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

പിടിയിലായവരെ ചോദ്യംചെയ്തതിൽ വിമാനത്താവളംവഴി സ്വർണം കടത്തുന്ന സംഘങ്ങളെക്കുറിച്ച് വിവരം ലഭിച്ചതായും കസ്റ്റംസുമായി ചേർന്ന് അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP